അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം.
അത്യന്താധുനികർക്ക് ഇഷ്ടപ്പെട്ട വാക്കാണ് ആർത്തവരക്തം. സ്ത്രീലൈംഗികപ്രാപ്തിയെ സൂചിപ്പിക്കാനോ ബാല്യനഷ്ടത്തിനു ആലങ്കാരികമായി ഭാവുകത്വമണയ്ക്കാനോ എടുത്തുപയോഗിച്ച ഈ വാക്ക് ഭാഷയുടേയും ചിന്താഗതിയുടേയും പുരോഗതിസൂചകമാണെന്നു ധരിച്ചു വശായി എഴുത്തുകാർ.ജീവന്റേയും ആത്മാവിന്റേയും പ്രതിരൂപവും ലക്ഷണവുമായി പണ്ടേയ്ക്കുപണ്ടേ കരുതപ്പെടുന്ന രക്തത്തെ ലൈംഗികതയുമായി യോജിപ്പിക്കുന്നതിൽ കണ്ടെത്തിയ പുതുമ ആകർഷകമായി മാറിയതിൽ യുക്തിയുണ്ടു താനും.അൽപ്പവിഭവന്മാർക്കും ശുഷ്കഭാവനാശാലികൾക്കും വായനക്കാരെ ഇക്കിളിപ്പെടുത്താൻ എളുപ്പവഴി. എന്നാൽ ജീവനൈര്യന്തരത്തിനു ആർത്തവരക്തം ചില ഉപായങ്ങൾ നൽകുകയാണെന്ന പരീക്ഷണശാലയിലെ കണ്ടുപിടിത്തം ആർത്തവരക്തത്തിനു എങ്ങാനുമില്ലാതിരുന്ന പ്രാധാന്യം കൈവന്നിരിക്കുന്നു. വിത്തുകോശങ്ങൾ (stem cells) ഉടെ അക്ഷയ ഖനിയാൺ മ്ലേച്ഛവും നികൃഷ്ടവും ആണെന്നു കരുതി ഒളിപ്പിച്ചു മാറ്റിക്കളയുന്ന ഈ ശരീരസ്രാവം.
രോഗബാധിതമായ കോശങ്ങൾക്ക് പകരം വയ്ക്കുന്ന പുതു കോശങ്ങളാണു സ്റ്റെം സെല്സ്. ഭ്രൂണവളർച്ചാകാലത്ത് ഹൃദയമോ കരളോ തലച്ചോറോ മസിലുകളോ ഒക്കെ ആയി മാറി സ്വന്തം വഴി തിരഞ്ഞെടുത്ത ഇവ നമ്മുടെ ശരീരത്തിൽ അധികമില്ല. ക്ഷതം ബാധിച്ച പോയ അവയങ്ങൾക്ക് അറ്റകുറ്റപ്പണികൾ വന്നുതീരണമെങ്കിൽ വിഘടിച്ച് ഉണ്ടാക്കിയെടുക്കാൻ സ്റ്റെം സെല്സ് ഈ അവയവങ്ങളിൽ ഇല്ല. ഭ്ര്രൂണവളർച്ചാസമയത്ത് വിഭേദീകരണ (differentiation) ത്തിനു മുൻപ് എല്ലാ കോശങ്ങളും ഏകദേശം നിരവധി അദ്ധ്യായങ്ങളുള്ള ഒരു പുസ്തകം പോലെയാണ്. ഒരു ന്യൂറോണോ പേശീകോശ(muscle cell) മോ ത്വക്കുകോശമോ ആയിത്തീരുമ്പോൾ ഈ പുസ്തകത്തിലെ അതാതു അദ്ധ്യായങ്ങൾ മാത്രം തുറക്കപ്പെടുകയാണ്. മറ്റ് അദ്ധ്യായങ്ങൾ എന്നെന്നേക്കുമായി അടയുകയും അവയിലെ എഴുത്ത് വായിക്കാൻ പറ്റാത്ത വിധത്തിലാവുകയും ചെയ്യും. അദ്ധ്യായങ്ങൾ ഇനിയും തുറക്കപ്പെടാത്തവയാണ് വിത്തുകോശങ്ങൾ. സ്വന്തം വഴി ഇനിയും തിരഞ്ഞെടുക്കാത്തവർ. അത്യാവശ്യം വേണ്ട നിർദ്ദേശങ്ങൾ കിട്ടിയാൽ ഇവ ചില അദ്ധ്യായങ്ങൾ തുറക്കാൻ സന്നദ്ധരായി പ്രത്യേക അവയവകോശങ്ങളായി മാറിയേക്കും. കോശാരോപം (cell transplantation) വഴി ജീവരക്ഷയ്ക്ക് അത്യാവശ്യമായ ഉപായം നൽകാൻ ഇന്ന് വിത്തുകോശങ്ങൾ ഉപയോഗിക്കപ്പെടുന്നു. പൊക്കിൾക്കൊടി (umbilical cord) യിലും അസ്ഥിയുടെ മജ്ജ (bone marrow) യിലും ആണ് വിത്തുകോശങ്ങൾ ധാരാളമായി കാണപ്പെടുന്നത്. കോശാരോപത്തിനു ഇവയാണ് ഉപയോഗിച്ചു വരുന്നതും. എന്നാൽ ഇനി തീണ്ടാരിച്ചോരയിലെ കുഞ്ഞു ജീവത്തുടിപ്പുകൾ ഇവയ്ക്കൊക്കെ പകരം വയ്ക്കാനാകും എന്നാണ് ശാസ്ത്രത്തിലെ അത്യന്താധുനികർ പറയുന്നത്..
ആർത്തവസമയത്ത് ഗർഭാശയഭിത്തിയിലെ ഒരു പാളി മുഴുവനുമാണ് ഇളകിപ്പോകുന്നത്. എന്നാൽ ഉടൻ രക്തക്കുഴലുകൾ ഉൾപ്പടെ 5 മില്ലിമീറ്റർ കട്ടിയുള്ള ഈ പാളി പുനർനിർമ്മിക്കപ്പെടും, വെറും ഏഴു ദിവസം കൊണ്ട്. കോടിക്കണക്കിനു വിത്തുകോശങ്ങളാണ് പുനർനിർമ്മാണത്തിൽ പങ്കാളികളാകുന്നത്. ഗർഭാശയഭിത്തി (uterine wall) ക്ക് ധാരാളം വിത്തുകോശങ്ങളെ തയാറാക്കി നിറുത്തേണ്ടതുകൊണ്ട് ഇത്തരം കോശങ്ങളുടെ ഖനി തന്നെയാണ് ഇവിടം. ആർത്തവസമയത്ത് ഇളകിവരുന്ന ഈ കോശങ്ങളിൽ വിത്തുകോശങ്ങൾ ധാരാളമായിക്കാണുന്നത് ന്യായം. പരീക്ഷണശാലയിലെ പ്ലാസ്റ്റിക് പിഞ്ഞാണങ്ങളിൽ എളുപ്പം വളരുന്നു ഇവ-20 മണിക്കൂറിൽ ഒരു വിഘടനം എന്ന കണക്കിൽ. അസ്ഥി, ന്യൂറോൺ, ഹൃദയ കോശങ്ങളുൾപ്പെടെ ഒൻപതു തരം കോശങ്ങളായി വിഭേദീകരിക്കാൻ ത്രാണിയുമുണ്ടിവയ്ക്ക്. വിത്തുകോശങ്ങൾ എവിടുന്നൊക്കെ ശേഖരിക്കാം എന്നന്വേഷിച്ചു കൊണ്ടിരുന്ന ശാസ്ത്രജ്ഞർക്ക് അനുഗ്രഹമായിരിക്കയാണ് ഈ ‘അശുദ്ധ” രക്തം. കുട്ടികളുടെ കൊഴിയുന്ന പല്ലിനടിയിലും ലൈപൊസക്ഷൻ (liposuction) വഴി നീക്കുന്ന കൊഴുപ്പിനുള്ളിലും അലസിക്കപ്പെടുന്ന ഭ്രൂണത്തിലും വിത്തുകോശങ്ങൾ തേടി നടന്നവർക്ക് നിനച്ചിരിയാതെ കിട്ടിയ ഹിതലാഭം.
വിത്തുകോശസംഭരണത്തിനു നിലവിലുള്ള പ്രയോഗങ്ങളേക്കാൾ എന്തുകൊണ്ടും ഔന്നത്യവും പ്രഗതിയും അർഹിക്കുന്നു ഈ പുതിയ കണ്ടുപിടിത്തം. മജ്ജയിൽ നിന്നും ശേഖരിക്കപ്പെടുന്ന പോലുള്ള അതിക്രമിച്ചു കടക്കലൊന്നും ഇല്ല. പൊക്കിൾക്കൊടി മുറിച്ച് കൊശങ്ങൽ ശേഖരിക്കുന്നതിലെ കാര്യപ്രണാലികളൊന്നുമില്ല. ഏറ്റവും പുരോഗമനപരമായ കാര്യം പൊക്കിൾക്കൊടി ഭ്രൂണം ഇവയിൽ നിന്നൊക്കെ കോശങ്ങൾ എടുക്കുന്ന ഉപയോഗത്തിന്മേലുള്ള ധാർമ്മികപ്രശ്നങ്ങൾ മുഴുവനായും ഒഴിവാക്കപ്പെടുന്നു എന്നതാണ്. ഭ്രൂണങ്ങൾ വിൽപ്പനച്ചരക്കാകുന്നുവെന്ന മുറവിളികൾക്ക് മറുപടിയും മറുകൃതിയും. മാത്രമല്ല ഒരിക്കൽമാത്രമേ ശേഖരിക്കപ്പെടാവവൂ എന്ന നിയന്ത്രണപരിമിതികളില്ല താനും. പന്ത്രണ്ടു വയസ്സു മുതൽ ഏകദേശം നാൽപ്പത്തേഴു വയസ്സുവരെ അനുസ്യൂതമായി വന്നുചേരുന്നവയാണല്ലൊ ഈ കോശങ്ങൾ. അതും അതിധാരാളമായി. പൊക്കിൽക്കൊടി രക്തത്തിൽ നിന്നും കിട്ടുന്നപോലല്ല ഈ ചെറുതുള്ളികളിൽ ഉള്ളത്. കോടിക്കോടിക്കണക്കിനാണ്. പ്രതിരോധതന്ത്രങ്ങൾ (immune system) ശരീരത്തിൽ ചേർക്കപ്പെടുന്ന കോശങ്ങളെ ഒഴിവാക്കാൻ കളിയ്ക്കുന്ന കളികൾക്ക് എതിരെ നിൽക്കാനും ഈ ആർത്തവകോശക്കുഞ്ഞുങ്ങൾക്ക് ശക്തിയുണ്ടത്രെ.
ജീവന്മരണപോരാട്ടസമയത്ത് വിത്തുകോശങ്ങളുമായി വരുവാൻ സ്ത്രീകൾക്കു മാത്രമേ അവകാശമുള്ളു എന്നു ധരിച്ച് ആണുങ്ങൾ ബേജാറാവേണ്ട. ആണുങ്ങൾക്കും മടിയ്ക്കാതെ മുന്നോട്ടു വരാം, ഇതിൽ പങ്കെടുക്കാം. അവരുടെ വൃഷണങ്ങൾ (testis) വിത്തുകോശങ്ങളുടെ കലവറ കൂടിയാണെന്നാണ് കണ്ടു പിടിത്തം. ബീജങ്ങളാവാൻ തയാറെടുത്തുനിൽക്കുന്ന, തലയും വാലുമൊക്കെ വച്ചുതുടങ്ങാത്ത spermatogonia സംഭരിച്ച് ചില സൂത്രവിദ്യകളാൽ ബഹുപ്രബലകാരികളായ വിത്തുകോശങ്ങളാക്കി മാറ്റാം. പക്ഷേ സൂചിയും സിറിഞ്ചുമൊക്കെക്കൂടിയുള്ള ചില പ്രയോഗങ്ങൾ വേണ്ടിവരും ഇവയെ സ്വായത്തമാക്കാൻ. ലാബിലെ സ്ഫടികപ്പാത്രത്തിലെ ഒന്നുരണ്ട് ആഴ്ച സുഖവാസത്തിനു ശേഷംഈ ബീജജനിക്കുട്ടികൾ വിത്തുകോശങ്ങളായി മാറും. ശീതീകരണിയിൽ സൂക്ഷിയ്ക്കുക- അത്യാവശ്യം വരുന്ന സമയത്ത് ക്യാൻസറോ പ്രമേഹമോ തളർവാതന്മോ അങ്ങനെ അസ്കിതകൾ വരുമ്പോൾ എടുത്തുപയോഗിക്കാം.
ജൈവ ഇൻഷ്വറൻസ് (Bio insurance)
സമ്പത്തുകാലത്തു വിത്തുകൾ എടുത്തു സൂക്ഷിച്ചാൽ ആപത്തുകാലത്ത് നട്ടുനനച്ച് വിളവെടുത്ത് ശോഷിയ്ക്കുന്ന പത്തായങ്ങൾ നിറയ്ക്കാം എന്ന മാതിരിയുള്ള മുൻകാഴ്ച്ചാപദ്ധതിപ്പഴഞ്ചൊല്ലുകൾ ഇവിടെയും ബാധകം. സ്വന്തം വിത്തുകോശങ്ങൾ സൂക്ഷിച്ചു വയ്ക്കുക, അനാാരോഗ്യകാലത്ത് ക്ഷയിക്കുന്ന അവയവങ്ങളിൽ തട്ടിപ്പൊത്തി വയ്ക്കാൻ. ജീവിതത്തിനു സംരക്ഷണയേകുന്ന ഇൻഷ്വറൻസ് പദ്ധതി തന്നെ ഇത്. ജൈവ ഇൻഷ്വറൻസ് (Bio insurance) എന്നൊരു പുതിയ വ്യവസ്ഥ ഇങ്ങനെ നടപ്പിലായി വരികയാണ് വിത്തുകോശങ്ങൾ വ്യക്തിഗതമായ ഏർപ്പാടായി മാറുന്നതിനാൽ. അവനവനു തന്നെയൊ ബന്ധുക്കാർക്കു വേണ്ടിയോ ആപത്തു കാലത്ത് എടുത്തുപയോഗിക്കാൻ സഞ്ചിത നിക്ഷേപപദ്ധതിയിൽ സൂക്ഷിച്ചു വയ്ക്കാം ഈ ആപൽബാന്ധവന്മാരെ.. സ്വന്തം കോശങ്ങൾ- ആർത്തവരക്തത്തിൽ നിന്നോ ബീജാണുക്കളോ- ആയതിനാൽ ശീതീകരണിയിൽ സൂക്ഷിക്കേണ്ടതിന്റെ ചിലവു മാത്രമേ വരികയുള്ളു. ജനിതകവൈകല്യങ്ങൾക്ക് സാദ്ധ്യതയേറുന്ന കുടുംബങ്ങളിൽ കുട്ടികൾ ഉണ്ടാകുമ്പോഴേ പൊക്കിൾക്കൊടിവിത്തുകോശങ്ങൾ എടുത്തു സൂക്ഷിയ്ക്കുന്ന പ്രവണത ഇപ്പോൾ തന്നെയുണ്ട്. ആർത്തവരക്തംശേഖരിയ്ക്കാനും തപാൽ വഴി അയയ്ക്കാനും ഉള്ള കിറ്റുകൾ വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു. കൊഴിഞ്ഞപല്ലിലെ വിത്തുകോശങ്ങൾക്ക് ബയൊഈഡൻ, മജ്ജയിലെ കോശങ്ങൾക്ക് നിയോസ്റ്റെം, ആർത്തവരക്തകോശങ്ങൾക്ക് C’elle എന്നിങ്ങനെ പോകുന്നു ഈ വിപണിയിലെ കമ്പനികൾ.
രക്തബാങ്കു പോലെ വിത്തുകോശബാങ്കും തുടങ്ങാൻ എഴുപ്പവഴികളാണ് തുറക്കപ്പെടുന്നത്. കോശങ്ങളുടെ ചേർച്ച അനുസരിച്ച് സ്വീകാര്യത വിപുലപ്പെടാം. ഈ ബാങ്കുകളിൽ ശേഖരിക്കപ്പെടുന്ന വിത്തുകോശങ്ങളുടെ ബാഹുല്യവും വൈവിദ്ധ്യവും അനുസരിച്ച് സ്വീകരിക്കപ്പെടുന്നവരുടെ എണ്ണം അതിബ്രഹുത്തായിരിക്കും. ഹൃദയസംബന്ധിയായ പല അസുഖങ്ങൾക്കും വിത്തുകോശങ്ങൾ ഉപയോഗിക്കപ്പെടാം എന്ന പുതിയ അറിവ് വിപ്ലവാത്മകമായ മാറ്റങ്ങളാണ് വരുത്തിത്തീർക്കുന്നത്. ഹൃദയ കല (tissue) പുനർനവീകരണത്തിനു (regeneration) വശംവദമാകുമെന്ന അറിവ് നൂതനമാണ്. ഹൃദയത്തിന്റെ വേണ്ട ഭാഗത്ത് നിക്ഷേപിക്കപ്പെട്ട വിത്തുകോശങ്ങൾ മരാമത്തിലും അറ്റകുറ്റപ്പണികളിലും പങ്കെടുക്കുമെന്ന അറിവ് പുതിയ പരീക്ഷണങ്ങൾക്ക് വഴി തെളിയിച്ചിരിക്കയാണ്. കാർഡിയോളജി ക്ലിനിക്കുകൾ വൻപൻ മാറ്റങ്ങൾക്കു വിധേയമാകുമെന്നാണു സൂചന. സാഹിത്യത്തിൽ ആർത്തവരക്തം ലൈംഗികതാ സൂചനയാണെങ്കിൽ ഹൃദയം പ്രണയസംബന്ധിയുമാണെങ്കിൽ ഇവ രണ്ടും കൂട്ടിയൊജിപ്പിക്കുന്നത് ക്ലിനിക്കുകളിൽ ആയിരിക്കും. പ്രണയിനിയുടെ വിത്തുകോശങ്ങൾ കൊണ്ട് പ്രണേതാവിന്റെ ഹൃദയമുറിവുകൾ ഉണക്കിയെടുക്കുന്ന ഭാവുകത്വം സത്യമായിത്തീരാൻ സാദ്ധ്യത.
22 comments:
“ത്രിപുരസുന്ദരീസ്തോത്രം” എന്ന കൃതിയിൽ ശങ്കരാചാര്യർ ഇങ്ങ്നെ എഴുതിയിരിക്കുന്നു :
“സ്മരേൽ പ്രഥമപുഷ്പിണിം രുധിരബിന്ദുനീലാംബരാം”
ആദ്യമായി ഋതുവായപ്പോൾ രക്തത്തുള്ളി വീണ ദേവിയുടെ നീലവസ്ത്രത്തെയും ധ്യാനിക്കുന്നു എന്നർത്ഥം!!
വിസ്മയകരമായ അറിവുകൾ ..!! ഏറ്റവും പുതിയ കണ്ടെത്തലുകൾ പങ്കുവെച്ചതിനു നന്ദി.
ആർത്തവരക്തത്തെ ആവിഷ്ക്കാരവിഷയമാക്കിയത് ആധുനികന്മാർ മാത്രമല്ല എന്ന ബാലചന്ദ്രൻ ചുള്ളികാടിന്റെ നിരീക്ഷണവും കൌതുകകരം.
ഈ വിവരങ്ങള്‍ പലയിടത്തായി കണ്ടിരുന്നെങ്കിലും ഇങ്ങനെ മനസ്സിലാകുന്ന ഭാഷയില്‍ പങ്കു വയ്ക്കാന്‍ തോന്നിയ നല്ല മനസ്സിനു നന്ദി.
സ്റ്റെം സെല്‍ റിസേര്‍ച്ച് കൂടുതല്‍ മുന്നേറട്ടെ....!
thanks.
നല്ല കുറിപ്പ്.
പൂര്‍ണ്ണമായും അങ്ങോട്ട് ദഹിച്ചില്ല്ല.
എന്തായാലും രണ്ട് മൂന്ന് ദിവസത്തേക്ക് ഗൂഗിളാന്‍ വിഷയമായി.
നന്ദി.
:)
ഇനിയിപ്പോ അത്യന്താധുനികനിൽ മാത്രമല്ല സയൻസ് ജേണലുകളിലും അല്പം ഇക്കിളി കൂട്ടിയെഴുതാം എന്ന് സാരം ;)
നല്ല കാര്യമെന്ന് പറയാതെ വയ്യ.
:-)
ഇഷ്ടപുരുഷനെ നേടാൻ തീണ്ടാരി തുണി വെയിലത്തിട്ട് ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് കൈവിഷമായി ഉപയോഗിക്കുന്നത് പത്മരാജൻ ‘കള്ളൻ പവിത്രൻ’ എന്ന കഥയിൽ എഴുതിയിരുന്നു!
v informative. thks for the post. may be the unpure untouchable of ystrdays will become the most sought after medicine of tomorrows n tht's real evolution!
ശ്രദ്ധേയമായ പോസ്റ്റ്.
വിത്തുകോശങ്ങളെ കുറിച്ചും അവയുടെ സമാഹരണത്തെക്കുറിച്ചും ഒക്കെ വായിച്ചിട്ടുണ്ടെങ്കിലും രോഗ ചികിത്സാ രംഗത്ത് അവയുടെ റോള്‍ എന്തെന്ന് ഈ ലേഖനത്തിലൂടെയാണ് മനസ്സിലായത്. വളരെ വിജ്ഞാനപ്രദമായ ഈ പോസ്റ്റിന് നന്ദി.
ഇങ്ങന്നെ ഒന്ന് അറിഞ്ഞിരുന്നു,എങ്കിലും എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ലളിതമാക്കി എഴുതിയ ഈ പോസ്റ്റ് അഭിനന്ദനാര്‍ഹം.
ശ്രീ എതിരൻ കതിരവൻ:
വളരെ വിജ്ഞാനപ്രദമായ ലേഖനം. ശാസ്ത്രത്തിന്റെ വികസനവും അത് മനുഷ്യനിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപ്‌ളവകരമായ മാറ്റങ്ങളും അതിശയത്തോടുകൂടി മാത്രമേ നോക്കി നിൽക്കാനാവൂ.
ആദരപൂർവ്വം
മധു.
അത്യപൂർവ്വം..
അതിലേറെ വിജ്ഞാനപ്രദം
നടപ്പിലാക്കാൻ സാധിച്ചാൽ വളരെ നല്ല ഒരു കാര്യം. ഏതായാലും ഈ വിഷയം ലളിതമായി പറഞ്ഞു തന്നതിനു വളരെ നന്ദി.
New horizons in the field of research relating to this subject...inventions goes on...!Sreedharan, very good..
നസ്ത്രീ ദുഷ്യതി ജാരേണ ന വിപ്രോ വേദകര്‍മ്മണാ - ദുഷിക്കാ നാരി ചാരത്താല്‍ ; ഭൂസുരന്‍ വേദവൃത്തിയാല്‍ - ദേവീഭാഗവതം (1/11/22) - പാതകം ചെയ്താലും സ്ത്രീ 'ചാരം' കൊണ്ട് (അതായത് മാസാമാസം രജസ്വലയാവുന്നതുകൊണ്ട്) പാപം തീര്‍ന്നവളായിത്തീരുന്നു. ബ്രാഹ്മണന്‍ വെദാധ്യായനനിഷ്ഠയാലെന്ന പോലെ... അപ്പോള്‍ ആര്‍ത്തവത്തിന്റെ സ്ഥാനം വെദാദ്ധ്യായനത്തിനൊക്കും എന്നര്‍ത്ഥം.
2009-ൽ എഴുതിയ ഈ ലേഖനം ഇപ്പോൾ മാത്രമാണ് കണ്ടതെന്നതിൽ സങ്കടമുണ്ട്. പരീക്ഷണനിരീക്ഷണങ്ങൾ പിന്നേയും മുന്നോട്ട് പോയിട്ടുണ്ടാകും എന്നും കൂടുതൽ വ്യക്തമായ ഒരു ചിത്രം ഇപ്പോൾ ഉരുത്തിരിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു. ഈ വിഷയത്തിൽ പുതിയ എന്തെങ്കിലും കണ്ടുപിടുത്തങ്ങൾ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതും പങ്കുവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിജ്ഞാനപ്രദമായ ഈ ലേഖനത്തിനു നന്ദി എതിരേട്ടാ.
ചുള്ളിക്കാടൻ മാഷ്��
അത്യന്തം വിജ്ഞാനപ്രദമായ ലേഖനം ....
പുതിയ പുതിയ അറിവുകളുടെ മേച്ചിൽ പുറങ്ങളിലേക്ക് നയിക്കുന്നുണ്ട് അങ്ങയുടെ ലേഖനങ്ങൾ ...
Post a Comment