Published on Webzine on June 27 2021
ചരിത്രത്തിൽ ഒരിയ്ക്കലും ഒരു മഹാമാരിയും ഇത്രമാത്രം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടില്ല. ഭരണകൂടത്തിന്റെ ചായ് വുകൾ കോവിഡ്-19 ബാധക്കെടുതികളുടെ തോത് തീരുമാനിക്കുന്നത് പല രാജയങ്ങളിലും നമ്മൾ കണ്ടതാണ്. മൈക്രോബയോളജിയിലും ഇമ്മ്യൂണോളജിയിലും അവഗാഹമുള്ള മുതിർന്ന ശാസ്ത്രജ്ഞനായ ആന്റണി ഫൗചിയെ തള്ളിപ്പറഞ്ഞ് കോവിഡ് വ്യാപനം മൂർദ്ധന്യത്തിലെത്തിപ്പിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിപ്പിച്ച രാജ്യമായി അമേരിക്കയെ മാറ്റിയെടുത്തത് ട്രമ്പിന്റെ തീരുമാനങ്ങൾ ആണെന്ന് നമ്മൾ മനസ്സിലാക്കിയതാണ്. ബ്രസീലിൽ ഇതുപോലെ ഭരണകൂട ആലസ്യവും പരിവർജ്ജനവും ശാസ്ത്രനിരാസവും വൻ തോതിൽ മരണനിരക്ക് കൂട്ടുകയുണ്ടായി.
ഇൻഡ്യയിൽ ഒരു ശാസ്ത്രസംഘം കേന്ദ്രഗവണ്മെന്റിനെ ഉപദേശിക്കാനായി നിയോഗിച്ചിട്ടുള്ളതായി കേൾക്കുന്നുണ്ടെങ്കിലും അവർ എന്തു ചെയ്യുന്നു എന്ന് ആർക്കും പിടിയില്ലാത്ത മട്ടാണ്. കുംഭമേള നിരോധിക്കാനോ രാഷ്ട്രീയ റാലികൾ തടയാനോ താൽപ്പര്യമില്ലാത്തവരോ അല്ലെങ്കിൽ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത ഗവെണ്മെന്റോ ഏതാണ് പ്രയോഗത്തിൽ എന്ന് സംശയം ബാക്കി. ആന്റണി ഫൗചിയെപ്പോലുള്ള ഒരു പരിചയ സമ്പന്നൻ ഇല്ലെങ്കിലും മൈക്രോ ബയോളജി, ഇമ്മ്യൂണോളജി, എപിഡിമിയോളജി ഇവയിലൊക്കെ പ്രാഗൽഭ്യം നേടിയവർ നമുക്കുണ്ട്. പോളിസി നിർമ്മിച്ചെടുക്കേണ്ടത് ഇവരുടെ സഹായത്താലാണ്. ലോകപ്രശസ്തരായ എപിഡിമൊളജിസ്റ്റുകളുടെ നാടാണ് ഭാരതം. പക്ഷെ അവർക്ക് കടന്നു വരാനുള്ള ഭരണകൂടവാതിലുകൾ ഇന്നും അടഞ്ഞാണ് കിടക്കുന്നത് എന്നത് നിരാശാജനകമാണ്.
ഇൻഡ്യൻ ഭരണാധികാരികൾ കഴിഞ്ഞ കുറേ വർഷങ്ങളായി ശാസ്ത്രവിരുദ്ധനിലപാടുകളിൽ നിലകൊള്ളുന്നത് ശാസ്ത്രലോകത്തിന്റെ അപഹാസ്യതയ്ക്ക് പാത്രമാക്കിയിട്ടുണ്ട്. ചാണകവും മൂത്രവും ഔഷധങ്ങളായി പ്രഖ്യാപിക്കുകയും അവയിൽ കൗതുകവസ്തുക്കളുണ്ടെന്ന മിഥ്യാധാരണയിൽ ഗവേഷണസ്ഥാപനം ആരംഭിക്കുകയും ചെയ്തത് ഞെട്ടലോടേയാണ് ലോകം നോക്കിക്കണ്ടത്. സസ്തനികളുടെ മൂത്രത്തിലേയും മലത്തിലേയും രാസഘടകങ്ങളെക്കുറിച്ച് പണ്ടേ അറിവുള്ളതാണ്. ആ അറിവിനെ നിരാകരിക്കുക എന്നതിനു ചില്ലറ ധൈര്യം പോരാ. കോവിഡ് വൈറസിനെ നിരോധിയ്ക്കാൻ വൈകുന്നേരം പരസ്യമായി കിണ്ണം കൊട്ടിയാൽ മതിയെന്നും അത് ചെയ്യാൻ ഭാരതീയരോട് ആവശ്യപ്പെടുകയും ചെയ്തത് പ്രധാനമന്ത്രി തന്നെ എന്നത് ശാസ്ത്രാഭാസത്തോട് ഭരണകൂടത്തിന്റെ താൽപ്പര്യം വെളിവാക്കുന്നതായിരുന്നു. ഡെൽഹിയിലെ തെരുവുകളിൽ നിരവധി ആൾക്കാർ കിണ്ണവുമായി തെരുവിലിറങ്ങി. അതേ തെരുവുകളിലാണ് പിന്നീട് ദഹിപ്പിക്കാൻ ഇടമോ സൗകര്യമോ സമയമോ കിട്ടാതെ ശവങ്ങൾ നിരനിരയായി കിടത്തപ്പെട്ടത്. ശാസ്ത്രനിരാസത്തിന്റെ ദുരന്തപരിണതിദൃശ്യം തന്നെ ആയിരുന്നു ഇത്. “Deadly Delays” എന്നതലക്കെട്ടിൽ സയൻസ് മാഗസീൻ മേയ് അവസാനം ലേഖനം എഴുതിയ്ത് തെറ്റായ പോളിസികളോ പോളിസി ഇല്ലായമയോ ആണ് ഇതിന്റെ പിന്നിൽ എന്ന് സമർത്ഥിക്കാനാണ്.
2-ഡി ഗ്ലൂക്കോസ് എന്ന തട്ടിപ്പ്
പെട്ടെന്ന് ഒരു മരുന്ന് ഇതാ എത്തിയിരിക്കുന്നു എന്ന വിശ്വാസം ജനിപ്പിക്കുന്നതിനുവേണ്ടീ ഗവണ്മെന്റ് നിർമ്മിച്ചെടുത്ത കഥയാണ് 2-ഡി ജി ഗ്ലൂക്കോസ് കോവിഡിനു ചികിൽസയ്ക്ക് എന്നത്. ലോകത്തെ പലേ ലാബുകളിലും ഇന്നും ഇത് ഒരു മരുന്നായി വികസിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഗ്ലൂക്കോസിന്റെ വിഭിന്നരൂപം ആണിത്, പക്ഷേ ഊർജ്ജദായകമല്ല. ഊർജ്ജം ധാരാളം ഉപയോഗിക്കുന്ന ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഒരു മരുന്നായി വികസിപ്പിച്ചെടുക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്, പ്രത്യേകിച്ചും പാങ്ക്രിയാറ്റിക് ക്യാൻസറിനു. വർഷങ്ങളായി പരീക്ഷണങ്ങൾ തുടരുന്നു എങ്കിലും ഇന്നും അത് ഒരു മരുന്നായി പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. കോവിഡിനെതിരെ കുറഞ്ഞ തോതിൽ 2 ഡി ഗ്ലൂക്കോസ് ഫലപ്രദമാണ് എന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, പക്ഷേ മനുഷ്യരിൽ ഫലപ്രദമല്ല എന്നത് ഇന്നും ശാസ്ത്രജ്ഞരെ കുഴക്കുന്നുണ്ട്. Department of Research and Development organization (DRDO) ഇത് മരുന്നായി വികസിപ്പെച്ചെടുത്തു എന്ന് പ്രഖ്യാപിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവർ നിർമ്മിച്ചതോ വികസിപ്പിച്ചതോ അല്ല ഈ രാസവസ്തു. സാധാരണ കെമിക്കൽ കമ്പനിയിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്നതാണ്. കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെടുമ്പോൾ തെളിവുകളൊന്നും നിരത്താതെ ചില രോഗികളിൽ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കയാണ് ഗവണ്മെന്റ്. ഒരു മരുന്ന് പ്രയോജനകരമെന്ന് തീർപ്പ് കൽപ്പിച്ച് രോഗികൾക്ക് നിർബ്ബാധം നൽകാനൊരുമ്പെടുമ്പോൾ “peer reviewed” പ്രസിദ്ധീകരണം ഏതെങ്കിലും ശാസ്ത്ര മാഗസീനിൽ വരേണ്ടതാണ്. വെറുതേ പറഞ്ഞാൽ പോരാ, ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുക്കേണ്ടതാണ്.. പഠനങ്ങൾ ഒരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് സംശയങ്ങൾ ഉളവാക്കുകയും ലോകത്ത് പലേ ശസ്ത്രജ്ഞന്മാർക്കും ഇതു വരെ സാധിക്കാത്തതും ഫലപ്രദമല്ല എന്ന് കണ്ടു പിടിച്ചതുമായ 2 ഡി ഗ്ലൂക്കോസ് പ്രയോഗം DRDO എളുപ്പം സാധിച്ചെടുത്തു എന്നത് തികച്ചും അവിശ്വസനീയമാണ്. ബന്ധപ്പെട്ട ചില പരീക്ഷണങ്ങൾ ബാബ രാംദേവിന്റെ ‘പതഞ്ജലി ഇൻസ്റ്റിറ്റ്യൂട്” ഇൽ ആണ് നടത്തിയിട്ടൂള്ളത് എന്നത് ശാസ്ത്രീയത എത്രമാത്രമുണ്ട് ഇതിനു പിന്നിൽ എന്നത് വെളിവാക്കുകയാണ്. മറ്റൊരു രാജ്യവും 2 ഡി ഗ്ലൂക്കോസിനെ കോവിഡ് മരുന്നായി സ്വീകരിച്ചിട്ടില്ല എന്നതും പരിഗണിക്കപ്പെടേണ്ടതാണ്. ക്യാൻസറിനോ മറ്റ് പ്രധാന രോഗങ്ങൾക്കോ എതിരെ ഒരു മരുന്നു പോലും ഈയിടെയെങ്ങും വികസിപ്പിച്ചിട്ടില്ലാത്ത ഇൻഡ്യ പൊടുന്നനവേ കോവിഡ് വൈറസിനെതിരെ മറ്റ് ശാസ്ത്രജ്ഞർക്ക് സാദ്ധ്യമല്ലാത്തതും അവർ തള്ളിക്കളഞ്ഞതുമായ മരുന്ന് വികസിപ്പിച്ചെടുത്തു എന്നത് ജനപ്രീതിയ്ക്കു വേണ്ടി നിർമ്മിച്ചെടുത്ത തന്ത്രമെന്നേ കരുതാവൂ.
ശാസ്ത്രജ്ഞരെ കേൾക്കുക ഭരണകൂടമേ
മേയ് 6 ന്ത്യേ പുറത്തുവന്ന നേച്ചർ മാഗസീനിൽ ഇൻഡ്യൻ ഭരണകൂടത്തിന്റെ ശാസ്ത്ര നിരാസത്തെ ക്കുറിച്ച് തീക്ഷ്ണമായ ഒരു ലേഖനം പ്രസിദ്ധീകൃതമായിട്ടുണ്ട്. “ഇൻഡ്യൻ ഗവണ്മെന്റ് അതിന്റെ ശാസ്ത്രജ്ഞരെ കേൾക്കേണ്ടതുണ്ട് കോവിഡിന്റെ കാര്യത്തിൽ” (“Indian government should heed its scientists on COVID”) എന്ന തലക്കെട്ടോടെ. ഗവേഷകർ പോളിസികൾക്കെതിരായി സംസാരിച്ചിരിക്കുന്നു-രാജ്യത്തിന്റെ കൊറോണ വൈറസ് ആപൽസന്ധിയെ ഉഗ്രതരമാക്കിയ പോളിസികളെപ്പറ്റി,. “Policymakers must listen” “ദോഷപൂർണ്ണവും വൈകല്യസാന്ദ്രവുമായ പോളിസികളാൽ ഭാരതീയ പൗരർ മരിച്ചു കൊണ്ടിരിക്കുന്നു” എന്ന് വ്യക്തമായി ലേഖിക റ്റി വി പദ്മ എഴുതി. എപിഡിമിയോളജി (സാംക്രമികരോഗശാസ്ത്രം) ഡേറ്റ വ്യവസ്ഥാനുസൃതമായി ശേഖരിക്കുന്നതിലും വേണ്ടപ്പെട്ടവർക്ക് ആ അറിവ് കൊടുക്കുന്നതിലും വൻ വീഴ്ച്ചകളാണ് സംഭവിച്ചിരിക്കുന്നത്.
ഏപ്രിൽ 29 ഇനു ഇൻഡ്യയിലെ പ്രമുഖ ശാസ്ത്രജ്ഞർ ഒപ്പുവച്ച ഒരു തുറന്ന കത്ത് പ്രധാനമന്ത്രിയ്ക്ക് സമർപ്പിക്കപ്പെടുകയുണ്ടായി. മഹാമാരിയുടെ ആദ്യകാലങ്ങളിൽ മുതൽ ICMR ശേഖരിയ്ക്കുന്ന ഡേറ്റ ഗവേഷണാവശ്യങ്ങൾക്കായി ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കണമെന്നായിരുന്നു പ്രധാന അപേക്ഷ. അത് ഇങ്ങനെ സംഗ്രഹിക്കാം.
1. ഗവണ്മെന്റിനു പുറത്ത് മാത്രമല്ല അകത്തും പലർക്കും ലഭ്യമല്ല ഐ സി എം ആർ ഡാറ്റബേസ് വിവരങ്ങൾ. ഡിപാർട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജി യും നീതി ആയോഗും പുതിയ prediction models നിർമ്മിച്ചെടുക്കാൻ നിർദ്ദേശിച്ച പല ശാസ്ത്രജ്ഞർക്കും ഈ ഡാറ്റ ഒക്കെ അപ്രാപ്യമാണ്. രാജ്യത്ത് പലേ ഇടങ്ങളിലും പലേ ജ്യോഗ്രാഫിക്കൽ തലങ്ങളായതുകൊണ്ട് പാൻഡെമിക് വ്യാപനവും പല രീതിയിലാണ്. അതുകൊണ്ട് പൊതുആരോഗ്യപരിപാലന പദ്ധതികളും ഓരോ ഇടത്തും വ്യത്യസ്ഥമായാണ് നടപ്പിലാക്കേണ്ടത്.. ഇതിനു എപിഡിമോളജി ഡാറ്റാ ആഴത്തിൽ പഠിയ്ക്കേണ്ടതുണ്ട്. ICMR ന്റെ പക്കലാണീ ഡാറ്റ ഒക്കെയും.
2. ക്ലിനിക്കൾ ഡാറ്റാ അത്യവശ്യമാണ് പഠനവി ശ്ലേഷണങ്ങൾക്കും വൈറസ് വ്യാപനത്തെപ്പറ്റിയുള്ള ഭാവിപ്രഖ്യാപനങ്ങൾക്കും. ഓക്സിജെൻ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, ഐ സി യു കിടക്കകൾ, ഇവയുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള കണക്കെടുപ്പുകൾക്കു വേണ്ടിയും ഇത്തരം വിവരങ്ങൾ ആവശ്യമാണ്. പലേ ശാസ്ത്രജ്ഞരും കോവിഡിനോപ്പം വരുന്ന മറ്റ് അസുഖങ്ങളെപ്പറ്റി പഠിയ്ക്കാനും രോഗികളുടെ രക്തപരിശോധനയുടെ വിശദാംശങ്ങൾ അറിയാനും കാത്തിരിപ്പാണ്.
3. വൻ രീതിയിലുള്ള പര്യവേക്ഷണഡാറ്റാ, പ്രത്യേകിച്ചും വൈറസിന്റെ ജീനോം സീക്വെൻസിങ്ങിനു വേണ്ടിയുള്ളവ സമാഹരിക്കാനും പഠിയ്ക്കാനുമുള്ള സ്ഥപനങ്ങളുടെ ശൃംഖല വിസ്തൃതമാക്കുകയും അവയ്ക്ക് അവശ്യം ധനസഹായം നൽകുകയും വേണ്ടതാണ്. അത്തരം ഡേറ്റയുടെ സമാഹരണവും ലഭ്യതയും കാലാനുസൃതമായി നടപ്പാക്കേണ്ടതാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് ഉചിതരീതിയിൽ വൈറസിനെ നിയന്ത്രിക്കാൻ സാധിക്കാതെ വരും. ജീനോം പര്യവേക്ഷണങ്ങൾക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള The Indian SARS-CoV-2 Consortium on Genomics (INSACOG) ഇപ്പോൾ 1% രോഗികളുടെ വൈറസ് ജീനോം മാത്രമേ സീക്വെൻസ് ചെയ്യുന്നുള്ളു. ഇത് വമ്പൻ രീതിയിൽ വിപുലീകരിക്കപ്പെടേണ്ടതാണ്.കൂടുതൽ രോഗികളിൽ നിന്ന് സാമ്പിൾ സംഭരിക്കേണ്ടതുമുണ്ട്. ഇതുകൊണ്ട് മാത്രമേ മ്യൂടേറ്റ് ചെയ്ത വൈറസുകൾ കൂടുതൽ അപകടകാരികൾ ആണോ എന്ന് സമർത്ഥിക്കാൻ സാധിയ്ക്കൂ.ഇങ്ങനെ സംഭരിക്കപ്പെടുന്ന ഡേറ്റ അപ്പപ്പോൾ ശാസ്ത്രസമൂഹത്തെ അറിയിക്കേണ്ടതാണ്, കൂടുതൽ വിശകലനത്തിനും അനുമാനങ്ങൾക്കും വേണ്ടി.
4. ജനസമൂഹതലത്തിൽ (population level) ഇമ്മ്യ്യൂൺ പ്രതിപ്രവർത്തനരീതികളും വാക്സിനേഷനോടുള്ള പ്രതികരണവും പഠിച്ചെടുക്കാൻ ശാസ്ത്രസ്ഥാപന ശൃംഖല വിപുലീകരിക്കേണ്ടിയിരിക്കുന്നു.
5. ശാസ്ത്ര ഉപകരണങ്ങളും രാസദ്രവ്യങ്ങളും ഇറക്കുമതി ചെയ്യുന്നത് അത്യന്തം ക്ലിഷ്ടമാക്കിയിരിക്കുകയാണ്, ‘ആത്മനിർഭര ഭാരത്” പോളിസികൾ. മിനിസ്ട്രി സെക്രട്ടറികളോ ഡിപാർട്മെന്റ് അധികൃതരോ അനുവദിച്ചു തന്നെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. ഈ സംവിധാനം പുതിയ ടെസ്റ്റ് പദ്ധതികൾ ആവിഷ്ക്കരിക്കാനുള്ള സാദ്ധ്യതകൾ ഗണ്യമായി കുറച്ചിട്ടുണ്ട്, ജീനോം സീക്വെൻസിങ് പര്യവേക്ഷണങ്ങൾക്ക് താമസം വരുത്തുന്നുമുണ്ട്. ഗവണ്മെന്റിന്റെ പക്ഷത്തുനിന്നും ഉചിതമായ സഹായവും പ്രോൽസാഹനവും രാജ്യം “ആത്മനിർഭര”മാകാൻ അത്യാവശ്യമാണ്. ഇത്തരം നിയന്ത്രണങ്ങൾ കോവിഡിനെ നേരിടുന്നതിനു തടസ്സമാവുന്നതേ ഉള്ളു. ഈ നിയന്ത്രണങ്ങൾ പിൻ വലിക്കാൻ ഞങ്ങൾ അപേക്ഷിക്കുന്നു.
വൈറസിനെ നേരിടുന്നതിലുള്ള തന്ത്രങ്ങൾ മെനയുന്നതിലോ ചികിൽസാപദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലോ ലഭിയ്ക്കുന്ന ഡേറ്റ അനുസരിച്ച് ഭാവിഅനുമാനങ്ങൾ നിർമ്മിച്ചെടുക്കുന്നതിലോ ശാസ്ത്രജ്ഞരെ എത്ര മാത്രം അകറ്റി നിറുത്തിയിരുന്നു ഭരണകൂടം എന്നത് വ്യക്തമാക്കുകയാണ് ഈ അപേക്ഷ. ഒരു ജനതതിയെ മഹാമാരിയിൽ നിന്ന് കരകയറ്റാനുള്ള ഉദ്യമങ്ങൾക്ക് ശാസ്ത്രജ്ഞരാണ് ചുക്കാൻ പിടിക്കേണ്ടത് എന്നിരിക്കെ ഇത് ഒരു യാചനയുമാണ്,പൊതു ജീവൻ രക്ഷ്യ്ക്കു വേണ്ടിയുള്ളത്. ലക്ഷങ്ങൾ മരിയ്ക്കുന്ന ഒരു മഹാമാരിക്കാലത്ത് ശാസ്ത്രജ്ഞർക്ക് ഭരണകൂടത്തോട് ഒരു ഭിക്ഷാനിവേദനം വേണ്ടിവന്നു എന്നത് ചരിത്രപരമായി കളങ്കം ചേർക്കലാണ്. മാർച്ച് ആദ്യവാരത്തിൽപ്പോലും സീറം പരിശോധനയും കമ്പ്യൂട്ടർ മോഡെലിങ് ഉം മഹാമാരിയുടെ അവസനമാണെന്ന് പ്രവചിച്ചിരിക്കുന്നു എന്ന ധാരണയാണ് ഗവണ്മെന്റ് പൊതുജനത്തിനു നൽകിയത്. മോദിയുടെ ശാസ്ത്ര ഉപദേഷ്ടാക്കളിൽ അഞ്ചുപേർ അദ്ദേഹത്തെ തെര്യപ്പെടുത്തിയിരുന്നു കൂടുതൽ മാരകമായ വേരിയന്റ് വൈറസുകൾ രാജ്യത്ത് പിടിമുറുക്കിയിരുന്ന കാര്യം. ഈ മുന്നറിയിപ്പ് അവഗണിയ്ക്കുക മാത്രമാണ് ഭരണകൂടം ചെയ്തത്. ഡെൽഹിയിലെ കർഷകസമരത്തിൽ ആയിരങ്ങൾ പങ്കെടുത്തു, രാഷ്ട്രീയ റാലികളിൽ അതിൽക്കൂടുതൽ. കുംഭമേളയ്ക്ക് മില്ല്യൺ കണക്കിനു ജനങ്ങൾ-അതും മാസ്ക് ധരിക്കാത്തവർ- ഒത്തുകൂടുന്നതിനു മുൻപ് തന്നെ ശാസ്ത്രജ്ഞർ അത് നിരോധിക്കാൻ ഉപദേശിച്ചെങ്കിലും അത് ചെവിക്കൊള്ളാൻ ഗവണ്മെന്റ് തയാറായില്ല. ഉത്തരഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഗംഗാജലം കോവിഡ് വൈറസിനെതിരെ പൊരുതുമെന്നും ആർക്കും പകരുകയില്ലെന്നുമാണ്.ഏപ്രിൽ 27 ആയപ്പോഴേയ്ക്കും മരണസംഖ്യ 353,000 കടന്നിരുന്നു, ലോക റെക്കോർഡ് നിർമ്മിച്ചകൊണ്ട്. ശാസ്ത്രജ്ഞരുടെ –ഇതിൽ വൈറോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റും എപി ഡെമിയോളജിസ്റ്റും പൊജനാരോഗ്യവിദഗ്ദ്ധരും പെടും-തീവ്രസൂചനകളെ അവഗണിച്ചു കൊണ്ട് ഭരണകൂടം ജനങ്ങൾക്ക് സ്വാസ്ഥ്യസുന്ദരമായ സ്വപ്നലോകം അവതരിപ്പിച്ചു കൊടുത്തു. ദേശീയ മോഡെലിനു കണക്കുകൂട്ടലുകൾ സംഭാവന ചെയ്യുന്ന തദ്ഭവങ്ങൾ (simulations) വൈകല്യമിയന്ന അനുമാനധാരണകൾ ആസ്പദമാക്കിയാണെന്നും സംഭവിക്കാൻ പോകുന്നത് മറ്റൊന്നായിരിക്കും എന്നൊക്കെയുള്ള താക്കീതുകൾ അവഗണിയ്ക്കാനായിരുന്നു ഭരണകൂടത്തിനു താൽപ്പര്യം. പ്രധാനമന്ത്രിയുടെ നാമമാത്രമായ ശാസ്ത്രഅനുചരസംഘത്തിൽ ഒരു എപിഡിമിയോളജിസ്റ്റും ഇല്ലായിരുന്നു എന്നത് ഭരണകൂടത്തിലെ തന്നെ ആരോഗ്യവിദഗ്ധരെ ആകുലരാക്കിയിരുന്നു. ഭിന്നതയോ വിരുദ്ധാഭിപ്രായപ്രകടനമോ ജോലി തെറിപ്പിക്കുന്ന സാഹചര്യത്താൽ ഇവർ നിശബ്ദരാക്കപ്പെടുകയും ചെയ്തു.
രണ്ടാം തരംഗത്തെപ്പറ്റി അറിയേണ്ടവർ -ഭരണകൂടം ഒഴിച്ച്- അറിഞ്ഞു കഴിഞ്ഞിരുന്നു മാർച്ച് ആദ്യം തന്നെ. സമൂഹപ്രതിരോധശക്തി (Herd immunity) ആർജ്ജിച്ചുകഴിഞ്ഞു എന്ന് വിശ്വസിച്ച ബ്രസീലിൽ ആ ധാരണയെ തിരുത്തിക്കൊണ്ട് രണ്ടാം തരംഗം സംഭവിച്ചും കഴിഞ്ഞിരുന്നു. മാർച്ച് അവസാനം ആയപ്പോഴേയ്ക്കും ഇൻഡ്യയിലെ ചില ലാബുകൾ B.1.1.7 എന്ന പുതിയ കോവിഡ് വേരിയന്റിന്റെ സാന്നിദ്ധ്യം അറിഞ്ഞു കഴിഞ്ഞിരുന്നു, ഇംഗ്ലണ്ടിൽ നിന്ന് പഞ്ചാബിൽ പ്രവേശിച്ച ഈ തീവ്രൻ നാശകാരി ആണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു വേരിയന്റ് (B.1.617) ഏറ്റവും കൂടുതൽ കോവീഡ് കേസുകളുടെ നാടായ മഹാരാഷ്ട്രയിലും പടർന്നു തുടങ്ങി ഇതേ സമയത്ത്. പൊതുജനരോഗ്യപ്രവർത്തകർ കൂടുതൽ ഡേറ്റയും അതിപ്രബലമായ നിവാരണോപയങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദാസീനത തന്നെയായിരുന്നു ഭരണകൂടവികാരം. തജ്ജന്യമായ ദുരന്തങ്ങളിൽ ഡെൽഹി പോലത്തെ മെട്രൊ ഇടങ്ങൾ ശ്രദ്ധിക്കപ്പെട്ടു,, പക്ഷേ വടക്കെ ഇൻഡ്യയിലെ വിദൂരഗ്രാമങ്ങളിൽ എന്ത് സഭവിച്ചു എന്ന് മീഡിയയോ പൊതുജനങ്ങളൊ ഭരണകൂടമോ വിശദമായി അറിഞ്ഞിട്ടില്ല. പലേ രാജ്യങ്ങളിലും വേരിയന്റുകളും രണ്ടാം തരംഗവും ആഞ്ഞടിച്ചു എന്നറിഞ്ഞ് തദനുസാരിയായി ചെറുത്തു നിൽപ്പിനു തയാറെടുക്കേണ്ട ഭരണകൂടം നിസ്സംഗതയുടെ ഡെൽഹി മന്ദിരങ്ങളിൽ ഉറക്കം നടിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരേയും ആരോഗ്യരംഗത്തെ വിചക്ഷണരേയും ഒരുമിച്ചു കൂട്ടി യുദ്ധകാലാടിസ്ഥാനത്തിൽ പോളിസികൾ നിർമ്മിച്ച് പ്രാവർത്തികമാക്കേണ്ട സമയമായിരുന്നു ഇത്.
ഈ കടുംനിരാസമനഃസ്ഥിതിയാണ് ആശുപത്രികളെ നിറച്ച് കവിയിച്ചത്, ഓക്സിജെൻ സിലിണ്ടറുകൾ ലഭ്യമല്ലാതാക്കിയത്, ശവദാഹത്തിനു ഇടമില്ലാത്ത രീതിയിൽ മനുഷ്യശരീരങ്ങൾ കുമിഞ്ഞുകൂട്ടിയത്, ഓക്സിജെൻ ആവശ്യമില്ല, വെറുതേ ആഞ്ഞ് വായു വലിച്ചാൽ മതി എന്ന് ബാബാ രാംദേവിനു വീഡിയോ ഇടാൻ ധൈര്യം കൊടുത്തത്. വിശ്വാസങ്ങളിൽ പ്രത്യേകിച്ചും അന്ധവിശ്വാസങ്ങളിൽ അതിജീവനക്രമങ്ങൾ തേടുന്ന, വിധി മാത്രമാണ് അന്തിമ തീർപ്പ് കൽപ്പിക്കുന്നത് എന്നത് പ്രമാണമാക്കിയ ഒരു ജനതയെ ജീവന്മരണഘട്ടത്തിൽ സത്യോദ്ബോധനം നടത്തി രക്ഷപെടുത്തേണ്ട ഭരണകൂടം വാക്സീൻ ലഭ്യത ഒഴിച്ച്, ശാസ്ത്രത്തിന്റെ വഴികൾ തുണയേകും എന്ന് തെര്യപ്പെടുത്താൻ ഒരുമ്പെട്ടതേ ഇല്ല. കുത്തിവയ്പ് എടുക്കാൻ മടിയ്ക്കുന്നവരും വാക്സീൻ വിരുദ്ധരും ധാരാളമുണ്ട് ബാക്കി. Herd immunity സ്ഥാപിതമാക്കാൻ അവരെ ഉദ്ബോധിപ്പിക്കാൻ പ്രധാനമന്ത്രിക്കോ ഭരണകൂടത്തിനോ താൽപ്പര്യമില്ല എന്ന് തോന്നുന്നു.
വിദഗ്ധരുടെ തെളിവുകൾ ഭരണകൂടം പറഞ്ഞുകൊടുക്കുന്ന കഥയ്ക്ക് അനുയോജ്യമല്ലായിരുന്നു എന്നതിനാൽ സത്യം ത്യജിക്കപ്പെട്ടിരിക്കുന്നു എന്ന് നിഷ്ക്കളങ്ക സമൂഹം മനസ്സിലാക്കുന്നത് ഉറ്റവരും ഉടയവരും കൺമുന്നിൽ മരിച്ചു വീണപ്പോഴാണ്. പ്രാണവായു കിട്ടാതെ സ്വന്തം മടിയിൽ പിടഞ്ഞു വീണ് മരിക്കുന്ന അച്ഛനേയോ അമ്മയേയോ രക്ഷിക്കാനാവാത്ത മക്കളുടെ ഭീകരാനുഭവം ചരിത്രത്തിൽ നിന്ന് മാഞ്ഞു പോവുകയില്ല, ഒരു കിണ്ണംകൊട്ടൽ പ്രകമ്പനവും അതിന്റെ നിതാന്ത തരംഗരേഖകളെ ഖണ്ഡിക്കാനൊരുമ്പെടുകയില്ല, ഒരു ഗംഗാജലത്തിനും അതിനെ വിശുദ്ധീകരിക്കാൻ സാദ്ധ്യവുമല്ല.
1 comment:
A thought provoking read, but in India, nationwide and statewise, politicians are only interested to create and project political images using propaganda. And more sad, the public is also keen to project the propaganda that we are the best, No.1 in the world and not the reality or facts and they are willing to die for that cause!!!!
Post a Comment