Monday, April 11, 2011

വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും



ഒരു വിഷു കൂടി കടന്നു പോകുന്നു.

പണ്ടത്തെ വിഷുവല്ല ഇന്നത്തെ വിഷു. ഓണവും വിഷുവും മതനിരപേക്ഷമായ ഉത്സവങ്ങളാണെന്നുള്ള അഭിമാനം പ്രത്യക്ഷമാക്കി മറ്റു സംസ്ഥാനക്കരുടെ ഇടയില്‍ ഞെളിഞ്ഞിരുന്നു മലയാളി. എന്നാൽ മാനവീകമായിരുന്ന, സാര്‍വലൗകിക പ്രതിച്ഛായയുണ്ടായിരുന്ന വിഷു ഒരു ദൈവത്തിന്റേതു മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്ന്.

എന്നാൽ ഇത്തരം ആശങ്കകൾ ഇല്ലാ‍ാതാകുന്ന പൊതു സാംസ്കാരികചിഹ്നങ്ങളെക്കുറിച്ചാണെങ്കിലും ചരിത്രത്തിൽ സംഭവിക്കുന്ന അധിനിവേശങ്ങളൂടെ പട്ടികയിൽ ഒന്നായി തള്ളിക്കളയാൻ എളുപ്പമല്ല. കാലത്തിന്റെ ദിശാസൂചികള്‍ ആചാരങ്ങള്‍ ശീലങ്ങള്‍, ജീവിതഘടനകള്‍ ഇവയിലൊക്കെ പുതിയ മുഖപടം തയ്ച്ചിടും."തനിമ“ എന്നത്‌ കൂടു വിട്ട്‌ കൂടു മാറുന്ന സംസ്കാരചിഹ്നങ്ങളുടെ ഒരു ഫ്ലാഷ്‌ പോയിന്റിലെ നിശ്ചലമാക്കപ്പെട്ട ദൃശ്യമാണ്‌. സൂക്ഷ്മരൂപത്തില്‍ തനിമയ്ക്ക്‌ ഏറെ പഴക്കം കാണുമെങ്കിലും ബാഹ്യരൂപത്തില്‍ അതു ക്ഷണപ്രഭാചഞ്ചലമാണ്‌. ഈ തത്ത്വപ്പഴുതിൽക്കൂടെ കയറിപ്പറ്റാൻ ശ്രമിക്കുന്നത് മതങ്ങളുടെ കയ്യേറ്റസ്വഭാവമാണ്. വിഷുവിൽ ശ്രീകൃഷ്ണൻ വന്നു കയറിയത് അതീവ തന്മ്മയത്വത്തോടെയാണ്.

വിഷുവിന്റെ സാംഗത്യം വിളവെടുപ്പിന്റെ മഹോല്‍സവത്തിലും ജീവജാലങ്ങളുടെ നിത്യതയ്ക്കു പ്രദാനമായ സൂര്യന്റെ രാശിപ്പകര്‍ച്ച കുറിച്ചുവയ്ക്കപ്പെടലിലുമാണ്‌. അതിജീവനത്തിനാധാരമായ വസ്തുക്കളുടെ പ്രതിരൂപാത്മകമായ നവ്യദര്‍ശനം ആണ്‌ വിഷുക്കണി. ദര്‍ശനത്തിന്റെ അര്‍ത്ഥവ്യാപ്തി കണ്ണാടിയുടെ സാന്നിധ്യത്താല്‍ വിസ്‌ തൃതമാക്കപ്പെടുന്നുമുണ്ട്‌. സമ്പത്ത്‌ അടുത്ത തലമുറയിലേക്കു കൈമാറ്റംചെയ്യപ്പെടുന്നതിന്റേയും അതിന്റെ ഉത്തരവാദിത്തതിന്റെ നിഷ്കര്‍ഷയുടേയും "ടോക്കണ്‍" ആണ്‌ വിഷുക്കൈനീട്ടം. ഈ സിംബോളിക്‌ കൃത്യദൃശ്യത്തിനിടയിലാണ്‌ കഴിഞ്ഞ ഒരു ഇരുപതുകൊല്ലത്തിനിടയില്‍ ശ്രീകൃഷ്ണപ്രതിമ പ്രതിഷ്ഠിക്കപ്പെട്ടത്‌.

കത്തിച്ചുവച്ച നിലവിളക്കിനുമുന്‍പില്‍ നാമം ചൊല്ലലാണ്‌ ഒരു മലയാളി ഹിന്ദുവിന്റെ വീട്ടിലെ ആരാധനാക്രമം. 60-കളോടു കൂടിയാണ്‌ ശിവകാശി കലണ്ഡര്‍ ചിത്രങ്ങള്‍ കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ കാണപ്പെട്ടു തുടങ്ങിയത്‌. ചില്ലിട്ട ദേവരൂപങ്ങള്‍ നൂല്‍ക്കമ്പിയാല്‍ ബന്ധിക്കപ്പെട്ട്‌ 45 ഡിഗ്രിയില്‍ ചെരിഞ്ഞ്‌ പൂമുഖങ്ങളില്‍ ഭിത്തിയ്ക്കും സീലിങ്ങിനുമിടയ്ക്കു സ്ഥാനം പിടിച്ചു. നിലവിളക്കിനടുത്തൊന്നും അത്രയ്ക്കെത്തിയില്ല. ചെറിയ പ്രതിമകള്‍ ഷോ കേസില്‍ ഇരുന്ന്‌ അതിഥികള്‍ക്കു സ്വാഗതമരുളിയതല്ലാതെ നാമം ചൊല്ലല്‍ വേദിയിലേയ്ക്കെത്തി നോക്കിയതു പോലുമില്ല. വടക്കെ ഇന്ത്യയില്‍ യാത്ര പോയവര്‍ ബിര്‍ളാ മന്ദിരത്തിലും മറ്റും ഗര്‍ഭഗൃഹത്തില്‍ മാര്‍ബിളില്‍ തീര്‍ത്ത അലങ്കരിച്ച വിഗ്രഹങ്ങള്‍ കണ്ട്‌ ഈശ്വരാരാധന ഇങ്ങനെയോ എന്നു അദ്ഭുതം കൂറി. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പെരുകിയപ്പോള്‍ "പൂജാമുറി"എന്ന പരിഷ്കാരത്തളത്തിലേക്കു ചിലപ്പോള്‍ ചില്ലിട്ട കലണ്ഡര്‍ ചിത്രങ്ങള്‍ നിലവിളക്കിനോടൊപ്പം സ്ഥാനചലനം നടത്തിയിട്ടുണ്ട്‌. എങ്കിലും ഉത്തരേന്ത്യന്‍ ശില്‍പമാതൃകയില്‍ പണിഞ്ഞ, നിറം കയറ്റിയ പ്രതിമകള്‍ പൂജാവിഗ്രഹങ്ങളായി സിനിമയിലാണു ഏറെയും കാണപ്പെട്ടത്‌.

വിഷുക്കണിയില്‍ ഇടം തേടിയ കൃഷ്ണവിഗ്രഹം മിക്കവാറും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസില്‍ തീര്‍ത്തവയാണ്‌. ആദ്യനോട്ടത്തില്‍ തന്നെ ശ്രദ്ധ പിടിച്ചെടുക്കുന്നരീതിയില്‍ കണിവെള്ളരിയുടേയും കൊന്നപ്പൂക്കളുടേയും പിന്നിലായി നിലകൊള്ളുന്ന നീലയും മഞ്ഞയും അത്യുദാരമായി നിറമേകിയ ഈ വിഗ്രഹം മയില്‍പ്പീലി ചാര്‍ത്തി ഓടക്കുഴലൂതുന്ന രൂപത്തിലാണ്‌. ഇളം അഞ്ജനക്കല്ലിലോ ലോഹത്തിലോ കൊത്തിയെടുത്ത പ്രതിമയുമല്ല ഇവയൊന്നും. കേരളീയശില്‍പ്പമാതൃകയില്‍ തീര്‍ത്തതോ ഭിത്തിച്ചിത്രങ്ങളിലെ കൃഷ്ണരൂപശൈലിയില്‍ ‍മെനഞ്ഞെടുത്തതോ ആയ പ്രതിമകള്‍ വിഷുക്കണിയില്‍ ഇടം തേടാറില്ല. പേപ്പര്‍ മാഷിലോ പ്ലാസ്റ്റര്‍ ഓഫ്‌ പാരീസിലോ തീര്‍ത്തവയായിരിക്കണമെന്ന നിര്‍ബന്ധമുള്ളതുപോലെയാണ്‌ ഇവ പ്രത്യക്ഷപ്പെടുക. ഗുരുവായൂര്‍ തന്നെയായിരുന്നു (ഇപ്പോഴും അതെ) ഈ പ്രതിമയുടെ വിപണന കേന്ദ്രം. 70-കളുടെ ആരംഭത്തോടെയാണ്‌ ഈ പ്രതിമകളുടെ വിപണന വ്യാസം വര്‍ദ്ധിച്ചു തെക്കന്‍ തിരുവിതാംകൂറില്‍ വരെ എത്തിച്ചേര്‍ന്നത്‌. മാധ്യമങ്ങളുടെ പ്രചരണശക്തികൊണ്ടും ദൃശ്യശ്രാവ്യമാധ്യമങ്ങളിലും സാഹിത്യത്തിലും ഗുരുവായൂര്‍ കൃഷ്ണാപദാനം വിളങ്ങിവിലസിയതുകൊണ്ടും ഗുരുവായൂരമ്പലം തെക്കുള്ളവരുടേയും കൂടി തീര്‍ത്ഥാടനലക്ഷ്യമായതും ഇക്കാലത്തായിരുന്നു. ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ കൃഷ്ണക്ഷേത്രത്തിന്റെ ജനപ്രിയത അങ്ങിനെ ഗുരുവായൂരിലേക്കു മാറ്റപ്പെട്ടു. വര്‍ദ്ധിച്ചഗതാഗതസൗകര്യങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്ന വാഹനങ്ങളും ഗുരുവായൂര്‍ യാത്രകളുടെ ഫ്രീക്വെന്‍സി കൂട്ടി. ചുവന്ന സുതാര്യമായ പ്ലാസ്റ്റിക്‌ കല്ലില്‍പ്പൊതിഞ്ഞ "ഗുരുവായൂരപ്പന്‍ ലോക്കറ്റ്‌"കളും മോതിരങ്ങളും ഫാഷന്‍ പ്രസ്താവനയായി; സുസ്മേരവദനനായ ചതുര്‍ബാഹു കേരളത്തിലുടനീളം കാറുകളിലെ ഡാഷ് ബോര്‍‍ഡില്‍ വഴികാട്ടിയായി നിലകൊണ്ടു. ഗുരുവായൂര്‍ ദര്‍ശനത്തിനു തെളിവായി പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കൃഷ്ണവിഗ്രഹങ്ങള്‍ ഓരോ ഭക്തനും കയ്യിലേന്തി വീട്ടിലെത്തിച്ചു.

കല്ലിലോ ലോഹത്തിലോ അല്ലാതെ തീര്‍ത്ത ഈ പ്രതിമകള്‍ക്കു വേറൊരു സവിശേഷതയുമുണ്ട്‌. മലയാളികളുടെ കണ്‍സ്യൂമെറിക്‌ മനോഭാവത്തിനു സമമായി "ഡിസ്പോസബിള്‍" എന്ന ആംഗലേയ പദത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ഇവ പേറുന്നു. ഉടഞ്ഞുപോവാന്‍ എളുപ്പമുള്ളതും ഉടഞ്ഞാല്‍ എടുത്തു കളയാനും മറ്റൊന്നു കൈക്കലാക്കനും ഈ ഉദാത്തദൈവസങ്കല്‍പ്പത്തെ ഉപയോഗിച്ചു. അംഗഭംഗം വന്ന കായാമ്പൂമേനികളും കൗസ്തുഭമണിമാറും ഓടക്കുഴലോടെ വിച്ഛേദിക്കപ്പെട്ട കൈകളും മകരകുണ്ഡലമിട്ട മലര്‍ക്കാതുകളും കുപ്പത്തൊട്ടിയിലും കുപ്പിവളക്കടകളിലെ കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടികളിലും കിടന്നു അവഗണനയേറ്റുവാങ്ങിയത്‌ ദൈവസങ്കല്‍പം അത്രയൊന്നും മലയാളി ഈ പ്രതിമകള്‍ക്കു കല്‍പിച്ചുകൊടുക്കാതിരുന്നതിനാലാണ്‌. പ്ലാസ്റ്റിക്‌ ലോക്കറ്റുകളിലേയും മോതിരത്തിലേയും ഗുരുവായൂരപ്പവിഗ്രഹശകലങ്ങള്‍ കുളക്കടവിലും തോട്ടുവക്കിലും കുളിമുറികളിലും അപമാനമേറ്റ്‌ കിടന്നത്‌ മലയാളിയുടെ ഫാഷന്‍ ഭ്രമത്തിന്റെ ദാരുണ ദൃഷ്ടാന്തമായിരുന്നു.

ഈ ഓടക്കുഴലൂതുന്ന കൃഷ്ണരൂപം എങ്ങനെ വിഷുക്കണിയിലെ അത്യാവശ്യ ഘടകമായി എന്നന്വേഷിക്കാം. വിഷുക്കണി എന്ന വാക്കിലെ "കണി" എന്ന പദപരിച്ഛേദത്തിനു രാവിലെ കാണുന്ന കാഴ്ച എന്ന അര്‍ത്ഥം വന്നു ചേര്‍ന്നിരുന്നു. അതിനു നല്ലതം ചീത്തയും ആയ ഉദ്ദേശഭാവം നിലവില്‍ വന്നു."നിന്നെയാണല്ലോ ഇന്നു കണികണ്ടത്‌ "എന്ന പ്രയോഗത്തില്‍ ഒരു മോശം സൂചനയാണല്ലൊ. ഗുരുവായൂരപ്പനെ കണി കാണുന്നത്‌ അതി വിശേഷമാണെന്നു പറയുമ്പോള്‍ വിഷുവുമായി ബന്ധപ്പെട്ടല്ല. ഇത്‌ പിന്നീട്‌ ഗുരുവായൂരപ്പനെ വിഷുവിനു കണി കാണുന്നതായി ഭവിച്ചത്‌ ഒരു മറിമായമാണ്‌. വിഷുക്കണി എന്ന വിശേഷ പദത്തില്‍ നിന്നു "കണി"വേര്‍പെട്ടു സാമാന്യമായ ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുകയും പിന്നീട്‌ ഇത്‌ ഗുരുവായൂരപ്പന്റെ വിഷുക്കണി എന്ന ചുരുങ്ങിയവ്യവഹാരസൂചകത്തിലെത്തുകയും ചെയ്തു. ഇവിടെ സംഭവിച്ചതു വിഷുക്കണിയും ഗുരുവായൂരപ്പനെ കണികാണുന്നതും ഒന്നായിത്തീരലാണ്‌. ഭാഷയും ശീലവും തമ്മില്‍ നടന്ന ഒരു അപൂര്‍വ ഒത്തുകളി. ഈ കെട്ടുപിണയലിനുശേഷം വിഷുവിനു കണി കാണുന്നത്‌ ശ്രീകൃഷ്ണനായിരിക്കണം എന്ന നിബന്ധന അറിഞ്ഞോ അറിയാതെയോ മലയാളിഹൈന്ദവമനസ്സില്‍ വളര്‍ന്നു. അങ്ങനെ വിഷുക്കണിയില്‍ നിന്നും വേര്‍പെട്ടു നടന്ന കണി ഗുരുവായൂര്‍ വഴി തിരിച്ചു വിഷുക്കണിയിലെത്തിയപ്പോഴേയ്ക്കും ഗുരുവായൂരപ്പനും കൂടെയുണ്ടായിരുന്നു.

കണികാണലിനേയും ശ്രീകൃഷ്ണനെ കണി കാണലിനേയുമൊന്നിപ്പിക്കാന്‍ ഇക്കാലത്തു മറ്റുചില കാര്യങ്ങള്‍ സഹായകമായിത്തീര്‍ന്നു. ഓമനക്കുട്ടന്‍ എന്ന സിനിമയിലെ "കണികാണുന്നേരം കമലനേത്രന്റെ"(പാടിയത്‌ പി. ലീല, രേണുക) എന്ന, "നരകവൈരിയാം അരവിന്ദാക്ഷന്റെ" എന്ന പഴയകീര്‍ത്തനതിന്റെ പുതുക്കിയ പതിപ്പ്, സിനിമാഗാനങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന മലയാളി മനസ്സില്‍ കണി-ശ്രീകൃഷ്ണ കണി എന്ന ആശയത്തെ രൂഢമൂലമാക്കി. കസ്സെറ്റുകളുടേയും കസ്സെറ്റ്‌ പ്ലേയറുകളുടേയും സുലഭത ഇതിനു ആക്കംകൂട്ടി. വിഷുവിനു ഈ ഗാനം അമ്പലങ്ങളിലെ ഉച്ചഭാഷിണികളും ആവര്‍ത്തിച്ചു. വിഷുവിനു പാടേണ്ട ഭക്തിഗാനമണെന്നു പരക്കെ ധാരണയുണ്ടായി. 'നമശിവായ‘ എന്നതിലെ ഓരോ അക്ഷരത്തിലുമാണ്‌ മൂലരൂപകീര്‍ത്തനത്തിലെ ഓരോ ഈരടിയും തുടങ്ങുന്നത്‌. നേരത്തെ സിനിമക്കാര്‍ 'നരകവൈരിയാം' എന്നു തുടങ്ങുന്ന ആദ്യത്തെ ഈരടി ഉപേക്ഷിച്ചിരുന്നതിനല്‍ ഇത്‌ നൂറു ശതമാനവും കൃഷ്ണകീര്‍ത്തനം ആയി മാറ്റിയെടുക്കാന്‍ എളുപ്പമായി. ശിവസമര്‍പ്പണത്തിന്റെ ക്രമം കൃഷ്ണലീലാവര്‍ണനത്തിനുപയോഗിച്ച ഭക്തകവിയുടെ ശൈവ-വൈഷ്ണവസമന്വയാഭിലാഷം ഇതോടെ പുച്ഛിക്കപ്പെട്ടു. ഇതിനോടൊപ്പം "വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ" (ഇരുട്ടിന്റെ ആത്മാവ്‌, എസ്‌. ജാനകി/ബാബുരാജ്‌), പിന്നീട്‌ വന്ന 'ചെത്തി മന്ദാരം തുളസി" (അടിമകള്‍, പി.സുശീല/ദേവരാജന്‍) ഒക്കെ ഓടക്കുഴലൂതുന്ന കൃഷ്ണനെ/ഗുരുവായൂരപ്പനെ കണികാണുന്നത്‌ മലയാളി മനസ്സില്‍പതിച്ചുവച്ചു.

അതിരസാവഹമായ ഒരു കാര്യം ഗുരുവായൂരിലെ പ്രതിഷ്ഠാവിഗ്രഹം ഓടക്കുഴല്‍ ഊതുന്ന കൃഷ്ണന്റെ അല്ലെന്നുള്ളതാണ്‌. ശംഖ്‌, ചക്ര ഗദാ പദ്മധാരിയായ വിഷ്ണുവിഗ്രഹമാണ്‌ അവിടത്തെ പ്രതിഷ്ഠ, "രൂപമണ്ഡന'യനുസരിച്ചു വിഗ്രഹലക്ഷണം നോക്കിയാല്‍ ജനാര്‍ദ്ദനന്‍, ബാലവിഷ്ണു എന്നു സങ്കല്‍പം. പദ്മപുരാണമനുസരിച്ചു വാസുദേവന്‍. കൃഷ്ണസങ്കല്‍പം ആരോപിച്ചിരിക്കയാണെന്നു സാരം(ക്ഷേത്ര വിജ്ഞാനകോശം, പി.ജി. രാജേന്ദ്രന്‍). നാരായണീയത്തിലെ നൂറാം ദശകത്തിലാണ്‌ മേല്‍പ്പത്തൂര്‍ ഗുരുവായൂരപ്പനെ മയില്‍പ്പീലി ചാര്‍ത്തിയ വേണുഗോപാലനായി കാണുന്നത്‌. ഗുരുവായൂരപ്പന്‍ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനാണെന്ന തോന്നല്‍ ഇതോടെ വേരുറയ്ക്കപ്പെട്ടു. പിന്നാലെ വന്ന കാവ്യങ്ങളും കീര്‍ത്തനങ്ങളും നേരത്തെ സൂചിപ്പിച്ച സിനിമാഗാനങ്ങളും മറ്റ്‌ കവിതകളും ഇത്‌ പിന്തുടര്‍ന്നു.(കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഓടക്കുഴല്‍കൃഷ്ണരൂപം പ്രധാനപ്രതിഷ്ഠയല്ല). ഗുരുവായൂരിലെ ഉപ്പേരിക്കടകളില്‍ നിന്നും വാങ്ങിയ ഓടക്കുഴലൂതുന്ന വിഗ്രഹത്തെ ഗുരുവായൂരപ്പന്റെ വിഗ്രഹമാണെന്നുകരുതി വീട്ടിലെത്തിച്ചു ദര്‍ശനത്തിനെത്തിയവര്‍.

ഈ സമയത്ത്‌ മലയാളിക്കു മയില്‍പ്പീലി ചാര്‍ത്തിയ, മഞ്ഞപ്പട്ടാട ഞൊറിഞ്ഞുടുത്ത അതീവ സുന്ദരനായ മദനവേണുഗോപാലനെയായിരുന്നു ആവശ്യം താനും. ആത്മഹത്യാ നിരക്കിലും മദ്യപാനശീലത്തിലും പണ്ടെ മുന്‍പന്തിയില്‍ നിന്നിരുന്ന മലയാളിവിഹ്വലതയ്ക്കു മുറുകെപ്പിടിയ്ക്കനുള്ള റൊമാന്റിക്‌സ്വരൂപമായിരുന്നു അത്‌. എല്ലാ പ്രണയഭാവങ്ങളും ആവാഹിച്ച മോഹനമുരളീധരന്‍ അവരുടെ ഇല്ലാത്ത തരളിതയെപൂര്‍ത്തീകരിച്ചു നിന്നു.

വിഷു ഒരു കണ്‍സ്യുമെരിക് പരിപാടിയാക്കന്‍ കാത്തുനിന്നിരുന്ന മാധ്യമങ്ങള്‍ക്കു അതിമോഹനമായ ഈ പ്രതിമാരൂപം ഉത്സാഹമേറ്റി. ആഴ്ചപ്പതിപ്പുകളുടെ വിഷുപ്പതിപ്പുകളില്‍ (ഇതിനോടകം കളര്‍ പ്രിന്റിംഗ്‌ സുലഭമായിരുന്നു) മുഖചിത്രമായി അലങ്കരിക്കപ്പെട്ട ഒന്നാന്തരം കളര്‍ കോംബിനേഷന്‍-നീലയും മഞ്ഞയും- തുടിയ്ക്കുന്ന പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ ഭക്തരേയും അല്ലാത്തവരേയും പുളകമണിയിക്കാന്‍ പോന്നവയായിരുന്നു. വിഷുവിനു ഒരു നല്ല മോടിഫ്‌ കണ്ടുപിടിക്കാന്‍ പണിപ്പെട്ടിരുന്ന പേജ്‌ ഡിസൈനര്‍മാര്‍ക്ക്‌ ഇതു ആശ്വാസമരുളി. റ്റെലിവിഷനിലും വിഷു മോടിഫായി വിക്ഷേപിക്കപ്പെടുന്നത്‌ ഇതേ പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ പ്രതിമകളുടെ ത്രിമാനചിത്രങ്ങള്‍ തന്നെ. ഇത്തവണ ഏഷ്യാനെറ്റിലെ മൂന്നു ചാനലുകളിലും അമൃതാ റ്റി.വിയിലും കൃഷ്ണപ്രതിമകള്‍ മാത്രമാണ്‌ വിഷുവിനെ വിളംബരം ചെയ്തത്‌. കൊന്നപ്പൂക്കള്‍ ഒരു "സ്ക്രീന്‍ഫില്ലര്‍' ആയി പുറകില്‍.

ഇക്കൊല്ലത്തെ വിഷുവിന്‌ എനിയ്ക്കു കിട്ടിയ വിഷുആശംസാക്കാര്‍ഡുകള്‍ വിഷു ഐകണൊഗ്രാഫി പുതിയ ദിശകള്‍ തേടുന്നതിനെ സൂചിപ്പിക്കുന്നു. ഒന്ന്‌ വിഷു കൃഷ്ണഭക്തിയുടെ മാത്രം ആഘോഷമാകാമെന്ന സൂചന നല്‍കുന്നു. കാര്‍ഡിലെ ചിത്രത്തില്‍ ഉദ്യാനത്തിലിരിക്കുന്ന കൃഷ്ണന്റെ ചിത്രം മാത്രമേ ഉള്ളു. മറ്റൊരു കാര്‍ഡില്‍ ശ്രീകൃഷ്ണനോടൊപ്പം മാതാ അമൃതാനന്ദമയിയുടെ ചില്ലിട്ട ചിത്രവും കണിവസ്തുക്കളിലൊന്നാണ്‌. ഇതില്‍ നിന്നും മനസ്സിലാകണ്ടത്‌ വിഷുക്കണിയിലെ ഒരു "ഐറ്റം"ആയ കൃഷ്ണപ്രതിമയ്ക്കു അഭീഷ്ടദായകന്റേയും ആശ്വാസപ്രദായകന്റേതുമായ ചുമതലകള്‍ ഉണ്ടായിരിന്നു; ആ ഗുണവിശേഷങ്ങള്‍ മാതാ അമൃതാനന്ദമയിക്കും വിഷുക്കണിയില്‍ ഭാഗഭാക്കാകാനുള്ള അവകാശം നല്‍കുന്നുവെന്നുമാണ്‌ . മൂന്നാമത്തെ കാര്‍ഡ്‌ ഇനിയും ഒരു പടി മുന്‍പോട്ടാണ്‌. നിലവിളക്കിനു മുന്‍പില്‍ ഒരു കുട്ടി മേല്‍പ്പറഞ്ഞതരം കൃഷ്ണപ്രതിമയെ ആലിങ്ഗനം ചെയ്ത്‌ നമ്മെ നോക്കുന്നു. കണിവസ്തുക്കള്‍ വളര പിന്നില്‍ ഒരു ബാക് ഡ്രോപ്‌ മാതിരി. ആലിങ്ഗനം ഈശ്വരസാക്ഷാത്കാരത്തിന്റെ പ്രത്യക്ഷപ്രക്രിയയായി ഈയിടെ മാറിയത്‌ അനുഷ്ഠാനചിഹ്നമായി കയറിക്കൂടുകയാണെന്നുള്ള സൂചനയാണിത്‌.

അല്ലെങ്കിലും കാര്‍ഷികവൃത്തി തമിഴനു നല്‍കിക്കഴിഞ്ഞ മലയാളിക്കു വിളവെടുപ്പും സൂര്യന്റെ രാശി സംക്രമണവും ഒക്കെ ആഘോഷിക്കേണ്ട കാര്യമില്ലല്ലൊ. ഇതെഴുതുമ്പോള്‍ത്തന്നെ വേറൊരു മഹോല്‍സവം മലയാളി വടക്കെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നു പൊടിപൊടിയ്ക്കുകയാണ്‌. അക്ഷതൃതീയ! ഈ ദിവസം സ്വര്‍ണം വാങ്ങിയാല്‍ അതീവ ഗുണകരമാണത്രെ. 250 കിലോ സ്വര്‍ണം ഒരുദിവസം കൊണ്ട്‌ നമ്മള്‍ വാങ്ങിക്കഴിഞ്ഞു. ആചാരങ്ങള്‍, ശീലങ്ങള്‍,വഴക്കങ്ങള്‍ എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്‌. എന്നും അങ്ങിനെയായിരുന്നു. ഈ മാറ്റങ്ങള്‍ കണ്മുന്‍പില്‍ കാണുമ്പോള്‍ കുണ്ഠിതപ്പെടുകയല്ല ചരിത്രദൃശ്യങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നതില്‍ ആഹ്ലാദിക്കുകയാണ്‌ വേണ്ടത്‌.

35 comments:

എതിരന്‍ കതിരവന്‍ said...

വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും......
വിഷു ഐകണോഗ്രാഫിയില്‍ ശ്രീകൃഷ്ണപ്രതിമ എങ്ങനെ പ്രതിഷ്ഠിക്കപ്പെട്ടു?

Sreejith K. said...

നല്ല നിരീക്ഷണങ്ങള്‍. ഈ പോസ്റ്റ് ഒരു പ്രിന്റ് ഔട്ട് എടുത്ത് വയ്ക്കണം എന്തായാലും.

അക്ഷയത്രിതീയയെക്കുറിച്ച് പറഞ്ഞതും അക്ഷരമ്പ്രതി സത്യം. വാണിജ്യ ആചാരങ്ങള്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന അവസാനത്തേത് എന്നിതിനെ വിശേഷിപ്പിക്കാം.

മിടുക്കന്‍ said...

ശരിയാണ്,
പക്ഷേ, പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രചരിക്കുന്നതിനു മുന്നേ, കളിമണ്ണില്‍ തീര്‍ത്ത കളര്‍ കയറ്റിയ ഇത്തരം കൃഷ്ണ പ്രതിമകള്‍ ഉണ്ടായിരുന്നു..
എന്റെ വീട്ടിലും ഉണ്ട് കളിമണ്ണിലുള്ള അത്തരം ഒരു ശില്പം.
ഞാന്‍ ജനിക്കുന്നതിനും മുന്നേ.. അതാ‍യത് 1973- ലൊ 74 ഓ ആണ് ആ പ്രതിമ മുത്തശ്ശന്‍ ഗുരുവായൂരില്‍ നിന്ന് കൊണ്ട് വന്നത് എന്ന് മുത്തശ്ശി പറയാറുണ്ട്.
ഇതിന്റെ ക്വാളിറ്റി ടി പറഞ്ഞ പ്ലാസ്റ്റര്‍ ഓഫ് പാരീസിനേക്കാള്‍ നല്ലതാണ്‍്.
എന്റെ സ്കൂള്‍ പഠന കാലത്ത്, അതായത്, 80 കളുടെ അവസാന പാദത്തില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത ഒരു കൃഷ്ണ പ്രതിമ വലിയ ആഘൊഷമായി ഗുരുവായൂരില്‍ നിന്നും എഴുന്നള്ളിച്ച് ഞങ്ങളുടെ അമ്പലത്തില്‍ കോണ്ടു വരുകയുണ്ടായി,
ആ പ്രതിമ അടിവശം ഇന്ന് ജീര്‍ണ്ണിച്ച് കൊണ്ടിരിക്കുന്നു. അതു മാത്രമല്ല ഇതിന്റെ കളര്‍ മങ്ങാനും തുടങ്ങിയിരിക്കുന്നു.

എന്നിരിക്കിലും എന്റെ വീട്ടിലെ വിഷുകണിക്ക് ഇന്നും ആ കളിമണ്‍ പ്രതിമ ഉപയൊഗിക്കാറില്ല..
അത് എന്നും മുത്തശ്ശന്‍ പൂജിക്കുന്ന കല്ലില്‍ നിര്‍മ്മിച്ച പ്രതിമ ( വിഗ്രഹം ) ആണ്..
:)

Promod P P said...

വളരെ ചിന്തോദ്വീപകമായ ലേഖനം..
വിഷു,വിളവെടുപ്പ് ഉത്സവമാണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. സൂര്യോത്സവം ആണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്..കാലപ്രവാഹത്തില്‍ ഉത്സവങ്ങള്‍ക്ക് വര്‍ണ്ണങ്ങളും ശബ്ദവും നഷ്ടമാകുന്നു..

ഓ ടോ : അക്ഷയത്രിതിയ ദിവസങ്ങളില്‍ കേരളത്തില്‍ 100 കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം വിറ്റഴിഞ്ഞു എന്ന് എവിടേയോ വായിച്ചു.
ശരിയാണോ എന്തോ?

qw_er_ty

Pramod.KM said...

എതിരില്ലാത്ത ലേഖനം.
പതിരില്ലാത്ത അനുഷ്ഠാനങ്ങള്‍.
നന്ദി.

Siju | സിജു said...

മലയാളം ബ്ലോഗില്‍ ഇതു വരെ വന്നിട്ടുള്ള മികച്ച ലേഖനങ്ങളിലൊന്ന്..
വിഷു വിളവെടുപ്പിന്റെ ആഘോഷമായിരുന്നുവെന്നു ഒരു പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം ആരും ഓര്‍ത്തെന്നു വരില്ല. വിളവെടുപ്പുണ്ടെങ്കിലല്ലേ അതു അഘോഷിക്കേണ്ടതുള്ളൂ എന്നതും യാഥാര്‍ത്ഥ്യം. നമുക്കുള്ള അരിയും പച്ചക്കറിയും തമിഴനും തെലുങ്കനും കൃഷി ചെയ്തു കൊണ്ടു വരുമ്പോള്‍ നമുക്ക് ആഘോഷം ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലയ്ക്കു മുന്നിലാക്കാം.

ലിഡിയ said...

ചിന്തോദ്യീപകമായ ലേഖനം.

ഇന്ന് ഗുരു(മലയാള പടം) കണ്ടിരുന്നു,ഈ ലേഖനവും ആ ആശയങ്ങളും എത്ര ജന്മങ്ങളായ് ഉയര്‍ത്തെടുത്തപെട്ട മതില്‍കെട്ടുകളാണ് ഇതൊക്കെ.നിസഹായരായി നിന്ന് പോവുക തന്നെ ചെയ്യും.

-പാര്‍വതി.

Unknown said...

ഈ അക്ഷയ തൃതീയ എവിടന്ന് വന്നു? 5 കൊല്ലം മുമ്പ് പോലും ഇത്രയ്ക്ക് കേമമായിരുന്നില്ല. വാലന്റൈന്‍സ് ഡേ ആശംസാകാര്‍ഡ് കമ്പനിക്കാര്‍ക്ക് ആഘോഷിക്കാമെങ്കില്‍ തൃതീയ ആഭരണക്കടക്കാര്‍ക്കും ആഘോഷിക്കാമല്ലോ അല്ലേ?

എഴുത്ത് നന്നായി.

Cibu C J (സിബു) said...

എല്ലാം ഹിന്ദു ആചാരക്രമത്തില്‍ നിന്നുതന്നെ ഉദ്ഭവിച്ചു എന്ന്‌ കരുതണോ? ക്രിസ്ത്യാ‍നിസംസ്കാരത്തില്‍ നിന്നും സംക്രമിച്ചു എന്നും വിചാരിച്ചുകൂടേ? അവര്‍ക്ക്‌ മള്‍ട്ടിക്കളര്‍ പ്രതിമകള്‍ ആദ്യം മുതലേ ഉണ്ടായിരുന്നു. ആദ്യം തടികൊണ്ട്; പിന്നെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ആട്ടുണ്ടാകാം. എന്റെ അമ്മവീട്ടില്‍ ചാലക്കുടി പള്ളി പണിതസമയത്തുണ്ടാക്കിയ, ഈശോയുടെ ഒരു ചെറിയ മരപ്രതിമ ഉണ്ട്‌. നൂറിനടുത്ത്‌ വര്‍ഷം പഴക്കം എന്തായാലും ഉണ്ട്‌.

Santhosh said...

വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍. രസപ്രദമായ എഴുത്ത്. നല്ല ലേഖനം.

സുല്‍ |Sul said...

വിഷയം നല്ല കയ്യടക്കത്തോടെ പ്രതിപാദിച്ചിരിക്കുന്നു. ഇതു പോലെ അറിയാതെ കുടിയേറിയ ആചാരങ്ങള്‍ ഇനിയും എത്ര കാണും.

-സുല്‍

എതിരന്‍ കതിരവന്‍ said...

എല്ലാവര്‍ക്കും നന്ദി. ശ്രീജിത് കെ യ്ക്കും സിജുവിനും പ്രത്യേകം-എന്റെ ലേഖനത്തെ ‘പൊക്കി’യതിനാല്‍.
സിബുവിന്:
ഞാന്‍ സൂചിപ്പിച്ച പ്രതിമകള്‍(പ്ലാസ്റ്റര്‍ ഓഫ് പാരീസ്/കളിമണ്‍‍/പേപ്പര്‍ മാഷെ)ഒന്നും ഹിന്ദു ആചാരത്തില്‍ നിന്നും വന്നതല്ല. അവ ഭാരതീയ ശില്‍പ്പരീതിയും പിന്തുടരുന്നില്ല. ഭാരതീയ ശില്‍പ്പങ്ങള്‍ ഭാവനാപരവും കവിതാത്‍മകവുമാണ്.പിന്നെ കുറച്ചു മിസ്റ്റിക് പരിവേഷവും അവയ്ക്കുണ്ടാവും. ചായം തേച്ച ഈ പ്രതിമക്കള്‍ “റിയലിസ്റ്റിക്” ആണ്,മിക്കവാറും മദ്ധ്യ്കാല യൂറോപ്യന്‍ ശില്‍പ്പരീതിയുടെ അപചയപ്പെട്ട പരിണാമരൂപത്തിന്റെ അനുകരണമാവാനാണ് വഴി. കലണ്ഡര്‍ ചിത്രങ്ങള്‍ പാശ്ചാത്യരീതിയിലാണ്, അവയുടെ ത്രിമാനമാണ് ഈ പ്രതിമകള്‍.വസ്തുതാപരമായതിനാല്‍ സാധരണക്കാരാല്‍ എളുപ്പം ആകര്‍ഷിക്കപ്പെടും, ഒരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രം പോലെ വിറ്റഴിക്കപ്പെടും. വടക്കെ ഇന്ത്യയില്‍ നിന്നാണ് ഇവയുടെ വരവ്.

തടിപ്രതിമകളില്‍ ചായം തേച്ചു തുടങ്ങിയിട്ട് അധികം നാളായിക്കാണുകയില്ല.

Peelikkutty!!!!! said...

നല്ല ലേഖനം.

വേണു venu said...

ആചാരങ്ങളിലേയും അനുഷ്ഠാനങ്ങളിലും ഉണ്ടായ മാറ്റം കാലഘട്ടത്തിന്‍റെ മാറ്റങ്ങളിലൂടയുണ്ടായ അനിവാര്യകതയോ.?
നല്ല ലേഖനം.

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

ശ്രീ said...

നല്ലൊരു ലേഖനം, എതിരന്‍ജീ... ഏതാണ്ട് ഒരു കൊല്ലത്തിനു ശേഷം പ്രിയയുടെ പോസ്റ്റില്‍ നിന്നു കിട്ടിയ ലിങ്ക് വഴിയാണ് ഇവിടെ വന്നെത്തിയത്. എന്തായാലും നന്നായി. കുറേ അറിവുകള്‍ ലഭിച്ചു.
:)

[ഞങ്ങളും കണികാണും നേരം എന്ന ഗാനം വിഷുവിനോടടുത്ത നാളുകളില്‍ പാടാറുണ്ടായിരുന്നു, പണ്ട്]

ശ്രീ said...

എതിരന്‍‌ജീ...
എന്റെ കാണികാണും നേരം എന്ന പോസ്റ്റിലെ വിശദമായ ആ കമന്റിനു നന്ദി പറയാനാണ് വീണ്ടും ഈ വഴി വന്നത്. അത്രയും കാര്യങ്ങള്‍ അറിയില്ലായിരുന്നു. വിജ്ഞാനപ്രദമായ ആ കമന്റിനു നന്ദി കേട്ടോ.
:)

chithrakaran ചിത്രകാരന്‍ said...

ഒന്നാന്തരം ലേഖനം. ഇപ്പഴെ കാണാന്‍ കഴിഞ്ഞുള്ളു എന്നതില്‍ ഖേദം.ഇപ്പഴെങ്കിലും കാണാനായതിലുള്ള സന്തോഷം !
വൈഷ്ണവവല്‍ക്കരണത്തിന്റെ സാംസ്കാരിക ഒഴുക്കിലാണ് കുറേ നൂറ്റാണ്ടുകളായി നമ്മുടെ സമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ആ സഞ്ചാരത്തിന്റെ സ്വാഭാവികമായ പരിണാമങ്ങളുടെ ഭാഗം മാത്രമാണ് ഗുരുവായൂരപ്പന്റെ പൈങ്കിളി പ്ലാസ്റ്റെര്‍ ഓഫ് പാരീസ് ബൊമ്മകളുടെ വിതരണവും പ്രചാരവും.

സ്വന്തം തനിമ നഷ്ടപ്പെട്ട നമ്മുടെ സമൂഹം ആരെല്ലാമോ ഉണ്ടാക്കുന്ന ഒഴുക്കുകളുടെ പിറകേ ഓടിക്കൊണ്ടിരിക്കുന്ന ദയനീയമായ ദൃശ്യമാണ് നമുക്കു കാണാനാകുന്നത്.

ഭീകരം തന്നെ ഈ വിവരക്കേട് !

ചിത്രകാരന്റെ അക്ഷയ തൃതീയക്കു പിന്നിലെ ഭൂതം എന്ന പോസ്റ്റിന്റെ ലിങ്കുകൂടി ഇവിടെ വക്കട്ടെ.

സസ്നേഹം

എതിരന്‍ കതിരവന്‍ said...

ചിത്രകാരന്‍:
വൈകിയെങ്കിലും വായിച്ചു കമന്‍റിയതിലും ലിങ്കു കൊടുത്തതിലും സന്തോഷം.

വിഷുവിനെ മാത്രമല്ല ഓണത്തേയും ഗുരുവായൂരപ്പന്‍ കൈക്കലാകിയിരിക്കുന്നു! ഇത്തവണ എനിയ്ക്കു കിട്ടിയ രണ്ടു വ്യത്യസ്ത ഗ്രീറ്റിങ് കാര്‍ഡുകളിലും പൂവിട്ടതിന്റേയും സദ്യയുടേയും കൂടെ ഗുരുവായൂരപ്പന്റെ ചിത്രവുമുണ്ട്.

ചാർ‌വാകൻ‌ said...

ആചാര സ്ങ്കല്പങ്ങളെ കച്ചവടക്കാര്‍(ഭക്തി കച്ചവടക്കാര്‍)തട്ടിയെടുക്കുന്നത് ,രസകരമായിരുന്നു.ക്കൂടുതല്‍ എഴുതണം ​.

പ്രിയ said...

വിഷു ആശംസകള്‍ :)

:)

Sethunath UN said...

Mashe. Distinct thoughts indeed. Great!

അനില്‍ശ്രീ... said...

വായിച്ചു വന്നപ്പോള്‍ നേരത്തെ വായിച്ചതാണല്ലോ എന്ന് തോന്നി,,,,, കമന്റ് കണ്ടപ്പോള്‍ മനസ്സിലായി.... എങ്കിലും വീണ്ടും വായിച്ചു.... മലയാളികള്‍ വിഷു പൂര്‍‌വ്വാധികം ശക്തിയായി ആഘോഷിച്ചു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ എതിരന്‍ ജീ, ഉള്ളി തൊലിക്കുന്നതു പോലെ തൊലിച്ചാല്‍ വിഷുവിലും ഓണത്തിലും എന്നല്ല ശരീരം തൊലിച്ചാലും ഒന്നും കാണില്ല.

തൊലിച്ചു തീരുമ്പോഴെ മനസിലാകൂ ഒന്നും ഇല്ലായിൂന്നു എന്ന്.

പക്സെ മുഴുവനോടിരിക്കുമ്പോള്‍ എന്ത്നെകിലും ഒക്കെ വേണ്ടേ?

അത്‌ അതാതു സമയത്തിനനുസരിച്ച്‌ കാട്ടിക്കൂട്ടുന്നു ഓരോരുത്തരും

എത്ര തൃതീയ വന്നിട്ടും ഒന്നും വാങ്ങാത്ത എത്രയോ ആളുകള്‍

കയ്യില്‍ കള്ളപ്പണം ഉള്ളത്ന്‍ ചെലവാക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ കോടിക്കണക്കിനു വാങ്ങുമായിരിക്കും

അല്ലാതെ കാണം വിറ്റു പോയി വാങ്ങുമോ ? ആ അറിയില്ല
അങ്ങനെ വാങ്ങുന്നുണ്ടെങ്കില്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നവനെയും വാങ്ങുന്നവനെയും

എന്തു ചെയ്യാനാ അല്ലെ - നോക്കി കഷ്ടം എന്നു പറയാം
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

midukkan paranja commentinodu yojikkunnu. 20 kollam mumpe plaster of paris viplavathode ellaavarkkum affordable aaya prathimakal vannappolavum ellayidathum kanikku athu upayogichu thudangiyathu.

Ennal athinu mumpum vigraham upayogikkarundarunnu ennaanu muthachchan paranjulla arivu.

Aaryavathkaranathinte bhaagamaayaayirikkanam Vishu Krishnanumaayi link cheytha kadhakal release aayathu.

Roshan PM said...

വായിക്കാൻ വൈകി പോയതിലെ കുണ്ടിതം ഇവിടെ രേഖപ്പെടുത്തുന്നു. ബിലേറ്റട് യൂസ് ആൻഡ്‌ ത്രോ വിഷു ആശംസകൾ :)

N.J Joju said...

"എല്ലാം ഹിന്ദു ആചാരക്രമത്തില്‍ നിന്നുതന്നെ ഉദ്ഭവിച്ചു എന്ന്‌ കരുതണോ? ക്രിസ്ത്യാ‍നിസംസ്കാരത്തില്‍ നിന്നും സംക്രമിച്ചു എന്നും വിചാരിച്ചുകൂടേ? അവര്‍ക്ക്‌ മള്‍ട്ടിക്കളര്‍ പ്രതിമകള്‍ ആദ്യം മുതലേ ഉണ്ടായിരുന്നു. ആദ്യം തടികൊണ്ട്; പിന്നെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ആട്ടുണ്ടാകാം." - സുറിയായി ക്രിസ്ത്യാനികളുടെ ഇടയിൽ മൾട്ടികളർ പ്രതിമകൾ ആദ്യമേ ഉണ്ടായിരുന്നൂ എന്നത് ചരിത്രത്തെ വളച്ചൊടിയ്ക്കലോ അറിവില്ലായ്മയോ ആയി കാണുവാനേ കഴിയൂ. പറങ്കികൾ ഇന്ത്യയിൽ ക്ആലുകുത്തുന്നതിനു മുൻപ് കുരിശുമാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ, ചിത്രങ്ങൾ പോലും മാർ തോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്നില്ല. ഇന്നും യാക്കോബായ ഓർത്തോഡോക്സ് വിഭാഗങ്ങൾ ഏതാണ്ട് അങ്ങിനെയൊക്കെത്തന്നെയാണ്. ആഗോള കത്തോലിയ്ക്കാ സഭയിൽ ലത്തീൻ സഭയാണ് പ്രതിമകളുടെ പ്രഭവകേന്ദ്രം. അല്ലാതെ അതു ക്രിസ്ത്യാനികളൂടെ പാരമ്പര്യമെന്നു പറഞ്ഞുകൂടാ.

Unknown said...

നല്ല ലേഖനം

Unknown said...

It is surprising that even the temple calls itself 'Guruvayur Sreekrishna temple.' The poojas at the temple are to Vishnu. And most people are ignorant of these facts even though they interact with എന്റെ ഗുരുവായൂരപ്പൻ all the time.And in the near future you could have Modi and other Saffron bigwigs pics in the കണി. The only point in your article that goes usubstantiated is ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ കൃഷ്ണക്ഷേത്രത്തിന്റെ ജനപ്രിയത അങ്ങിനെ ഗുരുവായൂരിലേക്കു മാറ്റപ്പെട്ടു.

Unknown said...

എതിരൻ കതിരവൻ അടുത്ത കാലം വരെ എനിക്ക് തികച്ചും അപരിചിതനായിരുന്നു. കഴിഞ്ഞയിടെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തെ വായിക്കുവാനും അറിയുവാനും കഴിഞ്ഞു. പിന്നീടുള്ള വായനകളിലൂെടെ വളരെ അറിവും ഭാഷാ ചാതുര്യവുമുള്ള എനിക്കു വളെരെ ചിരപരിചിതമായ എന്റെ നാട്ടിലെ ഒരു മഹാനായ വ്യക്തിയെ കണ്ടെത്താനായതിൽ അഭിമാനമുണ്ട്.

Unknown said...

നന്നായി! എതിരന്റെ എല്ലാ എഴുത്തുകളും വായിക്കാറുണ്ട്.
എല്ലാ ആഘോഷങ്ങളും ജനകീയമായാൽ അവ ക്രമേണ ബ്രാഹ്മണ്യത്താൽ സ്വാംശീകരിക്കപ്പെടുമെന്ന് ചരിത്രം .കാരണം സാംസ്കാരിക മൂലധന നാഥന്മാരാണവർ. ഇതിനെ ജനാധിപത്യപരമായി നേരിടാൻ ബുദ്ധിമുട്ടാണ്. വിഷു ഞങ്ങളുടെ കാർഷികോത്സവമാണെന്ന് ഉച്ചത്തിൽ പറയുന്ന കർഷകരും കർഷകത്തൊഴിലാളികളും - ഇത് നമ്മുടെ കിണാശ്ശേരിയിലെ സ്വപനം മാത്രമാണിന്ന്.

അതേ പോലെ
ശബരിമല ഞങ്ങളുടേതാണെന്ന് ആണയിട്ട് പറയുന്ന അവിടത്തെ മലയരുടെ ശബ്ദത്തെ പുറം ലോകത്ത് എത്തിക്കുകയാണ് സാംസ്കാരിക മൂലധനത്തെ നേരിടാനുള്ള മറ്റൊരു വഴി..

എം.എസ്. രാജ്‌ | M S Raj said...

ഭാഷയും ശീലവും തമ്മില്‍ നടന്ന ഒരു അപൂര്‍വ ഒത്തുകളി.

Abijithkj said...

ഇനി വരും നാളുകളിൽ ഈ പോസ്റ്റിന്റെ പ്രസക്തി കൂടുകയേ ഉള്ളൂ....

Anonymous said...

ചിലയിടത്ത്കൃ ഷ്ണൻ നല്ല വെളുത്ത് തിളങ്ങുന്നുണ്ടായിരുന്നു.

Anonymous said...

നല്ല ലേഖനം