Monday, October 8, 2007

ഹാരി പോടര്‍-വായനയുടെ പ്രതിരോധം

ഹാരി പോടര്‍ പുസ്തകശൃംഖലയിലെ അവസാന പുസ്തകവും പുറത്തിറങ്ങി എകദേശം രണ്ടു മാസങ്ങള്‍ക്കു മുന്‍പ്. കുട്ടീകള്‍ മറ്റു ഹാരി പോട്ടര്‍ പുസ്തകങ്ങളെയെന്ന പോലെ ഇതിനേയും ആഹ്ലാദപുരസ്സരം സ്വീകരിച്ചു. ഏഴുകൊല്ലത്തോളം വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച അദ്ഭുത എഴുത്ത് അത്യന്തികമായി നന്മ ജയിക്കുകയും തിന്മ തോല്‍ക്കുകയും ചെയ്യുന്ന അന്ത്യ്ത്തോടെ കുട്ടീകളുടെ കയ്യിലിരുന്ന് ഉറങ്ങി, ഇനിയൊരു ഹാരി പോട്ടര്‍ ബുക് വരികയില്ലെന്നവര്‍ കുണ്ഠിതപ്പെടുന്നു.

ഈ നൂറ്റാന്ണ്ടിലെ വിസ്മയമാണ് ഹാ‍രി പോട്ടര്‍ കഥകള്‍‍ക്കു കുട്ടികള്‍ നല്‍കിയ സ്വീകരണം. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് കുട്ടികള്‍ ഉത്സവമായി കൊണ്ടാടുക മാത്രമല്ല അര്‍ദ്ധരാത്രിയില്‍ അത് പ്രസിദ്ധീകരിക്കുന്ന പുണ്യമുഹുര്‍ത്തത്തിനു മണിക്കൂറുകളോളം മഞ്ഞത്തും മഴയത്തും കാത്തുനില്‍ക്കുക,അവസാനത്തെ കോപ്പിയെങ്കിലും കയ്യില്‍ കിട്ടിയാല്‍ അതൊരു ഉത്സവമായി കൊണ്ടാടുക, ഇത് ലോകമെമ്പാടും നടക്കുന്ന പ്രതിഭാസമാകുക ഇതൊന്നും സാമൂഹ്യശാസ്ത്രജ്ഞരുടേയോ ചൈല്‍ഡ് സൈക്കോളൊജിസ്റ്റുകളുടേയോ ഒരു പ്രവചനത്തിലും പെട്ടവയല്ലായിരുന്നു. പൊടുന്നനവെ കുട്ടികള്‍ സ്വന്തം വഴി തേടിയത് അവര്‍ പോലും അറിയാതെ നടന്ന ഒരു മാന്ത്രിക പ്രയോഗമായി നില കൊള്ളുന്നു. ഹാരി പോട്ടര്‍ കഥ പൊലെ തന്നെ.

കഥനത്തിലെ പുതുമ മാത്രമല്ല ഈ കഥാസരിത്സാഗരത്തിന്റെ വശ്യത. ഇന്നു നടക്കുന്ന പോലെയാണ് കഥ പറഞ്ഞ് പോകുന്നത്. പെട്ടെന്ന് യുഗാതീത കാലത്തിലേക്കോ സ്ഥല കാലപ്രത്യേകതകളില്ലാത്ത ഒരു സ്പേസിലേക്കോ കഥ മാറിപ്പോകുന്നു. മധ്യകാല യൂറൊപ്യന്‍ സംസ്കാരത്തെ തൊട്ടു പോകുന്നെന്നു തോന്നിപ്പിക്കുമ്പോള്‍‍ തന്നെ മിത്തോളോജിയിലേക്ക് പറന്നു പോകുന്നു. വളരെ സിംബോളിക് ആയിട്ടാണ് ഇക്കാര്യം പ്രത്യക്ഷപ്പെട്രുന്നത്. ലണ്ടന്‍ റെയില്‍ വേ സ്റ്റേഷനില്‍ ഒന്‍പതും പത്തും പ്ലാറ്റ്ഫോമിനിടയില്‍ ഒന്‍പതേമുക്കാല്‍ എന്ന അദൃശ്യ പ്ലാറ്റ്ഫൊമില്‍ നിന്നാണ് ഹാരിയ്ക്കും കൂട്ടുകാര്‍ക്കും അവരുടെ മാന്ത്രിക സ്കൂളിലേക്ക് പോകേണ്ടത്. ആധുനിക ലോകത്തു തന്നെ സമാന്തരമായ ഒരു ലോകത്തിലേക്കാണ് കഥാപാത്രങ്ങല്‍ മാറിക്കേറുന്നത്. കഥയിലെ ഭാവനാലോകത്തേയ്ക്കും വായിക്കുന്ന കുട്ടികള്‍ എളുപ്പം പ്രവേശിക്കുന്നു.ഷേക്സ്പിയറും മില്‍ടണും കാഫ്കയും,ഭാരതീയ പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥാപാത്രങ്ങളും വിശ്വാസങ്ങളും എല്ലാം സ്വാധീനിച്ചിട്ടുള്ള അദ്ഭുതലോകമാണ് കഥാകാരി സൃഷ്ടിക്കുന്നത്. സംസാരിക്കുന്ന പാമ്പും അണിയുന്ന തലയുടെ സ്വഭാവം കണ്ടു പിടിക്കുന്ന്ന തൊപ്പിയും ഓടിക്കളിക്കുന്ന ആയിരക്കണക്കിന്‍് താക്കോലുകളില്‍ ഒന്നു മാത്രം ശരി താക്കോലാകുന്നതും ടോയിലറ്റില്‍ കരഞ്ഞുവിളിച്ചു കൂടിയിരിക്കുന്ന സ്ത്ര്രീയുടെ ആത്മാവും മുറിവുണക്കാന്‍ ശക്തിയുള്ള കണ്ണീരും വായിക്കുമ്പോള്‍ മാത്രം തെളിഞ്ഞുവരുന്ന അക്ഷരമുള്ള പുസ്തകവും ഡയറി എഴുതുമ്പോള്‍ മഷിയിലും അക്ഷരങ്ങളില്‍ക്കൂടെയും ശരീരരൂപം കൈക്കൊള്ളുന്ന ദുഷ്ടാത്മാവും താനെ നീങ്ങുന്ന ചതുരംഗക്കരുക്കളും ഇങ്ങനെ അനന്യസാധാരണമായ മായക്കാഴചകള്‍ കുട്ടീകളെ മാത്രമല്ല വലിയവരേയും പ്രലോഭിപ്പിക്കും. ഭയങ്കര ദുഷ്ടന്റെ ആ‍ാത്മാവ് കൊണ്ടു നടക്കുന്ന ശാന്തനായ സ്കൂള്‍ മാഷും യജമാനന്റെ വിഡ്ഢിത്തത്താല്‍ സ്വാതന്ത്ര്യം നേടുന്ന അടിമജീവിയും മറ്റും സാമൂഹ്യപ്രതിഭാസങ്ങളുടെ നേരെയുള്ള പരിഹാസച്ചിരിയും കൂടിയാണ്.

നിലവിലുള്ള ബാലസാഹിത്യകൃതികളേയും കാര്‍ടൂണ്‍ പരമ്പരകളേയും എന്തിന്‍് ടെലിവിഷന്‍ പടച്ചു വിട്ട കഥാപാത്രങ്ങളേയും കഥാപരിസരങ്ങളേയും നിരാ‍ാകരിച്ചുകൊണ്ടാണ് ഹാരി പോട്ടര്‍ മനം കവര്‍ന്നത്. പുസ്തകത്തിന്റെ കെട്ടും മട്ടും മുന്‍ വിധികളെ എല്ലാം തകര്‍ത്തു. എഴുനൂറില്‍പ്പരം പേജുകള്‍ വരുന്നവയാണ് ഓരോന്നും. ഇത്രയും വലിയ പുസ്തകം കുട്ടികള്‍ വായിക്കുമോ? ചെറിയ പ്രിന്റ്. ചിത്രങ്ങള്‍ വളരെ ലളിതവും എന്നാല്‍ നിശിതവും . കാര്‍ടൂണ്‍ ഛായയേ ഇല്ല. കഥാകാരി തന്നെ വരച്ചത്.എടുത്താല്‍ പൊങ്ങാത്ത പുസ്തകവുമായി പത്തുവയസ്സുകാര്‍ നടക്കുന്നത് അമ്പരപ്പ് മാത്രമല്ല വെല്ലുവിളിയാണ് മുതിര്‍ന്നവരില്‍ ഉണര്‍ത്തിയത്. കമ്പ്യൂടര്‍ ഗെയിമില്‍ നിന്നും റ്റി. വി. ഷോകളില്‍ നിന്നും കുഞ്ഞുങ്ങള്‍ വിട്ടു നിന്നു. പ്ലാ‍സ്റ്റിക് കളിപ്പാട്ടങ്ങള്‍ വേണ്ട പിറന്നാളിന്‍്, വായിക്കാന്‍ പുസ്തകം മതി സമ്മാനമായിട്ട് എന്നു കേണത് യാഥാസ്ഥികരെ മാത്രമല്ല ഞെട്ടിച്ചത്. പുസ്തകങ്ങള്‍ അന്യോന്യം കൈമാറി അവര്‍ വായനയുടെ ലോകം പങ്കു വച്ചു. നെടുങ്കന്‍ പുസ്തകത്തെ കെട്ടീപ്പിടിച്ച് കിടന്നുറങ്ങി.വായിക്കാന്‍ അറിയാത്ത കുട്ടീകള്‍ ചേച്ചിയുടേയോ ചേട്ടന്റേയോ സഹായം തേടി.പിക്നിക്കിനു പോകുമ്പോള്‍ കട്ടിപ്പുസ്തകവും ബാഗിലിട്ട് മാതപിതക്കളെ ചിന്താക്കുഴപ്പത്തിലാക്കി.അക്ഷരങ്ങളുടെയും വായനയുടേയും ലോകത്തേക്ക് കുട്ടി മാറിപ്പോയത് ചിലരെയെങ്കിലും കുണ്ഠിതപ്പെടുത്തി. ഡിസ്നി കാര്‍ട്ടൂണ്‍ പതിവിന്‍ പടി പ്ലാസ്റ്റിക് കഥാപാത്രങ്ങള്‍ വിപണിയില്‍ ഇറങ്ങിയത് കുട്ടികല്‍ അത്ര ശ്രദ്ധിച്ചില്ല. അവരുടെ ഭാവനയില്‍ മെനഞ്ഞെടുത്ത സ്വരൂപങ്ങള്‍ക്ക് വികൃതപ്ലാസ്റ്റിക് രൂപം നല്‍കുന്നത് അവര്‍ നിരാകരിക്കുകയായിരുന്നു.നിജപ്പെട്ടു വന്ന ഒരു സാമൂഹ്യസ്ഥിതിയെ കുട്ടീകള്‍ തകര്‍ത്തെറിഞ്ഞത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

അതീവ ഹൃദയദ്രവീകരണശക്തിയുള്ള ആഖ്യാനരീതി കുട്ടിമനസ്സിനെ ത്രസിപ്പില്‍ നിറുത്തി വീണ്ടും വീണ്ടും വായിക്കാനും അടുത്ത പുസ്തകം വരുന്നത് ഉത്സാഹത്തോടെ പ്രതീക്ഷിക്കാനും പ്രേരിപ്പിക്കുകയാണ് ഉണ്ടായത്. വോള്‍ഡര്‍മോട് എന്ന അതിഭീകരന്റെ ചെയ്തികള്‍ മുതിര്‍ന്നവരെപ്പോലും പേടിപ്പിക്കാന്‍ പോന്നരീതിയിലാണ് വര്‍ണ്ണിച്ചിരിക്കുന്നത്‍. ആറാമത്തെ പുസ്തകത്തില്‍ ഡംബിള്‍ഡോറിന്റെ മരണത്തെ വിവരിക്കുന്നത് വായിക്കുമ്പോള്‍ കുട്ടീകള്‍ വാവിട്ടു കരഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും ഫോണ്‍ വിളിച്ച് കൂട്ടുകാരും കരഞ്ഞോ എന്നെ തീര്‍പ്പു വരുത്തി.ഇതെന്തു ബാലസാഹിത്യം? ബാലസാഹിത്യമാണെന്നാരു പറഞ്ഞു? ഇതു സാഹിത്യം തന്നെയാണോ? ഇതു ഞങ്ങളുടെ അനുഭൂതിയുടെ ആകത്തുകയാണ്. ഇതു ഞങ്ങളുടെ ഭാവനയുടെ പറക്കലാണ്. ഇതിനെ എന്തു പേര്‍ പറഞ്ഞു വിളിക്കുന്നെന്നത് ഞങ്ങളുടെ പ്രശ്നമല്ല. ലോകമെമ്പാടുമുള്ള കുട്ടികള്‍ വിളിച്ചു പറഞ്ഞു. മുന്‍ വിധികള്‍ മാറി മറിഞ്ഞു. ചില കഥാസന്ദര്‍ഭങ്ങള്‍ കുട്ടീകളില്‍ വ്യാകുലതയും ചിന്താക്കുഴപ്പങ്ങളുമുണ്ടാക്കുമെന്ന് മന:ശാസ്ത്രഞ്ഞര്‍ വിളിച്ചു പറഞ്ഞത് കുട്ടികള്‍ തെല്ലും ശ്രദ്ധിച്ചില്ല. പുസ്തകവും വായന്നയും ഇന്നും സജീവമാണെന്നു കുട്ടികളാണ് വിളിച്ചുപറഞ്ഞ് തെളിയിച്ചതെന്നത് ഇതൊക്കെ കഴിഞ്ഞുപോയെന്ന് വീമ്പിളക്കിയവരെ ലജ്ജിപ്പിച്ചു. പല എഴുത്തുകാരും അസൂയ മുഴുത്ത് ഹാരി ശൃംഖലയെ അപലപിച്ചും കളിയാക്കിയും എതിര്‍നിലപാടെടുത്തത് വിലപ്പോവാതെ നില്‍ക്കുന്നു. ഏറ്റവും നിരാശരായത് ബാലസാഹിത്യമെഴുത്തുകാരാണ്. എറ്റവും വൈക്ലബ്യത്തില്‍ വീണവരും.


വാ‍ാസ്തവത്തില്‍ ആര്‍ക്കും വ്യത്യസ്ഥ അനുഭൂതി നല്‍കുന്ന കഥയാണ് ജെ. കെ. റൌളിങ് എന്ന ജൊആന്‍ റൌളിങ്ങ് വിടര്‍ത്തുന്നത്. പെണ്ണിന്റെ പേരിലെഴുതിയാല്‍ വായനക്കാരുണ്ടാവില്ലെന്ന പ്രസാധകരുടെ നിര്‍ബ്ബന്ധത്താലാണ് ഒരു പുരുഷനാമം സ്വീകരിച്ചത്. കുട്ടികള്‍ക്കു “വേണ്ടി” എഴുതപ്പെട്ടവയല്ല ഒരു പുസ്തകവും എന്ന് ആദ്യവായനയില്‍ തന്നെ മനസ്സിലാക്കം. ലോകമെമ്പാടുമുള്ള ‘ബാലസാഹിത്യകാരന്മാര്‍‘ ദശാബ്ദങ്ങളായി മെനക്കെട്ടുകയായിരുന്നു കുട്ടികളെ കമ്പ്യൂടറ്റ് ഗെയിമില്‍ നിന്നും റ്റെലിവിഷനില്‍ നിന്നും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കാന്‍. ആദ്യത്തെ ഒരൊറ്റ പുസ്തകം കൊണ്ടു തന്നെ ശ്രീമതി റൌളിങ് ഇത് സാധിച്ചെടുത്തു.ഇന്‍ഡ്യയില്‍ ഇപ്പോഴും ഇത് ബാലസാഹിത്യത്തില്‍ പെടുത്തി അകല‍ത്തില്‍ നിറുത്തപ്പെട്ടിരിക്കയാണ്. ഭാരതീയ ബാലസാഹിത്യശാഖ എന്തു കൊണ്ടു പച്ച പിടിക്കുന്നില്ലെന്ന് ഇതോടെ അവര്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. മാര്‍കെറ്റിങ് തന്ത്രങ്ങളില്ലാത്തതാണോ പുസ്തകത്തിന്റെ കെട്ടും മട്ടും അനുയോജ്യമല്ലാത്തതിനാലാണോ എന്നൊക്കെ ബാലിശമായ ചിന്താഗതിയില്‍ തളയ്ക്കപ്പെട്ടിരിക്കയാണ് ഈ വ്യാകുലതകള്‍.മോഹാലസ്യപ്പെടുത്തുന്ന മാന്ത്രികതയാണ് ഹാരിപോട്ടര്‍ പാരായണയോഗ്യമാക്കുന്നത് എന്ന സത്യം തിരിച്ചറിയപ്പെടുന്നില്ല. ഇന്നു നടക്കുന്ന കഥയില്‍ അവിശ്വസനീയമായ മാജിക്കുകള്‍ എത്തിച്ചേരുന്നത് കുട്ടികളെ മാത്രമല്ല മന്ത്രമുഗ്ദ്ധരാക്കുന്നത്. പറക്കുന്ന കാറുകളും പോസ്റ്റല്‍ സര്‍വീസിനു സമാന്തരമായി എഴുത്തു കൊണ്ടു വരുന്ന മൂങ്ങയുമൊക്കെ വിക്രമാദിത്യന്‍ കഥകളില്‍ നിന്നും അമര്‍ ചിത്രകഥകളില്‍ നിന്നുമൊക്കെ വ്യത്യസ്ഥമയി തുലോം തനിമയേറുന്നതും കാലാനുസൃതവുമാണ്. അവഗണിക്കപ്പെറ്റുന്ന ബാല്യം, സ്നേഹം എന്ന ശക്തി കൊണ്ട് തിന്മയെ നേരിടാമെന്ന പാഠം, വാത്സല്യത്തിന്റെ ചാലകശക്തി ഇതൊക്കെ കുട്ടികളെ മോഹിപ്പിക്കുന്നവയാണ്. ജീവിതത്തിന്റേയും മരണത്തിന്റേയും വിധിയുടെയും സമസ്യകളാണ് കുട്ടികളെ വശീകരിക്കുന്ന തരത്തില്‍, ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഈ പുസ്തകത്തിന്റെ താളുകള്‍ വിടര്‍ത്തി വിരിയിക്കുന്നത്. ആയുധങ്ങള്‍ കൊണ്ടുള്ള പയറ്റിനേക്കാള്‍ മാന്ത്രികതയും കൂര്‍മ്മ ബുദ്ധിയും ട്രിക്കുകളുമാണ് അതിജീവനത്തിനു വേണ്ടിയൊരുക്കപ്പെടുന്ന കരുക്കള്‍. എഴുത്തും വായനയും ഭാവനയും ഉദ്ദീപിപ്പിക്കുന്ന അപരിമേയമായ ശക്തി കുട്ടികളായ തങ്ങളില്‍ക്കൂടി പ്രത്യക്ഷമാക്കപ്പെടുന്നത് കാണുന്നില്ലേ എന്ന് ഒരു വെല്ലുവിളിയെന്നപോലെ അവര്‍ ചോദിക്കുകയാണ്. വായിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍ എന്ന പ്രൌഢപ്രസ്താവന വരും കാലത്തു പ്രയോഗിക്കാനുള്ള തയാറെടുപ്പ്.

16 comments:

എതിരന്‍ കതിരവന്‍ said...

ലോകത്തെമ്പാടുമുള്ള കുട്ടികള്‍ വായനയുടെ പ്രതിരോധവുമായി ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ വായിക്കുന്നു. വായന മരിക്കുന്നു എന്നു മുറവിളി കൂട്ടിയവര്‍ക്കു കുട്ടികള്‍ നല്‍കിയ വെല്ലുവിളിയും മറുപടിയും. “ബാലസാഹിത്യ“ത്തില്‍ പെടാത്ത ബാലസാഹിത്യം.

പുസ്തകം വായന ഉത്സവമായി കൊണ്ടാടപ്പെട്ട ചരിത്ര ഘട്ടം.

Anonymous said...

വളരെ നന്നായിരിക്കുന്നു കാതിരവാ .. കതിരവന്റെ കണ്ണ്‌ പതിയാത്ത ഇടങ്ങള്‍ കുറവാണ്..

പ്രിയംവദ-priyamvada said...

ശരി തന്നെ കതിരന്‍ ..ഹാരിപോട്ടര്‍ 7ാ‍ം തവണയും കുട്ടി ഉലകങ്ങള്‍ കീഴടക്കാനെത്തിയപ്പോള്‍ .എന്റെ വീട്ടിലും അച്ഛനും മക്കളും 'ആരാദ്യം' വായിക്കും എന്നു മൂപ്പിളമ തര്‍ക്കങ്ങള്‍...വീട്ടിലെ ഏക 'മഗിള്‍' ഞാനായതിനാല്‍ എനിക്കു വിക്രമാദിത്യ സിംഹാസനം ..പുസ്തകം പുറത്തെത്തും മുന്‍പെ "പുതിയ ബുക്കില്‍ എന്തു സംഭവിക്കും"? എന്ന ബുക്ക്‌ amzon.com വഴി വീട്ടിലെത്തി...പിന്നെ എണ്ണമറ്റ വെബ്സൈറ്റ്‌ ,ഡിക്ഷ്ണറി കള്‍..ആരേയും മോഹിപ്പികുന്ന വരവേല്‍പ്പു കണ്ടു അമ്പരന്നു പോയി.അവര്‍ സൃഷിച്ചെടുത്ത ഒരു പുതുലോകവും സംഭവങ്ങളെ connect ചെയ്യുന്ന രീതിയും പ്രസന്നമധുരമായ ഒരു ശൈലിയും.. എല്ലാം കാരണ്മാവുന്നുണ്ടു എന്നുതോനുന്നു..

5-)o ബുക്ക്‌ വരുന്നതിനു മുന്‍പാണെന്നു തോന്നുന്നു ഒരു ദിവസം ..ചെറിയ മകളുടെ മുഖത്തു അസ്തമയം കണ്ട താമരയുടെ നിശ്ശ്ബ്ദത..J k rowling ഗര്‍ഭിണിയായതിനാല്‍ ബുക്ക്‌ വൈകും എന്നറിഞ്ഞതിന്റെ സങ്കടം.. ഒരു ദിവസം ബാഗില്‍ നിന്നും ഒരു പുതിയ നോട്ട്‌ ബുക്ക്‌ കണ്ടു ..harry potter ഫാന്‍ ക്ലബ്ബിന്റെ പ്രസിഡന്റ്‌ സ്ഥാനം ഏറ്റ്‌ടുത്തതിന്റെ വകുപ്പിലായിരുന്നു അതു...


ഹാരിപോട്ടര്‍ കുട്ടിവായനയെ സ്വാധീനിക്കുന്നതായി പഠനങ്ങള്‍ കണ്ടു ..അതു ശരിയാണെന്നു അനുഭവം. ചേച്ചിയുടെ Famous five ,Nancy drew , Eddings,Agatha christy സീക്വന്‍സ്‌ ഇല്‍ നിനൂം മാറി,ആകെ ഒരു mystery -witch craft ലൈന്‍ -ഇല്‍ ആണു അനിയത്തിയുടെ വായന പോകുന്നതു..

Anonymous said...

വായനയുടെ പ്രതിരോധത്തെക്കാളുപരി മുന്‍ കൂട്ടി തയ്യാറാക്കിയ ഹൈപ്പിലൂടെ - പരസ്യം വഴിയും മീഡിയാ മാനിപുലേഷന്‍ വഴിയും കുട്ടികളുടേ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു പുസ്തകമല്ലേ ഹാരിപ്പോട്ടര്‍?

എതിരന്‍ കതിരവന്‍ said...

തുളസി:
മീഡിയ ഹൈപ്പിലൂടെ മാനിപ്പുലേറ്റ് ചെയ്യപ്പെട്ടതായി തോന്നുന്നതാണ്. ആദ്യത്തെ രണ്ടു പുസ്തകങ്ങള്‍ക്കു ഇതൊന്നുമില്ലായിരുന്നു. വാസ്തവത്തില്‍ രണ്ടാമത്തെ പുസ്തകമാണ് അത്യുജ്വലം. അതു വായിച്ച ആരും (ഞാനുള്‍പ്പെടെ) വീണുപോകും.
മീഡിയ മാനിപുലേഷനിലൂടെ എന്തൊകൊണ്ട് ഇതല്ലാതെ ഒരു പുസ്തകവും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടില്ല? എങ്ങനെ ലോകമെമ്പാടും ഈ പ്രതിഭാസം പകര്‍ന്നു പരന്നു?

റ്റി. വി യിലോ പത്രങ്ങളിലോ പരസ്യങ്ങള്‍ വന്നിട്ടില്ല. വഴിയരികില്‍ കൂറ്റന്‍ ബില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടില്ല (ഡിസ്നി സിനിമ/DVD റിലീസ് മാതിരി).

എന്റെ രണ്ടു കുട്ടികള്‍ക്കു സ്കൂളില്‍ നിന്നും കിട്ടിയതാണ് രണ്ടു പുസ്തകങ്ങള്‍. എണ്ണൂറോളം പേജുകള്‍ വായിക്കാന്‍ അവര്‍ തത്രപ്പെടുകയായിരുന്നു. അന്ന് മീഡിയയില്‍ ഒന്നും വന്നു തുടങ്ങിയിട്ടില്ല.
ഒരു സിനിമയോ റ്റി. വി. ഷോയോ കളിപ്പാട്ടമോ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാം. വായന പറ്റുകയില്ല.

പ്രിയംവദ:
ശരിയാണ്. മിസ്റ്ററി ലൈനിലുള്ള പുസ്തകങ്ങള്‍ വായിക്കാനുള്ള ത്വര കുട്ടികളില്‍ കൂടിയിട്ടുണ്ട്. ഏറ്റവും ഭാവനാസാധ്യത ഇവയ്കാണെന്നതിനാലാ‍യിരിക്കും.

അനോണി: സന്തോഷം. പോയി ഒരു ഹാരി പോടര്‍ വായിക്കൂ.

ഗുപ്തന്‍ said...

Mashe.. fantasy genreyile oru nalla work ennu Rowlingine parayaam.. children's fiction enna 'thettaaya pracharanam' aaanu ithinte prachaarathile oru pradhhaana pankuvahichathennum sathyamaana@.

Rowlings ability to mix up things in the most delicious way is unquestionable.

But as an adult reader, read it after Tolkein's LOTR, you won't feel the magic anymore... at least I felt so.

(I am a bit more than just familiar wit both Tolkein's six and Rowling's seven-- used to be fan until the realease of HP4. But a comparison with Tolkein is not neessarily part f reading Rowling.)

എതിരന്‍ കതിരവന്‍ said...

Manu:
Tolkien's LoR is another medieval story with horse riding sword fights, white, handsom/beautiful people being the best of the race and dark ugly people the bad guys. Except for the wide range imagination there is nothing new in LoR. I never kindles the fire HP ignites.

LoR strongly anchors in the greed of the westerners for gold. It spends a lot of time to tell us that gold is not every thing. I knew it before!

Haree said...

LoR strongly anchors in the greed of the westerners for gold. It spends a lot of time to tell us that gold is not every thing. I knew it before! - Really liked it. :)

ഹാരിപ്പോട്ടര്‍ ഞാന്‍ വായിച്ചിട്ടില്ല, ഇത്രയും വലിയ പുസ്തകങ്ങള്‍, അതും ഇംഗ്ലീഷ് വായിക്കുവാനുള്ള ക്ഷമ ഇല്ലാത്തതു തന്നെ കാരണം. സിനിമകള്‍ ഇറങ്ങിയിടത്തോളം കണ്ടിരുന്നു. സിനിമകളെ താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് LoR ആണ് കൂടുതല്‍ ഇഷ്ടമായത്. നിഗൂഢതയേക്കാളേറെ, അവ്യക്തതയാണ് എനിക്ക് സിനിമകളില്‍ അനുഭവപ്പെട്ടത്.
--

ഗുപ്തന്‍ said...

If you read LOTR only as a legend I think you missed the magic there. I read and re-read it as one of the most powerful allegories on power I ever read. I group it along with the likes of 1984 and Dharmapuraanam.

Mythical structure of that story candidly hides (I know what I said) the political scenario of Tolkeins Europe. The Evil comes from the East (Muslim world and magical Orientals); the south is subjugated ( Italy and the other weak Southern countries); the savation comes from West across the Sea throgh the North(Anglo Saxons)

But the real protagonist in the story of salvation will be the weakest link of it all: the one who is afraid of power - only he can bear the ring of power and destroy it. :)It was a political message as far as I read it.

എതിരന്‍ കതിരവന്‍ said...

ഹരീ:
ഹാരി പോടര്‍ ആദ്യത്തെ ഒരെണ്ണമെങ്കിലും വായിക്കാന്‍ ക്ഷമ കാണിക്കൂ. സിനിമ കണ്ടാല്‍ നമ്മുടെ ഭാവന്യക്ക് തടസ്സമാകും.

മനു:
മനു പറഞ്ഞതു തന്നെയാണ് ‘ലോര്‍ഡി‘ന്റെ പുതുമയില്ലായ്മയും. ഹാരി പോടറില്‍ “ലോര്‍ഡ്” എന്ന സംബോധന തന്റെ വില്ലന്റെയാണെന്ന് ഓര്‍മ്മിക്കുക. തിന്മയെ എല്ലാ വിശുദ്ധിയോടും കൂടെ നോക്കിക്കണ്ട് ആ വിശുദ്ധി കൊണ്ട് അതിനെ നേറിടുന്ന ബാല്യമാണ് ഹാരി പോടര്‍.
LoR എന്തു കൊണ്ടു ആവേശത്തോടെ കുട്ടികള്‍ വായിച്ചില്ല?

ഗുപ്തന്‍ said...

Look, I said right at the beginning that reading Rowling need not be necessarily compared with reading Tolkein. I mentioned Tolkein only to point out that the Potter phenomenon is somewhat blown out of proportion by the over-enthusiastic media.

But your last question really surprised me. You didn't mean that, did you? If you did the answers are really clear to you

1. LOTR was never considered a children's fiction.
2. There is nothing that a child would soon empathise with in LOTR. One of the youngest of the protogonists, Frodo, is 40 years of age at the beginning of the story -- though the deceptive youth of Elijah Wood (if you saw the movie) may tempt you to think otherwise.
3. The novel was published in 1950's when the printing media was in crisis-due to shortage of paper; the postwar world was building itself up and they had better things to do than orgainizing release festivals for a novel.

But this said, dont under-estimate the popularity of LOTR. In Italy and Germany the transaltions were used as Reader-texts for highschool students for long period. Sunday Telegraph wrote once that the English speaking world will be divided into two: those who read LOTR and those who are going to read it. I know that in the wiki article on LOTR there are details about its comlex lierary background and publishing history and its cultural impact.

ഗുപ്തന്‍ said...

Then, the importance of bringing books back to life should not be exaggerated. I too am happy while it lasts.

Remember the Ma weekly revolution of the 80's? That re-invented the letters for millions of village women of elementary education in Kerala. I am sure that 90% of those women have not gone on to read even a single novel by MT or Madhavikkutty - the masters of commercial mainstream of their time. No need even to mention the real mainstream.

The re-invention of reading with the HP series may not bear the fruit someone hopes for, after all.

ഗുപ്തന്‍ said...

sorry for the spelling disasters: :))

protagonist.. organizing.. complex literary background and so on..

aa vakuppil njan world championaa :))

qw_er_ty

എതിരന്‍ കതിരവന്‍ said...

മനൂ;
എന്റെ ചോദ്യത്തിനുത്തരം മനു തന്നെ പറഞ്ഞല്ലൊ. വേറൊരു കൃതിയ്ക്കും കുട്ടികളെ ഇത്രയും ആകര്‍ഷിക്കാന്‍ പറ്റാത്തതെന്തേ എന്നു തന്നെ. അതും ലോകത്തെല്ലായിടത്തും.
ഇതൊരു മറഞ്ഞു നീങ്ങുന്ന പ്രതിഭാസമായി കണക്കാക്കിയാലും ഈ ഹൈ ടക് യുഗത്തില്‍ ഒരിക്കലെങ്കിലും കുട്ടികള്‍ വായനയിലേക്കു തിരിച്ചു പോയി എന്നത് സത്യമായി കിടക്കും. ഈ തലമുറ വായന കൊണ്ടുനടക്കാന്‍ പോവുകയാണോ? കാത്തിരുന്നു കാണുക. ചെറിയ പ്രതിഫലനം എങ്കിലും കാണാതിരിക്കില്ല എന്നത് എന്റെ ആശ മാത്രമാണോ? പുസ്തകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നത് നൊസ്റ്റാള്‍ജിയയായി ഇവരുടെ മനസ്സില്‍ കിടന്നെങ്കില്‍ കുറയൊക്കെ വരും കാലത്ത് അതുപോലെ ചെയ്യാന്‍ അവര്‍ ശ്രമിച്ചേക്കും.

(എന്തിനാണ് ഇംഗ്ലീഷില്‍ കന്മന്റ് എഴുതുന്നത്? എനിക്ക് ഓഫീസില്‍ മലയാളം എഴുതാന്‍ വകുപ്പില്ലാത്തതു കൊണ്ട് അവിടുന്ന് എഴുതുന്ന കമന്റുകള്‍ ഇംഗ്ലീഷില്‍ ആയിപ്പോകുന്നതാണ്.അല്ലെങ്കിലും ഇംഗ്ലീഷ് എഴുത്തു പരിജ്ഞാനം കുറവാണ്. മലയാളവും!)

ഗുപ്തന്‍ said...

മാഷേ ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ നിന്നല്ല എപ്പോഴും ലൈനില്‍ വരുന്നത്. കീമാനില്ലാതെ ഓണ്‍ലൈന്‍ എഡിറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാട് തെറ്റ് വരുന്നുണ്ട്. അല്ലെങ്കില്‍ തന്നെ ഞാന്‍ സ്പെല്ലിംഗ് മിസ്ടേക്കില്‍ ചാമ്പ്യനാണ്. അതുകൊണ്ടാണ് കമന്റ് നീണ്ടുപോകും എന്ന് തോന്നുമ്പോള്‍ ഇംഗ്ലീഷില്‍ ആയിപ്പോകുന്നത്. പിന്നെ LOTR ഇവിടെ അല്പം ഓഫ് റ്റോപ്പിക് ആയതുകൊണ്ടും കമന്റുകള്‍ അധികം ശ്രദ്ധിക്കപ്പെടാതിരിക്കട്ടെ എന്ന് വിചാരിക്കുകയും ചെയ്തു.

മാഷിന്റെ ഭാഷയെക്കുറിച്ചുള്ള എളിമകണ്ട് ഞാന്‍ തകര്‍ന്നുപോയി. മനുഷ്യനെ ഇങ്ങനെ വെഷമിപ്പിക്കല്ലും :(

ഞാന്‍ പറഞ്ഞത് അമ്പത് വര്‍ഷം മുന്‍പ് പബ്ലിഷ് ചെയ്ത മോതിരവും ഈ കഴിഞ്ഞ ദശാബദത്തില്‍ വന്ന പോട്ടറുംതമ്മില്‍ താരതമ്യം ചെയ്യുന്നതിലെ അപാകതയെക്കുറിച്ചാണ്. പിന്നെ മോതിരത്തിനു യൂറോപ്പില്‍ ഉള്ള പ്രചാരത്തെക്കുറിച്ചും സാംസ്കാരിക സ്വാധീനത്തെക്കുറിച്ചും ഫില്‍മുകള്‍ വന്ന സമയത്തുമാത്രം റ്റോള്‍ക്കെയിനെ ശ്രദ്ധിച്ചുതുടങ്ങിയ നമുക്ക് ശരിക്ക് മനസ്സിലായിട്ടില്ല എന്നാണ് യൂറോപ്പിലെ എന്റെ അനുഭവവും ആ നോവലിനെക്കുറൈച്ചുള്ള വിക്കി ലേഖനവും എനിക്ക് പറഞ്ഞുതന്നത്. ഇത്രയും കാര്യങ്ങള്‍ മുകളില്‍ പറഞ്ഞതിന്റെ ആവര്‍ത്തനം മാത്രം.

Calvin H said...

ഹാരി പോട്ടറുമായുള്ള ആദ്യബന്ധം പ്രിസണര്‍ ഒഫ് അസ്കര്‍ബാന്‍ എന്ന സിനിമയിലൂടെയാണ്. വല്ലാതെ ഇഷ്ടമായി. അതില്‍ രഹസ്യം കണ്ടുപിടിക്കാന്‍ നടത്തുന്ന ടൈം ട്രാവല്‍, പ്രിസണ്‍ കാവല്‍ക്കാരെന്റെ ചിത്രീകരണം, ഹാരിയുടെ പേടി എന്ന വികാരത്തിനു മേല്‍ ഉള്ള വിജയം, സസ്പെന്‍സ് എല്ലാം രസിച്ചു.

ഹൈലി സിനിമാടിക്.

പുസ്തകം ആദ്യത്തേത് വായിച്ചിട്ടുണ്ട്. ബാലസാഹിത്യം എന്ന രീതിയില്‍ വളരെ മികച്ചതെന്ന് സമ്മതിക്കാതെ വയ്യ. പാത്രനിര്‍മ്മിതിയാണ് ഏറ്റവും മികച്ചതായി തോന്നിയത്.

ക്രൂരനെന്ന രീതിയില്‍ ചിത്രീകരിച്ച ഉപകാരിയായ സ്നെയ്പ്‌ എന്ന കഥാപാത്രമാണ് മികച്ചതായി തോന്നിയത്.

കൗമാരപ്രായം കഴിഞ്ഞവര്‍ ഒക്കെ "ഹാരി ഫാന്‍സ്" ആയി നടക്കാന്‍ മാത്രം സാഹിത്യമൂല്യം ഹാരിക്കുള്ളതായി തോന്നിയിട്ടില്ല. കുട്ടികളെ സംബന്ധിച്ചേടത്തോളം നല്ലതാണ്. അത്ര മാത്രം.