ഇനി ഒരിയ്ക്കലും ഒരു തിരിച്ചുപോക്കില്ലാതെ ലോകം മാറിക്കഴിഞ്ഞിരിക്കുന്നു ഇന്റെർനെറ്റിന്റെ സാർവ്വലൗകികതയാൽ. തെങ്ങിന്റെ മണ്ടയിലിരുന്ന് എത്ര തേങ്ങയിടണം എന്ന് സെൽ ഫോണിൽ താഴെ ഉടമസ്ഥനോട് ചോദിക്കുന്നതായുള്ള തമാശ ഇന്റെർനെറ്റ് നമ്മുടെ സാധാരണജീവിതത്തെ എത്രമാത്രം സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ ലളിതോദാഹരണം മാത്രമാണ്. കഴിഞ്ഞ 20 കൊല്ലത്തിനുള്ളീൽ ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഗാഢമായും തീവ്രമായും സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു ഇന്റെർനെറ്റ് സാങ്കേതിക സൗഭാഗ്യങ്ങൾ. ആർക്കും ചേരാം, തുടരാം, സോഫ്റ്റ് വെയർ എഴുതാം, അതിൽ നിന്ന് പണമുണ്ടാക്കാം. ഇന്റെർനെറ്റ് ഇ- മെയിലിലോ ഫെയ്സ്ബുക്കിലോ നെറ്റ്ഫ്ല്ഇക്സിലോ ഒതുങ്ങുന്നില്ല, ദൈനന്ദിന സേവനവ്യവസ്ഥകളായ വൈദ്യുതി പവർ ഗ്രിഡുകൾ, പൊതുഗതാഗതം, ആശുപത്രി സംവിധാങ്ങൾ വരെ ഇന്റ്ർനെറ്റ് വഴിയുള്ള വിവരമാറ്റങ്ങളിൽ അധിഷ്ഠിതമാണ്. അതില്ലെങ്കിൽ നിശ്ചലം ശൂന്യമീ ലോകം എന്ന് പാടുകമാത്രം പോം വഴി.
ഇന്ന് ഇന്റെർനെറ്റുമായി
ബന്ധിപ്പിക്കപ്പെട്ട ഉപകരണയന്ത്രങ്ങൾ
വർദ്ധിച്ചുകൊണ്ടിരിക്കയാണ്. ‘സ്മാർട്’ വാച്ചുകൾ, കാറുകൾ
എന്നിവയൊക്കെ മാത്രമല്ല ഫ്രിഡ്ജ് വരെ ഈ ഇന്റെർനെറ്റ് വലക്കണ്ണികളിൽ പെട്ട്
കിടക്കുന്നു. Internet of Things വീട്ടിലെ
ഉപകരണസാമഗ്രികൾ എല്ലാം ഒന്നോടൊന്ന് വിവരങ്ങൾ കൈമാറി സ്വയം തീരുമാനം എടുക്കുന്ന
ഘട്ടം വരെ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസം മുതൽ ബാങ്കിങ് വരെ ഇന്റെർനെറ്റ് പ്രയോഗരീതികൾക്ക്
അടിമപ്പെട്ടതോടെ ഇങ്ങിനി വരാതവണ്ണം ലോകസമൂഹം മാറപ്പെടുകയായിരുന്നു.
വ്യക്തിസ്വാതന്ത്രത്തിന്റെ അങ്ങേയറ്റദൃഷ്ടാന്തമായ സോഷ്യൽ മീഡിയയുടെ വരവോടെ ലോകത്തോട്
മൊത്തം സ്വന്തം അഭിപ്രായം പറയാനുള്ള സാങ്കേതിക ഇടം സൃഷ്ടിക്കപ്പെടുകയും ഏകലോകം എന്ന ആശയം പ്രായോഗികമായി
സ്ഥാപിക്കപ്പെട്ട
സൈബർ ലോകം ഉദയം ചെയ്യുകയുമായിരുന്നു. ഇത് കഴിഞ്ഞ ഇരുപത് കൊല്ലത്തെ വൻ സാമൂഹിക മാറ്റമായി
കൊണ്ടാടപ്പെടുകയും ചെയ്തു. വാർത്തകളുടേയും വിവരങ്ങളുടേയും പെരുവെള്ളപ്പാച്ചിലിൽ
പകച്ചു നിന്ന ലോകസമൂഹത്തിനു നെല്ലേത് പതിരേത് എന്ന് തിരിച്ചറിയാൻ വയ്യാതായി. മനുഷ്യരെ
സ്വാധീനിക്കാനുള്ള ഉപാധിയായി തൽപ്പരകക്ഷികൾ ഇന്റെർനെറ്റിനെ ഉപയോഗിച്ചു; കൃത്രിമപ്പണികൾ കൊണ്ടും കൗശലങ്ങൾ കൊണ്ടും
ജനാധിപത്യസംവിധാനങ്ങൾ അട്ടിമറിക്കപ്പെട്ടു. റഷ്യയുടെ സഹായത്താൽ തെരഞ്ഞെടുപ്പ് സ്വാധീനിക്കാൻ
ഡൊണാൽഡ് ട്രമ്പ് ശ്രമിച്ചതതും ഇംഗ്ലണ്ടിൽ ബ്രെക്സിറ്റ് തെരഞ്ഞെടുപ്പിലെ
കള്ളത്തരങ്ങളും കഥകളായി നമുക്കിടയിലുണ്ട്. വ്യാജവ്യക്തികളും വ്യാജവാർത്തകളും
സൃഷ്ടിക്കപ്പെട്ടു,
ആഭ്യന്തരകലാപങ്ങൾക്കും വമ്പിച്ച സമൂഹതിരസ്കാരങ്ങൾക്കും വഴിതെളിച്ചു. നൈജീരിയയിൽ
വ്യാജവാർത്തകൾ വൻ കലാപങ്ങൾക്കും മരണങ്ങൾക്കും കാരണമായി, ഫ്രാൻസിൽ കുട്ടികളെ തട്ടിക്കൊണ്ടു
പോകുന്നു എന്ന വാർത്ത സൃഷ്ടിച്ച് റോമ സമുദായക്കാർക്കെതിരെ വൻ അതിക്രമങ്ങൾ
അഴിച്ചുവിടപ്പെട്ടു. മില്ല്യൺ കണക്കിനു രൊഹിൻഗ്യൻ
മുസ്ലീമുകൾക്ക് അഭയാർത്ഥികളായി നാടുവിടേണ്ടി വന്ന് നിത്യനരകത്തിലായതും സോഷ്യൽ
മീഡിയയുടെ കുതന്ത്രങ്ങൾ മൂലം തന്നെ.
ഇന്റെർനെറ്റിന്
.ഇങ്ങനെ അതിന്റേതായ വിപത്തുകളും
പടുകുഴികളും കുടുക്കുകളും ഉണ്ട്. നമ്മളുടെ അരുമയായ സാമൂഹികമൂല്യങ്ങളെ തകർക്കുന്ന
ശക്തികളെ തുറന്നുവിടാനുള്ള ഒരു ഉപാധിയായി മാറി ഈ ഭൂജാല കമ്പ്യൂടർ തന്ത്രം.
രൂപപരമായി അതിനൊരു കേന്ദ്രീകൃതനിയന്ത്രണ ശക്തി ഇല്ല. അതുകൊണ്ട് വ്യാജവിവരങ്ങൾ, കയ്യേറ്റങ്ങൾ, സൈബർ ഭീകരപ്രവർത്തനം ഇതിൽ നിന്നൊക്കെ
നമ്മെ രക്ഷപെടുത്താൻ സാദ്ധ്യമല്ല എന്നതാണ് സത്യം. റഷ്യയും ചൈനയും കൃത്യമായ
വിലക്കുകളിലൂടെ ഒരു പരിധി വരെ ചിലതൊക്കെ സാധിച്ചെടുക്കുന്നുണ്ട്.
വ്യക്തിസ്വാതന്ത്ര്യം അതിരുകടക്കുന്നത്
സ്വാഭാവികമായും ഭരണകൂടങ്ങളെയാണ് വിറളിപിടിപ്പിക്കുന്നത്.പത്രങ്ങളേക്കാളും
റ്റെലിവിഷനെക്കാളും വളരെ മടങ്ങ് തുറസ്സാർജ്ജിച്ചതും സ്വതന്ത്രവും വ്യക്തിഗതവും
അതിവേഗിയും ആയ ഒരു സ്ഥിതിവിശേഷം ഭരണനിയന്ത്രണങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല.
ഇന്റെർനെറ്റിനെ ചെറുക്കുക എന്നതുമാത്രമേ പോംവഴിയുള്ളു 2011 ഇൽ അറബ് വസന്തകാലത്ത്
ഇന്റെർനെറ്റ് പൊട്ടിച്ച് പ്രജകളെ നിയന്ത്രിക്കാനുള്ള ആദ്യശ്രമത്തിനു ലോകം
സാക്ഷിയായി. ഒരു സെൻസർഷിപും നിലവിലില്ലാത്ത രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇത്
പിന്തുടർന്നു. 2018 ഇൽ 196 ഇന്റെർനെറ്റ് നിർമ്മാർജ്ജനം നടന്നു എന്നാണ് കണക്ക്.
ഇതിൽ ഭൂരിഭാഗവും ഇൻഡ്യയിലായിരുന്നു എന്നത് മറ്റൊരു സത്യമാണ്. അതിശക്തമാർന്നതാണ് ഇന്റെർനെറ്റ് പ്രഭാവം. ഇനി
ആർക്കും തോൽപ്പിക്കാൻ സാധിക്കാത്ത വിധം.
സ്വകാര്യത
നഷ്ടപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്തത് ഇന്റെർനെറ്റിന്റെ
ന്യൂനതകളിലൊന്ന് തന്നെയാണ്. നമ്മൾ എന്തു
ചിന്തിക്കുന്നു എന്നത് വ്യക്തമായി നിരീക്ഷിച്ച് കണക്കിൽ കൊള്ളിയ്ക്കുന്ന അദൃശ്യമായ കറുത്ത ശക്തി ഭീതിദം തന്നെ എങ്കിലും
അതിനെ നിർമ്മിച്ച സാങ്കേതിക തന്നെ എതിരിടാനും പ്രാപ്തമാക്കുന്നതാണ്. എന്നാൽ
ഇന്റെർനെറ്റിന്റെ സൗഭാഗ്യങ്ങളാണ് എന്നും എപ്പൊഴും ന്യൂനതകളെക്കാളും മുൻപന്തിയിൽ
നിൽക്കുന്നത്. വൈദ്യുതി പോലെ അദൃശ്യമായിക്കഴിഞ്ഞിരിക്കുന്നു അത്. ഫിറ്റ് ബിറ്റ് പോലെ, വീട്ടിൽ ആരുമില്ലെങ്കിലും താപനില
സ്ഥിരം ക്രമപ്പെടുത്തുന്ന നെസ്റ്റ്
തെർമോസ്റ്റാറ്റ് പോലെ, പുതിയ ആപ്പിൾ
വാച്ചുകൾ പോലെ അദൃശ്യമായി പക്ഷേ ശക്തമായി നമ്മളെ സ്വാധീനിക്കുന്ന ഒരു പ്രതിഭാസമായി
നിലകൊള്ളുകയാണ്. ജീവിതത്തിന്റെ
ഭാഗമായിക്കഴിഞ്ഞിരിക്കുന്നു അത് എന്ന് അറിയാതെ അറിയുന്നു നാം.. അടുത്ത 25
കൊല്ലങ്ങൾ കൊണ്ട് ഇനിയും ഒരു പ്രവാചകരും വിചിന്തനം ചെയ്യാത്ത സാദ്ധ്യതകളിലേക്കും
ഭാവനകളിലേക്കുമാണ് ലോകം ഭ്രമണം ചെയ്ത് നീങ്ങാൻ പോവുന്നത്. നിർമ്മിത ബുദ്ധി (Artificial Intelligence-AI )
ഇന്റെർനെറ്റിനോട് ചേരുമ്പോൾ എന്തെന്തു സൗഭാഗ്യം സാധിക്കാ എന്ന സംശയച്ചോദ്യം
ഉയർന്നുപൊന്തിക്കഴിഞ്ഞു.
വിർച്വൽ ലോകത്തിലേക്ക്
കീബോർഡുകളും മൗസും
സ്ക്രീനുകളും ഇല്ലാത്ത ഒരു ‘വിർച്വൽ’ ലോകമാണ് നമ്മെ കാത്തിരിയ്ക്കുന്നത്.
ഭൗതികലോകത്തിൽ നിന്നും വേറിട്ടു നിക്കുന്ന ഡിജിറ്റൽ ലോകമായിരിക്കില്ല അത്. അവാസ്തവികലോകത്തിനോടൊപ്പം
യാഥാർത്ഥ്യവും ഉണ്മയും കെട്ടുപിണഞ്ഞ അവസ്ഥ.
Augmented
reality കണ്ണടകൾ
ധരിച്ചാൽ ഈ വിർച്വൽ ലോകം നമ്മുടെ മുന്നിൽ തെളിയുകയായി. ഇപ്പോൾത്തന്നെ ഇതിനുള്ള
പ്രാരംഭസാമഗ്രികൾ വിപണിയിലുണ്ട്. ഇനിവരുംകാലം നമുക്ക് കണ്മുന്നിൽ ദൃശ്യങ്ങൾ
തെളിയുകയായിരിക്കും സ്ക്രീനിനു പകരം. ഇപ്പോൾ സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം
കാണുന്ന രീതിയിൽ വായുവിൽ നമ്മൾ എഴുതുകയാണ്. ആവശ്യമുള്ള വിവരങ്ങൾ അവിടെ
തെളിയുകയാണ്. പലേ
സംവർദ്ധനങ്ങൾക്ക് (augmentations)
നമ്മൾ
വരിക്കാരാകുകയാണ്, പല വിവരങ്ങളും
ലഭിയ്ക്കാൻ. ഇപ്പോൾ മാസികകൾക്ക് വരിക്കാരാവുന്നതുപോലെ.
ഇതേ കാര്യം മറ്റൊരു രീതിയിൽ
പ്രാവർത്തികമായേക്കാം. നിങ്ങളുടെ ചിന്തയെ ഇതുമായി കൂട്ടി യോജിപ്പിക്കുന്നത്, ഇപ്പോൾത്തന്നെ നമ്മൾ തീരുമാനിക്കുന്നത്
തലച്ചോറിലേക്ക് ഘടിപ്പിച്ച ഇൽക്ട്രോഡുകൾ വഴി അതുമായി ഘടിപ്പിക്കപ്പെട്ട യന്ത്രങ്ങൾ
പ്രയോഗത്തിലാക്കുന്ന കൗശലങ്ങൾ നിലവിലുണ്ട്.
കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടവർ ഇത്തരം മസ്തിഷ്ക്കബന്ധത്താൽ സ്പെഷ്യൽ
ഒളിമ്പിക്സിൽ പങ്കെടുക്കുക വരെ ഉണ്ടായിട്ടുണ്ട്. മേൽപ്പറഞ്ഞ കണ്ണടകൾക്ക് നിർദ്ദേശം
കൊടുക്കാൻ ഇനി നമ്മൾ വെറുതെ തീരുമാനിച്ചാൽ മതിയായിരിക്കുമോ? സാദ്ധ്യതകൾ ഉണ്ട്. Brain interface എന്ന പ്രതിഭാസം.
ശരീരത്തിൽ ഘടിപ്പിക്കാവുന്ന ഉപകരണങ്ങൾ (devices) പലതും പ്രാവർത്തികമായേക്കാം. തൊലിയ്ക്കടിയിലോ കണ്ണിലോ
ചെവിയിലോ ഇത്തരം ശരീരത്തിനുള്ളിലോ ഇവ നിക്ഷേപിക്കപ്പെടാം, നമ്മുടേ ഡിജിറ്റൽ സ്വത്വത്തിന്റെ വിപുലീകരണമായി.
ഇപ്പോൾത്തന്നെ ഇത്തരം ചെറുയന്ത്രങ്ങൾ
നമ്മൾ എവിടെ ആയാലും ഹൃദയത്തിന്റെ പ്രവർത്തനം ആശുപത്രിയിലെ കമ്പ്യൂട്ടറിൽ
ആലേഖനം ചെയ്യപ്പെടുന്ന തന്ത്രം പ്രാവർത്തികമാണ്.
വിനിമയങ്ങൾ
എഴുതാതെ
എഴുത്ത് എന്നത്
ഇപ്പോൾത്തന്നെ മണ്മറഞ്ഞുപോയിട്ടുണ്ട്. അലെക്സയോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ
കിട്ടുന്നത് ഒരു ജീവിതശൈലി ആയി മാറിയാലോ? ആപ്പിൾ ‘സിറി’ എന്നൊരു
സാമഗ്രിയുമായി എത്തിയിട്ടുണ്ട്. ഇന്റെർനെറ്റിൽ ഇനി പരതേണ്ട, വെറുതെ ചോദ്യങ്ങൾ ചോദിച്ചാൽ മതി എന്നത്
വ്യാപകമാകാനാണു സാദ്ധ്യത. ഒരു സംഭാഷണം മാതിരി. പോൾ ജോൺസിന്റെ “ibiblio” ഇപ്പോൾത്തന്നെ
വൻ വിവരശേഖരമാണ് സ്വരൂപിച്ചിരിക്കുന്നത്. പ്രോജെക്റ്റ് ഗുട്ടെൻബെർഗ് പുസ്തകങ്ങൾ വൻ
തോതിൽ ഡിജിറ്റൽ രൂപത്തിലാക്കിയിട്ടുണ്ട്. ഇത് നവീകരിച്ചെടുത്താൽ പുസ്തകത്തിന്റെ
താളുകൾ നമുക്ക് വായിച്ചുകിട്ടാൻ സാദ്ധ്യതയുണ്ടെന്ന് നെറ്റ് നവോദ്ധാനവിപ്ലവകാരികൾ
അവകാശപ്പെടുന്നു. വിനിമയത്തിനു
വായ്മൊഴികൾ കൂടുതൽ ഉപയോഗിക്കപ്പെടുന്ന കാലം. ഇനിയും പുഴകൾ ധാരാളം ഒഴുകിക്കഴിയുമ്പോൾ ചെവിക്കുള്ളിൽ
ഇംപ്ലാന്റ് ചെയ്ത ചിപ്പുകൾ എല്ലാ കേൾവിയേയും നിയന്ത്രിച്ച് വേണ്ടതു മാത്രം
കേൾക്കുന്ന രീതിയിലേക്ക് എത്താം എന്ന് ഭാവന ചെയ്യുന്നവരുമുണ്ട്. മുപ്പതു വർഷം മുൻപ്
ഭാവന ചെയ്യപ്പെട്ടതു പലതും പ്രാവർത്തികമായതുകൊണ്ട് വെറും സ്വപ്നപദ്ധതിയായി ഇതിനെ തള്ളിക്കളയേണ്ടതില്ല.
വായ്മൊഴിയും augmented
reality തമ്മിൽ
ബന്ധിപ്പിച്ച് നൂതന വിനിമയസങ്കേതങ്ങൾ ആവിഷക്കരിക്കപ്പെടാനും സാദ്ധ്യതകളുണ്ട്. ഒരു പുതിയ ഭാഷ പഠിച്ചെടുക്കുന്നതിനു പകരം “ലൈവ്” തർജ്ജിമ നമ്മൾ കേൾക്കുക മറ്റൊരു നൂതനത്വം. അങ്ങനെ
അറിവ് എന്നത് സർവ്വവ്യാപി ആകുകയും ലോകത്ത് എവിടെയുമുള്ള ഒരാളെ, അയാൾ ആരായാലും എവിടെ ആയാലും പെട്ടെന്ന്
മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുക എന്നത് ആലോചിക്കാവുന്നതാണ്.
തലച്ചോർ തരംഗങ്ങളാൽ വിനിമയം ചെയ്യുക, ഓർമ്മച്ചിപ്പുകൾ കൈമാറ്റം ചെയ്യപ്പെടുക, മറ്റൊരാളുടെ ചിന്തകൾ പിടിച്ചെടുക്കുക
എന്നിവയൊക്കെ സയൻസ് ഫിക്ഷനിൽപ്പെടുത്തുന്ന പതിവ് മാറി വരികയാണ്. നിർമ്മിതബുദ്ധി (artificial intelligence) അപരിമേയ
സാദ്ധ്യതകളുമായിട്ടാണ് അരങ്ങേറ്റം ചെയ്യപ്പെടുന്നത്.
വേഗത ഇനിയും ഇനിയും
ഇന്റെർനെറ്റ് വേഗത
കുത്തനെ ഉയരുകയാണെന്നുള്ളത് സുവിദിതമാണ്. 1984 ഇൽ 300 bps ആയിരുന്നത് 2014 ഇൽ120 Mbps ആയാണുയർന്നത്. ഓരോ വർഷവും 50% ഇൽ
അധികമാണ് ബാൻഡ് വിഡ്തിലുള്ള വളർച്ച. റ്റെലഫോൺ ലൈൻ ആവശ്യമില്ലാതെ വന്നത് വലിയ ഒരു
വിപ്ലവം തന്നെ ആയിരുന്നു, ഇന്ന് കേബിളും
ഒപ്റ്റിക് ഫൈബറുകളും ഒപ്റ്റിക് ചിപ്പുകളും ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. “വൈ ഫൈ” 1999 ഇനു ശേഷം മാത്രം വന്നു കയറിയതാണെന്നുള്ള
തിലെ ആശ്ചര്യം എത്ര പെട്ടെന്നാണ് കണക് ഷൻ കിട്ടുന്നതിലെ വേഗത മാറുന്നു വെന്നതിനു
ആധാരമാണ്. 4G യിൽ നിന്നും 5G യിലേക്ക് മാറിക്കൊണ്ടിരിക്കയാണ് നാം.
കേബിളുകൾ അപ്രത്യകഷമാകുകയും ഇന്റെനെറ്റ് സർവ്വവ്യാപി
ആകുകയും ചെയ്യും എന്നത് 5ജിയുടെ ഒരു പ്രത്യേകതയാണ്. ഉയർന്ന ഫ്രീക്വെൻസിയിലുള്ള
റേഡിയോ തരംഗങ്ങളാണ് ഇതിനു ഉപയോഗിക്കുന്നത്. ലോകക്രമം മാറുന്നതിന്റെ സൂചന. “സ്മാർട് സിറ്റികൾ” താമസിയാതെ പ്രത്യക്ഷപ്പെടും. ആരും
അടുത്തില്ലെങ്കിൽ താനേ അണയുന്ന വിളക്കുകൾ, വായുവിന്റെ ശുദ്ധി നിരന്തരം പരിശൊധിക്കപ്പെട്ട് അപ്പപ്പോൾ
വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംവിധാനം, വെള്ളം നിറയുന്നതിനു മുൻപേ താനേ ഗതിമാറി ഒഴുകുന്ന ഓടകൾ ഇങ്ങനെ
സ്വപ്നതുല്യമായ കാര്യങ്ങൾ സാധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ബാറ്ററി മാറേണ്ടി
വരാത്ത സെൻസറുകൾ ഊർജ്ജം ലാഭിയ്ക്കുകയാണ്, വൈദ്യുതിയുടെ ഉപയോഗം കുറയുകയാണ്. ഉത്പ്പാദനവും വിതരണവും
വർദ്ധിക്കുന്ന ഫാക്റ്ററികൾ, മണ്ണിന്റെ
ഗുണങ്ങളും വ്യതിയാനങ്ങളും കീടങ്ങളുടെ സാന്നിദ്ധ്യവും നിരന്തരം പരിശോധിക്കപ്പെടുന്ന
കൃഷിസ്ഥലങ്ങൾ, കൃഷിക്കാർ
വേണ്ടാത്ത പാടങ്ങൾ ഒക്കെ വിഭവങ്ങളുടെ ലഭ്യത കൂട്ടുകയുമാണ്. താനേ ഓടുന്ന കാറുകൾ തമ്മിൽ “സംസാരിച്ച്” തീരുമാനങ്ങൾ എടുക്കുക മാത്രമല്ല
പോകുന്ന വഴിയെപ്പറ്റി സർവ്വ വിവരങ്ങളും അറിഞ്ഞുകൊണ്ടാണ് നീങ്ങുന്നത്.വിഷവാതകങ്ങൾ
വമിക്കാത്ത അവ ശുദ്ധിയാർന്ന വായു നമുക്ക് സമ്മാനിക്കുന്നു. ശരീരത്തിനുള്ളിലോ
പുറത്തോ ഘടിപ്പിച്ച ചെറു ഉപകരണങ്ങൾ നമ്മുടെ ആരോഗ്യസ്ഥിതിയോ പ്രശ്നങ്ങളോ ഡോക്റ്ററെ
നിരന്തരമായി അറിയിച്ചുകൊണ്ടിരിക്കും.ലോകത്തിന്റെ മറ്റൊരിടത്ത് ഇരുന്ന് പ്രശസ്ത
സർജൻ നിങ്ങളുടെ ഹൃദയ ശസ്ത്രക്രിയ കൈകാര്യം ചെയ്യും, ‘ടെലിസർജറി’ എന്ന പുതുമ. വിർച്വൽ റിയാലിറ്റി പ്രായോഗികസത്യം
ആവുന്ന വേള. വെറും ഭാവനയല്ല ഇത്, ചില രാജ്യങ്ങളിൽ
പ്രാവർത്തികമായിക്കഴിഞ്ഞിരിക്കുന്നു.
ഇനിയും കൂടുതൽ സ്പീഡുമായി 6G
വന്നണയാൻ പോകുന്നു എന്നാണ് വാർത്ത. 5G യേക്കാൾ 100 ഇരട്ടി
വേഗതയായിരിക്കും 6ജിയ്ക്ക്. എന്നുവച്ചാൽ 142 മണിക്കൂറോളം നെറ്റ്ഫ്ലിക്ക്സ് ഡൗൺലോഡ്
ചെയ്യാൻ എടുക്കുന്നസമയം വെറും ഒരു സെക്കൻട് മാത്രം!. Nature
Photonics എന്ന ജേണലിൽ ഒസാക യൂണിവേഴ്സിറ്റിയിലേയും സിംഗപ്പൂരിലെ നാന്യാങ് ടെക്നോളജിക്കൽ
യൂണിവേഴ്സിറ്റിയിലേയും ഗവേഷകർ ഇതിന്റെ പ്രാഥമിക വിവരങ്ങൾ
പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവർ ആവിഷ്ക്കരിച്ച് പുതിയ ചിപ് 11 ഗിഗാബിറ്റ്സ്/സെക്കന്റ്
ഡാറ്റ റെയ്റ്റ് ഉള്ളതാണ്. . 5G യ്ക്ക്
300 ബില്ല്യൺ ആവർത്തികൾ ഒരു സെക്കന്റിൽ ട്രാൻസ്മിറ്റ് ചെയ്യാമെങ്കിൽ 6G ഒരു ട്രില്ല്യൺ ആവർത്തികൾ ആയിരിക്കും സമ്പ്രേഷണം ചെയ്യുന്നത്. 8,000 ഗിഗബിറ്റ്സ്/സെക്കന്റ്
വേഗത കൈകാര്യം ചെയ്യാൻ സാധിക്കും എന്നാണ് ചില വിദഗ്ധർ അനുമാനിയ്ക്കുന്നത്.
സിലിക്കോൺ കൊണ്ട് മാത്രമാണ് ഈ ചിപ്പ് നിർമ്മിയ്ക്കുന്നത്, ത്രികോണാകൃതിയിലുള്ള ദ്വാരങ്ങളോട് കൂടിയത്.
ഒരു ടെട്രാഹേർട്സ് യാതൊരു
തെറ്റ്കുറ്റങ്ങളുമില്ലാതെ അയയ്ക്കാൻ സാധിക്കുമെന്ന് ഈ ഗവേഷകർ ഇപ്പോൾത്തന്നെ
തെളിയിച്ചു കഴിഞ്ഞു. ടെട്രാഹേർട്സ് തരംഗങ്ങൾ ഇൻഫ്ര റെഡ് ഇനും മൈക്രോ വേവ്സിനും
ഇടയ്ക്കാണ് . ഇവ നിർമ്മിച്ചെടുക്കുന്നതും സമ്പ്രേഷണം ചെയ്യുന്നതും എളുപ്പമല്ല.
മേൽപ്പറഞ്ഞ ഗവേഷണ സംഘം photonic topological insulators (PTIs) എന്നൊരു വസ്തുവാണ് ഇതിനു ഉപയോഗിച്ചത്.
ഓസ്റ്റ്രേലിയയിൽ ഇതിനു സമാന്തരമായി optical
chips നിർമ്മിച്ചെടുത്തു കഴിഞ്ഞിട്ടുണ്ട്. ഉദാഹരണമായിട്ട് അവർ
എടുത്തുകാണിയ്ക്കുന്നത്1000 ഹൈ ഡെഫിനിഷൻ സിനിമകൾ ഒരു സെക്കന്റ് പോലുമെടുക്കാതെ
ഡൗൺലോഡ് ചെയ്യാൻ പറ്റുമെന്ന കാര്യമാണ്. 44.2 റ്റെറാബിറ്റ്സ് /സെക്കന്റ് ആണ് ഒരു
പ്രകാശകേന്ദ്രത്തിൽ നിന്നും ഉളവാക്കുന്ന വേഗത. മൊണാഷ്-സ്വൈൻബേൺ
യൂണിവേഴ്സിറ്റികളൂടെ സം യുക്തപ്രവർത്തഫലം
ആണിത്. ലാബിൽ പരീക്ഷിക്കപ്പെടുന്ന നില കൈവിട്ട് പ്രായോഗികമായി ജനങ്ങളിൽ എത്തിച്ചു
കഴിഞ്ഞിരിക്കുന്നു എന്നതാണ് പ്രത്യേകത. 80 ലേസറുകൾക്ക് പകരം ഒരേഒരു “മൈക്രോ കോംബ്” (micro-comb) ഉപയോഗിച്ചു എന്നതും
പുതുമയാണ്. നിലവിലുള്ള സാങ്കേതികവ്യവസ്ഥ ഉപയോഗിച്ചു
തന്നെ ഇത് സാദ്ധ്യമാക്കിയിട്ടുണ്ട്.
5G യുടെ ഉപയോഗം
പ്രധാനമായും കൂടുതൽ ഡാറ്റാ പ്രത്യേകിച്ചും വീഡിയോകൾ തൽസമയത്തു തന്നെ ദൂറരെ
എത്തിക്കുകഎന്നതാണ്. ഡ്രോണുകൾ നൽകുന്ന വീഡിയോകൾ സ്വരൂക്കൂട്ടനും ഈ പുതീയ തന്ത്രം
വൻ രീതിയിൽ ഉപയോഗപ്പെടും. 6G ആകുമ്പോൾ ഈ സാദ്ധ്യതകളുടെ വ്യാപ്തി കൂടുകയാണ്.
കൃത്രിമ ബുദ്ധിപ്രയോഗങ്ങൾ പാടേ മാറിമറിയാൻ പോകുകയാണ് ഇതുമൂലം. Internet of
Things സാമഗ്രികളിലും പ്രയോഗരീതികളിലും വിപ്ലവം സൃഷ്ടിക്കപ്പെടും.
2030 കളിലായിരിക്കും 6G പ്രാവർത്തികമാകുന്നത്. ഓരോ പത്തുകൊല്ലം വീതമാണ് വേഗത കൂട്ടുന്ന
നൂതനത്വം ഉളവാകുന്നത്. 3G 2000 കളിൽ, 4G 2010 കളിൽ, 5G 2020 കളിൽ, 6G 2030 കളിൽ എന്ന രീതിയിലാണ് മുൻപോട്ടുള്ള ഗതി. 2045 ഇൽ ഇപ്പോൾ വിഭാവനം ചെയ്യാൻ
സാദ്ധ്യതയില്ലാത്ത രീതിയിലാണ് ആവിഷ്ക്കാരങ്ങളുടെ കുതിപ്പ്. ഭാവിയിൽ സംഭവിക്കാൻ പോകുന്നത് ഇങ്ങനെ ചുരുക്കാം:
·
2030 ആകുമ്പോൾ 20,000 മനുഷ്യമസ്തിഷ്ക്കത്തിൽ സംഭരിച്ചു വച്ചിരിക്കുന്ന വിവരങ്ങൾ ഒരു മൈക്രൊ-SD card ഇൽ ഒതുക്കാറാകും
·
2040 കളിൽ ഒരു മൈക്രൊ-SD card (അല്ലെങ്കിൽ തത്തുല്ല്യമായത്) 500 ബില്ല്യൺ ഗിഗാബൈറ്റ്സ് സംഭരിക്കുന്നവ
ആയിരിക്കും. ഇത് 2009 ഇൽ ആകെയുണ്ടായിരുന്ന ഇന്റെർനെറ്റ് ഉള്ളടക്കമാണ്.
·
2050 കളിൽ -ഇന്നത്തെ നില തുടർന്നാൽ- ഒരു
മൈക്രോ-SD card (അല്ലെങ്കിൽ തത്തുല്ല്യമായത്) ന്റെ
സംഭരണശേഷി ആകെയുള്ള മനുഷ്യകുലമസ്തിഷ്ക്കത്തിന്റെ മൂന്നിരട്ടി ആയിരിക്കും.
ക്വാണ്ടം കമ്പ്യൂട്ടറുകൾ പ്രായോഗികതയിൽ എത്തിച്ചേരുന്ന നാളുകളാണ്
ഇനിയുള്ളത്. ഹാക്കിങ് എന്നത് അപ്രത്യക്ഷമാകുകയാണ് ക്വാണ്ടം സംവേദനത്തിൽ. സങ്കീർണ്ണമായ കെട്ടുപിണച്ചിൽ (entanglement) ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സ്വഭാവമാണ് ഹാക്കർമാർ ഇതിൽ കൈവച്ചാൽ ഉടൻ
പിടിയ്ക്കപ്പെടും.ക്വാണ്ടം ഇന്റെർനെറ്റിൽ ഒരു “node” മറ്റൊന്നുമായി
കെട്ടുപിണയുന്നതിനാൽ ഇതിനിടയ്ക്കുള്ളതൊന്നും ‘decode’ ചെയ്യാൻ സാദ്ധ്യമല്ലാതെ വരുന്നു. നിലവിലുള്ള ഇന്റെർനെറ്റിനു ബദലായി
വരുന്നില്ല ക്വാണ്ടം ഇന്റെർനെറ്റ് എങ്കിലും ടെലികോം കമ്പനികളുടെ ബിസിനെസ് പദ്ധതികൾ
നൂതനരീതിയിൽ ക്രമീകരിക്കപ്പെടുകയാണ്.
സാമൂഹികമാറ്റങ്ങൾ,
നഷ്ടപ്പെടുന്ന സ്വകാര്യതകൾ
വിലകുറഞ്ഞത, വേഗമേറിയ, കൂടുതൽ പ്രവർത്തനയുക്തമായ സംവേദനങ്ങൾ സാദ്ധ്യമാകുകയാണ്
ലോകത്തെമ്പാടും. ലോകസഹകരണം എന്നത് എളുപ്പമാവുകയാണ് ഇതോടെ, പുതിയ സാമ്പത്തികമാറ്റങ്ങൾക്ക് സാദ്ധ്യതയേറുകയുമാണ്.
പ്രത്യേകാനുകൂല്ല്യസിദ്ധികളുള്ളവർക്ക് മാത്രം വിധിക്കപ്പെട്ടതായിരിക്കില്ല
ബിസിനെസ് സംരഭങ്ങൾ. വളർന്നു വരുന്ന ആഗോളസാമ്പത്തികരംഗത്ത് ആർക്കും പങ്കാളികളാകാൻ
സാദ്ധ്യതയേറുകയാണ്. ബൃഹുത്തും അതിവൈപുല്യമിയന്നതുമായ വിദ്യാഭ്യാസരംഗം ഉടലെടുത്തു കൊണ്ടിരിക്കുന്നത് ഇനിയും വികാസം
പ്രാപിക്കാൻ പോകയാണ്. ഇപ്പോൾത്തന്നെയുള്ള Khan Academy, Udacity, Coursera ഒക്കെ വിദ്യാഭ്യാസം ആർക്കും എവിടെയും എപ്പോഴും ലഭ്യമാകുന്നു എന്ന് മാത്രല്ല
ഉളവായിക്കൊണ്ടിരിക്കുന്ന വേഗതയും ഘനമാർന്ന ഉള്ളടക്കവും ശതഗുണീഭവിക്കപ്പെടുകയാണ്.
ജനാധിപത്യസംവിധാനത്തിൽ ഡിജിറ്റൽ പെരുമാറ്റത്തിന്റെ അനുരണനങ്ങൾ കാണപ്പെടും
എന്നാണ് വിദഗ്ധാഭിമതം. മാറിയ ആശയവിനിമയ പ്രകരണനങ്ങൾ സാമൂഹ്യക്രമത്തെ തീർച്ചയായും
ബാധിയ്ക്കും. മനുഷ്യസംയോഗകത (human
connectivity) കൂടുന്നതനുസരിച്ച്
പാരസ്പര്യത്തിൽ വരുന്ന മാറ്റങ്ങൾ രാഷ്ട്രീയത്തേയും സമഷ്ടിചിന്ത (collective thought)യേയും
ബാധിക്കുന്നതാണ്. ജനാധിപത്യസ്ഥാപനങ്ങളെപ്പറ്റി പുനർവിചിന്തനം ഇതിന്റെ ഒരു പരിണതി
ആയി ഉളവാകാൻ സാദ്ധ്യതയുണ്ട്.പരിസ്ഥിതിയുമായി ഘടിപ്പിക്കപ്പെടാൻ ഇടയാകും ഡിജിറ്റൽ
ഉപകരണങ്ങളുടെ വൻ വിനിയോഗവും –പ്രത്യേകിച്ചും Internet of
Things വഴി-വിവരശേഖരങ്ങളും. ഇത് അവനവനെക്കുറിച്ചും
ചുറ്റുപാടുകളെക്കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കുന്നത് പോളിസിയിൽ മാറ്റങ്ങൾ
വരുത്താൻ നിമിത്തങ്ങളാകുകയാണ്.സമൂഹപരവും പൗരധർമ്മശാസ്ത്രപരവും (civic) ആയ ഇടപെടലുകൾ ഭരണകൂടനിയന്ത്രങ്ങളിലും സ്വാധീനവ്യതിയാനങ്ങളിലും
എത്തിച്ചേർന്നേയ്ക്കാം. വ്യവസായികവിപ്ലവം ഇത്തരം ഒരു ഘട്ടം ഉളവാക്കിയത്
ചരിത്രരേഖയായി നമ്മുടെ മുന്നിലുണ്ട്.
ഓരോ ഡിജിറ്റൽ ഉപകരണങ്ങളുമായി നിങ്ങൾ ബന്ധപ്പെടുമ്പോൾ നിങ്ങളുടെ
സ്വകാര്യജീവിതം കുറേശ്ശേ ഇല്ലാതാവുകയാണ്. എളുപ്പമാവുന്ന കാര്യങ്ങൾക്ക് നമ്മൾ
കൊടുക്കുന്ന വില. നമ്മുടെ സ്വഭാവരീതികളും അഭിലാഷങ്ങളും മനസ്സിലാക്കിയെടുത്ത ‘ഡിജിറ്റൽ അന്യൻ’ നമുക്ക് വേണ്ടത് പ്രത്യേകം
കൊണ്ടെത്തരികയാണ്. ഇതോടെ കമ്പനികൾ പരസ്യങ്ങൾ നിർമ്മിക്കുന്നതും മാർകെറ്റിങ്
ചെയ്യുന്നതും പാടേ മാറുകയാണ്. വ്യക്തിപരവും ചെറുതും ആകുകയാണ് അവ. നിങ്ങൾക്ക്
വേണ്ടി മാത്രം ഒരു വിർച്വൽ ഷോപ്പിങ് അസിസ്റ്റന്റ് ഒപ്പം ഉണ്ടാവും. നമ്മൾക്ക് നമ്മുടെ
മേലുള്ള പരമാധികാരം കൈവിട്ടു പോകുകയാണ്. പകരം അനായാസത, ചെറുസുഖസൗകര്യങ്ങൾ!
ലോകത്തിന്റെ എല്ലാകോണുകളിലും ഇന്റെർനെറ്റ്
ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. “ബിഗ് ഡാറ്റാ” എന്നത് നിർവ്വചനങ്ങൾക്കപ്പുറം വളർന്നിട്ടുമുണ്ട്. 2025 ഇൽ “Exascale” കമ്പ്യൂട്ടർ പ്രാവർത്തികമാക്കൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുന്നു. 2015 തുടക്കമിട്ടതാണിത്. ഒരു “exaFLOPS” അല്ലെങ്കിൽ ബില്ല്യൻ ബില്ല്യൻ
കണക്കുകൂട്ടലുകൾ ഒരു സെക്കന്റിൽ സാദ്ധ്യമാവുന്ന വിദ്യയാണിതിലുള്ളത്. 2045 ഇൽ
ഇത്തരം കമ്പ്യൂട്ടറുകൾ എന്തൊക്കെ സാധിച്ചെടുക്കുമെന്ന് പ്രവചിക്കാൻ സാധിക്കുകയില്ല, ഊഹിക്കാനേ നിവൃത്തിയുള്ളു. ഇന്ന് 90% വും ഇന്റെർനെറ്റ് സഞ്ചാരങ്ങൾ വീഡിയോകൾ
ഉൾപ്പെട്ടതാണ്. ഇന്റെർനെറ്റ് ഇതിനുവേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടതല്ല എന്നത്
വിരോധാഭാസമായി നിലകൊള്ളുന്നു. സ്ഥിരതയും ഈട്നിൽപ്പും (durability) പരിപാലിക്കേണ്ടത് അത്യാവശ്യമാണ്, ഇത് ഒരു വെല്ലുവിളി
ആയിരിക്കും വരും കാലങ്ങളിൽ.
കീബോർഡുകളിൽ തുടങ്ങി, ‘മൗസ്’ഉം വയറിങ്
വേണ്ടാത്ത മൗസും ഒക്കെ വന്ന് ഹൈപർലിങ്കുകളിൽക്കൂടി മനുഷ്യനുമായുള്ള വ്യവഹാരം പലരീതിയിൽ
പുരോഗമിച്ചിട്ടുണ്ട്. Speech recognition പുതുമയേ
അല്ലാതായിരിക്കുന്നു. മലയാളത്തിൽ കമ്പ്യൂട്ടറിനോട് സംസാരിച്ചാൽ അത് എഴുതിവരുന്നതും
പഴമക്കാരിൽ മാത്രമേ ആശ്ചര്യം ജനിപ്പിക്കുന്നുള്ളു.. മസ്തിഷ്ക-കമ്പ്യൂട്ടർ
സമ്മേളനങ്ങൾ (Brain-computer interface) നമ്മളെ ഒരു ഫാന്റസി
ലോകത്തെത്തിയപോലെ തോന്നിപ്പിച്ചെങ്കിൽ 2045 ഇൽ ഇത് ദൈനംദിനചര്യാനിബന്ധന ആയി
മാറിയേക്കാം. സെൻസറുകൾ നമുക്ക് തരുന്ന വിവരങ്ങൾ വർഗ്ഗമാനാനുപാതത്തിൽ (logarithmic
scale) വർദ്ധിക്കുകയാണ്. നമ്മുടെ വസ്ത്രത്തിൽ ഘടിപ്പിക്കുന്ന
സെൻസറുകൾ വന്നു കഴിഞ്ഞിരിക്കുന്നു, ഇവ ഇനി കണ്ണിൽ
ഘടിപ്പിക്കുന്നവയായും മാറി വന്നാൽ ഞെട്ടേണ്ടതില്ല. നിങ്ങളുടെ സമഗ്രവിവരങ്ങളും
അടങ്ങുന്ന മൈക്രൊചിപ്പുമായി ലോകം മുഴുവൻ അച്ചടിച്ച പാസ്പോർടില്ലാതെ കറങ്ങാം, ഏത്ആശുപത്രിയിലും നിങ്ങളുടെ ആരോഗ്യചരിത്രം പ്രത്യക്ഷമായേക്കാം. 3ഡി പ്രിന്റിങ് വഴി സൂക്ഷ്മ സെൻസറുകളോ
മൈക്രോചിപ്പുകളോ ട്രാൻസ്മിറ്ററുകളോ കടലാസിൽ അച്ചടിച്ച് വന്ന് അവ സന്ദേശങ്ങൾ
ഗ്രഹിക്കുയും വിതരണം ചെയ്യുകയും ചെയ്യുന്നത് ഇനി കാണാനിരിക്കുന്നതേ ഉള്ളു.
നടപ്പാതകളിൽ പതിപ്പിച്ച സെൻസറുകൾ നമ്മുടെ കയ്യിലെ ഡിവൈസുമായി സംവദിച്ച് ആ പ്രദേശത്തെക്കുറിച്ചുള്ള
സമഗ്രവിവരങ്ങൾ കൈമാറിയേക്കാം. പലേ
ഉപകരണങ്ങൾക്കും ഇലക്ട്രിക് വയറുകൾ അപ്രത്യക്ഷമായേക്കാം. റോബോടുകളും നിർമ്മിതബുദ്ധിയും ഏറ്റെടുത്ത ലോകത്തിൽ ജോലിസാദ്ധ്യത
കുറയുന്നതിനെപ്പറ്റി യുവൽ നോവ ഹരാരി വ്യക്തമായി എഴുതിയിട്ടുണ്ട്.
സമത്വസുന്ദരഭാവിയോ?
ശുഭാപ്തിവിശ്വാസം തെല്ലല്ല ഇന്റെർനെറ്റ്
സമ്മാനിച്ചിരിക്കുന്നത്. കൂട്ടായ്മ, ഒത്തൊരുമ, പൊരുത്തം, ഐക്യം , അയത്നലളിത ആശയവിനിമയം, സ്വച്ഛന്ദം ഒഴുകുന്ന വിവരങ്ങൾ, കൂടുതൽ സൗകര്യങ്ങൾ ഇതെല്ലാമോടൊപ്പം ആരോഗ്യം തികഞ്ഞ ലോകം ഒക്കെ ഭാവിയിൽ
ഇന്റെർനെറ്റ് പ്രദാനം ചെയ്യും എന്ന സുഖചിന്ത പ്രബലമാണ്. പക്ഷേ ആപത് സൂചനകളും
കരുതലുകളും യോഗ്യതനേടലും അത്യാവശ്യമായി ഇതോട് ചേർക്കേണ്ടതുണ്ട്. യൗവനകാലം
കഴിഞ്ഞിട്ടില്ല ഇന്റെർനെറ്റിനു ഇതുവരെ. വർഷങ്ങളെടുക്കും പ്രായപൂർത്തിയുടെ
ലക്ഷണങ്ങൾ കാണിയ്ക്കാൻ. സാങ്കേതികത വളരുന്നതനുസരിച്ച് തെറ്റുകുറ്റങ്ങൾക്ക്
വശംവദമാകാൻ സാദ്ധ്യതയും കൂടുകയാണ്. ഭരണകൂടങ്ങൾക്ക് ഒറ്റയ്ക്കൊറ്റയ്ക് കൈകാര്യം ചെയ്യാൻ
പ്രാപ്തിയില്ലാത്തവിധം സങ്കീർണ്ണമാണ് സാങ്കേതികതയുടെ മുന്നേറ്റം. ലേഖനത്തിന്റെ
ആദ്യം സൂചിപ്പിച്ചതുപോലെ ദുഷിപ്പിക്കപ്പെടാൻ ഏറെ സാദ്ധ്യതകളുള്ള വാതാവരണം. കൂടുതൽ
സാങ്കേതികതയിൽ പെട്ടുപോയ പൗരനെ അതിനനുസരിച്ച് ഭരണകൂടങ്ങൾ ചൂഷണം ചെയ്യുകയും
മേലധികാരം കൈക്കൊള്ളുകയുമില്ലെ? ശേഖരിക്കപ്പെട്ട വിവരങ്ങൾ എന്നും
സ്വതന്ത്രമായിരിക്കുമോ? സ്വകാര്യത
അടിയറവ് വെച്ചവനു എന്തു സ്വാതന്ത്ര്യം? ഉപകാരപ്രദമായ സാങ്കേതിക
മുന്നേറ്റങ്ങൾ ഉപയോഗിച്ചു കൊണ്ട് തന്നെ മനുഷ്യനെ കൊന്നൊടുക്കാൻ ശ്രമിക്കുന്ന
ചരിത്രപാരമ്പര്യമാണ് നമ്മുടേത് എന്നത് മറക്കേണ്ട. റൈറ്റ് സഹോദരന്മാർ വിമാനം
കണ്ടുപിടിച്ചപ്പോൾ പെന്റഗൺ ഓടിച്ചെന്ന് അവരുമായി കരാറിലേർപ്പെട്ടത് ഉയരെ പറക്കുന്ന
ഒരു വാഹനത്തിൽ നിന്ന് താഴേയ്ക്ക് ബോംബ് ഇട്ടാൽ ഒരുപാട് പേരേ ഒറ്റയടിക്ക്
കൊല്ലാമല്ലോ എന്ന ദുഷ്ടലാക്കോടെയാണ്.
സുതാര്യമായ ഒരു ലോകം അഭിലഷണീയമാണെങ്കിലും ന്യൂനതകൾ
ഏറെയുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ട്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പാസ് വേഡുകൾ വരെ
അന്യനു ലഭിയ്ക്കാവുന്നതാണ് എന്നത് നമുക്ക് നമ്മുടേതായി ഒന്നുമില്ല എന്ന അവസ്ഥയിൽ
കൊണ്ടുചെന്ന് എത്തിയ്ക്കുകയാണ്. എന്നാൽ
ഇന്നത്തെലോകം കെട്ടിപ്പടുത്തിരിക്കുന്നത് അവനവനു സ്വന്തമായി, പലതിന്റേയും ഉടമസ്ഥാവകാശമുള്ളതായുള്ള തോന്നലിന്മേലാണ്. അതില്ലാതാവുക എന്നത്
ആത്മസംഘർഷത്തിലാണ് എത്തിയ്ക്കുന്നത്.
ഇന്റെർനെറ്റ് ‘ഡാറ്റാ’ (വിവരങ്ങൾ) എന്ന
പെട്രോളിൽ ഓടുന്ന വണ്ടിയാണ്. നിരന്തരം മാറിമാറിപ്പൊവുന്ന മാനദണ്ഡങ്ങളും മാതൃകകളും, പ്രത്യേകിച്ചും സ്വകാര്യത, സുരക്ഷിതത്വം, വിശ്വാസ/ആശ്രയങ്ങൾ, ധാർമ്മികവും നീതിശാസ്ത്രപരവുമായ കാര്യങ്ങൾ എന്നിവയുമായി ഒരു സന്തുലിതാവസ്ഥയിൽ
എങ്ങനെയെത്തും എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വിന്റ് സെർഫ് എന്ന ഇന്റെർനെറ്റ് ഇവാൻജെലിസ്റ്റ്
“ഇന്റെർനെറ്റിന്റെ പിതാവ്” എന്നറിയപ്പെടുന്നത് ഇപ്പോൾ
ഗൂഗീളിൽ ഉള്ള Vint Cerf ആണ്. 1969 ഇൽ 26 ആം വയസ്സിൽ ഈ പയ്യൻ കമ്പൂട്ടറിൽ നിന്ന് ഒരു സന്ദേശം അയച്ച് തുടക്കം
കുറിച്ചു. 1973 ഇൽ ആണ് അമേരിക്കൻ ഡിഫെൻസ് ഡിപാർറ്റ്മെന്റിനു വേണ്ടി കമ്പ്യൂട്ടറുകൾ
തമ്മിൽ ഇദ്ദേഹം ബന്ധപ്പെടുത്തിയത്. “ഇന്റെർനെറ്റ്” എന്ന വാക്കും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഒരിയ്ക്കലും സ്വപ്നം കാണാത്ത
രീതിയിൽ ലോകം കീഴടക്കുന്ന അതിശക്തിയായി മാറിയതിനെക്കുറിച്ച് ഇപ്പൊഴും
ആശ്ചര്യപ്പെടുന്നു വിന്റ് സെർഫ്. ഇന്റെർനെറ്റിന്റെ ക്ഷിപ്രവശംവദത്വ
(vulnerability)ത്തെക്കുറിച്ച് ആകുലനാണ് അദ്ദേഹം. 50
കൊല്ലത്തിനു ശേഷം അദ്ദേഹം വിഭാവനം ചെയ്യുന്നത് ഇതാണ്: “അന്നും ഇന്റെർനെറ്റ് എന്ന പേരിൽ അറിയപ്പെടാം, പക്ഷേ പൂർണ്ണമായും
വിഭിന്നമായിരിക്കും. സാർവ്വലൗകികമായ കണക്ഷനുകൾ കാണും, പക്ഷേ തീർത്തും അദൃശ്യമായിരിക്കും അത്. ലോകത്തിലെവിടെയും ലഭ്യമായിരിക്കുന്ന
ഇന്റെർനെറ്റ് വൻ സാറ്റലൈറ്റ് യൂഥങ്ങൾ സമ്മാനിയ്ക്കുന്നതായിരിക്കും. ഇപ്പോൾത്തന്നെ
ചൊവ്വയിലെ റോവറുമായി ഇന്റെർനെറ്റ് കണക് ഷനുണ്ട്. ഒരു സംശയവുമില്ല, 50 കൊല്ലം കഴിയുമ്പോൾ നമ്മൾ ഗ്രഹങ്ങൾ തമ്മിലുള്ള നെറ്റ് വർക്ക് (Interplanetary
network) നടപ്പിലാക്കിയിട്ടുണ്ടാകും.”
6 comments:
മാധവിക്കുട്ടിക്ക് ആദ്യമായി മൊബൈൽ ഫോൺ കിട്ടിയപ്പോൾ അവർ പറഞ്ഞതു പോലെ; "എല്ലാം ഭഗവാൻ്റെ ലീലാവിലാസം!" അല്ലാതെന്ത് പറയാൻ!
👌
ജനിതകഘടന വായിച്ച് രോഗം ഭേദമാക്കുന്ന പുതു രുപം സാധ്യമാക്കാൻ താങ്കൾ ശ്രമിക്കൂ
അനന്തമജ്ഞാതം അവർണ്ണനീയം ......
ശ്ശോ..... എന്തോരം മാറ്റം ആണല്ലേ 🤔
Malayalam kollam..
Post a Comment