Saturday, April 24, 2010

എസ്. ജാനകിയുടെ 78-)0 ജന്മദിനം “വാസന്തപഞ്ചമി നാളില്‍“ ഉം “സൂര്യകാന്തി”യും ഒന്നു കൂടി ഓർമ്മിക്കുന്നു

എസ്. ജാനകിയുടെ 78-)0 ജന്മദിനമാണ്. “ഗാനം കേൾക്കാൻ കൊതിയോർത്തിട്ടരികിലിരിക്കെ സ്വരരാഗസുന്ദരിമാർക്ക് അരികിൽ വരാൻ നാണ“ മാണെന്ന് വെറുതെ നമ്മോടു പറഞ്ഞതാണെന്ന് അറിയാം. എങ്കിലും ഈ രണ്ടുപാട്ടുകളെക്കുറിച്ച് ഓർമ്മിക്കാതെ വയ്യ. നേരത്തെ പോസ്റ്റുചെയ്തിരുന്നത് ഒരിക്കൽക്കൂടി ഇതാ.


ചില പാട്ടുകള്‍ കാലാതിവര്‍ത്തികളാണ്. മനസ്സിലെവിടെയോ ഒളിച്ചിരുന്ന് പൊടുന്നനവേ പ്രകാശം കൊണ്ട് നമ്മെ അതിന്റെ തീക്ഷ്ണഭാവത്തിലേക്കു കൊണ്ടുപോയി ഒരു വിങ്ങല്‍ സൃഷ്ടിച്ച് അതിനുള്ളിലാക്കും. അങ്ങനെ മറന്നുപോകാതെ ഉള്ളില്‍ സൂക്ഷിക്കപ്പെടുന്ന രണ്ടു പാട്ടുകളാണ് “വാസന്തപഞ്ചമിനാളില്‍” (ഭാര്‍ഗ്ഗവീനിലയം)ഉം “സൂര്യകാന്തി” (കാട്ടുതുളസി) യും. ശില്പഭംഗി, ആലാപനസൌഭഗം , കാവ്യാത്മകത എന്നിവയുടെ പൂര്‍ണത. ഭാവതീവ്രതയും മാധുര്യവും തുളുമ്പി നില്‍ക്കുന്നവ.

എസ്. ജാനകിയുടെ സ്വതവേ അല്പം ശോകച്ഛായ കലര്‍ന്ന ആലാപനം ഇതു രണ്ടിനേയും പ്രത്യേക അനു‍ഭവമാക്കുന്നുണ്ടെന്നുള്ളതില്‍ സംശയമില്ല. പക്ഷെ സംഗീതസംവിധായകന്‍ ചെയ്തു വച്ചിട്ടുള്ള ചില സൂത്രപ്പണികളാണ് ഈ രണ്ടു പാട്ടുകളേയും അതിവിസ്മയങ്ങളാക്കുന്നത്. ചില പാട്ടുകള്‍ കത്തിച്ചു വിട്ട വാണം പോലെയാണ്. പെട്ടെന്നുള്ള വിസ്മയകരമായ ഉയര്ച്ചയാണിവയ്ക്ക്. പക്ഷേ മുകളിലേക്കു പോയ പോലെ തന്നെ താഴോട്ടും നിപതിക്കും ഇവ. “ലജ്ജാവതി” ഇപ്പോള്‍ ഇങ്ങനെ നടുവും തല്ലി വീണു കിടക്കുകയാണ്. പക്ഷേ അതിവിദ്വാന്മാരായ സംഗീതസംവിധായകര്‍ വിക്ഷേപിക്കുന്ന ചില പാട്ടുകള്‍ എന്നും നിലം തൊടാതെ തിരശ്ചീനമായി പറന്നുകൊണ്ടെ ഇരിക്കും.‍ ഒരു പൂവിരിഞ്ഞുവരുന്നതുപോലെയാണ് ചില പാട്ടുകളുടെ അനുഭവക്രമം. മറ്റുചിലതോ അനേകം പൊതികളുള്ള ഒരു മിഠായി മാതിരി. ഓരോ പൊതിയും സൂക്ഷ്മതയോടെ, ജിജ്ഞാസയോടെ നമ്മെക്കൊണ്ട് അഴിപ്പിച്ച് ഉള്ളിലെ മധുരം എടുത്തുതരും. വേറേ ചിലതോ പതുക്കെ തുറന്നു പോകുന്ന നിരവധി വാതായനങ്ങള്‍, അവയെല്ലാം കടന്ന് ശ്രീകോവിലില്‍ എത്തുന്ന പ്രതീതി ഉളവാക്കും. മറ്റു ചിലതിനോ നമ്മള്‍ കണ്ണടച്ച് ഇരുന്നു കൊടുത്താല്‍ മതി. പാട്ടു വന്ന് നമ്മുടെയുള്ളില്‍ കയറിക്കൊള്ളും.എവിടെയൊക്കെയോ കൊത്തി നൊമ്പരപ്പെടുത്തുന്നതിന്റെ സുഖം പിന്നെ അനുഭവിച്ചോണ്ടാല്‍ മതി. മേല്‍പ്പറഞ്ഞ രണ്ട് പാട്ടുകളും കേള്‍വിസുഖം തരുന്നത് ഇങ്ങിനെയായിരിക്കും മിക്ക ആസ്വാദകര്‍ക്കും. ബാബുരാജിന്റെ മാന്ത്രികവിദ്യയാണ് രണ്ടിനേയും പരിവേഷം.

പി. ഭാസ്കരന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചുഗാനങ്ങളിലൊന്നായിരുന്നു “വാസന്തപഞ്ചമി നാളില്‍”. കഥാഗതിക്കിണങ്ങുന്നതും നായികയുടെ ഭാവസ്ഫൂര്‍ത്തി വരുത്തുന്നതുമായ ഗാനത്തെ സംഗീതത്തിലൂടെ പൂര്‍ണ്ണതയിലെത്തിച്ചു എന്നതായിരിക്കണം പി. ഭാസ്കരനെ തൃപ്തിപ്പെടുത്തിയത്. ഇവിടെയാണ് ബാബുരാജ് തന്റെ മുദ്ര പതിപ്പിച്ചത്. സാധാരണ മലയാള സിനിമാഗാനങ്ങളുടെ ശില്‍പ്പമല്ല ഈ പാട്ടിനു അദ്ദേഹം നല്‍കിയിരിക്കുന്നത്. പല്ലവി കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ഒരുപോലെയുള്ള ചരണങ്ങളാണ് പതിവ്. ഈ ചരണങ്ങളിലെ ആദ്യ പാദം സ്വല്പം ഉച്ചസ്ഥായിയിലാണെങ്കില്‍ രണ്ടാം ഭാഗം അതിനും താഴെ. ചിലപ്പോള്‍ ഇതു മറിച്ചും. ഉദാഹരണത്തിന്‍് “എന്റെ ഖല്‍ബിലെ” എന്ന പാട്ടിലെ ചരണം “എന്റെ പുഞ്ചിരിപ്പാലിനുള്ളിലെ..” പല്ലവിയേക്കാള്‍ ഉയര്‍ന്ന ശ്രുതിയിലും “ഒപ്പനയ്ക്കൊന്നു കൂടുവാന്‍...” എന്റെ പുഞ്ചിരി” യേക്കാള്‍ താഴ്ന്ന ശൃതിയിലുമാണ്. എന്നാല്‍ “മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി....” എന്നതിലെ ചരണം “കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ...” എന്ന ഭാഗം താഴ്ന്നും രണ്ടാം ഭാഗം “ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന” എന്നത് സ്വല്പം മേത്സ്ഥായിയിലുമാണ്. ചിലപ്പോള്‍ ഒരു ഗാനത്തിലെ തന്നെ ചരണങ്ങള്‍ തന്നെ വ്യത്യസ്ഥമാക്കാറുമുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ സങ്കേതങ്ങളാണിവ. ഇതിന്‍് അപവാദങ്ങളില്ലാതില്ല. “വാസന്തപഞ്ചമി നാളില്‍”ഈ രൂപത്തിലോ സങ്കേതത്തിലോ അല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ സൌമ്യമായി തുടങ്ങി സാവധാനം പടര്‍ന്നു കയറുന്നു ഈ സ്വരലത. തീവ്രമായ ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.

പ്രിയതമന്‍ വേറിട്ടു പോയതിലുള്ള ദു:ഖമാണ് പശ്ചാ‍ാത്തലം. വരുമോ എന്ന ആശങ്ക പ്രമേയവും. വരുമെന്നുള്ള കിനാവാണ് ആശ്വാസം. ഭാര്‍ഗ്ഗവീനിലയത്തിലെ ഭാര്‍ഗ്ഗവിക്കുട്ടിയുടെ സങ്കടങ്ങള്‍. ഓര്‍ക്കസ്ട്രേഷന്‍ ഒന്നുമില്ലാതെ നേരിട്ട്, പരാതി മട്ടിലാണ് തുടക്കം

‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവു കണ്ടു
വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍‘
രണ്ടാമത്തെ കിനാവു “കണ്ടു” എന്നതിലാണ് ഊന്നല്‍. ശ്രുതി മുകളിലാക്കി വ്യത്യസ്ഥ ഗമകത്തിലൂടെ ഇതു സാധിച്ചിരിക്കുന്നു.

‘വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന്‍ കണ്ണിന്മുന്നില്‍ വരേണ്ടയാള്‍ മാത്രം‘- പല്ലവിയേക്കള്‍ സൌമ്യതയാണ് ഈ ചരണത്തിന്‍്. വസന്തം കഴിഞ്ഞിട്ടും അയാള്‍‍ വരാത്തതില്‍ ആശാഭംഗമുണ്ട്.
പക്ഷേ
‘ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയില്‍‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി ഓടിച്ചെല്ലും ഞാന്‍‘ എന്ന മട്ടില്‍ പ്രിയന്‍ വരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഈ ചരണം ആദ്യത്തെ ചരണത്തേക്കാളും ഉയര്‍ന്ന സ്ഥായിയിലാണ്. പ്രതീക്ഷ സ്വല്‍പ്പം മിച്ചമുള്ളാതുകൊണ്ട് ഒരു പടി കയറുകയാണ് ഗാനം. ഈ രണ്ടു ചരണത്തിനു ശേഷവും മറ്റു സാധാരണ ഗാനങ്ങളെപ്പോലെ പല്ലവി ആവര്‍ത്തിക്കുന്നില്ല.‘വാസന്തപഞ്ചമിനാളില്‍‘എന്നു മാത്രമേ പാടുന്നുള്ളു. പടിപടിയായിക്കയറുന്ന യുക്തിക്കു ഭംഗം വരും ഇനിയും ‘കാത്തിരുന്നു ഞാന്‍‘എ‍ന്നു പാടിയാല്‍. ‘നാളില്‍’ എന്ന വാക്കു സൂക്ഷ്മമായ ഗമകത്തോടെയാണ് ഊര്‍ജ്വസ്വലമാകുന്നത്.

‘വന്നവന്‍ മുട്ടീവിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങി നില്‍ക്കും ഞാന്‍-‘
ദൃഢമായ ചില നിശ്ചയങ്ങള്‍. പക്ഷേ, ഒരു പ്രസ്താവനയുടെ സാധാരണാത്വം മാത്രമേയുള്ളു ആലാപനത്തിന്‍്. ഇനി പല്ലവിയുടെ ആവര്‍ത്തനമില്ല. ഒരു വയലിന്‍ ബിറ്റ്നു ശേഷം പാട്ടു പൊടുന്നനവേ ഉച്ചസ്ഥായിയിലാകുകയാണ്. ഒരു നിലവിളി പോലെ ഈ വിലാപം ഉയര്‍ന്നു പൊങ്ങുന്നു. വലിയ ഒരു തിരിച്ചറിവിന്റെ ആഘാതം രോദനമാകുന്നു. പതിയെ ഉയര്‍ന്നമേഘം പെട്ടേന്ന് ഇടിവെട്ടി കണ്ണീര്‍ പൊഴിക്കുന്നതുപോലെ. അതിതീവ്രമായ ക്ലൈമാക്സ്. വിചാരധാരയും സംഗീതവും ഒന്നുപോലെ സ്ഫോടനാത്മകമാകുന്നു.

‘ആരുമാരും വന്നതില്ലാ ആരുമാരും അറിഞ്ഞതില്ലാ‍ാ‍ാ‍ാ‍ാരുമാരും വന്നതില്ലാ
ആരുമാരുമറിഞ്ഞതില്ലാ
ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍‘
ഇവിടെ ഭാവത്വരിതത്തിനു ഡ്രംസുമുണ്ട് തബലയോടൊപ്പം. ഗിറ്റാറിന്റെ നേരിയ പെരുമാറ്റങ്ങള്‍ പിന്നിലുണ്ട്.
വരും എന്നുള്ളാത്ത് ആത്മാവിന്റെ സ്വപ്നം മാത്രമാണെന്നു അവള്‍ക്കു മനസ്സിലായിരിക്കുന്നു. പ്രിയതമന്‍ എന്നെന്നേയ്ക്കുമായി മറഞ്ഞെന്ന അറിവ് കാലാകാലങ്ങളില്‍‍ സഞ്ചരിക്കാന്‍ കഴിവുള്ള അവളുടെ ആത്മാവ് പിടിച്ചെടുത്തിരിക്കുന്നു. അപ്പോള്‍ ആദ്യം പാടിയ ‘വരുമെന്നൊരു കിനാവു കണ്ടു ‘ എന്നുള്ളത് അന്നേരത്തെ അനുഭവമല്ല. പണ്ടു നടന്ന കാര്യം ഒന്നു പറഞ്ഞെന്നേ ഉള്ളു. “കാത്തിരിപ്പു ഞാന്‍” എന്നതില്‍ നിതാന്തമാണ് ഈ കാത്തിരിപ്പ് എന്നു ധ്വനി.വ്യര്‍ത്ഥമാണോ എന്ന സംശയവുമുണ്ട്. എല്ലാം മായക്കാഴ്ച്ചകള് ‍മാത്രമായിരുന്നു. ഗാനം പിന്തുടര്‍ന്ന നമ്മളും അറിഞ്ഞില്ല. അലയുന്ന ആത്മാവിന്റെ ഒരു വിഭ്രാന്തി മാത്രം. ഭാര്‍ഗ്ഗവിക്കുട്ടിയുടെ ജീവിതകഥ തന്നെ. കഥയും ഗാനവും സംഗീതവും ഒന്നിച്ച്രുരുകി സ്വയം വിളക്കിച്ചേര്‍ക്കുന്ന അവസ്ഥ.


ഇതുപോലെ ലളിതമായ തുടക്കത്തില്‍ നിന്നും ഗാനവും സംഗീതവും ഒരുമിച്ച് പടി കയറി ഔന്നത്യത്തിലെത്തുന്ന ഒന്നാണ് വയലാറിന്റെ “സൂര്യകാന്തീ“. മാനസികാസ്വാസ്ഥ്യം ബാധിച്ച ഭര്‍ത്താവിന്റെ നിഗൂഢമായ പൂര്‍വകഥയെക്കുറിച്ചുള്ള സന്ദേഹമാണ് പശ്ചാത്തലം. നിഷ്പ്രഭനായ സൂര്യനെ നോക്കിനില്‍ക്കേണ്ടി വന്നിരിക്കുന്ന സൂര്യകാന്തിയ്ക്കും നായികയ്ക്കും സമാന്തരമായ ജീവിതഗതിയാണ്, സമാനമായ സന്നിഗ്ധാവസ്ഥയാണ്. അതുകൊണ്ട് സൂര്യകാന്തിയോടുള്ള ചോദ്യമാണ് ഗാനം. ഭര്‍ത്താവിന്റെ പൂര്‍വകാമുകിയുടെ തിരോധാനമാണ് അദ്ദേഹത്തിന്‍് ഈ മാനസികപ്രശ്നം വരുത്തിവച്ചിരിക്കുന്നത്,അവള്‍ക്കറിയാം. ഭാവത്തിലും ആലാപനത്തിലും സങ്കേതത്തിലും വ്യത്യസ്തമായ രണ്ട് ചരണങ്ങളില്‍ക്കൂടിയാണ് ‍ഈ പ്രമേയം അവതരിക്കപ്പെടുന്നത്. എസ്. ജാനകിയുടെ കളകണ്ഠം നിഷ്പ്രയാസം ഹൈ പിച്ച് ഹമ്മിങ് ഉണര്‍ത്തുന്നതോടെയാണ് ആരംഭം. ശോകച്ഛായയില്ല. സ്വല്പം ഊര്‍ജം ഉണ്ടുതാനും. ചോദ്യം ചോദിക്കാനുള്ള വരവല്ലെ. സൂക്ഷഗമകങ്ങള്‍ സമ്പന്നമാക്കിയിരിക്കുന്നു പാട്ടിനെ മുഴുവന്‍. സംഗതികള്‍ ബാബുരാജിന്റ് കയ്യൊപ്പുകളാണ്.

“സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ? പ്രേമപൂജാപുഷ്പവുമായി തേടുവതാരെ ആരെ?“ എന്നു തുടങ്ങുന്നത് വളരെ മന്ദ്രമായാണ്. അതില്‍ “തേടുവതാരെ“ ഗമകത്തോടെ ഉറപ്പിച്ചിരിക്കുന്നു, കാരണം അന്വേഷണമാണ് സന്ദര്‍ഭം. പിന്നീട് പ്രിയനെ നോക്കിനിന്നു പരിക്ഷീണയായി ആലസ്യത്തിലാണ്ട, നിതാന്തമായ തപസ്സനുഷ്ഠിക്കുന്ന കന്യകയാണ് സൂര്യകാന്തിയെന്ന് അവള്‍ നിരീക്ഷിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന സൂര്യകാന്തീ, ആരെ, തേടുവത്, എന്നീ വാക്കുകള്‍ ഗമകങ്ങളുടെ സുഭിക്ഷത കൊണ്ട് മധുരതരവും അതേസമയം നിശിതവുമാണ്. പിയാനോയുടെ ചില മുഴങ്ങുന്ന സ്വരങ്ങള്‍ നിഗൂഢതയ്ക്കു വേണ്ടിയാവാം പാടുന്ന സ്വരത്തിനു പ്രതിബിംബമെന്നോണം ഇറ്റുവീഴ്ത്തിയിട്ടുണ്ട്.

‘വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍‍ പോകുവതറിയാതെ
ദേവതാരുവിന്‍ തണലിലുറങ്ങും താപസകന്യക നീ‘ എന്ന ഈ ചരണം സ്വല്പം കീഴ്സ്ഥായിയില്‍ തുടങ്ങി, രണ്ടാം ഭാഗം സ്വല്പം മേല്‍പ്പോട്ട് ഉയരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘വെയിലറിയാതെ മഴയറിയാതെ......പോകുവതറിയാതെ‘ എന്നതിലെ “അറിയാതെ” എന്ന വാക്കിലെ നിഷേധസൂചകമായ അവസാനരണ്ടക്ഷരങ്ങള്‍‍ ആ‍ദ്യത്തെ ഗമകത്തില്‍ നിന്നും ശ്രുതി ഉയര്‍ത്തിയിരിക്കുന്നു രണ്ടാമത്തെ “അറിയാതെ”യില്‍. മൂന്നാമത്തേതില്‍ പിന്നെയും ഉയരുന്നു. “ദേവതാരുവിന്‍ തണലിലുറങ്ങും‘ സംഗതിയില്‍ മേല്‍സ്ഥായിയില്‍ നിന്നും കുത്തനെയുള്ള ഇറക്കമാണ്, “ഉറങ്ങും” എന്ന വാക്കിന്റെ ആലസ്യത്തെ ധ്വനിപ്പിക്കാന്‍ ശ്രുതി താഴ്ത്തിയിരിക്കുകയാണ്. പക്ഷെ ഈ നിപാതം അയത്നലളിതമായി ഒഴുകിയിറങ്ങുന്നതു പോലെയാണ്.

പൊടുന്നനവെ കഠിനമായ ചോദ്യം പൊട്ടീപ്പുറപ്പെടുകയാണ്. ഈ ചരണം ഉയര്‍ന്ന സ്ഥായിയിലാണ്.

‘ആരുടെ കനകമനോരഥമേറി ആരുടെ രാഗപരാഗം തേടി
നീലഗഗനവനവീഥിയില്‍ നില്‍പ്പൂ നിഷ്പ്രപ്ഭനായ് നിന്‍ നാഥന്‍?‘

സൂര്യകാന്തിയുടെ നാഥനായ സൂര്യന്‍ ഒളിമങ്ങി ആരെപ്രതീക്ഷിച്ച് നില്‍ക്കുന്നുവെന്നത് അവള്‍ തന്നോടു തന്നെ നിസ്സഹായയായി ചോദിക്കുന്ന ചോദ്യമാണ്. ചോദ്യം ആഞ്ഞു തറയ്ക്കന്‍ വേണ്ടി ആദ്യപാദം കഴിഞ്ഞ് ഓര്‍കസ്ട്രേഷന്‍ സഞ്ചാരത്തിനു ശേഷം വീണ്ടും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ‘രാഗപരാഗ”ത്തിലെ ‘രാഗ‍‘ ഗമകത്തൊടു കൂടി ഉറപ്പിച്ചിരിക്കുന്നു. പരിഭവത്തിനു ആക്കം കൂട്ടാന്‍. “നീല ഗഗന വന വീഥിയില്‍‍ നില്‍പ്പൂ” വിന്റെ അതിമധുരമായ ആവര്‍ത്തനത്തില്‍‍ അതിശ്രദ്ധയോടെ ‘ഗഗന’യുടെ അവസാനത്തിലും ‘വന’ അവസാനത്തിലും ഗമകങ്ങളുണ്ട്. നില്‍പ്പൂ എന്നതിലും സൂക്ഷ്മഗമകം പൊടി വിതറിയിരിക്കുന്നു. പാട്ടിന്റെ “punch line' ആയ “ആരുടെ.....തേടി” സാമാന്യഗതി വിട്ട് വളരെ മുകളില്‍ സ്ഥാനമുറപ്പിച്ചിരിക്കയാണ്.

വേറൊരു ചെറിയ ട്രിക്കും ബാബുരാജ് ചെയ്തിട്ടുണ്ട് ഇതില്‍. ആദ്യത്തെ ചരണം കഴിഞ്ഞ് പല്ലവി ആവര്‍ത്തിക്കുമ്പോള്‍ “സൂര്യകാന്തീ” എന്നു നീട്ടിയാണ് പാടുന്നത്.പാട്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇങ്ങനെയല്ല. സൂര്യകാന്തിയുമായി കുറച്ച് അടുപ്പം നായികയ്ക്കു തോന്നിയതിന്റെ സ്വാതന്ത്ര്യത്തെ ധ്വനിപ്പിക്കുന്നു ഇത്.

പാട്ട് ആസ്വദിക്കാന്‍ ഇങ്ങനെയൊരു കീറിമുറിച്ചുള്ള വിശകലനം ആവശ്യമില്ല. പക്ഷെ നമ്മുടെയുള്ളില്‍‍ കയറിക്കൂടി കൊളുത്തിവലിയ്ക്കുമ്പോള്‍ വിസ്മയത്തിനവകാശമുണ്ട്.

43 comments:

എതിരന്‍ കതിരവന്‍ said...

പ്രിയങ്കരങ്ങളായ രണ്ട് പാട്ടുകള്‍- “വാസന്തപഞ്ചമി നാളില്‍”, “സൂര്യകാന്തീ“- ഇവയുടെ ശില്പഭംഗിയെകുറിച്ച് ഒരു അനുഭവപാഠം.

ബാബുരാജിന്റെ മാന്ത്രികവിദ്യ.

ഇവയിലെ സംഗീതസംബന്ധിയായ വിവരങ്ങള്‍ കൂടുതല്‍ അറിവുള്ള ആരെങ്കിലും പങ്കുവയ്ക്കുമെന്ന് ആശിക്കുന്നു.

രാജേഷ് ആർ. വർമ്മ said...

ബഷീറിന്റെ പേനയുടെയും വിന്‍സെന്റിന്റെ കാമറയുടെയും മാന്ത്രികസ്പര്‍ശങ്ങളോടു കിടപിടിക്കുന്ന ഭാസ്കരന്റെയും ബാബുരാജിന്റെയും മാന്ത്രികവിദ്യകളുടെ ചെപ്പുകള്‍ തുറന്നുകാണിച്ചതിന്‌ നന്ദി. ഒരു സംശയം: വാസന്തപഞ്ചമിനാളില്‍ ഭാര്‍ഗ്ഗവി ജീവിച്ചിരിക്കുമ്പോള്‍ പാടുന്നതല്ലേ? "പൊട്ടിത്തകര്‍ന്ന" എന്ന പാട്ടല്ലേ പ്രേതം പാടുന്നത്‌?

Promod P P said...

വളരെ മനോഹരമായ അവലോകനം.

പ്രത്യേകിച്ച് വാസന്ത പഞ്ചമിനാളില്‍ എന്ന പാട്ടില്‍ ഓരോ വരികളിലും മാറി മാറി വരുന്ന,നായികയുടെ പ്രതീക്ഷകളിലും ചിന്താധാരയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ , അതിമനോഹരമായി അപഗ്രഥിച്ചിരിക്കുന്നു..
എതിരവന്‍... ഒരുപാട് നന്ദി..

qw_er_ty

എതിരന്‍ കതിരവന്‍ said...

വായനയ്ക്ക് നന്ദി, രാ‍ജെഷ്.
ഭാര്‍ഗ്ഗവിക്കുട്ടിയ്ക്ക് ജീ‍വിച്ചിരിക്കുമ്പോള്‍ തന്നെ ചില മുന്നറിവുകള്‍ ഉണ്ടാ‍യിരുന്നു. മരണം ആസന്നമാണെന്ന് അവള്‍ക്കറിയാമായിരുന്നു. “പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു...” എന്ന പാട്ട് അവസാനിക്കുന്നത് “മരണം മാടിവിളിക്കുന്നതിന്‍ മുന്‍പെന്‍ അഴകിന്റെ ദേവനെക്കാണുമോ ഞാന്‍?” എന്നാണ്. വേറൊരിയ്ക്കല്‍ വില്ലന്‍ കെ. ആര്‍. മേനോന്‍ (പി. ജെ.ആന്റണി) പഴം കൊടുക്കുമ്പോള്‍ അവള്‍ നിരസിക്കുന്നു. അയാള്‍ “ഇതിലന്താ വെഷമോ മറ്റോ ഉണ്ടൊ” എന്നു ചൊദിക്കുമ്പോള്‍ “ആര്‍ക്കറിയാം?” എന്നാ‍്ണവളുടെ മറുപടി. പഴത്തില്‍ വിഷം കൊടുത്ത് ശശികുമാറിനെ (പ്രേം നസീര്‍)കൊല്ലാം എന്ന ഐഡിയ തന്നെ അങ്ങനെ ഇവളില്‍ നിന്നാണ്‍ അയാള്‍ക്ക് കിട്ടുന്നത്. ഈ മൃത്യുബോധം കാരണമായിരിക്കണം അവള്‍ക്ക് കറുപ്പ് വസ്ത്രങ്ങളോട് വെറുപ്പായിരുന്നു.

ഭാര്‍ഗ്ഗവിക്കുട്ടി ഒരു അപാര കഥാപാത്രമാണ്. പ്രധാന കഥാപാത്രങ്ങളുടെ വിധി അവളാണ് നിയന്ത്രിക്കുന്നത്. അലയുന്ന ആത്മാവായിട്ടും വെറുതേ വെള്ളസ്സാരിയുമുടുത്ത് പാട്ടും പാടി നടക്കുകയല്ല അവള്‍ ചെയ്യുന്നത്. ഒരു സാഹിത്യകാരനെക്കൊണ്ട് കഥയെഴുതിയ്ക്കുകയാണ്. പ്രണയലോലുപയായ ഒരു പെണ്ണ് സാ‍ാധാരണ ചെയ്യുന്ന കാര്യമൊന്നുമല്ലല്ലോ സാഹിത്യപ്രചോദനം.

Unknown said...

വളരെ നന്നായിട്ടുണ്ട് വിശകലനം.

qw_er_ty

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..
ഹിന്ദുസ്ഥാനി സംഗീതത്തിനു സ്വതേയുള്ള ആ ലയം ബാബുരാജിന്റെ പാട്ടുകളെ ഹൃദയത്തോടടുപ്പിക്കുന്നില്ലേ? ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ എല്ലാ മികച്ച പാട്ടുകളും ഒരു തലം മുകളിലാണെന്ന് തോന്നാറുണ്ട്...

Haree said...

ഇങ്ങിനെയും ഈ ഗാനങ്ങള്‍ ആസ്വദിക്കാം, അല്ലേ!
നന്നായിരിക്കുന്നു. പക്ഷെ, ഇതോടൊപ്പം രണ്ടും പാടി, അതും കൂടി ചേര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നേനേ... ഗമകങ്ങളെക്കുറിച്ചൊക്കെ എഴുതുന്നതിലും നന്നാവില്ലേ അത്? സൂര്യകാന്തി ധാരാളം കേട്ടിട്ടുള്ള ഗാനമാണ്. എന്നാല്‍ വസന്തപഞ്ചമി ഓര്‍മ്മയിലെത്തുന്നില്ല...
--

സു | Su said...

വന്നവന്‍ മുട്ടിവിളിക്കേ...

അവിടെ ബെല്ലില്ലായിരുന്നു അല്ലേ? ;)


നന്നായിട്ടുണ്ട് എതിരന്‍ കതിരവന്‍ മാഷേ, അവലോകനം.

മുസാഫിര്‍ said...

നന്നായിരിക്കുന്നു പഠനം.പാട്ടു കേല്‍ക്കുമ്പോള്‍ ഇതൊന്നും ആലോചിക്കാറില്ല.

കിഷോർ‍:Kishor said...

സിനിമാപാട്ടുകളെ ഇങനെ തലനാരിഴ കീറി വിശകലനം ചെയ്യാമെന്ന് ആര് വിചാരിച്ചു? നന്നായിരിക്കുന്നു.

ഹിന്ദുസ്സ്താനി സംഗീതത്തില്‍ വലിയ അറിവെനിക്കില്ല. “വാസന്ത പഞ്ചമി” പഹാഡി രാഗത്തിലാണെന്നാണ് കേട്ടിട്ടുള്ളത്. “സൂര്യകാന്തി” ഭീപ്ലാസി പോലെ തോന്നുന്നു, പക്ഷെ വ്യത്യാസങളുണ്ട്. ശരിക്കും ആലോചിച്ചിട്ട് പിന്നിട് എഴുതാം.

എതിരന്‍ കതിരവന്‍ said...

തഥാഗതന്‍:
സന്തോഷം. ഓരോ പാട്ടിന്നുള്ളിലും ചെറിയ മന്ത്രവിദ്യകളൊക്കെയുണ്ട്. പ്രത്യേകിച്ചും പഴയ പാട്ടുകളില്‍.
ദില്‍ബാസുരന്‍: നന്ദി. അസുരന്മാര്‍ക്കും പാട്ട് ഇഷ്ടമാണെന്ന് പണ്ടേ കേട്ടീട്ടുണ്ട്.
മൂര്‍ത്തി:
ബാബുരാജ് ഹിന്ദുസ്ഥാനിയിലെ പല “possibilities" ഉം കൊണ്ടുവരാന്‍ നിഷ്കര്‍ഷ കാണിച്ചിരുന്നു. അതുകൊണ്ടു തന്നെ മറ്റു സംവിധായകരുടെ പാട്ടുകളുടെ അനുഭവമല്ല ഉണ്ടാ‍ാകുന്നത്. ഗമകപ്രയോഗങ്ങള്‍ വരുന്നത് എനിയ്ക്കിഷ്ടമാണ്. ശരിക്കും “feeling" കൂടുതല്‍ ഉണ്ടാവും.

ഹരീ
നന്ദി.
വാസന്തപഞ്ചമി നാളില്‍ കേട്ടു നോക്കുക. എന്നിട്ട് പല തവണ കേള്‍ക്കുക.എങ്ങനെയൊക്കെ ആസ്വദിക്കാമെന്ന് പിടി കിട്ടും. ആധുനിക കമ്പോസര്‍മാരില്‍ രവീന്ദ്രന്റെ പാട്ടുകള്‍ക്ക് ഇങ്ങനെ വിവിധ തലത്തിലുള്ള ആസ്വാദനം സാധ്യമാണ്.

സു/Su:
നന്ദി.
വാതിലിലുള്ള മുട്ട് എല്ലാ സംസ്കാരത്തിലുമുള്ളതാണ്." opportunity knocks" എന്ന് കേട്ടിട്ടില്ലേ? മുട്ടുവിന്‍ തുറക്കപ്പെടും-ബൈബിള്‍.
ബെല്ലിന്റെ കാലവും കഴിഞ്ഞു. ഇ-മെയിലയച്ചിട്ടല്ലെ ആള്‍ക്കാര്‍ വരുന്നത്? വാതിക്കല്‍ വച്ച് സെല്‍ ഫോണ്‍ വിളിചച് കതകു തുറക്കാന്‍ പറയും.

മുസാഫിര്‍:
നന്ദി. പാട്ടുകേള്‍ക്കുമ്പോള്‍ ഇങ്ങനെയൊന്നും ആലോചിക്കേണ്ടaല്ലൊ. പക്ഷെ അതിന്റെ പുറകില്‍ എന്താനന്നു നോക്കുന്നത് രസമാണ്.

കിശോര്‍: സന്തോഷം. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.

മുസാ

എതിരന്‍ കതിരവന്‍ said...

മുസാഫിര്‍:
എല്ലവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഇപ്പോള്‍ അയച്ച പോസ്റ്റില്‍ അവസാനം “മുസ” എന്നു വന്നുപോയത് അക്ഷരപ്പിശാച് ചതിച്ചതാണ്. ക്ഷമിക്കണം.

Anonymous said...

മുതിരാ ,
അസ്സലായിണ്ട് .ഇത്തരത്തിലുള്ള അനാലിസിസൊനും പാട്ട് കേക്കുമ്പോ അപ്പ്ലൈ ചെയ്യാറില്ല്യാച്ചാലും, ഇങ്ങനെ കേക്കുമ്പോ ശരിക്കും ഇതൊക്കെ കമ്പോസ് ചെയ്ത ആളോടുള്‍ല ബഹുമാനം കൂടുണു.
പൂവിന്‍റെ സത്യം പഠിക്കാന്‍ പൂവുകളായിരം കീറിമുറിച്ച പോലെ ആകാന്‍ സാദ്ധ്യത ഉണ്ടായിരുന്ന ഒരു വിഷയം അതിന്‍റെ ലയം പോവാണ്ടെ അവതരിപ്പിച്ചിരിക്കുണു.

ഇതേ റ്റീമിന്‍റെ “ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന”,“ഇരുകണ്ണീര്‍ത്തുള്ളികള്‍“ ,“അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍“, “താനേ തിരിഞ്ഞും മറിഞ്ഞും”...ഹൌ.എന്തു ഭാഗ്യാ ല്ലേ നമ്മക്കൊക്കേം.

ഹരിക്ക് വാസന്തപഞ്ചമിനാളില്‍ കിട്ട്യോ?ഇല്ല്യെങ്കി പറയൂട്ടോ.

എതിരന്‍ കതിരവന്‍ said...

അചിന്ത്യ്:
വളരെ സന്തോഷം. ഈ ഒന്നാന്തരം പാട്ടീനെപ്പറ്റിയൊക്കെ എഴുതാന്‍ പേടിയുണ്ടായിരുന്നു. ഒക്കെ കേള്‍ക്കാനുള്ളതല്ലെ.

“താനേ തിരിഞ്ഞും മറിഞ്ഞും പൊന്‍ താമര മെത്തയിലുരുണ്ടും...’ഹോ എന്തൊരു അനുഭവം!

“സുന്ദര രാവില്‍ ചന്ദനമുകിലില്‍ വര്‍ണങ്ങളെഴുതും ചന്ദ്രികേ അനുരാഗത്തിന്‍ ആദ്യനൊമ്പരം ആത്മനാഥനോടെങ്ങനെ പറയും.....”ഈ ടീമിന്റെ അല്ലേ? അതിലെ “എങ്ങനേ പറയുവതെങ്ങനേ...? എന്ന സ്വാല്‍മപ്രകൃതമായ ചോദ്യം അപാരമാണ്. കേള്‍ക്കുന്നത് ഭാഗ്യം തന്നെ.


“ഇരുകണ്ണീര്‍തുള്ളികള്‍..” അത്ര പിടി കിട്ടുന്നില്ലല്ലോ.

Anonymous said...

അയ്യോ സദിരാ,
“ഇരുട്ടിന്‍റെ ആത്മാവി“ലെ ആണ് “ഈറനുടുത്തും കൊണ്ടംബരോം”, “ഇരു കണ്ണീര്‍ത്തുള്ളികളു”ഉം.വേണെങ്കി
ഐ ഡി തന്നാ പാട്ടയച്ചു തരാം.ഇന്നല്ല നാളെ.
ഇന്നിപ്പോ ഞാന്‍ സൈഡാവുണു.

എതിരന്‍ കതിരവന്‍ said...

താങ്ക്യൂ അചിന്ത്യാ. “ഇരുട്ടിന്റെ ആത്മാവ്” എന്റെ കൈവശമുണ്ട്. തപ്പിയെടുക്കണം.
അഗ്നിപുത്രിയിലെ ‘അഗ്നി നക്ഷ്ത്രമേ പിന്നെയുമെന്തിനീ ആശ്രമവാതില്‍ക്കല്‍ വന്നൂ” പടി കയറിപ്പോകുന്ന ഒരു പാട്ടാണ്. കഥയുമായി തീവ്രബന്ധം പുലര്‍ത്തുന്നു. അവസാനത്തെ “ശപിയ്ക്കൂ ശപിയ്ക്കൂ വേണ്ടുമെനിക്കൊരു ശിലയായ് തീരുവാന്‍ മോഹം”. വളരെ എഫെക്റ്റീവ് ആണ്. അതേ സിനിമയിലെ “കണ്ണുതുറക്കാത്ത ദൈവങ്ങളേ....” "up an down" വേലകള്‍ കൊണ്ട് സമൃദ്ധവും.

Anonymous said...

ങെ?അപ്പൊ കുതിരന്‍ ജാനകി റ്റീമിന്ന് സുശീല റ്റീമില്യ്ക്ക് മാറ്യോ?
അപ്പോ കറുത്തച്ക്രവാളമതിലുകളോ? അതിലെ ബാക്ഗ്രൌന്‍ഡിലെ കോറസ് , പികചറൈസേഷന്‍ ഒക്കേം ഒക്കേം. പക്ഷെ സുശീലാമയ്ക്ക് മലയാളത്തിലേക്കാളും നല്ല പാട്ട്കള്‍ കിട്ടീട്ട്ള്ളത് തമിഴിലാട്ടോ.അത് പറയാണ്ടെ വയ്യ.
പിന്നെ ചരണങ്ങള്‍ ഓരോന്നും വ്യതസ്താക്കണതില്‍ മുന്‍പന്‍ പങ്കജ് മല്ലിക് തന്നെയാന്നാ എന്‍റെ ഒരു ഇത്.അങേരടെ ഓരോ പാട്ടിലും നോക്കീണ്ടോ ,ചരണങ്ങള്‍ ഓരോന്നും ഓരോ പോല്യായിരിക്കും.നമ്മക്ക് പരിചിതായ പിയാ മിലന്‍ കോ ജാനാ തന്നെ ഉദാഹരണം.ലാലാലാ.....

എതിരന്‍ കതിരവന്‍ said...

അചിന്ത്യ:
ശരിയാണ്. പെട്ടെന്ന് സുശീലയുടെ ചില പാട്ടുകള്‍ ഓറ്ത്തുപോയി. തമിഴില്‍ അത്താ എന്നത്താ, അവളുക്കും തമിഴെന്റു പേര്, കണ്ണാ കരുണൈ നിറ കണ്ണാ,പാര്‍ത്ത ഞാപകം, വസന്തകാലം വരുമോ പാരാതിരിപ്പാനോ ഇതൊക്കെ ഓറ്മ്മയില്‍ വരുന്നു.

ഹിന്ദിപ്പാട്ടിലേക്കു പോയാല്‍ ചരണങ്ങളുടെ വൈവിധ്യം ഏറെയാണ്. ഒരുപാട് പരീക്ഷണങ്ങള്‍. ചിലപ്പോള്‍ പല്ലവി തന്നെ വേറെ വാക്കുകളുപയോഗിച്ച് ചരണത്തിന്റെ രണ്ടാം പകുതതിയില്‍‍ ചേര്‍ക്കുന്ന വിദ്യ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ ചില പ്രസ്താവനകള്‍ ശ്രുതി താഴ്ത്തി ഒരുവിടുന്നത് ഗസലില്‍ നിന്നും വന്നതായിരിക്കും. ചിലപ്പോള്‍ ഒരു ചരണം ഒരു മുഴുവന്‍ പാട്ടീന്റെ സ്വഭാ‍ാവം ഏറ്റെടുക്കും (റഫിയുടെ “ദില്‍ ജോ ന കെഹ് സകാ വൊഹി ) സലില്‍ ചൌധരി നിയമങ്ങളെയൊക്കെ പൊളീച്ചെഴുതും. പല്ലവിയ്ക്കു മുന്‍പ് ഒരു “one liner" ഫിറ്റ് ചെയ്യും (ഓ..കാട് കുളിരണ് കൂടു കുളിരണ്... കഴിഞ്ഞാണ് പല്ലവി “കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ...”വരുന്നത്.

കുട്ടു | Kuttu said...

ഭാസ്കരന്‍ മാഷിനോട് അസൂയ തോന്നുന്നു. ആ രണ്ടു പാട്ടിലും സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഒരു വാക്കു പോലുമില്ല.

നല്ലത് എതിരന്‍ തുടരൂ...

ഓടോ:
ശ്ലീലാശ്ലീലങ്ങളുടെ ആ ചര്‍ച്ച വിട്ടുകളഞ്ഞൊ? ആ ലക്കങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ലെ. കഴിയുമെങ്കില്‍ ബാക്കി കൂടീ പോസ്റ്റ് ചെയ്യൂ...
qw_er_ty

എതിരന്‍ കതിരവന്‍ said...

ഡിയര്‍ കുട്ടു:
സന്തോഷം.

“സൂര്യകാന്തീ” വയലാറിന്റേതാണ്. വയലാറ്-ബാബുരാജ് കൂട്ടുകെട്ട് അത്ര അധികമില്ല.

ശ്ലീല/അശ്ലീല പോസ്റ്റ് ആരെങ്കിലും വായിക്കുന്നുണ്ടോ എന്നു സംശയമായി. (കുട്ടൂവിന്റെ കമന്റ് ആണ് അവസാനം വന്നത്). പോസ്റ്റുകള്‍ കുറച്ച് പഴകിയാല്‍ വിസ്മരിക്കപ്പെടുകയാണല്ലൊ പതിവ്.

ആവശ്യക്കാര്‍ (ഒരാളെങ്കിലും )ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ബാക്കി ഉടന്‍ എഴുതാം.

SUNISH THOMAS said...

നിങ്ങള് ഈ പണികൂടി തുടങ്ങിയാല്‍ നമ്മടെ ടി.പി. ശാസ്തമംഗലം പണി രാജിവയ്ക്കേണ്ടി വരും. അത്രയ്ക്കു കലക്കിയിട്ടുണ്ടിത്.
സ്ഥായി സംബന്ധമായ ആ വിശകലനങ്ങളാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. ഇനിയോരോ നല്ല പാട്ടുകേള്‍ക്കുമ്പോളും ഞാനിത് ശ്രദ്ധിക്കും. നന്ദി.
ബാബുരാജിന്‍റെ തന്നെ ഒരു പുഷ്പം മാത്രമെന്‍ ഇതുപോലെ കൊത്തിവലിക്കുന്ന ഒന്നല്ലേ?
പുതിയ തലമുറയില്‍ അല്‍ഫോന്‍സിന്‍റെ വെള്ളിത്തിരയിലെ നീ മണിമുകിലാടകള്‍ ആടിയുലഞ്ഞൊരു എനിക്കേറെ ഇഷ്ടമാണ്.

എതിരന്‍റെ ഇതുവരെയുള്ള ലേഖനങ്ങളില്‍ ഏറ്റവും ജനകീയമായ ഒന്നാണിതെന്നും ഓര്‍മിക്കുമല്ലോ.
ഇത്തരം പോസ്റ്റുകള്‍ ഇനിയുമിനിയും പ്രതീക്ഷിക്കുന്നു. മറ്റു പാട്ടെഴുത്തുകളും പോരട്ടെ..!!

കുട്ടു | Kuttu said...

ഒരു സംശയം കൂടി ചോദിച്ചോട്ടെ, ഇവിടെ റലവന്റ് ആണോന്നു അറിയില്ല, ന്നാ‍ലും, താമരകുമ്പിളല്ലോ മമ ഹൃദയം.. എന്ന പാട്ടില്‍ “താതാ..“ എന്ന് പ്രയോഗിച്ചിരിക്കുന്നത് എന്താണ് ? ദൈവമാണോ താതന്‍ ?

എതിരന്‍ കതിരവന്‍ said...

സുനീഷ്:
നന്ദി.

ചരണങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നതും മുകളിലേക്ക് കയറിപ്പോകുന്നതുപോലെ ചിട്ടപ്പെടുത്തിയതുമായ രണ്ടു പാട്ടുകളാണ് ലേഖനത്തിന്റെ വിഷയം. രണ്ടാമത്തെ ഖണ്ഡികയില്‍ ഇക്കാര്യം വിസ്തരിച്ചിരിക്കുന്നു.

ജനകീയമായ ഏതുവിഷയമാണ് എഴുതേണ്ടത്? എനിയ്ക്കറിയാവുന്നതാണെങ്കില്‍ എഴുതാം.


കുട്ടു:
“താമരക്കുമ്പിളല്ലോ മമഹൃദയം” ഒരു ക്രിസ്ത്യനിപ്പെണ്‍കുട്ടി പാടുന്ന പ്രാര്‍ത്ഥനാഗീതമാണ്. “താതന്‍’ ബൈബിളിലെ “പിതാവ്”തന്നെ.
“പിതാവേ’ എന്ന വിളി തന്നെ.

SUNISH THOMAS said...

എല്ലാവരും മൂളുന്ന ഒന്നല്ലേ സിനിമാ ഗാനങ്ങള്‍? അത് അത്രമാത്രം ജനകീയമാണ്.
ഇഷ്ടപ്പെട്ട പാട്ടുകളെക്കുറിച്ച് എഴുതൂ.. അതിനായി ഒരു ബ്ളോഗു കൂടി തുടങ്ങിയാലും അധികപ്പറ്റാവില്ല.
ഇത്തരം എഴുത്തുകള്‍ ഒരേസമയം റീഡബിളും ഇന്‍ഫോര്‍മേറ്റീവുമാണ്.
കീപ്പ് ഇറ്റ് അപ്പ്.

qw_er_ty

Ramakrishnan(രാമകൃഷ്ണന്‍‌) said...

വളരെ നന്നായിട്ടുണ്ട് അവലോകനം. ഈ ആസ്വാദനത്തില്‍ ഇനി എന്ത് കൂട്ടിച്ചേര്‍ത്താലും അത് അധികമാകും!

മലയാള സിനിമാ ഗാനങ്ങള്‍ ഒരു നേരിയ boundary-യ്ക്കകത്താണ് പലപ്പോഴും set ചെയ്യുന്നത് (3 മിനിറ്റില്‍ കുറയരുത്, 5 മിനിറ്റില്‍ കൂടരുത് etc.). രവീന്ദ്രന്‍ മാഷ് കുറച്ചൊക്കെ format-ഇല്‍ experimentation നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. ഇനിയും കൂടുതല്‍ പുതുമകള്‍ ഉണ്ടാവണമെങ്കില്‍ പാട്ടുകളുടെ ഇന്നത്തെ film-dependency കുറഞ്ഞ് വേറെ പുതിയ avenues ഉണ്ടാവണം.

മടിക്കാതെ തുടര്‍ന്നും ഇതുപോലെ എഴുതൂ.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ എതിരന്‍ കതിരവന്‍,
ഈ പോസ്റ്റിലേക്കുള്ള ലിങ്ക് “അന്നത്തെ വാസന്തരാവ്” എന്ന പോസ്റ്റില്‍ അധികവായനയ്ക്കായി കൊടുത്തിട്ടുണ്ട്.

ഭൂമിപുത്രി said...

‘പാട്ടുപുസ്തക’ത്തിൽക്കണ്ട ലിങ്ക്പറ്റി വന്നതാൺ..
ഞാനിവിടെയൊക്കെ എത്തിപ്പെടുന്നതിനു മുൻപേ വന്ന പോസ്റ്റായതുകൊണ്ട് കണ്ടിരുന്നില്ല.എതിരൻ രസകരമായി പക്ഷെ,
സൂക്ഷ്മമായി വ്യാഖ്യാനിച്ചതുപോലെയൊന്നും ഓർത്തുകൊണ്ടാവില്ല ആരും പാട്ടുകേൾക്കുന്നതെങ്കിലും,ഒരബോധതലത്തിൽ ഈപ്പറഞ്ഞ വികാരങ്ങളൊക്കെത്തന്നെ,ഈ പ്രത്യേക റ്റെക്നിക്കുകളിലൂടെ, ആസ്വാദകരിലേയ്ക്ക് സംക്രമണം ചെയ്യപ്പെടുന്നുണ്ട്.സംഗീതം കൊടുക്കുമ്പൊൾ അദ്ദേഹവും അതുതന്നെയാകും കണ്ടുകാണുക.

ബാബുരാജും ജാനകിയും പി.ഭാസ്ക്കരനും യേശുദാസും ഒക്കെ പരസ്പരം കണ്ടെത്താനായി സൃഷ്ട്ടിയ്ക്കപ്പെട്ടവരായിരുന്നു-അവരെയൊക്കെ കണ്ടെത്താൻ നമ്മളും!

ജാനകിയുടെ അധികം ചർച്ച ചെയ്യപ്പെടാത്ത
ചില പാട്ടുകളിലൊന്ന്,ബാബുരാജിന്റെതെന്ന്
തെറ്റിദ്ധരിയ്ക്കപ്പെട്ടിരുന്ന,‘കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാലച്ചന്ദ്രികേ..’
കേട്ടിരിയ്ക്കുമല്ലൊ.(‘മുൾക്കിരീട’ത്തിനു വേണ്ടി പ്രദീപ്സിങ് സംഗീതം കൊടുത്ത ഗാനം)
വെറുതെ,ഓർമ്മവന്നതുകൊണ്ട് എഴുതിയെന്ന് മാത്രം.

Calvin H said...

ചങ്ങമ്പുഴയുടെ കവിത പോലെ, ബഷീറിന്റെ ഹാസ്യം പോലെ നൈസര്‍ഗിമാണ് ബാബുരാജിന്റെ ഈണങ്ങള്‍ എന്നു തോന്നിയിട്ടുണ്ട്. ഉള്ളില്‍ നിന്നും വരുന്നതാണത്. കഷ്ടപ്പെട്ടിരുന്ന് ഉണ്ടാക്കുന്നതല്ല എന്ന് തോന്നിപ്പോവുന്നു.

ഭാര്‍ഗവീനിലയത്തിലേയും പരീക്ഷയിലെയും ഗാനങ്ങള്‍ ആണ് ഏറ്റവും ഇഷ്ടം.

ആസ്വാദനം മികച്ചതായി എന്നു പറയേണ്ടതില്ലല്ലോ.

എതിരന്‍ കതിരവന്‍ said...

എസ്. ജാനകിയുടെ 72-)0 ജന്മദിനം ‘വാസന്തപഞ്ചമി നാളിൽ’ഉം ‘സൂര്യകാന്തിയും’ ഓർമ്മിക്കാതെ വയ്യ. പഴയ പോസ്റ്റ് ഒന്നുകൂടി.

ശ്രീ said...

പുനര്‍ പോസ്റ്റിങ്ങ് ആണെങ്കിലും ഈയവസരത്തിലെഓര്‍മ്മപ്പെടുത്തല്‍ നന്നായി, മാഷേ.

samshayalu said...

ഇവിടെ വൈകിയെതിയവന് കിട്ടിയ കണി കേമം ,,,
എന്‍റെ നഗര തെരുവിലൂടെ നടന്നു പോയ ഒരാള്‍ ബാക്കി വച്ച് പോയ പാട്ടിലെ അധികമാരും ശ്രദ്ധിക്കാത്ത തലങ്ങള്‍ ...
എനിക്കെന്നും പ്രിയപ്പെട്ട ബാബുക്കയുടെ സംഗീതത്തിന്റെ ആത്മാവ് താങ്കളുടെ കയ്യില്‍ സുഭദ്രം
സന്തോഷം ...

devoose said...

ജാനകിയമ്മയുടെ പാട്ടുകളെക്കുറിച്ചുള്ള വിശകലനം അതീവഹൃദ്യമായി. സിനിമയുടെ കഥ അറിയുന്നത് വിശകലനത്തിനു എങ്ങനെ മാറ്റുകൂട്ടുന്നു എന്നും മനസ്സിലാവുന്നു. കാട്ടുതുളസിയും ഒന്നും കണ്ടിട്ടില്ലാത്തതുകൊണ്ട് സൂര്യകാന്തി ഇപ്പോള്‍ പറഞ്ഞ തലത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സുന്ദരരാവില്‍ എന്ന ഗാനം കൊച്ചനിയത്തി എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതി പുകഴേന്തി സംഗീതം നല്‍കിയതാണ്. ആ അഭൌമഗാനത്തിന് ബാബുരാജ് സ്പര്‍ശമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

Unknown said...

സുന്ദര രാവില്‍ ചന്ദന മുകിലില്‍ ശ്രീകുമാരന്‍ തമ്പിയും
പുകഴേന്തിയും ജാനകിയും ചേര്‍ന്ന് അനശ്വരമാക്കിയ ഗാനം,,ഇനിയും എത്രയോ നല്ല ഗാനങ്ങള്‍ പുകഴേന്തി നമുക്കു തന്നു,,,മറക്കല്ലേ

എതിരന്‍ കതിരവന്‍ said...

ദേവൂസ്, രാജഗോപാൽ:
‘സുന്ദരരാവിൽ....
പുകഴേന്തിയുടേതാണെന്ന് അന്നേ മനസ്സിലാക്കിയിരുന്നു. തീർച്ചയായും അതുല്യമാണ് അതിന്റെ കോമ്പൊസിഷൻ. സംഗീതത്തിനു എത്രയും താരള്യമുണ്ടോ അതൊക്കെ വെളിവാക്കപ്പെട്ടിരിക്കയാണ്. എസ്. ജാനകിയുടെ ആലാപനസൌഭഗം ഓരോ വാക്കിലും എഴുന്നരുളുന്നു.

Villagemaan/വില്ലേജ്മാന്‍ said...

ഇനിയും ഏറെ കാലം ഈ പാട്ടുകള്‍ നമ്മുക്ക് പ്രിയ്പെട്ടതായി തുടരും..ഇതില്‍ വാസന്തപഞ്ചമിനാളില്‍ തന്നെ എന്റെ പ്രിയ ഗാനം..നല്ല പോസ്റ്റ്‌..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കതിർസ്, അന്ന് ഒന്നു വായിച്ചിരുന്നു ഇന്ന് ഒന്നു കൂടി വായിച്ചിട്ടും നഷ്ടമൊന്നും ഇല്ലെന്നല്ല ലാഭമുണ്ട് താനും.

vikas s said...

ee avalokathinu nandi Ethiravan...

Nechoor said...

Great!

വികടശിരോമണി said...

ആര്യമാവിനെ സ്നേഹിച്ചെന്ന കുറ്റത്തിനു സൂര്യകാന്തിയെന്നെന്നെ പുച്ഛിപ്പതാണീ ലോകം
എന്നു ജി. എഴുതിയതിനു വിശർശനമായി കേസരി എഴുതിയ ഒരു കുറിപ്പുണ്ട്. “ഈ സൂര്യകാന്തി കുറുപ്പു കരുതുന്ന മാതിരിയുള്ള ഒരു സാധനം അല്ല.അത് ഒരു ഒരുപാടുപ്രോട്ടീൻ ഒക്കെ ഉള്ള ഒരു സംഭവം ആണ്.സോയാബീനിനേക്കാളും സൂര്യകാന്തിയിലാണ് പ്രോട്ടീൻ ഘടകങ്ങൾ കൂടുതൽ എന്നു ഈയ്യിടെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്” എന്നൊക്കെ:)[അനന്യസാധാരണമായ ഒരു നിരൂപണരീതി.ഇത്രമേൽ തലസ്പർശിയായി അധികം മലയാളത്തിൽ കണ്ടിട്ടില്ല]
അങ്ങനെയൊക്കെ പറയാൻ തോന്നുന്നു.
പാട്ടിനെ ഓപ്പറേഷൻ തീയറ്ററിൽ കിടത്തുമ്പോഴും കതിരവന്റെ മനസ്സിൽ അവയോട് നിറഞ്ഞ സ്നേഹവും ആരാധനയുമുണ്ട്.അതാണ് ഈ കുറിപ്പുകളെ ജീവനുള്ളതാക്കുന്നത്.
വാസന്തപഞ്ചമി പഹാഡി ആറ്റിക്കുറുക്കിയതുതന്നെ.[ഏതി രാഗമെടുത്താലും അതു മാത്രം അല്ല എന്നു തോന്നിച്ചു പറ്റിക്കാനുള്ള ബാബുരാജിന്റെ സിദ്ധി അപാരം!:)]
സൂര്യകാന്തി ഭീം‌പ്ലാസിയോടാണ് ചേർന്നു നിൽക്കുന്നത്.പലയിടത്തും ധനാസരി ആണെന്നും തോന്നുന്നു.കാഫിഥാട്ട് ആണ് എന്നു മാത്രം ഉറപ്പിച്ചുപറയാം.മദ്ധ്യമത്തിന് കൂടുതൽ നൽകുന്ന ഭീം‌പ്ലാസിയിലെ പ്രാധാന്യം സൂര്യകാന്തിയിൽഅടിക്കടി കാണുന്നതു അതാണെന്നു പറയുകയാവും ഭേദം:)

ദേവഗാന്ധാരിയാണ് സൂര്യകാന്തി എന്നു പറഞ്ഞ ഒരു സുഹൃത്തിനെ ഓർമ്മവരുന്നു:)
കിഷോറിന്റെ അലോചനയ്ക്കു വിട്ടുകൊടുക്കുന്നു.എനിക്കു ഡിസംബർ വരെ ആലോചിക്കാൻ വേറെ കാര്യങ്ങളുണ്ട്:)

Rajeeve Chelanat said...

വായിച്ചിരിക്കേണ്ട പലതും വായിക്കാതെ പോയിരുന്നു. ഇന്ന് വായിച്ചു. രസിച്ചു. കഥാസന്ദര്‍ഭങ്ങളെയും പാട്ടിന്റെ രീതികളെയും കൂട്ടിക്കെട്ടിയത് അല്പ്പം കല്ലുകടിപോലെ അനുഭവപ്പെട്ടു, ആ കൂട്ടിക്കെട്ടലുകള്‍ അസംഗതമാണെന്നല്ല. വായനയുടെ ഒഴുക്കിനെ അല്പ്പം ബാധിച്ചുവോ എന്ന്. എങ്കിലും നന്ദി. വളരെ ഇഷ്ടപ്പെട്ട പാട്ടുകളില്‍ രണ്ടെണ്ണമാണിത് എനിക്കും ഇവ.

ആ ബ്ലോഗ്ഗുകാലത്തിലേക്കുള്ള മനസ്സിന്റെ യാത്രയായിരുന്നു ഈ ലേഖനം തന്ന മറ്റൊരു സുഖം, മൂര്‍ത്തിയും ശ്രീഹരിയും ദില്‍ബനും, തഥാഗതനും ഹരിയും, ചിത്രനും ഭൂമിപുത്രിയും എല്ലാവരും വീണ്ടും അന്നത്തെ ആ ചെറുപ്പത്തോടെ മുന്നില്‍ വന്നു നിന്നപോലെ :-)

നന്ദി

രമേശ്‌ അരൂര്‍ said...

ഈ കീറിമുറിക്കൽ നന്നായി ചെയ്തു..തുന്നിക്കെട്ടലും ....:)

രമേശ്‌ അരൂര്‍ said...

ഈ കീറിമുറിക്കൽ നന്നായി ചെയ്തു..തുന്നിക്കെട്ടലും ....:)

രമേശ്‌ അരൂര്‍ said...
This comment has been removed by the author.