Thursday, August 30, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്

ഒന്ന്

ഇത്തവണത്തെ ഫോണ്‍ കാളില്‍ അമ്മച്ചിയുടെ സങ്കടത്തെക്കാള്‍ പേടിയാണ് നിറഞ്ഞുനിന്നത്. “സണ്ണീ മോനേ നീ ഉടനേ വരണം“ എന്നു പറഞ്ഞ് മുഴുമിപ്പിക്കാന്‍ അമ്മച്ചിയ്ക്ക് കഴിഞ്ഞില്ല, കരച്ചില്‍ ബാക്കി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. റോസ്‌ലിയാണ് ബാക്കി പറഞ്ഞത്. റോസ് ലിയും നിര്‍ബ്ബന്ധിച്ചപ്പോള്‍ കാര്യം അത്ര പന്തിയുള്ളതല്ലെന്ന് മനസ്സിലായി. ഉടന്‍ പുറപ്പെടണം.

ഫിലഡെല്ഫിയയില്‍ നിന്നു ന്യൂയോര്‍ക്കില്‍ ചെന്നാല്‍ എയര്‍ ഇന്‍ഡ്യയോ ലുഫ്താന്‍സയോ ഫ്ലൈറ്റില്‍ കയിറിക്കൂടാന്‍ പ്രയാസമില്ല. മലയാളി ട്രാവല്‍ ഏജെന്റ് കാര്യങ്ങളെല്ലാം ഏറ്റെടുത്തു. നാട്ടില്‍ നിന്നും വന്നിട്ട് നാലുമാസമേ ആയുള്ളു. ഇനി വെക്കേഷന്‍ ദിവസങ്ങള്‍ വളരെ കുറവാണ്. കൂടാതെ കെ മാര്‍ടില്‍ നിന്നും കിട്ടിയ പുതിയ അസ്സൈന്മെന്റ് ബോസ്സിനെ ഉത്സാഹഭരിതനാക്കിയിരിക്കുകയാണ്. ഞായറാഴ്ചപ്പത്രത്തിലെ എട്ട് പേജ് ഇന്‍സേര്‍ട് ഇനി തങ്ങളുടെ കമ്പനിയാണ് ചെയ്യുക. തന്റെ ഗ്രാഫിക് ആര്‍ടിലുള്ള മികവും ഭാവനയും കെ മാര്‍ട് പരസ്യത്തെ മികവുറ്റതാക്കുമെന്നു ബോസ്സിന് നിശ്ചയമുണ്ട്. എല്ലാ ആഴ്ചയും നിറുത്താതെയുള്ള ജോലി, ടൌണിലുള്ള ഗ്രോസറിക്കടകളിലേക്കുള്ള ചെറിയ പരസ്യങ്ങളില്‍ ഉരുളക്കിഴങ്ങിന്റെ തൊലിനിറത്തിനു ചാരുതയേകുന്നതും തക്കാളിയുടെ മിനുസം പൂര്‍ത്തീകരിക്കുന്നതുമായ ചെറിയ ജോലികളില്‍ നിന്നുമുള്ള വിടുതല്‍ കൂടിയായിരുന്നു സണ്ണിയ്ക്ക് ഈ പുതിയ ചലഞ്ച്. ഗ്രാഫിക് ആര്‍ട്സിലും ഡിസൈനിലുമുള്ള തന്റെ പ്രാഗല്‍ഭ്യം നിരവധി ക്ലയന്റ്സിനെ കൊണ്ടുവന്നതിനാല്‍ ബോസ്സ് സന്തോഷത്തിലാണ്.പക്ഷേ പെട്ടെന്നുള്ള ഈ നാട്ടില്‍പ്പോക്കില്‍ അദ്ദേഹം അത്ര സന്തോഷവാനല്ല.ഡിസ്നിയില്‍ ജോലി ചെയ്ത പരിചയവുമായി വന്ന വാലറി മിടുക്കിയാണ്. അവളെ ഏല്‍പ്പിക്കാം.

ന്യൂയോര്‍ക്കിലെ കെന്നെഡി എയര്‍പോര്‍ടില്‍ സണ്ണി സ്യൂട്കെസില്‍ ഒന്നുകൂടി പരതി. റോസ്ല്യ്ക്കു വേണ്ടി നേരത്തെ വങ്ങിച്ചു വച്ച പ്രോഗ്രാം സി ഡികള്‍ പോലും തിരക്കില്‍ എടുക്കാന്‍ മറന്നിരിക്കുന്നു. കഴിഞ്ഞതവണ പോയപ്പോള്‍ അവള്‍ക്ക് കൊടുത്ത ഫ്ലാറ്റ് സ്ക്രീന്‍ മോണിടര്‍ പോലും അയല്‍ക്കാര്‍ ബന്ധുക്കള്‍ തട്ടിയെടുത്തത്രേ. അപ്പച്ചന്റെ മരണത്തിന്റെ രണ്ടാം ദിവസം തന്നെ ഇതു നടന്നു.കൂടെ ചില ലാമ്പ് ഷേഡുകളും. ഫ്രാന്‍സ് നിര്‍മ്മിതമായ അവ അപ്പച്ചന്‍ പോറ്ട് ബ്ലയറിലെ ഒരു കടയില്‍ നിന്നും പണ്ട് വാങ്ങിച്ചതാണ്.നാട്ടില്‍ വയ്ക്കാന്‍ പോകുന്ന വീടീനെക്കുറിച്ച് അപ്പച്ചനു പണ്ടേ നല്ല ധാരണയുണ്ടായിരുന്നു.നാല്‍പ്പതോളം വര്‍ഷങ്ങള്‍ ആഫ്രിക്കയിലെ ഒകിടിപുപയിലെ സ്കൂള്‍ കുട്ടീകള്‍ക്കു മുന്നില്‍ നിന്ന് അപ്പച്ചനും അമ്മച്ചിയും വൃദ്ധരായി മാറിയത് അവരറിഞ്ഞതേ ഇല്ല. ഈ വീട് എന്ന സ്വപ്നം അവരുടെ മനസ്സിലെ പ്രകാശമായി നിന്ന് അതിന്റെ ഊര്‍ജ്ജം അവരില്‍ എന്നും യൌവനം കോരി നിറച്ചുകൊണ്ടേ ഇരുന്നിരുന്നു. പാലായ്ക്കും ഭരണങ്ങാനത്തിനുമിടയ്ക്ക് മീനച്ചിലാറ്റിന്റെ ഓരത്ത് സ്വന്തം തറവാട്ടിനടുത്തു തന്നെ വീട്. മീനച്ചിലാറ്റിലേക്കു തുറക്കുന്ന ജനലുകള്‍ വേണമെന്നുള്ളത് അപ്പച്ചന്റെ ഒരു പിടിവാശിയായിരുന്നു. അപ്പച്ചന്റെ ആഗ്രഹനിറവേറ്റമെന്നവണ്ണം മീനച്ചിലാറ് വീടിനു പുറകിലൂടെ വളവു തിരിഞ്ഞ് ഒഴുകി. റിട്ടയര്‍ ചെയ്ത് രണ്ടുവര്‍ഷത്തിനകം അമ്മച്ചിയും കൂടി വീടു പണി മുഴുവനാക്കാന്‍. സണ്ണിയുടെ ഗ്രാഫിക് ആര്‍ട് വിരുത് ബെഡ്‌റൂമിന്റെ മുഖമുദ്രയായിരിക്കണമെന്നും അപ്പച്ചന്‍് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അര്‍ദ്ധവൃത്താകൃതിയില്‍ വിരിഞ്ഞുവരുന്ന തെങ്ങോലത്തലപ്പ് സൂക്ഷ്മമായ സിമെറ്റ്റി യും ഓലത്തലപ്പിന്റെ കൂര്‍മ്മതയും കടും പച്ചനിറവും കൊണ്ട് ഗ്രാഫിക് ചിത്രകലയുടെ എല്ലാ നിര്‍വചനങ്ങളും പേറി. സിങ്ഗപ്പൂരിലെ ഒരു കമ്പനിയെക്കൊണ്ട് അപ്പച്ചന്‍ തന്നെ ഇതു ചില്ലില്‍നിന്നും പൊങ്ങിനില്‍ക്കുന്ന തരത്തില്‍ നിര്‍മ്മിപ്പിച്ചെടുത്തു.മുകളിലത്തെ ബെഡ്‌റൂമിന്റെ ആറുജനല്‍ച്ചില്ലകളും സണ്ണിയുടെ ഈ കലാവിരുത് പേറി നിന്നത് അപ്പച്ചന്റെ അഭിമാനമായിരുന്നു.

എയര്‍ ഇന്‍ഡ്യ കൌണ്ടറില്‍ തിരക്കില്ല. ഓഫ് സീസണാണ്. സണ്ണി ലഗ്ഗേജ് ചെക്ക് ഇന്‍ ചെയ്ത് മൌഢ്യം ബാധിച്ചവനെപ്പോലെ സെക്യൂരിറ്റി ചെക്കിലേക്കു നടന്നു. ക്യാരി ഓണ്‍ ബാഗിന്മേല്‍ കഴിഞ്ഞതവണ നാട്ടില്പോയപ്പോള്‍ കെട്ടിയിട്ട റ്റാഗ് മാറാതെ കിടന്നിരുന്നത് സെക്യൂരിറ്റിക്കാരി എടുത്തുമാറ്റി. നാലു മാസം മുന്‍പത്തെ യാത്ര. അപ്പച്ചന്റെ ശരീരം പോലും കാണാന്‍ പറ്റിയില്ല. പുതിയ വീടിന്റെ കയറിത്താമസത്തിന്‍ താനെത്താത്തതില്‍ അപ്പച്ചന്‍ വളരെ നിരാശനായിരുന്നു. പക്ഷെ സണ്ണിയുടെ ഗ്രാഫിക് ഡിസൈനുകള്‍ പച്ചകുത്തിയ ജനല്‍ക്കറ്ടനുകളും ലൈബ്രറി പോലെ ഉണ്ടാക്കിയ താഴത്തെ മുറ്യിലെ സോഫാ-കസേര വിരികളും ബെഡ്രൂം ജനല്ച്ചില്ലകളും സണ്ണിയുടെ ഇല്ലാത്ത സ്വത്വത്തെ വീട്ടില്‍ പ്രതിഷ്ഠിച്ച് അപ്പച്ചന്‍ സന്തോഷം പൂണ്ടു. രാത്രിയില്‍ വൈകിയുറങ്ങിയ അപ്പച്ചന്‍ രാവിലെ ഉണര്‍‍ന്നില്ല. തീക്ഷ്ണവും തീവ്രവും ആയ വീടുമായുള്ള ബന്ധം ഒരുഅതിവേഗചുഴിയിലാക്കി അപ്പച്ചനെ ഒരുദിവസത്തെ അനുഭവം മാത്രമാക്കാന്‍ എതോ ശക്തി തീരുമാനിച്ചിരുന്നു കാണണം. രണ്ടീല്‍ നിന്നും ഒന്നു പോയാല്‍ ഒന്ന് എന്ന ലളിത ഗണിത സമവാക്യം വെല്ലുവിളിച്ചുകൊണ്ട് അമ്മച്ചി പെട്ടെന്ന് ഒന്നുമല്ലാതായി. മുപ്പതിലേറെ വര്‍ഷങ്ങള്‍ ആഫ്രിക്കന്‍ കുട്ടികളുമായി കലപില കൂടി അവരെ ശക്തിപൂര്‍വം നിയന്ത്രിച്ചിരുന്ന അമ്മച്ചി ഒറ്റദിവസം കൊണ്ട് ഒരു നിസ്സഹായജീവിയായി അടുക്കളക്കോണില്‍ നിന്നോ ഇരുന്നോ സമയം കഴിച്ചു.സ്വതെവേ ശാന്തപ്രകൃതയായ റോസ്‌ലി കൂടുതല്‍ നിശബ്ദയായി. അപ്പച്ചന്‍ മരിച്ച അന്നു തന്നെ വന്നുകയറിയ ചില ബന്ധുക്കള്‍ അധികാരസ്വരത്തില്‍ സംസാരിച്ചെന്ന് രണ്ടാം ദിവസം താനെത്തിയപ്പോള്‍ അമ്മച്ചി പറഞ്ഞിരുന്നു. പണ്ടേ വീടു പണി അസൂയയോടെ മാത്രം നോക്കിക്കണ്ടിരുന്ന ഇവര്‍ ഒരു ഗുണ്ടാസംഘം മാതിരി ലൈബ്രറിമുറിയില്‍ കയറ്യിരുന്ന് കുശുകുശുക്കുന്നത് അമ്മച്ചി തളര്ച്ചയുടെ ഇടയിലും ശ്രദ്ധിച്ചിരുന്നത്രെ.

എയര്‍ ഇന്‍ഡ്യ ചിറകു വിരിച്ച് അറ്റ്ലാന്റിക്കിന്റെ ഉപരിതലത്തില്‍ തൊട്ടു തൊട്ടീല്ല എന്ന മട്ടില്‍ പറന്നു പൊങ്ങി. തലേ രണ്ടു ദിവസത്തെ ക്ഷീണം സണ്ണിയെ തളര്‍ത്തിയിരുന്നു. മന്ദമായ ഊഞ്ഞാലാട്ടത്തിലെ അലസതയന്നെ പോലെ സണ്ണിയുടെ കണ്‍പോളകള്‍ കനം വച്ചു. വിമാനത്തിന്റെ നേര്‍ത്ത ഇരമ്പലിന്റെ ഏകതാനതയോട് ദേഹം മെല്ലെ സമരസപ്പെട്ടു, ഒരു കുളിര്‍ഞെട്ടലോടെ അവസ്ഥാവിഹീനമായി........ മീനച്ചിലാറ്റില്‍ ഒഴുകിനീങ്ങുന്ന തോണിയില്‍ അഞ്ചുവയസ്സുകാരന്‍ സണ്ണി ഇരുന്നു. അങ്ങെത്തലയ്ക്കല്‍ ഉത്സാഹത്തോടെ തുഴയുന്ന അപ്പച്ചന്‍. ഒഴിവിനു എല്ലാവര്‍ഷവും വീട്ടിലെത്താറുള്ള അപ്പച്ചന്‍ താന്‍ വിട്ടുപോയ പാലാപ്രകൃതിയെ ഉത്സാഹത്തോടെ തിരിച്ചുപിടിയ്ക്കുന്ന സമയം. ഒകിടിപുപയില്‍ കാണാത്ത അപ്പച്ചന്റെ മുഖഭാവം സണ്ണിയെ വിസ്മയപ്പെടുത്തും ഈ സമയങ്ങളില്‍.“മോനേ പിടിച്ചിരുന്നോണേ’ എന്ന നിര്‍ദ്ദേശത്തിലാണ് താനുമായുള്ള കൂട്ട് പ്രഖ്യാപിക്കുന്നത്. അപ്പച്ചന് ഉത്സാഹം കൂടുമ്പോള്‍ വള്ളം ചാട്ടുളിപോലെ താഴേയ്ക്കു പായും.സണ്ണിയുടെ വിസ്മയം പേടിയിലേക്കു വഴുതിവീഴും. “അപ്പച്ചാ പതുക്കെ” അവന്‍ വിളിച്ചപേക്ഷിയ്ക്കും.രണ്ടു കരയിലുമുള്ള കപ്പപ്പടര്‍പ്പും വാഴകളും തൈത്തെങുകളും പിറകോട്ട് പായുന്ന അദ്ഭുതദൃശ്യം സണ്ണിയുടെ വിടര്‍ന്ന കണ്ണുകളില്‍ ഹരം നിറയ്ക്കും.ചേന നടുന്നവരും കുരുമുള‍കുവള്ളി താലോലിക്കുന്നവരും ചിലപ്പോള്‍ തലയുയര്‍ത്തി അപ്പച്ചന്റെ ഈ ഭ്രാന്ത് ഒന്ന് എത്തി നോക്കിയെന്നു വരും.അല്ലാതെ ചുറ്റുപാടും ശാന്തസുന്ദരം. രണ്ടുമൈല്‍ താഴോട്ട് തുഴയുമ്പോള്‍ ളാലം തോട് മീനച്ചിലാറ്റിനോടെ ചേരുന്നെടം വച്ച് അപ്പച്ചന്‍ വള്ളം തിരിക്കും. പിന്നെ മുകളിലേയ്ക്കു ആഞ്ഞുവലിച്ച് ഉള്ള തുഴയലാണ്.മീനച്ചിലാറിന്റെ ഒഴുക്കെനെതിരെ തുഴയുന്ന അപ്പച്ചന്റെ ചില പതിഞ്ഞ ഈണങ്ങള്‍ ജലോപരിതലത്തില്‍ കുഞ്ഞലകള്‍ സൃഷ്ടിയ്ക്കും.

അവധിയ്ക്കു വരുമ്പോള്‍ മാത്രമുള്ള ഈ പ്രത്യേകാനുഭവം സണ്ണിയ്ക്ക് ഒരു മായാവിഭ്രമത്തിന്റെ നേരിയ സുഖം നല്‍കിയിരുന്നു. ഒരിയ്ക്കല്‍ അപ്പച്ചന്‍ വള്ളത്തിനെ അതിന്റെ വഴിയ്ക്കുവിട്ടെന്നവണ്ണം തുഴയല്‍ നിര്‍ത്തി മുയല്‍ ചെവി വട്ടം പിടിയ്ക്കുന്നതുപോലെ മൂക്കു ചുഴറ്റി ശ്വാസം വലിച്ചു. അവരെ ചുറ്റിയിരുന്ന ഇളംകാറ്റ് മുഴുവന്‍ അകത്താക്കാന്‍ ശ്രമിക്കുന്നതാണ് സണ്ണിക്കൊച്ച് കണ്ടത്.”പൂഞ്ഞാറീന്നൊള്ള കാറ്റാ-ഇതിനൊരു മണമൊണ്ട്”. പെട്ടെന്ന് അപ്പച്ചന്‍ ഒരുകൊച്ചുകുട്ടിയായി മാറി. കിളുന്തു ശബ്ദത്തിലാണ് ഇതു പുറത്തു വന്നത്. അപ്പച്ചന്റെ കുട്ടീക്കാലത്തെ വിശ്വാസമാണ്. മീനച്ചിലാറ് ഒഴുകിവരുമ്പോല്‍ ചിലപ്പോള്‍ പൂഞ്ഞാറ്റിലെ കാറ്റും കൊണ്ടു വരുമത്രെ. സണ്ണിയ്ക്ക് വിസ്മയമായി. അവനും ശ്വാസം വലിച്ചു. “പൂഞ്ഞാറീന്നൊള്ള കാറ്റാ-ഇതിനൊരു മണമൊണ്ട്”. ഉണ്ടോ? ഉണ്ടല്ലോ. ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. കാപ്പി പൂക്കുന്ന മണമാണോ?കുരുമുളക് കണ്ണികള്‍ പഴുത്തു വിളയുമ്പോള്‍ പക്ഷികള്‍ കൊത്തിവ്യാപിപ്പിക്കുന്ന മണമാണോ? ഏലത്തരിയുടെ മണം ഇതില്‍ ലയിച്ചിട്ടുണ്ടോ? “പൂഞ്ഞാറീന്നൊള്ള കാറ്റാ-ഇതിനൊരു മണമൊണ്ട്“. അറിയാത്ത ഉള്‍പ്രേരണയാലെന്നവണ്ണം സണ്ണിയും ആര്‍ത്തുവിളിച്ചു. മൂന്നു തവണ ആവര്‍ത്തിച്ച ജപമന്ത്രം പോലെ ഈ അതിലോലപ്രഖ്യാപനം മീനച്ചിലാറ്റിന്റെ അലകള്‍ നീളെയും കുറുകെയും ജലോപരിതല‍ത്തില്‍ വ്യാപിപ്പിച്ചു. ഇഞ്ചപ്പടര്‍പ്പിലെ കുളക്കോഴികള്‍ ഈ പ്രകൃതിപ്പൊരുള്‍ മൂളി ഏറ്റുവാങ്ങി. കൈതക്കൂട്ടങ്ങളിലെ കിളികള്‍ സ്വനഗ്രാഹിയന്ത്രത്തിന്റെ ആവര്‍ത്തനം പോലെ ഇതു ചിലച്ചുകൊണ്ട് പറന്നു പാറി. പൊന്മാനുകള്‍ ചാഞ്ഞും ചെരിഞ്ഞും നോക്കി താളം നിശ്ചയിച്ചു. കാപ്പിപ്പൂവിന്റേയോ കുരുമുളകിന്റേയോ എലത്തിന്റേയൊ സമ്മിശ്രസുഗന്ധമൊന്നുമല്ലാ‍ത്ത എന്നാല്‍ ഇതെല്ലാമായ ഈ നാസികാകന്ദസംശ്ലേഷണം രണ്ടുപേരുടേയും ദേഹമാസകലം വ്യാപിച്ചു. അവസ്ഥാന്തരങ്ങളില്ലാത്ത കാറ്റ് സണ്ണിയേയും അപ്പച്ചനേയും ചുറ്റിയുഴിഞ്ഞ് വള്ളത്തോടൊപ്പം അലഞ്ഞു നീങ്ങി. നിഗൂഢമായ സുഗന്ധത്തിന്റെ പടലം പുതപ്പിച്ചുകൊണ്ട്. സണ്ണി കണ്ണടച്ചു. ഉറങ്ങിയോ? കണ്ണു തുറക്കുമ്പോള്‍ അപ്പച്ചന്‍ അമരത്ത് മലര്‍ന്നു കിടക്കുകയാണ്. തോണി തന്നെ താഴേക്ക് നീങ്ങുന്നു. ഇളം സുഗന്ധത്തിന്റെ ലഹരി വള്ളത്തിനും ബാധിച്ചോ? അപ്പച്ചാ തുഴഞ്ഞേ. തുഴഞ്ഞേ അപ്പച്ചാ. സണ്ണി പേടിച്ചു. മീനച്ചിലാറ് ചെറുതായി കുലുങ്ങിച്ചിരിച്ച് തെളിഞ്ഞൊഴുകി.

കൊല്ലങ്ങള്‍ക്കു ശേഷം ഒരു തവണ അവധിക്കു വന്നപ്പോള്‍ സണ്ണിയെ മുണ്ടും ഉടുപ്പിച്ചാണ് തോണിയാത്രയ്ക്ക് കൊണ്ടുപോയത്. മുണ്ട് ഉടുത്തു പരിചയമില്ലാത്തതിനാല്‍ അമ്മച്ചി ഒരു ബെല്‍റ്റ് കെട്ടി ഉറപ്പിച്ചിരുന്നു. വെള്ളത്തില്‍ വീണാല്‍ അവന്‍ പറിഞ്ഞുപോകാത്ത മുണ്ടും കൊണ്ട് എങ്ങ്നെ നീന്തും എന്ന് അപ്പച്ചന്‍ തെല്ല് വ്യാകുലപ്പെട്ട് അമ്മച്ചിയോട് കയര്‍ത്തു. അതിനെന്നാ നിങ്ങള് വള്ളം മുക്കാന്‍ പോകുകാണോ എന്നമ്മച്ചി. പതിവ് പോലെ ഒരു വള്ളം മാത്രം പങ്കെടുന്ന മത്സരത്തില്‍ അപ്പച്ചന്‍ അത്യാഹ്ലാദനായി. ആഫ്രിക്കയില്‍ നിന്നും അച്ഛനും മകനും വരാന്‍‍ കാത്തിരുന്ന പൂഞ്ഞാറിലെ കാറ്റ് പലപ്പോഴും കൂടെ വരികയും വിട്ടൊഴിയുകയും ചെയ്ത് ഒളിച്ചേ കണ്ടേ കളിച്ചു. വെള്ളത്തിനടിയിലുള്ള ഉരുണ്ടു മിനുത്ത വെള്ളാരം കല്ലുകളേയും അതിനിട്യ്ക്കു തെന്നിത്തെറിക്കുന്ന വരാലുകളേയും നെറ്റിയേല്‍ പൊന്നന്മാരേയും നോക്കിയിരുന്ന സണ്ണി പെട്ടെന്ന് കേട്ടത് അപ്പച്ചന്റെ ഉറക്കെയുള്ള ചിരിയാണ്. അപ്പച്ചന്‍ തുഴച്ചില്‍ നിറുത്തി രണ്ടു കയ്യും കൊണ്ടും വെള്ളം വാരി വാരി എറിയുകയാണ്. ഒരു നാലു വയസ്സുകാരന്‍ പോലും ചെയ്യാന്‍ നാണിക്കുന്ന പരിപാടി. വെള്ളം വന്നു വീഴുമ്പോള്‍‍ ആര്‍ത്തു ചിരിക്കുന്നുമുണ്ട്. ദൈവമേ അപ്പച്ചന്‍് ആ‍റ്റിന്‍ നടുവില്‍ വച്ച് ഭ്രാന്തു പിടിച്ചോ? സണ്ണി പരിഭ്രമിച്ച് നോക്കിയപ്പോള്‍ അപ്പച്ചന്‍ അവന്റെ നേര്‍ക്കും കുറെ പളുങ്കില്‍ മുത്തുകള്‍ വാരിയെറിഞ്ഞു. ഒരു ചിരിയോടെ സണ്ണിയും കുഞ്ഞുകൈകളില്‍ വെള്ളം വാരിക്കുടഞ്ഞു. പളുങ്കുമണികള്‍ വള്ളത്തിന്റെ അരികില്‍ത്തട്ടി ചിന്നിച്ചിതറി ആയിരം കുഞ്ഞുമുത്തുകളായി വള്ളത്തില്‍ വീണുകൊണ്ടിരുന്നു. മീനച്ചിലാറിന്റെ കയങ്ങളിലെ അഗാധത ഈ പളുങ്കുകളില്‍ പ്രതിബിംബിച്ച് നീലമുത്തുകളായി ഒരു നൃത്തോത്സവം തന്നെ അരങ്ങേറി. സണ്ണിയുടേയും അപ്പച്ചന്റേയും ജലക്രീഡാപരിണതി മഴവില്ലുകള്‍ സൃഷ്ടിച്ചത് താഴെ നിന്നും പൊന്തിവന്ന മീനുകള്‍ വിസ്മയത്തോടെ നോക്കിക്കണ്ട് വീണ്ടും മുങ്ങിപ്പോയി. ഇല്ലിക്കൂട്ടങ്ങളിലെ നീര്‍നായകളുടെ സൂക്ഷ്മക്കണ്ണുകളില്‍ ഈ വര്‍ണരാജി ലേസര്‍ വൃത്തങ്ങള്‍ വരച്ചു. ഇലവീഴാപ്പൂഞ്ചിറയില്‍ നിന്നും മോഹിച്ചൊഴുകിവന്ന മീനച്ചിലാറ്‌ വെള്ളിക്കസവുകരയുള്ള കവിണി വള്ളത്തിന്റെ ഓരത്തു ചേര്‍ത്ത് പരിവൃത്തം സൃഷ്ടിച്ച് വാത്സല്യിച്ചു, തോണിയെ തൊട്ടിലാട്ടി. ഇത്തവണ ളാലം തോട് ചേരുന്ന സ്ഥലത്തെത്തിയപ്പോള്‍ നേരം വൈകിയിരുന്നു.ദൂരെ കുടയത്തൂര്‍ കുടമുരുട്ടി മലകള്‍ ഇരുളില്‍ കനത്ത് മാ‍നത്ത് മുട്ടിത്തുടങ്ങിയിരുന്നു. “ഇന്നിനി തുഴഞ്ഞ് കേറുന്നില്ല“. അപ്പച്ചനെ ഈ അത്യുത്സാഹം ക്ഷീണിതനാക്കിയോ? വള്ളം ചാഞ്ഞു നിന്നിരുന്ന ഒരു മരോട്ടിയില്‍ കെട്ടി. അപ്പച്ചാ വള്ളം ആരു കൊണ്ടു വരും? ദാമോദരന്‍ ചെട്ടിയാരും മകന്‍ ബിനീഷും കൂടെ നാളെ കൊണ്ടുവരുമെടാ. ഇങ്ങനെ നനഞ്ഞ മുണ്ടും ഷര്‍ടുമായി ടൌണിലേക്ക് നടക്കാനാണ് അപ്പച്ചന്റെ ഭാവം. സണ്ണി അന്തം വിട്ടു. അപ്പച്ചന്‍ തെല്ലും കൂസാതെ കുരിശുപള്ളിക്കവല്യ്ക്കടുത്തുള്ള സ്വാമിയുടെ ഇരുമ്പുകടയിലേക്കു തന്റെ കയ്യും പിടിച്ച് കയറി. സൂര്യനാരായണ അയ്യര്‍ ദേഷ്യപ്പെട്ട് ചിരിച്ചു. “ജോസിന്റെ ഭ്രാന്തിന്‍് സണ്ണിക്കൊച്ചിനേം കൂട്ടിത്തുടങ്ങിയോ? അവന് പനി പിടിപ്പിക്കും“. അയ്യരങ്കിള്‍ തോര്‍ത്തു കൊണ്ടുവന്നു തന്നു. കടയുടെ പുറകില്‍ പോയി മുണ്ടു പിഴിഞ്ഞു. സൂര്യനാരായണനെ പണ്ട് വള്ളം തുഴയാന്‍ അപ്പച്ചനാണ് പഠിപ്പിച്ചത് വല്യ സ്വാമി കാണാതെ. ചേട്ടന്‍ ധര്‍മ്മരാജനെ നീന്താന്‍ പഠിപ്പിച്ചതും അപ്പച്ചന്‍ തന്നെ. നേരത്തെ നാട്ടില്‍ വരുമ്പോഴൊക്കെ അയ്യരങ്കിളുമായിട്ടാണ‍് അപ്പച്ചന്റെ വള്ളം കളികള്‍. “ഏഴേമുക്കാലിന്റെ ഈരാട്ടുപേട്ട ബസ്സ് ഇപ്പപ്പോയാ കിട്ടും. വേഗം നടന്നോ.” അയ്യരങ്കിള്‍ കാശ് തന്നു. തന്നെ അറിയുന്ന ആരും ഇല്ലെംകിലും നനഞ്ഞ മുണ്ടുമായി തട്ടിത്തട്ടി ബസ് സ്റ്റാന്‍ഡിലേക്കു നടക്കാന്‍ മടി തോന്നി.അപ്പച്ചന്‍ സ്വപ്നാടനക്കാരനായി ത്തന്നെ. പാലായ്ക്കിറങ്ങുമ്പോള്‍ ഒന്നാന്തരം വെളുത്ത ഡബിളോ പാന്റോ മാത്രമിടാറുള്ള അപ്പച്ചന്‍ പഴയ കൈലിയുമായി കൂസാതെ നടന്നു. വെള്ളമിറ്റുന്ന മുണ്ടും ഷര്‍ടുമായി സണ്ണി ബസ്സിലെ ഏറ്റവും പുറകിലത്തെ സീറ്റില്‍ തലകുനിച്ചിരുന്നു. വീട്ടിലെത്തിയപ്പോള്‍ അമ്മച്ചി ഒച്ചയെടുത്തു “അടുത്തയാഴ്ച വിമാനത്തെ കേറി രാജ്യം വിടേണ്ട കൊച്ചാ. അവനെ പനി പിടിപ്പിച്ച് കെടത്താനാണോ ഭാവം?’ അമ്മച്ചി തന്നെ ചേര്‍ത്തു നിറുത്തി ആഞ്ഞ്പിടിച്ച് തല തോര്‍ത്തി. തന്റെ മെലിഞ്ഞ ശരീരം മുന്‍പോട്ടും പുറകോട്ടും ആടി. അപ്പച്ചന്‍ മൂളിപ്പാട്ടു നുണഞ്ഞു സിഗററ്റു വലി‍ച്ചു.

“സേര്‍, ഹിയര്‍ ഈസ് യുവര്‍‍ ഡിന്നര്‍‍” എയര്‍ ഹോസ്റ്റസ് തട്ടിയുണര്‍ത്തി. ചൂടുള്ള ശാപ്പാട് പേടകം ട്രേയില്‍ വച്ചു. സണ്ണി കണ്ണിലെ നനവ് മായിച്ച് വെറുതേ പുറത്തേയ്ക്കു നോക്കി. ശാന്തമായ നീലിമ സ്ഥലകാലബോധമില്ലാതെ പുറത്ത് പരന്നൊഴുകുന്നു.അകലെയാണോ അരികിലാണോ?

(തുടരും)

19 comments:

എതിരന്‍ കതിരവന്‍ said...

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്
ഒരു നീണ്ടകഥ. ഒന്നാം ഭാഗം ഇതാ.

പ്രവാസിയ്ക്ക് ഒരു തിരിച്ചുപോക്ക് സാധ്യമാണോ? ഇതാണ് കഥാപരിസരം.

Anonymous said...

പാലാ എന്റെ മാതൃരാജ്യമാണെങ്കിലും പൂഞ്ഞാറാണെന്റെ തറവാട്.
ഗുരുവിനെ തട്ടിക്കളയും !

എതിരന്‍ കതിരവന്‍ said...

ബെര്‍ളീ
പൂഞ്ഞാറ്റില്‍ തമ്പുരാക്കന്മാരുടെ ഫാമിലി ആണോ? ബെര്‍ളി തോമസ് കര്‍ത്താ എന്നായിരിക്കും പേര്‍്.
അവിടത്തെ കാറ്റ് നിങ്ങടെ തറവാട് സ്വത്തും.

Cibu C J (സിബു) said...

നന്നായിരിക്കുന്നു. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു..

“...മീനച്ചിലാറിന്റെ കയങ്ങളിലെ അഗാധത ഈ പളുങ്കുകളില്‍ പ്രതിബിംബിച്ച് നീലമുത്തുകളായി ഒരു നൃത്തോത്സവം തന്നെ അരങ്ങേറി...” എന്നവരിക്കടുത്തുമാത്രം അല്പം കൃത്രിമത്വം തോന്നി.

ബൂലോഗത്തിലുള്ള നോവലുകളുടേയും നീണ്ടകഥകളുടേയും കുറവ്‌ തീര്‍ക്കാന്‍ ഇതുപോലുള്ള സംരംഭങ്ങള്‍ തീര്‍ച്ചയായും വേണം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചാത്തനിവിടെ വരുന്നതു അപുര്‍വ്വമാ ആക്ഷേപഹാസ്യം വായിക്കാനുള്ള കരുത്തില്ലാ ;)
ഇതു നന്നായി പൂഞ്ഞാറില്‍ നിന്നുള്ള കാറ്റിന്റെ മണം ഇവിടേം കിട്ടുന്നു.

SUNISH THOMAS said...

ക്യാരി ഓണ്‍ ബാഗിന്മേല്‍ കഴിഞ്ഞതവണ നാട്ടില്പോയപ്പോള്‍ കെട്ടിയിട്ട റ്റാഗ് മാറാതെ കിടന്നിരുന്നത് സെക്യൂരിറ്റിക്കാരി എടുത്തുമാറ്റി.

ഇതില്‍ എല്ലാമുണ്ട്!! ഈ നീണ്ട കഥയോടു താങ്കള്‍ക്കുള്ള ആത്മാര്‍ഥത മുഴുവന്‍ ഈ വാചകത്തിലുണ്ടെന്ന് എനിക്കു തോന്നിപ്പോയി. അത്രയ്ക്കു സൂക്ഷ്മം!!!

ഇടവേളയില്ലാതെ അച്ചായന്‍ ഇതു പൂര്‍ത്തിയാക്കണം. വായിക്കട്ടെ!! ആശംസകള്‍.

SUNISH THOMAS said...

ഓഫ്-
ഇതിനു പൂഞ്ഞാര്‍ നിയോജകമണ്ഡലത്തെ ചൂഴ്ന്നു നില്‍ക്കുന്ന സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധമില്ലല്ലോ അല്ലേ? പ്രവാസിയുടെ തിരിച്ചുപോക്കിന് രാഷ്ട്രീയവുമായി എന്തു ബന്ധം അല്ലേ?
:)

ദിവാസ്വപ്നം said...

starting to read. beginning itself is nice.

ദിവാസ്വപ്നം said...

"കണ്ണു തുറക്കുമ്പോള്‍ അപ്പച്ചന്‍ അമരത്ത് മലര്‍ന്ന് കിടക്കുന്നു" ഈ പാരഗ്രാഫ് വളരെ ഇഷ്ടമായി.

നിസ്സാരമായ ഒന്നുരണ്ടു സജഷന്‍സ് - എയര്‍പോര്‍ട്ടിലെത്തുന്നതിനുമുന്‍പുള്ള ഭാഗത്ത് വിശദീകരണാത്മകത അല്പം കൂടിയില്ലേയെന്നൊരു ചെറിയ സംശയം. (ന്യൂ യോര്‍ക്കിലെ കെന്നഡി എയര്പോര്‍ട്ട്., ഫിലഡെല്ഫിയയില്‍ നിന്നു ന്യൂയോര്‍ക്കില്‍ ചെന്നാല്‍ ..) കാര്യമൊന്നുമില്ലെങ്കിലും അതൊന്ന് ശ്രദ്ധിച്ചാല്‍ വായിക്കാന്‍ ഇത്തിരികൂടി സുഖമുണ്ടായേക്കുമെന്ന് തോന്നുന്നു.

either way, എതിരന്‍ ജി, ഈ കഥ പ്രചോദനമാകുന്നു.

Dinkan-ഡിങ്കന്‍ said...

എതിരന്‍ കുതിരന്‍ വക “തുടരന്‍” കലക്കി :)

Unknown said...

നന്നായിട്ടുണ്ട് തുടക്കം. :)

ധൂമകേതു said...

എതിരവന്‍, നല്ല ഫീലിംഗുള്ള എഴുത്ത്‌, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Promod P P said...

എതിരന്‍..

വളരെ നല്ല തുടക്കം.. എഴുത്തിന്റെ ആര്‍ജ്ജവം കൊണ്ട്,വായിക്കുന്നവരുടെ മനസ്സില്‍ സമ്മിശ്രവികാരങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്ന താങ്കളുടെ ശൈലിക്ക് ആയിരം അഭിനന്ദനങ്ങള്‍

അപ്പു ആദ്യാക്ഷരി said...

മാഷേ, വായിച്ചുതീരുന്നതുവരെ സണ്ണിയോടും അപ്പച്ചനോടുമൊപ്പം ഞാനും മീനച്ചിലാറ്റിലെ കൊച്ചുവള്ളത്തിലായിരുന്നു.

നല്ല എഴുത്ത്.

വേണു venu said...

മഹാ ഭാഗ്യവാന്മാര്‍‍, ഇതെപോലെയുള്ള അപ്പച്ചന്മാരെ കിട്ടുന്ന ജന്മം പോലും സുകൃതം ചെയ്തതു്. തുടരൂ..:)

Sethunath UN said...

നല്ല ഒഴുക്കും ആര്‍ജ്ജവവും ആത്മാര്‍ത്ഥതയുമുള്ള എഴുത്ത്.

വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ നിര്‍ത്താന്‍ തോന്നിയില്ല. അതു നല്ല എഴുത്തിന്റെ ശക്തി.

യാത്രയില്‍ കൂടെയുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

sandoz said...

എതിരന്‍സ്‌ ആന്‍ഡ്‌ കതിരന്‍സ്‌....
വായിച്ച്‌ തുടങ്ങുന്നു....

ഇനി അവസാന ഭാഗത്ത്‌ കാണാം....

കാപ്പിലാന്‍ said...

ആദ്യ ഭാഗം വായിച്ചു .ശരിക്കും ഞാന്‍ എന്‍റെ അപ്പച്ചനെ ഓര്‍ത്തുപോയി ,കൂട്ടത്തില്‍ ഞാനും അവധിക്കു ചെല്ലുമ്പോള്‍ രാത്രിയില്‍ മഴയത്ത് നനഞു തോട്ടില്‍ വല വീശാന്‍ പോകുന്നത് .കൊച്ചു കുട്ടിയെപ്പോലെയുള്ള പെരുമാറ്റങ്ങള്‍ .എല്ലാം ഞാന്‍ ഓര്‍ക്കുന്നു .
ഓഫ് .ഇതാണോ ബുക്ക് ആക്കാന്‍ പോകുന്നത് ..നല്ല സംരഭ്വം .ഇനി ബാക്കി ഭാഗങ്ങള്‍ വായിക്കട്ടെ .

സന്തോഷ്‌ കോറോത്ത് said...

ഇപ്പോഴാ ഇതു കണ്ടത് :(...
"രണ്ടീല്‍ നിന്നും ഒന്നു പോയാല്‍ ഒന്ന് എന്ന ലളിത ഗണിത സമവാക്യം വെല്ലുവിളിച്ചുകൊണ്ട് അമ്മച്ചി പെട്ടെന്ന് ഒന്നുമല്ലാതായി"
അക്രമം !!!!