ജീവികളെ സംബന്ധിച്ച് ആരാണ് അച്ഛൻ എന്നത് ഒട്ടും സംഗതമായ ചോദ്യമല്ല. തന്തയില്ലാഴിക നടമാടുന്ന ജന്തുലോകത്ത് അദ്ഭുതം സൃഷ്ടിയ്ക്കുന്ന പ്രഹേളിക ഒന്നുമല്ലിത്. തന്തയില്ലാതെ ആരും ജനിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ആ ചോദ്യത്തിൽ യുക്തി ഇല്ല താനും.
പിറക്കുന്ന കുഞ്ഞുങ്ങൾ ഓരോന്നും വ്യത്യസ്തമാകാൻ വേണ്ടി
സൃഷ്ടിക്കപ്പെട്ടതാണ് ആൺ-പെൺ എന്ന രണ്ട് വർഗ്ഗം. അടുത്ത തലമുറയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്
അതിൽ അതിജീവിക്കാൻ പുതിയ തന്ത്രങ്ങൾ ആവശ്യമാണ്. അതുകൊണ്ട് വൈവിദ്ധ്യമുള്ള ഉള്ള കുഞ്ഞുങ്ങളാണ് ജനിക്കേണ്ടത്. ജനിതകവ്യവസ്ഥയിൽ വ്യത്യാസങ്ങളുള്ള രണ്ട് വിഭിന്ന ജീവികൾ പരസ്പരം അവരുടെ പകുതി ക്രോമൊസോമുകൾ സംഭാവന ചെയ്ത് പുതിയ
പ്രജകൾ ജനിക്കുമ്പോൾ അവർ ഓരോന്നും വ്യത്യസ്തരായിരിക്കും. അമ്മയെപ്പോലെയോ
അച്ഛനെപ്പോലെയോ കൂടപ്പിറപ്പുകളെപ്പോലെയോ ആയിരിക്കില്ല അവയിൽ ഓരോന്നും. ആർക്കാണ്
അതിജീവനചാതുര്യം കൂടുതൽ എന്നതാണ് പരിണാമവ്യവസ്ഥയ്ക്ക് ശ്രദ്ധിക്കാനുള്ളത്. ഏറ്റവും
സമർത്ഥമായി പരിതസ്ഥിതിയുമായി ഇണങ്ങുന്നതും അതിനോട് പൊരുതി ജയിക്കുന്നതും ആയ പ്രജ
ആണ് അതിജീവിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നത്. അവർ വീണ്ടും ഇണചേർന്ന് ഈ ബലവത്തായ
ജനിതകഘടന തലമുറകളിലേക്ക് കൈമാറുകയും ആ സ്പീഷീസ് സമൂഹം ഭൂമുഖത്ത് തുടരുകയും
ചെയ്യുന്നു.
ഒരേ സ്പീഷീസിലുള്ള
രണ്ട് ജീവികൾ, ആണും പെണ്ണും എങ്ങനെയാണ് വൈവിദ്ധ്യം അണയ്ക്കുന്നത്? അവർക്ക് ഒരേ ജനിതകം അല്ലേ?നിർബ്ബന്ധമില്ല. അവർ രണ്ട് വ്യത്യസ്ത പരിതസ്ഥിതിയിലാണ് അതിജീവിച്ചതെങ്കിൽ ചെറിയ
ചില മാറ്റങ്ങൾ സ്വായത്തമാക്കിയിട്ടുണ്ടാവണം. ഓരോ ജീനിനും (സ്വഭാവം അല്ലെങ്കിൽ
പ്രവർത്തി നിർണ്ണയിക്കുന്ന ഏകകം) അതിന്റെ കണ്ണാടി പ്രതിരൂപങ്ങളുണ്ട്. ‘അല്ലീൽ’ എന്ന് വിളിയ്ക്കുന്നു ഇതിനെ.
നമ്മുടെ രക്തഗ്രൂപ് പലർക്കും വിഭിന്നമാണ്, A, B, AB, O എന്നിങ്ങനെ . അവയാണ് അല്ലീലുകൾ. A ഗ്രൂപ് ആൾ B ഗ്രൂപ്
ആളെ കല്യാണം കഴിച്ചാൽ കുട്ടികൾ മിക്കവാറും AB ഗ്രൂപ് ആയിരിക്കും. ചില പാരമ്പര്യ
അസുഖങ്ങളുടെ ജീൻ ബലഹീനമായിരിക്കും അതിനെ അമർച്ച ചെയ്യാനുള്ള ശക്തിയുള്ള അതിന്റെ
അല്ലീൽ ആ അസുഖം വരാതെ സൂക്ഷിച്ചു കൊള്ളും. ഇതിൽ ഏത് രണ്ടെണ്ണമാണ് കുട്ടികൾക്ക്
ലഭിയ്ക്കുന്നത് എന്നതനുസരിച്ച് അസുഖം വരാനോ വരാതിരിക്കാനോ സാദ്ധ്യതയുണ്ട്. എന്നു
വച്ചാൽ ഒരു അല്ലീൽ അച്ഛന്റെ സംഭാവനയാണ്, മറ്റേ അല്ലീൽ
അമ്മയുടെതും, ഇവയുടെ സമ്മിശ്രണം ആ
ജീനിന്റെ പ്രവൃത്തി നിശ്ചയിച്ചുകൊള്ളും. നമ്മുടെ ജനിതകവസ്തുവായ ഡി എൻ എ കട്ടിയുള്ള
നാരുകളായി അടുക്കിക്കെട്ടിയുള്ള ‘ക്രോമസോം’ എന്ന വസ്തുവായാണ് കോശങ്ങളിൽ നില കൊള്ളുന്നത്. 46 എണ്ണമുണ്ട്
നമുക്ക്. അതിൽ 23 അച്ഛനിൽ നിന്നും 23 അമ്മയിൽ നിന്നും ലഭിച്ചതാണ്. ഇതിൽ
ഓരോന്നിലുമുള്ള ഏതൊക്കെ ജീൻ അല്ലീലുകളാണ് നമുക്ക് ലഭിയ്ക്കുന്നത് എന്നതനുസരിച്ച്
നിങ്ങളുടെ സഹോദരനോ സഹോദരിയ്ക്കോ നിങ്ങളുടെ ജീൻ സമ്മിശ്രണം ആയിരിക്കില്ല
ലഭിയ്ക്കുന്നത്. അണും പെണ്ണും എന്നിങ്ങനെ രണ്ട് വർഗ്ഗമായി ജീവികളെ തരം തിരിച്ചത്
ഇപ്രകാരം ജീൻ സമ്മിശ്രണം നടക്കാൻ വേണ്ടിയാണ്.
ഇങ്ങനെ
രണ്ട് തുല്യരുടെ ക്രോമസോമുകൾ സംയോജിച്ചാണ് പുതിയ ജീവി ഉണ്ടാകുന്നത് എങ്കിലും ആ
ജീവിയ്ക്ക് വളരാൻ സാഹചര്യമൊരുക്കേണ്ടതാണ്, രണ്ടിൽ ഒന്ന് അതിനു
നിശ്ചയിക്കപ്പെട്ട ജീവിയാണ്. നമ്മൾ പെണ്ണ് (female ) എന്ന് അതിനെ
വിളിയ്ക്കുന്നു. സസ്യങ്ങളിൽ മിക്കപ്പോഴും രണ്ടും ഒന്നിച്ചാണ്. ആൺ ക്രോമസോമുകളാണ്
പൂമ്പൊടിയ്ക്കുള്ളിൽ. പൂവിന്റെ ഒത്ത നടുക്ക്
അടിയിൽ അണ്ഡ ( ovum)വുമുണ്ട്. പരാഗണം കഴിഞ്ഞാൽ
പൂവിനു ഈ അണ്ഡത്തെ വളരാൻ അനുവദിക്കേണ്ടതുണ്ട്. ഇത് മനുഷ്യരിൽ വരെ ഇങ്ങനെ തന്നെ.
സ്ത്രീയ്ക്ക് അണ്ഡത്തെ വളർത്തേണ്ട ചുമതലയുണ്ട്. പൂമ്പൊടി (ബീജം) വിതറിക്കഴിഞ്ഞാൽ
ആണിനു അവന്റെ പാട്ടിനു പോകാം. എന്നു വച്ചാൽ അച്ഛൻ എന്നത് വെറും ക്രോമസോം ദാതാവ്
മാത്രം എന്ന്. മനുഷ്യരിലാകട്ടെ 15-200 മില്ല്യൺ ബീജങ്ങളാണ്
ഒരു മില്ലിലിറ്ററിൽ ഉള്ളത്. ഇതിൽ ഓരോന്നിനും ഓരോ അണ്ഡവുമായി യോജിക്കാനുള്ള സാദ്ധ്യതയുണ്ട്.
എങ്കിൽ അത്രയും കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള യോഗം പരിണാമം അവനു വച്ച്
കൊടിത്തിരിക്കയാണെന്ന് സാരം.
അതുകൊണ്ട് ഏറ്റവും കൂടുതൽ പെൺജാതികളുമായി
ഇണചേരാനാണ് ജന്തുക്കളിലെ എല്ലാ ആണുങ്ങളേയും സൃഷ്ടിച്ചിട്ടുള്ളത്. ചങ്കൂറ്റവും
തടിമിടുക്കുമുള്ള ആണുങ്ങളെ തെരഞ്ഞെടുക്കാനാണു പെണ്ണിനു ഇഷ്ടം. ജനിയ്ക്കുന്ന
കുഞ്ഞുങ്ങൾക്ക് അതിജീവനത്തിനുള്ള കോപ്പുകൾ എല്ലാം ഉണ്ടായിരിക്കണം എന്ന നിഷ്ക്കർഷ.
ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവൻ കൂടുതൽ പെണ്ണുങ്ങളുമായി ഇണചേരും. കുടുംബവ്യവസ്ഥ
ഉടലെടുക്കുന്നതു വരെ മനുഷ്യരിലും ഇതു തന്നെയായിരുന്നു രീതി. കുടുംബവ്യവസ്ഥയാകട്ടെ
സമ്പത്തിന്റെ സമാഹരണവും കൂട്ടിവയ്പ്പും ഉദ്ദേശിക്കപ്പെട്ട് നിർമ്മിച്ചെടുത്തതാണു
താനും. ആൺജാതി ബീജദാതാവ് മാത്രമാകുമ്പോൾ, പലരിലും കുഞ്ഞുങ്ങൾ ജനിയ്ക്കുമ്പോൾ
ആ കുഞ്ഞുങ്ങളുമായി ജൈവബന്ധം ഒന്നും പരിണാമം ആവശ്യപ്പെടുന്നില്ല. പല പെണ്ണുങ്ങളിലും കുഞ്ഞിനെ ജനിപ്പിക്കുക എന്നത്
പരിണാമം അവനിൽ ഏൽപ്പിച്ച ചുമതലയായതുകൊണ്ട് ജൈവബന്ധം പ്രായോഗികമാകുന്നില്ല. അമ്മയുടെ
ആവശ്യമാണ് ശിശുപരിപാലനം-വാൽസല്യം എന്ന വികാരത്തിന്റെ
അതിജീവനപശ്ച്ചാത്തലം. 50 വയസ്സോടെ അണ്ഡനിർമ്മാണം സ്ത്രീകളിൽ നിലയ്ക്കുകയാണ്; ശക്തിയുള്ള ബീജങ്ങളുമായി ആണുങ്ങൾ വളരെക്കാലം
ജീവിച്ചിരിക്കുകയാണ്. ബീജദാതാവ് എന്ന പ്രാക്തനസ്വഭാവം ഇന്നും മനുഷ്യരിലെ ആണുങ്ങളിൽ
നിലനിൽക്കുന്നുണ്ട്, അതുകൊണ്ട് മക്കളെ
പരിപാലിക്കാതെ വീടുവിട്ടു പോകുന്ന അച്ഛൻ പരിണാമം അവനു കൽപ്പിച്ചു നൽകിയ
സ്വാതന്ത്ര്യം ഉപയോഗിക്കുന്നു
എന്നേയുള്ളു. എന്നും നിത്യകന്യകയെ തേടുന്ന നമ്മുടെ ഒരു കവിയേ ഓർമ്മിക്കാം.
കാൽപ്പനികത മാത്രമാണ് ഇവിടെ
ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും ലൈംഗികസ്വാതന്ത്ര്യം ജൈവപരവും
പ്രകൃത്യാനുശീലപരവും ആണെന്നുള്ളത് സത്യമാണ്..
മനുഷ്യൻ പെറ്റുപെരുകി വലിയ സമൂഹങ്ങളുണ്ടായി
ഭൂമി നിറഞ്ഞപ്പോൾ ഈ സ്വാതന്ത്ര്യം വിപുലമായതേ ഉള്ളു. കുഞ്ഞുങ്ങളെ പരിരക്ഷിക്കാൻ
സമൂഹത്തിന്റെ ആകെയുള്ള സഹായം ലഭ്യമാകുന്നതുകൊണ്ട് അതിജീവനം എളുപ്പമായി. വളരെ ചെറിയ
സമൂഹങ്ങളുള്ള, എണ്ണത്തിൽ കുറവായ prairie vole (ഏകദേശം ചെറിയ മുയലിനെപ്പോലെ ഇരിക്കും) കൾക്ക് സ്വന്തം സ്പീഷീസിനെ അത്യാവശ്യമായി
നിലനിറുത്തേണ്ടതുകൊണ്ട് അമ്മയുടെ കൂടെ അച്ഛനും ചേരും കുഞ്ഞുങ്ങളെ നോക്കാൻ. ഒരു ‘ഭാര്യ’ മാത്രമേ ഉണ്ടാകുകയുള്ളു
ഇവരിലെ ആണുങ്ങൾക്ക്. ആദ്യത്തെ വേഴ്ച്ചയ്ക്കുശേഷം ഇണപിരിയാതെ ആജീവനാന്തം ആൺ വോൾ
അവളുടെ കൂടെ ഉണ്ടാകും. ഹിംസ്രമൃഗങ്ങളെ
പ്രതിരോധിയ്ക്കാൻ വലിയ സംവിധാനങ്ങളൊന്നും മനസ്സിലും ശരീരത്തിലും ഇല്ലാത്തവയാണ് ഈ
പാവം സസ്തനികൾ. മുട്ടവിരിയിക്കാൻ കൂട്ടിരിക്കുന്ന ‘അച്ഛൻ’മ്മാരുണ്ട്, മീനുകളിൽപ്പോലും.
ആഹാരം കഴിയ്ക്കാതെ വായിൽ മുട്ടകൾ വിരിയുന്നതുവരെ കൊണ്ടുനടക്കുന്ന മീനുകളുണ്ട്.
കുഞ്ഞുങ്ങളെ നോക്കുന്ന പക്ഷികളുണ്ട്. പക്ഷേ ഇവരിൽ ഒന്നും “ജൈവബന്ധം”
ഉരുത്തിരിയുന്നില്ല. നീന്താനോ പറക്കാനോ പ്രാപ്തിയായാൽ അച്ഛന്മാർ വിട്ട്പോകും. കോഴിക്കുഞ്ഞുങ്ങളെ
ചിറകിനടിയിൽ സംരക്ഷിക്കുന്ന ചുമതല തള്ളക്കോഴിയുടേതാണ്. ബീജദാതാവായ അച്ഛൻ കോഴി ‘പൂവാലനായി’ വിലസുന്നുണ്ടാവണം. പരിണാമത്തിന്റെ
നിയമമാണത്, “കോഴി” എന്നത് പല സ്ത്രീകളെ പ്രാപിക്കുന്ന മനുഷ്യനു
ഇട്ടുകൊടുക്കുന്ന നികൃഷ്ടവിശേഷണമാണ്. പരിണാമത്തിന്റെ വിധി നടപ്പാക്കാൻ
ശ്രമിക്കുകയാണ് അയാൾ . സ്വത്ത് പകർന്ന് കൊടുക്കൽ, സാമ്പത്തിക ആശ്രിതത്വം എന്നിവ പരിണാമവിധികളിൽ കൈ കടത്തുന്ന നിയമങ്ങളായി
ആണുങ്ങൾ തന്നെ സൃഷ്ടിച്ചതാണ്. തന്റെ സ്വത്തിനവകാശി തന്റേ തന്നെ ക്രോമൊസോമുകൾ
പേറിയവരായിരിക്കണം എന്ന സ്വാർത്ഥബുദ്ധി. ഇവ മാറ്റി നിറുത്തിയാൽ എല്ലാ ആണുങ്ങളും “കോഴികൾ” ആകേണ്ടവരാണ്.
സമ്പദ് വ്യവസ്ഥ മാറിമറിയുമ്പോൾ അച്ഛൻ വെറും
ബീജദാതാവ് മാത്രമാകുന്നു. ഉദാഹരണം മരുമക്കത്തായം. അച്ഛനുമായി “ജൈവബന്ധം” ഒന്നും
ഉരുത്തിരിയുന്നില്ല, അച്ഛൻ ആരെന്നു പോലും
അറിയേണ്ടതില്ല. അച്ഛന്റെ സ്വത്തിൽ അവകാശം
എന്ന രീതി നടപ്പുള്ള ഇൻഡ്യയിൽ മക്കൾ ആജ്ഞാനുവർത്തികളും അച്ഛൻ അധികാരിയും
നിയന്ത്രിതാവും ആകുന്നു. ജൈവബന്ധമുണ്ടെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു.സ്വന്തം
ഭാര്യ പ്രസവിച്ചതെങ്കിലും മറ്റൊരാളുടേതാണ് കുട്ടി എന്നത് അച്ഛനു സഹിക്കാൻ
പറ്റാതാവുന്നു. ഈയിടെ അന്തരിച്ച ഒരു സാഹിത്യകാരി ബീജദാതാവല്ലാത്ത അച്ഛനിൽ നിന്ന് സഹിക്കേണ്ടിവന്ന ഉപദ്രവങ്ങളേയും
പീഡനങ്ങളേയും വെളിപ്പെടുത്തിയത് ഓർക്കുക. അച്ഛനെ ശിശ്രൂഷിക്കുന്ന അവരെ നിരന്തരം
ഓർമ്മിപ്പിച്ചിരുന്നുവത്രേ അയാളുടെ
സ്വത്ത് ഒരിയ്ക്കലും അവർക്ക് നൽകുകയില്ല
എന്ന്.
ഇത്തരം വ്യവഹാരനീതികളാണ് കൃത്യമായി ഒരച്ഛനെ ചൂണ്ടിക്കാണിക്കാനില്ലെങ്കിൽ
ആ ആൾ നികൃഷ്ടതെ അർഹികുന്നതാണെന്നുള്ള സമൂഹകൽപ്പന നിർമ്മിച്ചെടുത്തത്. ‘തന്തയില്ലാത്തവൻ’ എന്ന വിശേഷണം അച്ഛൻ
എന്ന കൽപ്പിതസ്വരൂപത്തിന്റെ നിഴലിൽ വളർന്നവനല്ല, അതുകൊണ്ട് സ്വഭാവദൂഷ്യം പേറുന്നവൻ ആണെന്നും കൃത്യമായി
വിവക്ഷിക്കാനുള്ളതാണ്.ജൈവപരമായ അച്ഛനും സമൂഹപരമായ അച്ഛനും വേർ തിരിയുകയാണിവിടെ.
അച്ഛൻ എന്ന അധീശസ്വരൂപത്തിനു പ്രാമാണ്യം നിർമ്മിച്ചെടുക്കണമെങ്കിൽ അതില്ലാത്തവനെ
(ജൈവപരമായി ഉണ്ടെങ്കിലും) ഇകഴ്ത്തുകയാണ് എളുപ്പം. സമൂഹത്തിൽ പ്രാമുഖ്യവും
അംഗീകാരവും ബഹുമാനവും ഇത്തരം
കൃത്രിമശ്രേണീബന്ധത്താൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യക്തിയുടെ മഹത്വം ആ ആളിന്റെ
അച്ഛൻസ്വരൂപമാണ് നിർണ്ണയിക്കുന്നതത്രേ. പരിണാമം സംഭാവന ചെയ്യാത്ത ആഢ്യസ്ഥാനം
മക്കളെ ചൂണ്ടിക്കാട്ടി നേടുകയാണ്.
പരിണാമവിധികൾക്കെതിരെ
പൊരുതേണ്ടി വരുന്ന, ജൈവബന്ധം എന്ന കൃത്രിമത്വവുമായി
പൊരുതുന്ന ആണുങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി ചുരമാന്തുകയാണ്. അവർ കലിപ്പ്
തീർക്കുന്നത് ആണുങ്ങളായ സ്വന്തം മക്കളെ തല്ലിയും ഭേദ്യം ചെയ്തുമാണ്. പക്ഷേ മനുഷ്യൻ
സമൂഹജീവിയാണ്, സ്നേഹവും വാൽസല്യവും
ആണുങ്ങൾക്കും ഉദ്ദേശിക്കപ്പെടുന്നതാണ്. അതിനുള്ള ഹോർമോണുകളും പേറിയാണ് ആണുങ്ങൾ വിന്യസിക്കുന്നത്.
പ്രായപൂർത്തിയാകാൻ വളരെയേറെ വർഷങ്ങൾ വേണ്ടിവരുന്ന അപൂർവ്വ ജന്തുവാണ് മനുഷ്യർ.
അതുകൊണ്ട് അച്ഛന്റെ സാമീപ്യവും സംരക്ഷണയും നമ്മുടെ സ്പീഷീസിനേയും അതിജീവനത്തിനു
സഹായിക്കുന്നുണ്ട്. അതും പരിണാമത്തിന്റെ നിഷ്ക്കർഷ തന്നെ.
3 comments:
ഇതൊക്കെ എത്രപേർ വായിക്കും എന്ന സങ്കടമേയുള്ളു. അതി മനോഹരം സർ.
സാധാരക്കാർക്ക് ദഹിക്കാൻ പ്രയാസം ഉണ്ടാകാം. പക്ഷേ തുറന്നു പറയാനും ആരെങ്കിലും ഉണ്ടല്ലോ...
Exelo
Post a Comment