Saturday, January 3, 2009

"നിരാകാര്‍ ഛായ”,പാണ്ഡവപുരം; എഴുത്തുകാരൻ, സംവിധായകൻ

നിരാകാര്‍ ഛായ എന്ന സിനിമ ഇന്നു ശ്രദ്ധിക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ എട്ടാമത് മഹീന്ദ്ര ഇന്‍ഡോ-അമെരിക്കന്‍ ആര്‍ട്സ് കൌൺ‍സില്‍ ഫിലിം ഫെസ്റ്റിവലില്‍ എറ്റവും നല്ല സംവിധായകനും ഏറ്റവും നല്ല നടിയ്ക്കുമുള്ള അവാർഡുകള്‍ നേടിയിരിക്കുന്നു. കൂടെ മത്സരിച്ച ശ്യാം ബെനെഗള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെതന്‍ മേഹ്ത, ദീപ മേഹ്ത എന്നിവരെയൊക്കെ പിന്തള്ളിയാണ് അദ്യചിത്രവുമായെത്തിയ ആശിഷ് അഭികുണ്ഠക് (Ashish Avikunthak) എന്ന ചെറുപ്പക്കാരന്‍‍ ഈ നേട്ടം കൈവരിച്ചത്.

സേതുവിന്റെ പാണ്ഡവപുരം നോവലിന്റെ സ്വതന്ത്ര ആഖ്യാനമാണ് നിരാകാര്‍ ഛായ എന്ന ബെംഗാളി സിനിമ. Shadows Formless എന്ന് ഇംഗ്ലീഷ് പേർ. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമ യദൃശ്ഛയാ വായിച്ച് മോഹമുഗ്ദ്ധനായ ആശിഷ് അഭികുണ്ഠക് മലയാളിക്ക് സുപരിചിതമായ ദേവിയുടേയും പാണ്ഡവപുരത്തു നിന്നുമെത്തുന്ന ജാരന്റേയും കഥയ്ക്ക് സ്വതന്ത്രമായി വ്യാഖ്യാനങ്ങള്‍ നല്‍കി കല്‍ക്കട്ടാ നഗരത്തിലേക്ക് പറിച്ചു നടുകയായിരുന്നു. നഗരത്തില്‍ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും പോയവരുടെ വിഹ്വലതകളുടേയും നിതാന്ത കാത്തിരിപ്പിന്റേയും ആശ്വാസാനുസാരിയായ വിഭ്രാന്തിയുടേയും കഥയ്ക്ക് സ്വതന്ത്ര ആഖ്യാനം നൽകി ദൃശ്യവിന്യാസങ്ങളിലെ ചാരുത കൊണ്ടും മിത്തിക്കല്‍ പരിവേഷം ഉടനീളം നിലനിര്‍ത്തിയുമാണ് നോവലിസ്റ്റിനെപ്പോലും തെല്ലു വിസ്മയിപ്പിച്ച് സംവിധായകന്‍ പുതിയ ഭാഷ്യം ചമച്ചത്. കേരളീയ പശ്ചാത്തലവും തീവണ്ടിയാപ്പീസും മറ്റു സിംബോളിക് ദൃശ്യങ്ങളും ഹൌറ പാലവും ഹുഗ്ലി നദിയും അവിടെ വന്നണയുന്ന ബോട്ടുകളിലേക്കും സംക്രമിപ്പിച്ച് ദേവിയുടെയും ജാരന്റേയും മാന‍സികവ്യാപാരങ്ങള്‍ സാര്‍വ്വലൌകികമാക്കിത്തീര്‍ത്തിരിക്കുന്നു.

കഴിഞ്ഞവര്‍ഷം സ്വിറ്റ്സര്‍ലണ്ടിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിക്കപ്പെട്ട ഏക ഇന്‍ഡ്യന്‍ ചിത്രവും നിരാകാര്‍ ഛായ ആയിരുന്നു. അതും Film Makers of the Present മത്സരത്തിൽ. ഇതിനു മുൻപ് അമിർ ഖാന്റെ ലഗാൻ ലൊക്കാർണോ വരെ എത്തിയിരുന്നേങ്കിലും ഷോകെസിൽ മാത്രമേ പ്രദർശിപ്പിച്ചുള്ളു. മലയാളത്തിൽ നിന്നും അനന്തരം, പിറവി എന്നീ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ ലൊക്കാര്‍ണോയില്‍ എത്തപ്പെട്ടിട്ടുള്ളു. ഒരു മലയാളചിത്രമല്ലെങ്കിലും പാണ്ഡവപുരം എന്ന നോവലില്‍ നിന്നുയിര്‍ക്കൊണ്ട സിനിമ എന്ന നിലയ്ക്ക് മലയാളിക്ക് കിട്ടിയ അംഗീകാരം തന്നെ ഇത്. സ്റ്റാന്‍ഫോര്‍ഡില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന ആശിഷ് കഷ്ടിച്ച് സ്വരൂക്കൂട്ടിയ സ്കോളര്‍ഷിപ് തുകയൊക്കെയാണ് സിനിമാനിര്‍മ്മാണത്തിനു ഉപയോഗിച്ചത്. ആകെ 20 ലക്ഷം രൂപയില്‍ പണി തീര്‍ത്തു, തീര്‍ക്കേണ്ടി വന്നു. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ മത്സരിച്ച മറ്റുചിത്രങ്ങള്‍ പലതും ഇതിലും നൂറിരട്ടിയാണ് നിര്‍മ്മാണച്ചെലവിനു വിനിയോഗിച്ചത്.രംഗ് രസിയ(Colours of Passion)- മലയാളിയുമായിട്ട് ബന്ധം പുലര്‍ത്തുന്ന മറ്റൊരു സിനിമ; രാജാ രവിവര്‍മ്മയുടെ സ്വകാര്യജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ വെളിവാക്കുന്നത്- നിര്‍മ്മിച്ചത് 12 കോടി ചെലവഴിച്ചാണ്. നിരാകാര്‍ ഛായയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചതോ ബെംഗാളി നാടക-സീരിയല്‍ രംഗത്തുള്ള അപ്രശസ്തര്‍. അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ പ്രയാസമേറിയ ദേവിയുടെ റോള്‍ സധൈര്യം ഏറ്റെടുത്ത് മന്ദിര ബന്ദോപധ്യായ നല്ല നടിയ്ക്കുള്ള പുരസ്കാരവുമയാണ്‍് ഫെസ്റ്റിവലിലെ വന്‍ നിരക്കാരെ ഞെട്ടിച്ചത്.‍ ശേഖര്‍ കപൂറിന്റെ ബന്‍ഡിറ്റ് ക്വീന്‍ എഡിറ്റ് ചെയ്ത പങ്കജിന്റേയും മഹാദേവ് ഷൈ യുടേയും കൃതഹസ്തമായ കയ്കളാണ് ആശിഷിന്റെ കന്നി സംരഭത്തില്‍ പങ്കു ചേര്‍ന്നത്. പശ്ചാത്തല സംഗീതം ചമച്ചത് സ്റ്റാന്‍ഫോര്‍ഡില്‍ തന്നെയുള്ള ഇസ്രയേലി സംഗീതജ്ഞ നൂരിറ്റ് ജുഗന്ത്. തികച്ചും അന്തർദ്ദേശീയ നിർമ്മിതി. എന്നാൽ ഈയിടെ കഴിഞ്ഞ തിരുവനതപുരം ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ പോലും പ്രബുദ്ധ തെരഞ്ഞെടുപ്പു കമ്മറ്റിക്കാർ കൂട്ടാക്കിയില്ല.ഒരു പ്രശസ്ത മലയാളം നോവലിന്റെ വേറിട്ട ആവിഷ്കാരം, ലൊക്കാർണൊ തുടങ്ങിയ വൻപൻ ഫെസ്റ്റിവലുകളിലെ അംഗീകാരം, ശ്യാം ബെനെഗൾ, അടൂർ, കെതൻ മേഹ്ത മുതലായവരെ വെന്ന സംവിധാനകല ഇതൊന്നും ഫെസ്റ്റിവൽ കമ്മറ്റിക്കാരെ ഏശിയതേ ഇല്ല, അതിൽ വിസ്മയത്തിനവകാശവുമില്ല.

എഴുത്തുകാരനും സംവിധായകനും

ചലച്ചിത്രത്തിനു അത്ര വഴങ്ങുന്നതല്ല പാണ്ഡവപുരത്തിലെ പ്രമേയവും കഥാപരിസരവും കഥാപാത്ര മാനസികനിലകളും. പാണ്ഡവപുരം എന്ന മിതിക്കൽ നഗരം ദൃശ്യഭാവസമ്പൂർണ്ണതയോടെ സൃഷ്ടിച്ചെടുക്കാനും പ്രയാസം.വായനക്കാരന്റെ മനസ്സില്‍ കഥ പല മാനങ്ങള്‍ തേടുന്ന വിധത്തിലുള്ള രചനാതന്ത്രമാണ് സേതു ഈ നോവലില്‍ പ്രയോഗക്ഷമമാക്കിയത്. സാമ്പ്രദായികരീതിയിലുള്ള സംവിധാനരീതിക‍ൾക്കപ്പുറം പോകാനുള്ള ശേമുഷിയില്ലെങ്കില്‍ ഇത്തരം പ്രമേയങ്ങള്‍ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴും. നോവലിന്റെ ആഖ്യാനവും ആസ്വാദനവും അല്ല സിനിമയുടേത്. വായനയിലൂടെ ഉരുത്തിരിയുന്ന ഭാവനകളല്ല സിനിമ ദൃശ്യപ്പെടുത്തുമ്പോൾ വിടരുന്നത്.വരമൊഴിയുടെ ദൃശ്യനിർമ്മിതി അനുവാചകന്റെ സ്വാതന്ത്ര്യമാണ്, വായനക്കാരന്റെ മനസ്സിൽ സ്വരൂപിക്കപ്പെടുന്ന ലോകത്തിനു പരിമിതിയില്ല. സിനിമയിൽ അതു സംവിധായകനും സാങ്കേതികതയും കൂടി സൃഷ്ടിച്ചെടുക്കുന്ന ശക്തിയുടെ സൌജന്യത്തിലാണ്. ഈ സ്വാതന്ത്ര്യം കാണിയ്ക്ക് വായനക്കാരന്റേതുപോലെ സീമാതീതമായ അനുഭവം അല്ല. ദൃശ്യശ്രാവ്യസംവേദനസാദ്ധ്യത ഇട്ടുകൊടുക്കുന്ന ആസ്വാദനത്തിന്റെ മറ്റൊരു തലം. ചിലപ്പോൾ കാണിയിൽ നിന്നും തിരിച്ച് വായനക്കാരനിലേക്ക് വഴിയ്ക്കുവഴി പുറകോട്ടു സഞ്ചരിച്ച് എഴുത്തുകാരന്റെ ഭാവനാവിന്യാസങ്ങളേയും പിടികൂടും. വായനക്കാരൻ കാണിയാകുമ്പോൾ എഴുത്തുകാരനോടൊപ്പംൽ സൃഷ്ടിക്കപ്പെട്ട കാൽ‌പ്പനികലോകത്തിനു പകരം സംവിധായകനാൽ നിയന്ത്രിതമായ മായാലോകമാൺ തുറന്നെഴുന്നത്. വായന സൃഷ്ടിയ്ക്കുന്ന മാനസികവ്യാപരത്തോടൊപ്പം കണ്ണു-കാത് ഇന്ദ്രിയചോദനകൾ ഒത്തുചേരാനാണു ദൃശ്യസമൂർത്തത വഴിയൊരുക്കുന്നത്. ഇത് എല്ലാ പരിമിതികളേയും ഭേദിച്ച് സംവിധായകന്റെ സ്വാതന്ത്ര്യം അനുവാചകനുമായി പങ്കുവയ്ക്കുകയാൻ .എഴുത്തുകാരനിൽ നിന്നും സ്വീകരിക്കപ്പെട്ട പ്രമേയം/കഥ അബോധതലത്തിൽ നിന്നും ബോധതലത്തിലേക്കും അപ്രത്യകഷത്തിൽ നിന്നും പ്രത്യക്ഷത്തിലേക്കും കൂടു വിട്ടു കൂടു മാറലാണിത്. നിഴൽ വെളിച്ചമാവുന്ന, വാക്കുകൾ രൂപമാവുന്ന സാകാരലബ്ധി. ഒരുമാതിരി ‘പുസ്തകം കാണൽ’ ആണിതെങ്കിലും പലപ്പോഴും കാണി സൂക്ഷിയ്ക്കുന്ന പ്രത്യാശ സംവിധായക്നു ഒരേസമയം വെല്ലുവിളിയും മറ്റൊരു വായനയുടെ ആവിഷ്കാരം മറ്റൊരു കലയിലൂടെ നടക്കുന്ന സുഖപ്രസവസന്തോഷവുമാകുന്നു. എഴുത്തുകാരനോട് സ്വാമിഭക്തിയും വിശ്വസ്തതയും പുലർത്തുന്നെന്ന സംവിധായകവെളിപാടുകൾ വായനക്കാരനിൽ നിന്നും കാണിയിലേക്കുള്ള സംക്രമണം സാർത്ഥകമാകണമേ എന്ന നിഷ്കപടപ്പേടിപ്രാർത്ഥനയാണ്, സിനിമ തനതു കലയാണെന്ന സത്യം മറനീക്കി വെളിയിൽ വരുന്നില്ലെങ്കിൽക്കൂടി.

ആഖ്യാനത്തിലെ പോരായമയും കാസ്റ്റിങ്ങിലെ വന്‍ പാളിച്ചയും മൂലം നേരത്തെ മലയാളത്തില്‍ ജി. എസ്. പണിക്കർ ഈ നോവല്‍ സിനിമയാക്കി പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. പാ‍ണ്ഡവപുരം സിനിമാസങ്കൽ‌പ്പവുമായി ആശിഷ് വന്നപ്പോള്‍ സേതുവിനു ആശങ്കകള്‍ ഏറെ ഉണ്ടായിരുന്നു. ദേശാഭിമാനിയില്‍ അദ്ദേഹം എഴുതി “സാഹിത്യവും സിനിമയും രണ്ടും രണ്ടാണെന്നു സമ്മതിക്കാതെ വയ്യ. വ്യത്യസ്തമായ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ട് കലാകാര‍ന്മാരുടെ സൌന്ദര്യദര്‍ശനവും കാഴച്ചപ്പാടുകളും പ്രതിപാദനരീതികളുമൊക്കെ വ്യത്യസ്തമാകുന്നത് സാധാരണയാണ്‍്. അതുകൊണ്ടു തന്നെ ഒരു എഴുത്തുകാരന് ആകെക്കൂടി ചെയ്യാന്‍ കഴിയുന്നത് തന്റെ രചനയുടെ ആന്തരിക ഭാവത്തോട് നീതി പുലര്‍ത്താന്‍ കഴിവുള്ളയാളാണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന ഒരാളെ ആ കര്‍മ്മം ഏല്‍പ്പിക്കുക എന്നതു മാത്രമാണ്....ഘടനാപരമായും പ്രതിപാദനരീതിയിലും വ്യതിരിക്തമായൊരു ചലച്ചിത്രഭാഷ ഉപയോഗിക്കുന്നതിലൂടെ വേറൊരു തലത്തിലുള്ള സംവേദനം സാദ്ധ്യമായേക്കുമെന്ന് ആശിഷ് സൂചിപ്പിച്ചപ്പോള്‍ ആശ്വാസമായി”. സ്വന്തം കഥകളിൽ ഒരു പരിധി വരെ, പാണ്ഡവപുരം പോലുള്ള കഥകളിൽ പ്രത്യെകിച്ചും നിഴലിയ്ക്കുന്നത് സ്വന്തം മനസ്സിന്റെ സ്വകാര്യസഞ്ചാരങ്ങളാണെന്നും സ്വന്തം സ്വത്വത്തിന്റെ സവിശേഷതകളുമായി സിനിമയെ ചേർത്തുവയ്ക്കാൻ ശ്രമിക്കുമ്പോൾ ചിത്രത്തിലെ കുറവുകളായിരിക്കും തെളിയുന്നതെന്ന പരിവേദനവും സേതുവിനു ഉണ്ടായിരുന്നു. തികച്ചും വേറിട്ടൊരു മാധ്യമം ആയതിനാൽ പാണ്ഡവപുരം നിരാകാർ ഛായ ആകുമ്പോൾ സ്വതന്ത്രമായ ഒരു നിലനിൽ‌പ്പ് പ്രതീക്ഷിയ്ക്കുകയും സിനുമ കാണുമ്പോൾ അതുണ്ടോ എന്ന് പരിശോധിയ്ക്കുകയും ആയിരുന്നു എഴുത്തുകാരൻ എന്നനിലയ്ക്ക്യ സേതു നിശ്ചയിച്ചത്.ഇത് വാസ്തവത്തിൽ ഒരു വിട്ടുകൊടുക്കലാൺ.കഥ, കഥാപാത്രങ്ങൾ കഥാപരിസരം ഇവയ്ക്കൊക്കെ സാർവ്വലൌകിക പരിമാണം വന്നു ചേർന്നെങ്കിലേ ഇതൊക്കെ സാധ്യമവൂ.

പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ ആദ്യവായനയിൽത്തന്നെ ആശിഷ് അതിൽ കണ്ടുപിടിച്ചതും കാലദേശഭേദങ്ങളായ മാനുഷികമാനസികവ്യാപാരങ്ങളും വിഹ്വലതകളുമായിരുന്നു. പ്രമേയത്തിന്റെ കാതൽ അതേപടി നിലനിർത്തിക്കൊണ്ട് സ്വന്തം ഭാവനയിൽക്കൂടി വളരെ വ്യത്യസ്ഥമായ ദൃശ്യപരിപ്രേക്ഷ്യം ഉയർത്തിയെടുക്കാമെന്ന നേർചിന്ത ആവേശിക്കപ്പെട്ടിരിക്കണം. വേറിട്ട വായനകൾ ഇട്ടുകൊടുത്ത് എഴുതപ്പെട്ടിട്ടുള്ള പാണ്ഡവപുരം ഇപ്രകാരം വ്യത്യസ്ഥമായ ദൃശ്യഭാവന സമ്മാനിച്ചതായിരിക്കണം ആശിഷിനു പ്രേരണയും ധൈര്യവും നൽകിയത്. നിരവധി ഹൃസ്വസിനിമകളിൽ അതിനൂതനങ്ങളായ ദൃശ്യചിത്രകൌശലങ്ങൾ തന്മയീഭവിപ്പിച്ച പരിചയമാൺ ആശിഷിന്റെ ആത്മബലത്തിനു പിന്നിൽ. സാഹിത്യത്തേയും പെർഫോമിങ് ആർട്സിനേയും കൂട്ടിയിണക്കാനുള്ള കരവിരുത് “ബ്രഹുന്നള കി ഖേൽകളി’ എന്ന ചെറുചിത്രത്തിലൊക്കെ സമർത്ഥമായി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട് ഇദ്ദേഹം.പതിനേഴാം നൂറ്റാണ്ടിൽ അങ്ങ് ഇംഗ്ലൻഡിൽ ഷേക്സ്പിയർ എഴുതിത്തുടങ്ങുമ്പോൾ ഇങ്ങ് കേരളത്തിൽ കഥകളി എന്ന കലാരൂപം വിടരുന്നതും കൂട്ടിയിണക്കി ഉദയഭാവിതമായ നാടകാന്തരീക്ഷം സൃഷ്ടിച്ച് ഭ്രമാത്മകത വിളക്കിയതാണ് ബ്രഹുന്നള കി ഖേൽകളി.ഷേക്സ്പിയർ സാഹിത്യവും കഥകളിയും ഇഴപിരിഞ്ഞുചേരുന്ന വ്യാഖ്യാനനിഷ്പാദനമാൺ ഈ ചെറുചിത്രത്തിന്റെ പ്രമേയസാരം.കൊളോണിയൽ സാഹിത്യവും കഥകളിയും ചേർന്നുള്ള സങ്കര കലാപ്രകടനത്തിന്റെ സിനിമാ പാഠാന്തരം. കഥനവും ശിൽ‌പ്പവും പരീക്ഷണങ്ങൾക്ക് വിധേയമാക്കുക ഒരു വിനോദം പോലെ കരുതുകയും കഥ സിനിമയിൽക്കൂടെ വിഖണ്ഡിതമാക്കാ‍ാനുള്ള ത്വരയും തനി സർ റിയൽ അയഥാർഥ മായാസത്യങ്ങൽ സന്നിവേശിപ്പിച്ച് ചുറ്റിത്തിരിച്ച് അവതരിപ്പിക്കുന്നതും ആശിഷിനു ഭ്രമമായിരുന്നു. "I am a practisioner of what a critic has named "Cinema Prayoga'. It is a cinema that carries its creator's own state, own temperament and it has the quality being intutive and congenial capable of achieving a certain "bhavasandhi" a unity of emotions in its own charecteristic manner". നിശ്ചിതശിൽ‌പ്പത്തെ അതിനുള്ളിലേക്കുതന്നെ ഇടിഞ്ഞ് വീഴാനനുവദിച്ച് കഥാകഥനം ഉപര്യരോഹണം ചെയ്യുന്ന ശൈലി സ്വീകരിക്കാനും ഇപ്രകാരം വേറിട്ട ഘടന വന്നുഭവിയ്ക്കുന്നത് നിലനിർത്താൻ എല്ലാ ട്രിക്കുകളും ഉപയോഗിക്കാനും അതീവതാൽ‌പ്പര്യം ആശിഷിന്റെ ചിത്രങ്ങളിൽ പ്രകടമാണ്.സിനിമാ അനുഭവം കഥപറച്ചിൽ മാത്രമാകരുതെന്ന നിർബ്ബന്ധബുദ്ധി.പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് വിവർത്തനം വായിച്ച ഉടൻ തന്നെ ഒരു സ്ക്രിപ്റ്റ് എഴുതി ആശിഷ്, എഴുത്തുകാരന്റെ സമ്മതമില്ലാതെ തന്നെ.പിന്നീട് മൊലൊയ് മുഖർജിയോടൊപ്പം ചേർന്ന് രണ്ടു വ്യത്യസ്തമായ സ്ക്രിപ്റ്റ് എഴുതി, ആറു ദൃശ്യഭാഷാപാഠാന്തരങ്ങളാണ് റെഡിയാക്കിയത്.കഥാപാത്രങ്ങൾ മൂന്നുമാത്രമാക്കി ചുരുക്കി;ദേവിയും ജാരനും അനിയത്തിയും മാത്രം. നാനാപ്രതീകസംഭാവന ഉണർത്താനുതകുന്ന ഹൌറാ പാലം മറ്റൊരു പ്രൌഢസാന്നിദ്ധ്യമാക്കി.പാണ്ഡവപുരം എന്ന കേരളപരിപ്രേക്ഷ്യത്തിൽ നിന്നും വ്യക്തമായും നിശ്ചിതമായും ഉള്ള വിട്ടുപോകൽ.ആശിഷ് സേതുവിനെ അറിയിച്ചത്: “എന്റെ വിചിത്രമായ പരീക്ഷണങ്ങളോട് ഉള്ള താങ്കളുടെ തുറന്ന സമീപനം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു ചിത്രം ഒരിയ്ക്കലും ഉണ്ടാകുമായിരുന്നില്ല. അങ്ങനെ താങ്കളുടെ രചനയെ എന്റേതായ രീതിയിൽ വ്യാഖ്യാനിക്കാൻ അനുവദിച്ചതിനു ഞാൻ എന്നും താങ്കളോട് കടപ്പെട്ടിരിക്കും”. ഒരെഴുത്തുകാരനെ ഒരു സംവിധായകനും ഇത്രയും തുറന്ന മനസ്സോടെ അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്നാൺ സേതുവിന്റെ പക്ഷം.അതുപോലെ തന്റെ രചനയെ സംവിധായക്ന്റെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുത്ത് വേറിട്ടൊരു ആവിഷ്കാരത്തിനു ഒരു എഴുത്തുകാരനും അനുവദിക്കുമെന്നു തോന്നുന്നില്ല എന്നും സേതു കരുതുന്നു.

നിരാകാർ ഛായ കാണാൻ പോയതും സേതു തന്റെ നിലപാടുതറയിലേക്ക് കാറ്റും വെളിച്ചവും കയറ്റിവിടാനുള്ള മനസ്സുതുറക്കലോടുകൂടിയാണ്. നോവലിന്റെ ചട്ടക്കൂടിനപ്പുറമായി, ഒരു നേർക്കുനേർ ദൃശ്യഭാഷ്യമെന്നതിലുപരി തന്റെ പ്രമേയത്തിൽ നിന്നുയിർക്കൊണ്ട സ്വതന്ത്രകലാരൂപം എന്ന നിലനിൽ‌പ്പുണ്ടോ എന്ന് പരിശോധിക്കാനുള്ള തയാറെടുപ്പ്. ഇക്കാര്യത്തിൽ എഴുത്തുകാരുടെ ധാരണകൾ അദ്ദേഹത്തിനു നന്നായറിയാം “സ്വന്തം രചനകളുടെ അതിരുകൾ കാക്കുന്ന കാര്യത്തിൽ സ്വാഭാവികമായും അങ്ങേയറ്റം കടും പിടുത്തം പിടിയ്ക്കുന്നവരാണ് ഒട്ടുമിക്ക എഴുത്തുകാരും. തീരെ വിട്ടുവീഴ്ച്ചയില്ലാത്ത ശാഠ്യങ്ങളിലൂടെ തന്റെ സർഗ്ഗപ്രവർത്തനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാമെന്നു വിശ്വസിക്കുന്നവർ ഒരർത്ഥത്തിൽ സാഹിത്യത്തിന്റെ മറ്റു മാദ്ധ്യമങ്ങളുമായുള്ള പാരസ്പര്യത്തിനു തടസ്സമാകാറുണ്ട്”. എന്നാൽ നിരാകാരമാ‍യ നിഴലുകളായി മാറിയ പണ്ഡവപുരത്തിൽ പുതിയകാലസിനിമയുടെ ഭാഷയും തനതായൊരു ശിൽ‌പ്പത്തിന്റെ സാന്നിദ്ധ്യവും അദ്ദേഹം ദർശിച്ചു.പ്രതിപാദനശൈലിയിൽ എഴുപതുകളിലെ നവതരംഗസിനിമകളെ ഓർമ്മിപ്പിച്ചു. മെച്ചപ്പെട്ട ആസ്വാദനപങ്കാളിത്തം ഇന്നത്തെ കാഴ്ചകാരിൽനിന്നും ആവശ്യപ്പെടുന്നെന്നും നിരീക്ഷണം. “ഇതിൽ കൂടുതൽ ഒരു എഴുത്തുകാരനും തന്റെ കൃതിയെ ആസ്പദമാക്കിയുള്ള ചിത്രത്തെപ്പറ്റി പറയുമെന്നു പ്രതീക്ഷിക്കേണ്ട”-സേതു തുറന്നു സമ്മതിക്കുന്നു.

29 comments:

എതിരന്‍ കതിരവന്‍ said...

“നിരാകാർ ഛായ” എന്ന സിനിമ, സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്കാരം, ഇന്ന് ശ്രദ്ധിക്കപ്പെടുകയാണ്. എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള സഹൃദയപാരസ്പര്യത്തിന്റെ വെളിപാടുകൾ.

Calvin H said...

അപ്പോള്‍ ഒന്നു കാണണമല്ലോ. പരിചയപ്പെടുത്തലിന് നന്ദി എതിരന്‍

ബഹുവ്രീഹി said...

എതിരൻ മാഷെ.. താങ്ക്സ്.
ഇതൊന്നു കാണാൻ എന്താണ് വഴി?


ആസ്വാദനം അസ്സലായി.നല്ല ആഴത്തിലുള്ള ലേഖനം. വായനക്കാരെ ഒരിക്കലെങ്കിലും ഈ സിനിമയൊന്നു കാണാൻ “മോഹമുഗ്ധരാക്കും”.
(ഈ വാക്ക് ആവർത്തിച്ചിട്ടുണ്ട് ലേഖനത്തിൽ

ഓൺലൈനിൽ എവിടെയെങ്കിലും കാണാൻ പറ്റുമെങ്കിൽ....

അയല്‍ക്കാരന്‍ said...

കഥയെയും നോവലിനെയുമൊക്കെ ആസ്പദമാക്കി എടുക്കുന്ന സിനിമകള്‍ എന്നു കേട്ടാല്‍ പേടിയാണ്. കണ്ട പടങ്ങളില്‍ അരനാഴികനേരം തൊട്ടിങ്ങ് രാത്രിമഴവരെ പരിമിതികള്‍ മാത്രമേ കാട്ടിത്തന്നിട്ടുള്ളൂ. നിരാകാര്‍ ഛായ വ്യത്യസ്തമായ ഒരനുഭവമാണെന്ന് പറഞ്ഞുതന്നതിന് നന്ദി.

രാജ് said...

അയൽക്കാരൻ, അതു മലയാളികൾക്ക് സിനിമ എടുക്കാൻ അറിയാത്തതിന്റെ പ്രശ്നമാവണം അല്ലാതെ ആ രീതിയുടെ പ്രശ്നമല്ല. വികാസ് സ്വരൂപിന്റെ Q & A എന്ന നോവൽ Danny Boyle എന്ന ഇംഗ്ലീഷുകാരൻ സിനിമയാക്കിയത് കാണണം എങ്ങനെയാണ് പുസ്തകങ്ങൾ സിനിമയാക്കുന്നതെന്ന് മലയാളി മനസ്സിലാക്കാൻ.

അങ്ങനെയൊക്കെയാണെങ്കിലും പ്രേംനസീറിനെ പൊതുവിൽ അവഗണിക്കുന്നവർ പോലും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനെ കണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.

ഭൂമിപുത്രി said...

കുറച്ച്നാൾ മുൻപ് കണ്ട ഒരു ഇന്റർവ്യുവിൽ,‘ഇക്കോഫെമിനിസം’ഒക്കെ വായനക്കാർ കേൾക്കുന്ന കാലത്തിന് മുൻപേ താൻ പാണ്ഡവപുരം എഴുതിയിരുന്നു എന്ന കാര്യം സേതു എടുത്തു പറഞ്ഞിരുന്നു.
ജമിലാ മാലിക്ക് എന്ന് ഫിലിം ഇൻസ്റ്റിട്ടൂട്ട് നടി നായികയായി അഭിനയിച്ച് ഇതേ പേരിൽ വന്ന മലയാളസിനിമ വമ്പൻ നിരാശയാണ് തന്നത്.
ഇതുപോലെ നിരാശപ്പെടുത്തിയ മറ്റൊരു സിനിമയായിരുന്നു സുജാത നായികയാ‍യ,മാടമ്പിന്റെ ‘ഭ്രഷ്ട്ട്’

Kaithamullu said...

“ഇതിൽ കൂടുതൽ ഒരു എഴുത്തുകാരനും തന്റെ കൃതിയെ ആസ്പദമാക്കിയുള്ള ചിത്രത്തെപ്പറ്റി പറയുമെന്നു പ്രതീക്ഷിക്കേണ്ട!“

എതിരാ,
സേതുമാഷ് ദുബായില്‍ വന്നിരുന്നപ്പോള്‍ ദീര്‍ഘമായിത്തന്നെ ഈ സിനിമയെപ്പറ്റി സംസാരിച്ചിരുന്നു. തന്റെ നോവലും ആശിഷ് അഭികുണ്ഠക് എന്ന സംവിധായകന്റെ ആവിഷ്കാരവും തമ്മില്‍ ഏറെ വ്യതിയാനങ്ങളുണ്ടാകുമെന്നും തന്റെ നോവല്‍ ഒരു പക്ഷെ ആ സിനിമക്കു മുന്‍പില്‍ അപ്രസക്തമാകും എന്ന് വരെ പറഞ്ഞു വച്ചൂ, അദ്ദേഹം.

ഭാഗ്യവാന്‍!
സിനിമ കണ്ടല്ലോ?
ഞങ്ങളിനി എത്ര നാള്‍ കാത്തിരിക്കണം?

വികടശിരോമണി said...

മലയാളി അംഗീകരിച്ച ചില മാർജിനുകളുണ്ട്,സാഹിത്യകൃതികൾ സിനിമയാക്കുന്നതു സംബന്ധിച്ച്.എഴുപതുകളിലെ നവ(?)തരംഗത്തിൽ നിന്നും മുന്നോട്ട് ഇന്നും നമുക്കൊന്നും പറയാനുമില്ലല്ലോ.അവക്കു പുറത്താണ് “നിരാകാർ ഛായ”എന്നറിയുന്നതു സന്തോഷം.പുതുതലമുറക്കാർക്ക് പുതിയ പരിചരണസാധ്യതകൾ നൽകുന്നതാണ് സേതുവിന്റെ ആഖ്യാനരീതി.സംവിധായകൻ ഒരു ചെറുപ്പക്കാരനായതു നന്നായി.
നമ്മുടെ ബുദ്ധിജീവികൾക്ക് യുവത്വത്തെ പൊതുവേ കണ്ണിൽ‌പ്പിടിക്കില്ല.അതുകൊണ്ട് സിനിമ കാണാൻ ഇനിയും കാക്കേണ്ടി വരും.

വെള്ളെഴുത്ത് said...

സാഹിത്യത്തെ സിനിമയിലേയ്ക്ക് പരിഭാഷപ്പെടുത്തിയതിന് മികച്ച ഒരു പാട് ഉദാഹരണങ്ങളുണ്ട്. വികലമായ ഉദാഹരണങ്ങള്‍ മലയാളത്തില്‍ നിന്ന് എത്ര വേനമെങ്കിലും കിട്ടും എന്നു മാത്രം..അടുത്തകാലത്ത് ‘ലാപ്ടോപ്പ്’. എന്നിട്ടു അവരുതന്നെ ചോദിക്കും സിനിമ സാഹിത്യത്തിനെ പ്രസവിക്കണോ? രംഗ രസിയ ഫെസ്റ്റിവലിനുണ്ടായിരുന്നതാണ്..നിരാകര്‍ ഛായയും സ്ലം ഡോഗും വരട്ടേ, കാണുന്നുണ്ട്..പണ്‍ദവപുരത്തിനെ സിനിമയാക്കാന്‍ ആശിഷ് ചെയ്ത നിലമൊരുക്കങ്ങളെ വിശദമായി തന്നെ പറഞ്ഞൂ, എതിരന്‍. പാണ്ഡവപുരത്തിന്റെ ആഖ്യാനഘടനതന്നെ തീരെ മൂര്‍ത്തമല്ല, അതുകൊണ്ട് നോവല്‍ വായിച്ചു കഴിഞ്ഞാലും ഛായ നിരാകാരമായി തന്നെ മനസ്സില്‍ തങ്ങും. ഒരു പക്ഷേ അക്കാര്യം സിനിമയ്ക്കു നല്‍കുന്ന സാദ്ധ്യത കൂടുതലായിരിക്കും.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നോവലിനേക്കാള്‍ (അല്ലെങ്കില്‍ കഥയേക്കാള്‍) മികച്ചതായി അതിനെ ആസ്പദമാക്കി എടുത്ത സിനിമ വന്നിട്ടേയില്ലെന്നരീതിയിലാണല്ലോ കമണ്റ്റുകള്‍ പോകുന്നത്‌.

എന്തായാലുംനല്ല പോസ്റ്റ്‌. സിനിമാ കാണുന്നുണ്ട്‌, അവസരമൊത്താല്‍.

അയല്‍ക്കാരന്‍ said...

ആധാരമാക്കിയ നോവല്‍ വായിച്ചിട്ടില്ല എന്നതുകൊണ്ട് സ്ലം ഡോഗ് മില്യണര്‍ എനിക്കൊരു ചലച്ചിത്രം മാത്രമായി കാണാനായി. ആ സിനിമ ഇഷ്ടപ്പെട്ടതുകൊണ്ട് പുസ്തകം വായിക്കാനുള്ള കൊതിയുമുണ്ട്.

മലയാളത്തില്‍, ഒരുപക്ഷെ സി.വി ശ്രീരാമന്‍റെ ചില കഥകളുടെ ചലച്ചിത്രഭാഷ്യങ്ങള്‍ ഒഴിച്ചാല്‍ നല്ല ഉദാഹരണങ്ങള്‍ ഇല്ല തന്നെ. നോവല്‍ വായിക്കുന്നതിനുമുമ്പ് പാണ്ഡവപുരം സിനിമ കണ്ടവര്‍‍ പിന്നൊരു പതിനഞ്ചുകൊല്ലം സേതുവെഴുതിയ ഒന്നും വായിക്കില്ല.

പിന്നുള്ളത് ഒരു ചെമ്മീന്‍. ആ സിനിമ ഇന്നും നമ്മുടെ മനസ്സില്‍ നില്‍ക്കുന്നതിനു കാരണം ഒരു സാധാരണ പൈങ്കിളിക്കഥ കാലഘട്ടത്തെ അതിജീവിക്കുന്ന പ്രൊഡക്ഷന്‍ വാല്യൂസോടെ പുറത്തിറക്കി എന്നതാവാം.

Roby said...

എതിരന്‍,
വിശദമായ ഈ ലേഖനത്തിനു നന്ദി. സിനിമയെ മനസ്സിലാക്കി തന്നെ എഴുതിയിരിക്കുന്നു. ഇതെങ്ങനെയും കാണാന്‍ ശ്രമിക്കും.

മലയാളികള്‍ക്ക് സാഹിത്യത്തെ ആസ്പദമാക്കി സിനിമയെടുക്കാനാവില്ല എന്നെനിക്കഭിപ്രായമില്ല. വിധേയനും പൊന്തന്‍മാടയും വാസ്തുഹാരയുമൊക്കെ ഭേദപ്പെട്ട ചലചിത്ര ആഖ്യാനങ്ങളായിരുന്നു. പക്ഷെ സംഗതി റിയലിസത്തില്‍ നിന്നു വിട്ടു പോകുമ്പോളാണ്‌ മലയാളി സംവിധായകര്‍ക്ക് കാലിടറുന്നത്.

slumdog പോലെ ഒരു സിനിമയാകട്ടെ സാഹിത്യത്തെ ആസ്പദമാക്കിയുള്ള നല്ല സിനിമകള്‍ക്ക് ഒരു ഉദാഹരണവുമാകുന്നില്ല.

Siju | സിജു said...

good review..
will see it..

Calvin H said...

രാജ് നീട്ടിയത്ത്,

ഉദാഹരണം ആയി കാണിച്ച സിനിമ മാത്രം ശരിയായില്ല എന്നഭിപ്രായമുണ്ട്.
ഞാന്‍ മലയാളസിനിമ ലോകോത്തരമാണെന്ന് വാദിക്കുന്ന ആളേ അല്ല. എങ്കിലും വിധേയനും( സക്കറിയ ക്ഷമിക്കുക) മതിലുകളും ഒക്കെ സാഹിത്യസൃഷ്ടികളുടെ സിനിമാ ആഖ്യാനങ്ങള്‍ക്ക് ഉത്തമമാതൃകയാണേന്ന് ഞാന്‍ വിശ്വസിക്കുന്നു.
പത്മരാജന്‍ തന്റെ ചെറുകഥകളെ സിനിമകളായി മാറ്റിയത് മറ്റൊരുദാഹരണം. ഗോഡ്-ഫാദര്‍ എന്ന പൈങ്കിളി സ്റ്റാന്‍‌ഡാര്‍ഡ് നോവലിനെ ഒരു ക്ലാസിക് സിനിമയാക്കി മാറ്റിയതും കൂട്ടിവായിക്കാം.

സ്ലം ഡോഗ് മില്യനയര്‍ ഒരു നല്ല സിനിമ പോലുമല്ല. അതിനെയൊക്കെ ക്ലാസിക്കാക്കാന്‍ തുനിയുന്നതിനോട് ശക്തമായി വിയോജിക്കുന്നു. എന്റെ റിവ്യൂ ഇവിടെ ഉണ്ട്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.

Suraj said...

ഒന്ന് കാണണം എന്ന് മോഹമുണ്ടാക്കിയ എഴുത്ത്.
കതിരോനിച്ചായോ, ഇതിപ്പം ഇവിടിരുന്നോണ്ട് എങ്ങനെ കണ്ടൂ ?

നോവലുകളും ചെറുകഥകളും ഫിലിമിലാക്കുമ്പോള്‍ മിക്കപ്പോഴും ചളമാക്കുന്നത് മാത്രമേ മലയാളത്തില്‍ കണ്ടിട്ടുള്ളൂ. അക്കാര്യത്തില്‍ രാജ് ഭായ് പറഞ്ഞതിനോട് യോജിക്കുന്നു .

ശ്രീഹരി ജീ,

വിധേയന്‍ ഒറിജിനല്‍ കഥയെ അപ്പടി ട്രാന്‍സ്ലേറ്റ് ചെയ്തു വച്ചിരിക്കുന്നതല്ലേ ? അടൂര് അതിനകത്ത് എന്തെങ്കിലും പുതുതായി - ഒരു ക്യാമറാ ആങ്കിളിന്റെ പുതുമ പോലും - കൊണ്ടു വന്നോ എന്ന് സംശയം. ഭഗവതിയെ ചീത്തപറഞ്ഞ് തോട്ടയെറിയുന്ന സീനാണെങ്കില്‍ സിനിമയാക്കിയപ്പോള്‍ കളയുകയും ചെയ്തു. മതിലുകള്‍ -ഒറിജിനല്‍ കഥയില്‍ മുഖ്യ കഥാപാത്രങ്ങള്‍ തമ്മിലുള്ള കാമത്തിന്റെ അംശം സിനിമയാക്കിയപ്പോള്‍ ഒരു പൈങ്കിളി ലൈന്‍ പ്രേമം മാത്രമാക്കിക്കളയുകയും ചെയ്തു. അവിടെയും കഥയുടെ ബലം കൊണ്ടാണ് സിനിമയുടെ അവസാനം മതിലിനപ്പുറത്ത് ഉയര്‍ന്ന് വീഴുന്ന ചുള്ളിക്കമ്പ് നമ്മുടെ ചങ്കില്‍ കൊളുത്തിവലിക്കുന്നത്. അടൂര്‍ വെറും ഒരു ട്രാന്‍സലേറ്റര്‍ മാത്രമായി ചുരുങ്ങുന്നു.
പത്മരാജന്റെ കഥകളാണെങ്കില്‍, മൂപ്പര് തന്നെ സിനിമയാക്കിയപ്പോള്‍ അവയുടെ സൗന്ദര്യം ദൃശ്യവല്‍ക്കരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് എന്റെ തോന്നല്‍ (മിയാ കുള്‍പ്പാ !). എന്നിട്ടും ശക്തമായ "കഥാ തന്തു", അപരിചിതമായ പശ്ചാത്തലങ്ങള്‍, അപ്രതീക്ഷിത സന്ദര്‍ഭങ്ങള്‍ തുടങ്ങിയവ കാരണമാണ് ആ പടങ്ങള്‍ നല്ലതായി നമുക്കു തോന്നുന്നത്, ആഖ്യാന സൗഭഗം കൊണ്ടല്ല. ഉദാഹരണത്തിന് : മനോരാജ്യത്തില്‍ വന്ന "ഞാന്‍ ഗന്ധര്‍വന്‍" തിരക്കഥാ രൂപത്തില്‍ പോലും വായിച്ചിട്ട് കിട്ടിയ സുഖം പടം കണ്ടപ്പോള്‍ തോന്നിയില്ല. നിക്കോളാസ് കേജിന്റെ "സിറ്റി ഒഫ് ഏയ്ഞ്ജല്‍സ്" കണ്ടപ്പോഴാകട്ടെ, 'ഇങ്ങനെയായിരുന്നു ഗന്ധര്‍വന്‍ എടുക്കേണ്ടിയിരുന്നത്' എന്ന് തോന്നുകേം ചെയ്തു.

(പി.എസ്: തര്‍ക്കമല്ല, വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രം. കാണുന്നവന്റെ തലയ്ക്കകത്താണല്ലോ ശരിക്കും സിനിമ ഓടുന്നത് :)

കിഷോർ‍:Kishor said...

'പാണ്ടവപുരം' വായിക്കാനായി വാങ്ങി വച്ചിട്ടുണ്ട്. Plot spoiler ഭയം കാരണം ബ്ലോഗ് പിന്നീട് വായിക്കുന്നതാണ്!

Calvin H said...

സൂരജ്,

അടൂര്‍ ഒക്കെ സിനിമയെടുക്കുമ്പോള്‍ സിനിമ എന്ന മീഡിയത്തിന്റെ സാധ്യതകളെ പൂര്‍‌ണമായും ചൂഷണം ചെയ്യാറില്ല. അല്ലെങ്കില്‍ അതിനു ശ്രമിക്കാറില്ല. എനിക്കും അത്തരം ഒരു സമീപനത്തോട് പൂര്‍ണമായ വിയോജിപ്പാണുള്ളത്. പക്ഷേ സാഹിത്യത്തോട് നീതി പുലര്‍ത്തുന്നതും അതേ സമയം സീന്‍-ബൈ-സീന്‍ ദൃശ്യവല്‍ക്കരിക്കാതിരിക്കുകയും ചെയ്യുന്ന അപ്രോച് ആണ് അദ്ദേഹം സ്വീകരിക്കുന്നത്. വിധേയന് ഒരു ദൃശ്യസൗന്ദര്യം നല്‍കാന്‍ കഴിഞ്ഞു എന്നാണ് എനിക്കു തോന്നുന്നത്.

മലയാളത്തില്‍ കഥ -> സിനിമ എന്നതിനു ഏറ്റവും നല്ല ഉദാഹരണമായി ഞാന്‍ എടുത്തുകാണിക്കുക ഒരു പക്ഷേ നീലവെളിച്ചം-ഭാര്‍ഗവീനിലയം ആയിരിക്കും. ഒരു അനുഭവകഥയെ (അല്ലെങ്കില്‍ ഭാവന - ആ കാര്യത്തില്‍ തര്‍ക്കം വേണ്ടല്ലോ) ഒരു കമേര്‍ഷ്യല്‍ സാധ്യത ഉള്ള സിനിമയായി എങ്ങനെ മാറ്റാം എന്നുള്ളതിന് ബെസ്റ്റ് ഉദാഹരണമാണ് ഭാര്‍ഗവീനിലയത്തിന്റെ സ്ക്രിപ്റ്റ്. ചിത്രീകരണത്തിലും മികവു പുലര്‍ത്തി ആ ചിത്രം ( ഒരു ഹൊറര്‍ മൂഡ് വരുത്താനുള്ള നല്ല ശ്രമം ഉണ്ടതില്‍).

ഞാന്‍ ഗന്ധര്‍‌വന്‍ ഒക്കെ പദ്മരാജന്റെ നല്ല ചിത്രങ്ങളുടെ ലിസ്റ്റില്‍ എതാണ്ട് താഴെ കിടക്കുന്നതല്ലെ. അപരന്‍ എന്ന ചെറുകഥയെ പുള്ളി സിനിമയായി എടുത്തപ്പോല്‍ അതൊരു സിനിമയായി.

ഇതൊക്കെ മലയാളം സിനിമയുടെ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ട് പറഞ്ഞതാണേ. വേള്‍ഡ് സിനിമയുമായി കമ്പേര്‍ ചെയ്ത് മലയാള സിനിമയില്‍ മികച്ച ആഖ്യാനങ്ങളുണ്ടെന്ന് ഉറക്കത്തില്‍ പോലും ഞാനും പറയില്ല. :)

സിനിമയ്ക്ക് അനുയോജ്യം നല്ല സാഹിത്യകൃതിയല്ല, സിനിമാറ്റിക് ആയ സാഹിത്യം ആണ് എന്നാണ് എന്റെ നിരീക്ഷണം. ഗോഡ്‌ഫാദര്‍ പോലെയുള്ള ഫിക്ഷന്‍സും, ഹാരി പോട്ടര്‍ പോലെയുള്ള കുട്ടിക്കഥകളും ഒക്കെ സിനിമയാക്കുമ്പോള്‍ ഒരുപാട് സാധ്യതകളുണ്ട്.

നേരെ മറിച്ച്‌ കുറ്റവും ശിക്ഷയും ഒക്കെ സിനിമയാക്കിയത് ആരോര്‍ക്കുന്നു? മികച്ച സാഹിത്യം വായിക്കപ്പെടാനുള്ളതാണ്.

Appu Adyakshari said...

എതിരന്‍ മാഷേ, ഈ പരിചയപ്പെടുത്തലിനു നന്ദി. സിനിമ ഒന്നു കാണണം എന്ന് ഇപ്പോഴേ മോഹമുദിച്ചു!

ശ്രീ said...

നന്ദി മാഷേ, ഈ പോസ്റ്റിന്...

പൊറാടത്ത് said...

ഈ പരിചയപ്പെടുത്തലിന് നന്ദി എതിരൻ മാഷേ... പിന്നെ, ഇത് കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലും എടുത്തിരിയ്ക്കുന്നത് എന്തിനാണാവോ..??(ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന വിവരം)

"...ശ്യാം ബെനെഗൾ, അടൂർ, കെതൻ മേഹ്ത മുതലായവരെ വെന്ന സംവിധാനകല ഇതൊന്നും ഫെസ്റ്റിവൽ കമ്മറ്റിക്കാരെ ഏശിയതേ ഇല്ല, അതിൽ വിസ്മയത്തിനവകാശവുമില്ല." എത്ര ശരി..

മാവേലി കേരളം said...

എതിരന്‍ ജീ

ഇന്നാണ് ഇതൊന്നു വായിക്കാന്‍ നേരം കിട്ടിയത്.

നിരാകര്‍ ഛായയുടെ വാര്‍ത്തകള്‍ സിനിമയുടെ നിര്‍മ്മാണ പശ്ചാത്തല സാങ്കേതികകളെ തൊട്ടുരുമ്മി,എഴുത്തുകാരന്‍ സിനിമാ സൃഷ്ടികാരനെന്ന സംവിധായകനു കൊടുക്കുന്ന സ്വാതന്ത്ര്യ മൂല്യത്തെയും തട്ടി തലോടി ‍ താങ്കളുടെ ഭാഷാപ്രതിഭയിലൂടെ കടന്നു വന്നപ്പോള്‍ വളരെ പ്രൌഡമായിരിക്കുന്നു.

ഇനി ഈ സിനിമ എങ്ങനെയാണ്‍് ഒന്നു കാണാന്‍ പറ്റുക.

ഇനിയും തുടരുക

കൃഷ്‌ണ.തൃഷ്‌ണ said...

വിശദമായ ഈ ലേഖനത്തിനു നന്ദി. ഇതൊക്കെ കാണാന്‍ എന്നാണു ഭാഗ്യമുണ്ടാവുക?

Anil cheleri kumaran said...

thanks for this valuable post

ഭൂമിപുത്രി said...

“സിനിമ എന്നതിനു ഏറ്റവും നല്ല ഉദാഹരണമായി ഞാന്‍ എടുത്തുകാണിക്കുക ഒരു പക്ഷേ നീലവെളിച്ചം-ഭാര്‍ഗവീനിലയം ആയിരിക്കും.”
ശ്രീഹരി,ഇതിറങ്ങിയ കാലത്തെ നിലവാരം വെച്ചുനോക്കുമ്പൊൾ ശരിയാകും.
പക്ഷെ,ഈയിടെ ഈ സിനിമ കണ്ടപ്പോൾ,
റീറിക്കോഡിങ്ങ് വല്ലാതെ അസ്വസ്ഥത തോന്നിച്ചു.പല സീനുകളിലും വെറും നിശ്ശബ്ദത മാത്രമായിരുന്നെങ്കിൽ,ഹൊറർ ഇരട്ടിയായി അനുഭവപ്പെട്ടേനെ.

Latheesh Mohan said...

രാജേ,
സ്ലംഡോഗ് കണ്ടിരുന്നു. ബോയലിന് അതിന്റെ ആവശ്യം ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. ട്രയിന്‍സ്പോട്ടിംഗ് എടുത്ത മനുഷ്യനാണോ ഇതെന്ന് തോന്നി.

എതിരന്‍ കതിരവന്‍ said...

ഇതൊരു ചർച്ചയാക്കി വികസിപ്പിച്ച എല്ലാവർക്കും നന്ദി.സാഹിത്യ (നോവലോ ചെറുകഥയോ) വും സിനിമയും പരസ്പരം താരതമ്യം ചെയ്യപ്പെടേണ്ടതല്ലെന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്. പക്ഷെ സാഹിത്യം രൂപീകരിച്ച ഇമേജറികളും ഛായകളും സിനിമയിൽ തിരയാൻ അറിയാതെ ഒരു പ്രതീക്ഷ വന്നുപോകും. പ്രഗൽഭനായ സംവിധായകനും സഹകരിക്കുന്ന സാങ്കേതികതയും കൂടി ചിലപ്പോൾ ഈ പ്രതീക്ഷയ്ക്ക് സമാനമായ ചില ലൊട്ടുലൊടുക്കുകൾ നൽകി പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താറുമുണ്ട്.

അയൽക്കാരൻ:
അരനാഴികനേരം അത്ര മോശപ്പെട്ട സിനിമയല്ല. അതിലെ പാട്ടുസീനുകൾ മാറ്റിയെടുത്താൽ ശില്പസൌഭഗം നേടും. കൊട്ടാരക്കരയുടെ കുഞ്ഞോനാച്ചൻ ഗംഭീരമാണ്. മരണത്തിനു അരനാഴികനേരം മാത്രമുള്ള പടുകിളവന് അവസാനനിമിഷത്തിലും പാഠങ്ങൽ പഠിയ്ക്കാനുണ്ടെന്ന അന്ത്യം ഉദ്വേഗഭരിതമായിത്തന്നെ സേതുമാധവൻ ചെയ്തുകൂട്ടിയിട്ടുണ്ട്. സേതുമാധവന്റെ ബലഹീനതയായ താരബാഹുല്യം ഇതിൽ അത്ര പ്രകടപ്രശ്നം അല്ല. ഒരു വയസ്സനെ നായകനാക്കി സിനിമ എടുത്തു വിജയിപ്പിക്കുക ഇൻഡ്യൻ സിനിമയിൽ കേട്ടിട്ടു പോലുമില്ല.

രാജ്:
ഇരുട്ടിന്റെ ആത്മാവിൽ മാത്രമല്ല പമ്മന്റെ “അടിമകൾ” ലും പ്രേംനസീർ ഗ്ലാമർ കളഞ്ഞ് പൊട്ടൻ റോളിൽ ശോഭിച്ചിട്ടുണ്ട്. അടിമകൾ നോവലിൽ നിന്നും സിനിമയിൽ എത്തിയപ്പോഴും അധികം പരിക്കുകൾ പറ്റിയിട്ടില്ല.
ഭൂമിപുത്രി:
ഭ്രഷ്ട് പുറത്തിറങ്ങിയിരുന്നോ? ഞാൻ വിചാരിച്ചു അത് പെട്ടിയിലിരുന്നു പോയെന്നാണ്.
ബഹുവ്രീഹി, കൈതമുള്ള്, ശ്രീ, അപ്പു, കുമാരൻ, മാവേലി കേരളം:
നന്ദി....
ഇൻഡ്യയിൽ ഈ സിനിമ സെൻസർ ബോറ്ഡ് പിടിച്ചു വച്ചിരിക്കയാണ്. കോഴിയെ കൊല്ലുന്ന ഒരു രംഗം മാറ്റണമെന്ന് അവർക്കു വാശി. ആശിഷ് വിട്ടുകൊടുക്കുന്നില്ല. റിലീസിങ് നീളും.

വെള്ളെഴുത്ത്, വികടശിരോമണി, ജിതേന്ദ്രകുമാർ, റോബി, സൂരജ്, ശ്രീഹരി,ലതീഷ്:
മേൽ‌പ്പറഞ്ഞതുപോലെ സാഹിത്യം സിനിമയിലേക്കു പരിഭാഷപ്പെടുത്തുക എന്ന ഒരു ലൈൻ ആരും പിടിയ്ക്കരുത്. സിനിമയ്ക്ക് ഒരിയ്ക്കലും സാഹിത്യത്തെ പ്രസവിക്കാൻ പറ്റുകയില്ല, പറ്റരുത്. നോവൽ തരുന്ന സംതൃപ്തിയല്ല സിനിമ നൽകുന്നത്. വായനക്കാരൻ സിനിമ കാണുമ്പോൾ വേറൊരു മനോനില ഏറ്റെടുക്കുന്നു. സാഹിത്യത്തിൽ അംഗീകരിക്കപ്പെട്ട നിയമങ്ങൽ സിനിമയിൽ തിരസ്കൃതമായേക്കാം. നേരേ മറിച്ചും. ഉറൂബിന്റെ ഉമ്മാച്ചു സിനിമയാക്കിയപ്പോൾ നിരാകരിക്കപ്പെട്ടു. ഭർത്താവിനെ കൊന്നവനെ വീണ്ടും സ്വീകരിക്കുന്നവൾക്ക് നോവലിൽ സ്വീകാര്യത ഉണ്ടായിരുന്നു. സിനിമയിൽ ഇതു പാടില്ലെന്നു കാണികൾക്ക് തോന്നി.ചെമ്മീനിന്റെ വിജയം മലയാളികൾ കാണാത്ത പുതുമകൾ അതിൽ കണ്ടതുകൊണ്ടാണ്.നോവലിലെ പളനിയെ അതിവികൃതനും പ്രായമായവനും ആക്കി അവതരിപ്പിച്ചത് ചോദ്യം ചെയ്യപ്പെടാത്തത് അതു സത്യൻ അവതരിപ്പിച്ചതുകൊണ്ടായിരിക്കണം.(സത്യനു തീരെ പറ്റാത്ത വേഷമായിരുന്നു അത്-എന്നിട്ടും) മാർകസ് ബർടിലിയുടെ ക്യാമെറാ, ഹൃഷികേശ് മുഖർജിയുടെ എഡിറ്റിങ്, സലിൽ ചൌധുരിയുടെ സംഗീതം കടലിനെ നിത്യസാന്നിദ്ധ്യമാക്കി അവതരിപ്പിക്കൽ ഇതൊക്കെ ചെമ്മീൻ സിനിമയുടെ വിജയത്തിനു പിന്നിൽ.
എം. ടിയുടെ കഥകൾ പലതും സിനിമയാക്കിയപ്പോൽ ആസ്വദിക്കപ്പെട്ടിട്ടുണ്ട്. പാറപ്പുറത്തിന്റെ അന്വേഷിച്ചു കണ്ടെത്തിയില്ല, ആദ്യകിരണങ്ങൾ ഇവയൊക്കെയും നോവൽ വായിച്ചവരെ നിരാശപ്പെടുത്തിയിട്ടില്ല. വത്സലയുടെ നെല്ല് വെള്ളിത്തിരയിൽ പാളിപ്പോയി. കാനം ഇ. ജെ യുടെ ‘ഭാര്യ‘ (സംഭവകഥ-നോവൽ) കുഞ്ചാക്കോ സ്വന്തം ശൈലിയിൽ എടുത്ത് ആഖ്യാനത്തിൽ വിശ്വസനീയത വരുത്തിയിട്ടുണ്ട്. അടൂരിന്റെ വിധേയൻ സക്കറിയയുടെ നോവലിൽ നിന്നും വഴിമാറിയത് സഹിക്കാവുന്നതേ ഉള്ളു. പക്ഷെ മതിലുകളിൽ പ്രേമതരളിതയായ നാരായണിക്ക് കെ. പി. എ. സി. ലളിതയെക്കൊണ്ട് ശബ്ദം കൊടുപ്പിച്ച് സിനിമയിലും ഭാവനയിൽ മാത്രം നിർമ്മിച്ച്ചെടുക്കേണ്ട കഥാപാത്രത്തെ നശിപ്പിച്ചു കളഞ്ഞു. പദ്മരാജനാവട്ടെ സ്വന്തം കഥകൾ മറ്റുള്ളവർ സംവിധാനം ചെയ്ത് വല്ലാതാക്കുന്നതിൽ ഭേദം താൻ തന്നെ ആയിക്കോട്ടെന്നു കരുതി എടുത്തത് വലിയ ഗുണമൊന്നും ചെയ്തില്ല.

സാഹിത്യത്തിൽ നിന്നും സിനിമ ഉരുത്തിരിയുമ്പോൾ അതിന്റേതായ മേന്മകൾ ധാരാളമുണ്ട്. ഭാരതീയ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളസിനിമകൾ ഇക്കാര്യത്തിൽ മുന്നിൽ നിന്നിട്ടുണ്ട്. ലോക സിനിമയുമായി താരറതമ്യം ചെയ്യുമ്പോൾ നമ്മുടെ അപകർഷതാബോധം വല്ലാതെ വലയ്ക്കുന്നു.

ശ്രീഹരി, ഭൂമിപുതി:
ഭാർഗ്ഗവീനിലയം ‘നീലവെളിച്ചം’ എന്ന ചെറുകഥയുടെ ആവിഷ്കാരം എന്നു പറയാനൊക്കുകയില്ല.കെടാറായ വിളക്കിലൊഴിക്കാൻ മണ്ണെണ്ണയ്മായി വരുമ്പോൾ അത് താനെ കത്തുന്നതു കാണുന്ന നായകനെ അവതരിപ്പിക്കുന്നതേ ഉള്ളു ആ കഥയിൽ. ഭാർഗ്ഗവീനിലയം സിനിമ വിൻസെന്റിന്റെ പ്രതിഭാവിലാസമാണ്. കഥാപരിസരം ഉണ്ടാക്കിയെടുക്കുന്നതിലും ഉദ്വേഗം നിലനിറുത്തുന്നതിലും ദൃശ്യങ്ങൾക്ക് ചാരുത നൽകുന്നതിലും വിൻസെന്റ് മിടുക്കു കാ‍ണിച്ചു. ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ, ബാല്യകാലസഖി എന്നിവ സിനിമയാക്കിയെങ്കിലും ആർക്കും ശ്രദ്ധിക്കാൻ തോന്നിയില്ലല്ലൊ.

സ്ലം ഡോഗ് മില്യണയർ Q & A യുടെ ആവിഷ്കാരമെന്നനിലയിലല്ല സ്വീകരിക്കപ്പെടുന്നത്.ഇൻഡ്യൻ സിനിമ കണ്ടു പരിചയിച്ചവർക്ക് പകുത്തിയ്ക്കപ്പുറം വിരസത നൽകും.

പൊറാടത്ത്:
സിനിമകളിൽ ചില ഭാഗങ്ങൾ ബ്ലാക് ആൻഡ് വൈറ്റ് ആക്കുന്നത് ദൃശ്യങ്ങൾക്ക് ആഴം നൽകാനാണ്. നിഴലുകൾ വളരെ കൃത്യമായും ഭാവപൂരിതമായും കാണപ്പെടുന്നത് ബ്ലാക് ആൻഡ് വൈറ്റിലാണ്.

ഭൂമിപുത്രി said...

കതിരവൻ ചേട്ടൻ ‘അരനാഴികനേര’ത്തെപ്പറ്റി
പറഞ്ഞത് കൊണ്ട്,ഒരു വിവരം കൂടി-‘അമൃതാടിവി’യിൽ ഈ നോവൽ സീരിയലായി വരുന്നുണ്ട്.മുരളിയാൺ കഥാനായകൻ.ഞാൻ ഈ സിനിമ കാണുകയോ പുസ്തകം വായിയ്ക്കുകയോ ചെയ്യാത്തതുകൊണ്ട്,നിരുപാധികം കാണാൻ പറ്റുന്നു.മൂലകഥയിലേയ്ക്ക് പലതും കൂട്ടിച്ചേർത്തുവെന്നും,വലിച്ചുനീട്ടുന്നുവെന്നുമൊക്കെ പലപ്പോഴും തോന്നാറുണ്ടെങ്കിലും,പൊതുവേ നന്നായിത്തന്നെയെടുത്തിട്ടുണ്ട്.
വിശദാംശങ്ങളിൽ ആ കാലത്തോട് നീതിപുലർത്തിയും,നാട്ടുഭാഷയുടെ മധുരം നിലനിർത്തിയുമൊക്കെ തുടരുന്ന സീരിയലിന്റെ
ഹൈലൈറ്റ് മുരളിയുടെ അഭിനയം തന്നെയാൺ.അമിതാഭിനയത്തിലേയ്ക്ക് വഴുതിവീഴാൻ സാദ്ധ്യത ഏറെയുള്ള വേഷം,വളരെ ഒതുക്കിയും ശബ്ദനിയന്ത്രണത്തിലൂടെ അത്ഭുതങ്ങൾ സാധിച്ചുമൊക്കെ മുരളി അതിഗംഭീരമാക്കുന്നു.
അത് കാണുമ്പോളൊക്കെ വല്ലാത്ത വിഷമം തോന്നും-ഈ നടനചാതുര്യം മലയാളസിനിമ ഉപയോഗപ്പെടുത്തുന്നില്ലല്ലൊ!
തിലകനും,നെടുമുടിയും മുരളിയുമൊക്കെ
സൂപ്പർതാര സർക്കസ്സ്കൂടാരത്തിൽ വെറും കാഴച്ചക്കാരായി മാറിനിൽക്കേണ്ടിവരുന്ന അവസ്ഥ നമ്മുടെ നിർഭാഗ്യമാൺ.

Calvin H said...

സത്യം പറയാലോ എതിരന്‍‌ജീ, കമന്റ് വായിച്ചപ്പോ യോജിച്ചതാണോ വിയോജിച്ചതാണോ എന്ന് മനസിലായില്ല. അതോണ്ട് ഒന്നും പറയാനും പറ്റുന്നില്ല.

സ്ലം ഡോഗ് മില്യനയറുടെ കാര്യം മാത്രം പറയാം. ഇന്ത്യന്‍ സിനിമകള്‍ മാത്രം കണ്ടവര്‍ക്ക് അതു ഇഷ്ടപ്പെടും!
ഇമ്മാതിരി ഗിമ്മിക്കൊക്കെ നല്ല സിനിമയ്ക്ക് ചേരുന്നതെന്നാണോ പറഞ്ഞ് വരുന്നത്? തനി മസാലചേരുവ മാത്രം. സ്ക്രിപ്റ്റ് റൈറ്ററും സമ്വിധായകനും പണി അറിയാവുന്നവരായതു കൊണ്ട് ഒറ്റ നോട്ടത്തില്‍ സിനിമ മസാലയല്ല ക്ലാസിക്കാ എന്നു തോന്നും. ഉള്ളിലൊന്നുമില്ല താനും...

അവാര്‍ഡ് കിട്ടുന്നത് നോക്കണ്ട. കമ്മറ്റിക്കാരെ സുഹിപ്പിക്കാനുള്ള വകയൊക്കെ സിനിമക്കകത്തൊണ്ട്. പിന്നെ ഏ.ആര്‍ റഹ്മാന് അവാര്‍ഡ് കിട്ടിയതില്‍ മാത്രം വ്യക്തിപരമായി സന്തോഷിക്കുന്നു...

എതായാലും സിനിമാ റിലേറ്റഡ് പോസ്റ്റ് ഇനിയും പോന്നോട്ടേ

ഫൈസൽ said...

മലയാളത്തില്‍ പാണ്‍ദവപുരം വന്നതിനേക്കാല്‍ വംഗത്തില്‍ വന്നത് ശ്രദ്ധിക്കപ്പെട്ടു.
നന്മ
ഫൈസല്‍