ഏകാന്തതയുടെ അപാരതീരങ്ങളിലാണ്
ഭാവന വിടർന്നു വികസിക്കാൻ പരിസരസ്വധീനം വ്യവസ്ഥകൾ
നിർമ്മിക്കുന്നത്. ഭാർഗ്ഗവിക്കുട്ടി മിഥ്യയായും
യാഥാർഥ്യമായും സാഹിത്യകാരനിലേക്ക് നിശിതമായി കുടിയേറുന്നത് ഇത്തരം ഒരു പര്യാവരണത്തിലാണ്..
പുതിയ കഥയെഴുതാൻ വന്ന സാഹിത്യകാരനു പ്രധാനകഥാപാത്രം കൃത്യമായി തന്റെ മുൻപിൽ പ്രത്യകഷപ്പെടുമ്പോൾ
അമ്പരപ്പു തോന്നിയെങ്കിലും ഭാവനയുടെ പരിപൂർണ്ണവികാസം അനുഭവിച്ചറിഞ്ഞതിലെ ആനന്ദമായിരുന്നിരിക്കണം
ഉള്ളിൽ. കുടിയേറിക്കഴിഞ്ഞ കഥാപാത്രമാകട്ടെ ഇരുളിന്റെ പൊരുളുകൾ വെളിച്ചത്താക്കി, എല്ലാ
മോഹങ്ങളും മുക്തിയോടു ലയിപ്പിച്ച് തന്റെ പ്രണേതാവിനൊപ്പം
നിതാന്തനിർവൃതിയിൽ വിലയനം പ്രാപിച്ച് തനിക്ക് ഇതു സാദ്ധ്യമാക്കിത്തന്ന എഴുത്തുകാരനെ
പ്രേമത്തിന്റെ ശവകുടീരമായ ഭാർഗ്ഗവീനിലയത്തിൽ വിട്ടും വച്ച് യാത്രയാവുകയാണ്.
ബഷീറിന്റെ അതുല്യതൂലികയ്ക്കു മാത്രം വരച്ചെടുക്കാൻ
പറ്റിയ അപൂർവ്വ കഥാപാത്രമാണ് ഭാർഗ്ഗവിക്കുട്ടി. മലയാളസിനിമയിൽ അപൂർവ്വമായി കാണപ്പെടുന്ന
കരുത്തേറിയ സ്ത്രീ കഥാപാത്രം. രണ്ടു നായക വേഷങ്ങൾ-മധുവും
പ്രേം നസീറുമാണ് അവതരിപ്പിക്കുന്നത്- നിറഞ്ഞു നിൽക്കുന്ന രംഗങ്ങൾ ആണ് സിനിമയിൽ ഏറെയെങ്കിലും
ഏറ്റവും സ്ഥൈര്യവും കരുത്തും
നിശ്ചയദാർഢ്യവുമുള്ള ഭാരഗ്ഗവിക്കുട്ടിയാണ് സംത്രാസം സൃഷ്ടിച്ച് മിഴിവേറുന്നത്. ആർക്കും പിടിയില്ലാതെ പോയ സ്വന്തം കഥ ഒരു എഴുത്തുകാരൻ
വഴി നിർമ്മിച്ചെടുക്കാൻ പ്രാപ്തിയുള്ള ഈ സ്ത്രീകഥാപാത്രം മലയാളസിനിമാചരിത്രത്തിൽ ജ്വലിച്ചു
നിൽക്കുന്നത് അപ്രകാരമാണ്. താരപ്പൊലിമയും സർവ്വപ്രീതിയും പിന്തുണയ്ക്കുന്ന നായകവേഷങ്ങളെ
ആവാഹിച്ചു മാറ്റി പ്രേക്ഷകരെ ഒരേയൊരു കഥാപാത്രത്തിൽ ആകർഷിച്ചു നിറുത്തി ഉജ്ജ്വലവിജയം നേടുകയാണ് തുടക്കക്കാരിയായ വിജയനിർമ്മല
അവതരിപ്പിച്ച ഈ കഥാപാത്രം. ബഷീറിനും വിൻസന്റിനും
പി ഭാസ്കരനും അവകാശപ്പെട്ടതാണ് ഈ വിജയത്തിന്റെ പട്ടും വളയും.
ഭാർഗ്ഗവിക്കുട്ടി
പ്രേതമോ യക്ഷിയോ ഒക്കെയാണെന്ന പൊതുധാരണ ഭാവനയുടെ വികാസപരിണാമങ്ങളെക്കുറിച്ച് പിടിയില്ലാത്തവർ
എളുപ്പം കണ്ടു പിടിച്ച യുക്തിയാണ്. ഒരേ സമയം മിഥ്യയും യാഥാർത്ഥ്യവുമായ കഥാപാത്രം ആണ്
ഭാർഗ്ഗവി. എഴുത്തുകാർക്ക് സ്ഥിരപരിചയമുള്ള അവസ്ഥാവിശേഷമാണിത്. ഭാർഗ്ഗവീനിലയം എന്ന സിനിമയെ
ഒരു “ഹൊറർ ചിത്രം” എന്ന് വിശേഷിപ്പിന്നത് ഈ സത്യം അവഗണിച്ചു കൊണ്ടാണ്, പേടിപ്പിക്കുന്ന
രംഗങ്ങൾ ഉണ്ടെന്നിരുന്നാൽ കൂടി. ധാരാളം അജ്ഞേയതകളും
നിഗൂഢതകളും അവശേഷിക്കപ്പെട്ടു പോയ ജീവിതാന്ത്യത്തിന്റെ രഹസ്യവും സത്യവും പുറം ലോകം
അറിയണമെന്നുള്ള നിശ്ചയക്കാരി ഒരു കുറ്റാന്വേഷകനെയല്ല കാത്തിരുന്നത്, ഒരു എഴുത്തുകാരനെയാണ്.
സൂചനകൾ മാത്രം നൽകാൻ പര്യാപ്തമായ ലോകത്ത് നിന്നും
അവൾ ആവുന്നതു ശ്രമിക്കുന്നുണ്ട് എഴുത്തുകാരന്റെ ഭാവന വിടർത്തി എടുക്കാൻ. എഴുത്തുകാരന്റെ
കാലത്ത് ഭാർഗ്ഗവി രക്തരക്ഷസ്സും കൊലപാതകിയുമാണ്, അവളുടെ നേർ വിപരീത സ്വഭാവങ്ങൾ. പക്ഷേ അയാൾക്ക് പെട്ടെന്നാണ് അവളുടെ വ്യക്തിത്വം പിടി കിട്ടുന്നത്-ഒരു എഴുത്തുകാരനു
മാത്രം അനുഭവഭേദ്യമാകുന്നതാണ് തന്റെ കഥാപാത്രത്തിന്റെ മനോനിലകൾ. രണ്ടു ഭാർഗ്ഗവിക്കുട്ടികളെയും
അതീവ തന്മയത്വത്തോടെയാണ് തിരിഞ്ഞും മറിഞ്ഞും ഒളിച്ചും തെളിച്ചും സിനിമ അവതരിപ്പിക്കുന്നത്. ഭാർഗ്ഗവിയുടെ തനിമ വിഭ്രമാത്മകമാണ്. സമയത്തിൻ ചിറകടി കേൾക്കാത്തവളാണവൾ. മരണശേഷവും യാഥാർത്ഥ്യത്തിന്റെ
ലോകത്ത് വിഹരിക്കേണ്ടി വന്ന അവൾക്ക് ചിലതു
തെളിയിച്ചതിനു ശേഷമേ തന്റെ പ്രണേതാവിന്റെ ഒപ്പം പോകാനൊക്കൂ.
കഥ നിർമ്മിച്ചു കൊടുക്കുന്ന ഭാർഗ്ഗവിക്കുട്ടി
നേരിന്റെ പൊരുൾ വിടർത്തിയെടുക്കാൻ
പ്രാപ്തനായ ഒരേ ഒരാൾ എഴുത്തുകാരൻ ആയിരിക്കുമെന്നും അയാൾ മാത്രമെ രക്ഷാസങ്കേതമായിട്ടുള്ളു
എന്നും സിദ്ധിധാരണ തിരിഞ്ഞ ഭാർഗ്ഗവിക്കുട്ടി അയാളെക്കൊണ്ട് കഥ എഴുതിയ്ക്കുകയാണ്. ഭാർഗ്ഗവീനിലയം വിട്ടുപോകാതെ അവൾ അവിടെ ചുറ്റിക്കറങ്ങുന്നത്
സത്യങ്ങൾ സത്യങ്ങളായി പുറം ലോകം അറിയണം എന്ന നിർബ്ബന്ധ തീരുമാനത്താലാണ്. എം എന്നിനെ
അവിടെ നിന്നും അകറ്റി നിർത്തുന്നതും അവളുടെ കൃദ്ധ ആത്മാവാണ്. “മരിച്ചാലും നിങ്ങളെ ഞാൻ
വിടുകയില്ല” എന്ന് കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപ് അവൾ പറഞ്ഞതായി എം എൻ പിന്നീട് സാക്ഷ്യപ്പെടുത്തുണ്ട്.
എല്ലാ രഹസ്യങ്ങളും നിഗൂഢമായി കാത്തുസൂക്ഷിയ്ക്കുന്ന ഭാർഗ്ഗവീനിലയത്തിൽ എം എനു പ്രവേശനമില്ല;
മിറ്റത്തു കയറിയാൽ അവൾ അയാളെ പേടിപ്പിച്ച് വിരട്ടി അകറ്റും. സിനിമ തുടങ്ങുന്നതു തന്നെ
ഈ സീനുകളുമായാണ്. സത്യത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെടുന്ന നിഗൂഢത ആരെങ്കിലും
പൊളിച്ചു മാറ്റി തന്റെ ഭീകരത പുറത്തറിയുമെന്ന
ഭീതിയാലാണ് എം എൻ ഭാരഗ്ഗവീനിലയത്തിൽ ആരേയും
അടുപ്പിക്കാത്തത്. എന്നാൽ അയാളെ ഭാർഗ്ഗവി അകറ്റി
നിർത്തുന്നത് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനാണു താനും. ഭാവനാലോലനായേകനായി വർത്തിക്കുന്ന ഒരു എഴുത്തുകാരനെയായിരിക്കണം അവൾ തേടുന്നത്. അയാളെ ആവാഹിച്ചു വരുത്തിയതാകാനും മതി. “എനിക്കായി ഇത്രയും നാൾ കാത്തിരുന്ന ഭവനമേ” എന്നാണ്
ഈ ഉൾവിളി തോന്നിയ എഴുത്തുകാരൻ ആദ്യം ഭാർഗ്ഗവീനിലയത്തിൽ എത്തിയപ്പോൾ പറയുന്നതും. കഥാപാത്രം
കഥാകാരനെ വിളിച്ചടുപ്പിക്കുന്ന ഈ ആലോചന ബഷീറിന്റെ സുന്ദരഭാവനയിലേ വിരിയുകയുള്ളു എന്നത്
നിശ്ചയമാണ്. എഴുത്തുകാരന്റെ മേശവിളക്കിൽ വിഭ്രാന്തപരമായിത്തന്നെ എണ്ണ നിറച്ച് നീലവെളിച്ചം
പരത്തുന്നതും കഥ എഴുതിയ്ക്കാൻ വേണ്ടിത്തന്നെ. സ്വന്തം ജീവിതസത്യങ്ങളെ ഒരു പെട്ടിയ്ക്കുള്ളിൽ അടച്ച് താഴിട്ടു പൂട്ടി അതിന്റെ
താക്കോൽ ആ പെട്ടിയ്ക്കുള്ളിൽ തന്നെ ഒളിപ്പിക്കുന്ന മാന്ത്രികവിദ്യ ചെയ്തിരിക്കുകയാണ്
അവൾ. എന്നാൽ മറ്റാരും അവിടെ പെരുമാറുന്നത് അവൾക്കിഷ്ടമല്ല താനും. സാധുവാണെങ്കിലും ചെറിയ
പരീക്കണ്ണിയെ കുസൃതികൾ കാണിച്ച് അവിടെ നിൽക്കക്കള്ളിയില്ലാത്തവനാക്കുന്നതും അവളാണ്.
പുരുഷവിദ്വേഷമായിട്ടാണ് ഇതു തെറ്റിദ്ധരിക്കപ്പെടുന്നത്. പാത്രസൃഷ്ടിയിലെ ഈ കൃത്യതയാണ്
സിനിമയുടെ വിശ്വാസയോഗ്യതയ്ക്ക് ആധാരം. അവൾ പ്രേതമോ യക്ഷിയോ അല്ല, പ്രത്യുത ഒന്നാന്തരം
സംവേദനക്ഷമതയും പ്രതിസ്പന്ദനവും വശമുള്ളവളാണ്.
ആദ്യം എഴുതപ്പെട്ട കഥ ഉൾക്കനമില്ലാത്ത പ്രണയനാടകം പോലെ തോന്നിയതിനാൽ അവൾ കത്തിച്ചു
കളയുകയാണ്. എഴുത്തുകാരനെ അന്വേഷകനായി മാറ്റാനുള്ള ഉദ്യമം. ചുരുങ്ങിയ സമയത്തിനുള്ളിൽ
ഉൽക്കടപ്രേമം, ചതി, കൊലപാതകം ഇതൊക്കെ അനുഭവിച്ചറിഞ്ഞ അവൾക്ക് ജീവിത സത്യം വെളിപ്പെടുത്താൻ
അവസരം കിട്ടിയെങ്കിലേ മുക്തിയുള്ളു. കഥമുഴുവൻ കേട്ടുകഴിഞ്ഞ് അതു ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്
എം എൻ. ചെറിയ ഒരു പിശകൊഴിച്ചാൽ- ശശികുമാറിനു വിഷം നൽകിയ ശേഷം തീവണ്ടിയിൽ നിന്നും ഉടൻ
ഇറങ്ങിയില്ല എന്ന ചെറിയ കാര്യം. മരണക്കിണറിനു ചുറ്റും കഥയെഴുതിയ കടലാസുകൾ ചിതറിക്കിടക്കുന്നതും
കഥാകാരൻ അതിൻ നടുവിൽ നിൽക്കുന്നതുമായ ഒരു സുന്ദരൻ സീനുണ്ട് സിനിമയിൽ. സാഹിത്യവും സിനിമയും
തമ്മിലുള്ള ബന്ധം ഇതിലും ഉജ്ജ്വലമായി മറ്റൊരിടത്തും ദൃശ്യപ്പെടുത്തിയിട്ടില്ല. കഥയിലേക്ക് സംക്രമിച്ച ഭാർഗ്ഗവിക്കുട്ടിക്ക് ഇനി
മുക്തി നേടാം എന്ന് കഥാകാരനും ഒരുമിച്ചായിരിക്കണം
തോന്നിയത്. ഈ കൂടു വിട്ട് കൂടുമാറൽ സാധിച്ചെടുക്കുന്നത്
സാഹിത്യസൃഷ്ടിയിൽ വിലയനം പ്രാപിച്ചാണ് എന്നതാണ് ഏറ്റവും കൌതുകകരം.
എല്ലാ കഥകളും സത്യത്തിന്റെ
വെളിച്ചം തേടി എന്ന പൂർണ്ണ വിശ്വസത്തിലാണ് അവൾ ഭാർഗ്ഗവീനിലയം വിടുന്നത്. മരണശേഷവും
യാഥാർത്ഥ്യത്തിന്റെ ലോകത്ത് വിഹരിക്കേണ്ടി വന്ന അവൾക്ക് ഇനി തന്റെ പ്രണേതാവിന്റെ ഒപ്പം പോകാം ‘ ഇനി
നീ നിന്റെ അകലത്തെ ദേവന്റെ അടുത്തേയ്ക്കു പോകൂ” എന്ന് എഴുത്തുകാരൻ നിർദ്ദേശിക്കുന്നത്
ഇതിനാലാണ്. തന്നെക്കൊണ്ട് കഥയെഴുതിച്ച കഥാപാത്രം അയഥാർത്ഥം ആയിമാറുന്നത് എഴുത്തുകാരനു
അനുഭവഭേദ്യമാകുന്നുണ്ട്. “നീയും ഞാനും എന്ന യാഥാർത്ഥ്യത്തിൽ നിന്നും ഞാൻ മാത്രം അവശേഷിക്കാൻ
പോവുകയാണ്-ഞാൻ ഞാൻ മാത്രം. ’ എന്ന് വിലപിച്ചു പോകുന്നുണ്ട് കഥാകാരൻ. തന്റെ തൂലിക വിഹരിച്ച താളുകളിലേക്ക് നോക്കിയാണ് എഴുത്തുകാരൻ
ഇത് ഉരുവിടുന്നത്. പൂർണ്ണമായും കഥയിൽ വിലയിച്ചു
കഴിഞ്ഞ കഥാപാത്രത്തിനു ഇനി മറ്റൊരു ലോകത്തേയ്ക്ക് സ്വസ്ഥമായി യാത്ര ചെയ്യാം. കാരണം
വായനക്കാരുടെ മനസ്സിലേക്ക് കുടിയേറിക്കഴിഞ്ഞല്ലോ. ഇവിടെ സിനിമാപ്രേക്ഷകരിലേക്കും. ഈ
സങ്കീർണ്ണത അയത്നലളിതമായി അവതരിപ്പിച്ച് ജനസമ്മതി നേടിയെടുത്തു എന്നതിലാണ് സംവിധായകൻ
വിൻസെന്റിന്റെ വിജയം. കഥാപാത്രനിർമ്മിതിയ്ക്ക് പരിപൂർത്തി നൽകാൻ അവരുടെ മനഃശാസ്ത്രമറിഞ്ഞ
പി .ഭാസ്കരൻ കൂടെയുണ്ട്. രാത്രിയുടെ ഭീകര ഏകാന്തതയിൽ ഒരു പാട്ട് ഒഴുകിവരുന്നത് ഒരു
സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം സത്യമോ മിഥ്യയോ എന്ന് ആലോചിക്കേണ്ടതില്ല. പാട്ടിന്റെ
സാകാരലബ്ധി എഴുത്തുകാരനു ചില പിന്നറിവുകൽ സമ്മാനിക്കുകയാണ്. കടൽത്തീരത്തു വച്ച് കണ്ട സംഘട്ടനാത്മകസ്വഭാവമുള്ളവളല്ല
ഭാർഗ്ഗവിക്കുട്ടി എന്ന് പഴകിപ്പൊളിഞ്ഞ കെട്ടിടത്തിലെ വിഭിന്നസ്ഥാനങ്ങളിൽ അലയടിക്കുന്ന
സുഗന്ധപൂരിത സംഗീതം സാക്ഷ്യപ്പെടുത്തുന്നു. ഭാർഗ്ഗവിക്കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന്
എഴുത്തുകാരനു എളുപ്പം പിടികിട്ടാനായി. സമയത്തിന്റെ
ചിറകടി കേൾക്കാതെ അകലത്തെ ദേവനെ ഇനിയും കാത്തിരിക്കുകയാണവൾ. മരണത്തിന്റെ മൂകമായ് താഴ്
വരയിൽ കണ്ണു നീർകൊണ്ട് നനച്ചു വളർതിയ കൽക്കണ്ട മാവിന്റെ കൊമ്പത്ത് ഊഞ്ഞാലു കെട്ടിയവളാണവൾ.
അതും പൊട്ടിത്തകർന്ന കിനാവിന്റെ പട്ടുനൂലുകൊണ്ട്.
സിനിമയിലെ കാലങ്ങൾ
പ്രണയഭാവത്തിന്റെ പതിഞ്ഞ കാലമാണ് കഥയ്ക്കുള്ളിലെ
കഥയ്ക്ക്. തീവ്രാനുരാഗത്തിന്റെ മാമ്പൂക്കൾ
പൊട്ടിവിരിയാൻ ധാരാളം സമയം അനുവദിച്ചിട്ടുണ്ട് സംവിധായകൻ. കൂടുതൽ സ്നിഗ്ധത ഇഴചേർന്ന,
ബഷീറിയൻ ശൈലി യിലുള്ള പ്രണയോക്തികൾ വിടർന്നു
വിലസുന്ന കാലം തന്നെ ഇത്. സിനിമയുടെ തുടക്കം മുതൽ ഉദ്വേഗവും പിരിമുറുക്കവും അസന്നിഗ്ധമായ
അന്തരീക്ഷവുമാണെങ്കിൽ ഉള്ളിലെ പ്രണയ കഥ വിടരുന്നത് മന്ദ്രമായാണ്. പുറം കഥയിലെ ഭാർഗ്ഗവിക്കുട്ടിയ്ക്ക്
നേർ വിപരീതമാണ് അകം കഥയിലെ ഭാരഗ്ഗവിക്കുട്ടി. കുസൃതിയും നർമ്മവും കലർന്ന പെരുമാറ്റം,
നൃത്തത്തിലും പാട്ടിലും മിടുക്കി, കോളെജിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നവൾ
അങ്ങ നെയങ്ങനെ. ഈ അവസ്ഥാന്തരം എഴുത്തുകാരൻ കഥ വായിച്ചു കൊടുക്കുന്നതോടെയാണ് ആരംഭിക്കുന്നത്.
അതിനു മുൻപ് ഭാർഗ്ഗവിയുടെ പൊതുധാരണാരൂപം മാത്രം പ്രേക്ഷകനു അനുഭവഭേദ്യമെങ്കിൽ വിശ്വസനീയമായൊരു
പരിസരസ്വധീനത്തിലേക്ക് പറിച്ചു
നടപ്പെടുകയാണ് ഇപ്പോൾ. സിനിമയുടെ ആദ്യത്തെ
ഒരു മണിക്കൂർ ഭാർഗ്ഗവിയുടെ രൂപസ്വഭാവങ്ങൾ ഉരുത്തിരിഞ്ഞു വരാൻ നിശ്ചയിക്കപ്പെട്ടിരിക്കയാണ്.
ഭാർഗ്ഗവിക്കുട്ടിയുടെ അപ്രത്യക്ഷമായ പ്രത്യക്ഷങ്ങൾ ചെറിയപരീക്കണ്ണിയുടെ ചില ഭ്രാന്തൻ
തോന്നലുകൾ, കിണറ്റിൽ വീണുപോയ എഴുത്തുകാരനെ രക്ഷപെടുത്തുന്നത് ഭാർഗ്ഗവി തന്നെ എന്ന അയാളുടെ
നിഗമനം ഇവയൊക്കെയാണ്. സിനിമ തുടങ്ങുമ്പോൾത്തന്നെ
എഴുത്തുകാരനെ ഭാർഗ്ഗവീനിലയത്തിനു മുൻപിൽ വിട്ടിട്ട് റിക്ഷാക്കാർ ഓടുകയാണ്. അവിടം തുടങ്ങി
ഉദ്വേഗത്തിന്റേയും പിരിമുറുക്കത്തിന്റേഉം വേളകൾ തന്നെയാണ്. ഭാരഗ്ഗവിയുടെ സാന്നിദ്ധ്യം
അവൾ ഇല്ലാതെ തന്നെ, പ്രേക്ഷനെ തെല്ലും അലോസരപ്പെടുത്താതെ പൂർത്തീകരിക്കുകയാണ് ഗംഭീര
മിടുക്കോടെ ബഷീറും വിൻസന്റും. ഇല്ലാത്ത കഥാപാത്രത്തെ ഉണ്ടെന്നു തോന്നിപ്പിയ്ക്കുകയെന്ന രീതി. ഒരു ഇൻഡ്യൻ സിനിമയിലും നടപ്പില്ലാത്ത കാര്യമാണ്,
അതും നായികാപ്രാധാന്യമുള്ള കഥയിൽ. “‘ഏകാന്തതയുടെ അപാരതീരം“ പാടിക്കഴിഞ്ഞ് തീക്ഷ്ണമായ
ഭാവങ്ങളോടെ എഴുത്തുകാരനേയും പ്രേക്ഷകരേയും അമ്പരപ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുകയാണ്
ഭാർഗ്ഗവിക്കുട്ടി..
. ‘സമയകാലത്തെ പിന്നിട്ട്, ഇന്നലയുടെ അനന്തകോടി യുഗങ്ങളിൽ
ലയിച്ചു പോയ കുറെയധികം മരണങ്ങളും കണ്ണു നീരും പുഞ്ചിരിയും പിന്നിട്ട് ………ശാപഗ്രസ്തവും
അനുഗ്രഹീതവും ആയ ആയിരമായിരം ദിനരാത്രങ്ങളെ പിന്നിട്ട് …….” സംഭവിക്കുന്ന
കഥ അല്ലെങ്കിൽ സത്യം ഫ്ലാഷ് ബാക്ക് എന്ന നിലയിലല്ല
അവതരണം, അതുദ്ദേശവുമല്ല. നേർരേഖീയമായ കാലപ്രമാണങ്ങളനുസരിച്ച്
പത്തോ ഇരുപതോ കൊല്ലത്തിനകം ആയിരിക്കണം സംഭവങ്ങൾ
നടന്നിരിക്കുന്നത്. പക്ഷേ എഴുത്തുകാരന്റെ കഥ നടക്കുന്നത് ഒരു സാങ്കൽപ്പിക സമയത്താണ്. ഭാർഗ്ഗവീനിലയവും ഭാർഗ്ഗവിയും ഇന്ന് ഈ നിലയിൽ ആയതെങ്ങനെ
എന്നതിന്റെ ഒരു അന്വേഷണ റിപ്പോർട്ട് കഥാകാരന്റെ പക്കലുണ്ടെങ്കിലും നുനുത്ത പ്രേമകഥയുടെ
കാവ്യാവിഷ്കാരം എന്ന രീതിയിലാണ് കഥയ്ക്കുള്ളിലെ
കഥയായി അവതരിപ്പിക്കപ്പെടുന്നത്. തലച്ചോറുകൊണ്ട് മാത്രം എഴുതിയ കഥയല്ലിത്,ഹൃദയവും കൊണ്ടു കൂടെ എഴുതിയതാണിത്.
പ്രണയത്തിന്റെ ലോലഭാവങ്ങൾ ആവോളം പൂത്തുലയുന്ന എഴുത്തുകാരനേ ഭാർഗ്ഗവിക്കുട്ടിയുടെ കഥ
സത്യമായി പ്രതിഫലിപ്പിക്കാൻ കഴിയുകയുള്ളു (അവസാനം “ എനിക്ക് വേണ്ടത് നിങ്ങളുടെ തലച്ചോറും
ഹൃദയവുമാണ്” എന്ന് എം എൻ പ്രസ്താവിക്കുന്നുണ്ട്). നൃത്തത്തിന്റേയും സംഗീതത്തിന്റേയും പൂക്കളുടെയും
സുഗന്ധത്തിന്റേയും സ്ഥലകാലങ്ങളാണിത്. സിനിമയിലെ നാലു പാട്ടുകളും ഈ ഉൾക്കഥാവേളയിലാണ്
നിബന്ധിച്ചിരിക്കുന്നത്. ഇടുങ്ങിയ പഴഞ്ചൻ മുറിയ്ക്കുള്ളിൽ
നിന്നും കഥ വിശാലമായ കടൽത്തീരത്തൊക്കെ എത്തുകയാണ്. രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് അതീവ സുതാര്യതയേറുന്ന
വെളിച്ചത്തിലാണ്.
എഴുത്തുകാരന്റേത് ഇന്നത്തെ
കാലമാണ്, ഇരുളടഞ്ഞ ഭാർഗ്ഗവീനിലയം സമീപവാസികൾക്ക് ഒരു യാഥാർത്ഥ്യവുമാണ്. എം എൻ എന്ന കഥാപാത്രമാണ്
രണ്ടു കാലങ്ങളിലും ഒരേ പോലെ വർത്തിക്കുന്നത്. ഭാർഗ്ഗവിയുടെ അമ്മയേയും കൂട്ടുകാരികളെയും
എഴുത്തുകാരന്റെ കാലത്തിൽ കാണിയ്ക്കുന്നുണ്ടെങ്കിലും ചരിത്രസൂചകങ്ങൾ എന്ന നിലയിലാണ്
അവതരണം. ഇരുളിന്റെ പര്യാമായ എം എൻ മരണത്തിന്റെ പര്യായവുമാണ്. നാണുക്കുട്ടൻ നായർ എന്നാണ്
ശരിയായ പേരെങ്കിലും ഒരു സ്വത്വബോധവും ജനിപ്പിക്കാത്തെ ‘എം എൻ’ എന്ന പേരാണിപ്പോൾ അയാൾക്കുള്ളത്. എഴുത്തുകാരനും മറ്റു
സ്വത്വങ്ങളൊന്നുമില്ല. “സാഹിത്യകാരൻ’ എന്ന് മാത്രമേ ബഷീർ തന്റെ സ്ക്രിപ്റ്റിൽ എഴുതുന്നുള്ളു.
സിനിമയിൽ ഒരിടത്തും അയാൾ പേരു ചൊല്ലിവിളിയ്ക്കപ്പെടുന്നില്ല. എഴുത്തുകാർ കാലാകാലങ്ങളിൽ
സഞ്ചരിക്കേണ്ടവരാണ്, മിഥ്യകൾക്ക് ഭാഷ്യം ചമയ്ക്കേണ്ടവരാണ്. ‘തൂലിക കഴിഞ്ഞുപോയ കാലങ്ങളേയും
വരാനിരിക്കുന്ന അനന്തമില്ലാത്ത ദിനരാത്രങ്ങളേയും ഉള്ളിലൊതുക്കുന്നു‘ എന്ന് ബഷീർ തന്നെ
പ്രസ്താവിച്ചിട്ടുണ്ട്. ഈ തൂലിക ചലിപ്പിക്കുന്ന വിരലുകൾക്കോ മസ്തിഷ്കത്തിനോ നിശ്ചിത
വ്യക്തിത്വം അത്യാവശ്യമല്ല, അവർ ഒരു പേരിന്റെ
അടിയിൽ ഒതുങ്ങിപ്പോകേണ്ടവരുമല്ല. ഈ തനിമയുടെ പ്രകാശനമാണ് മിഥ്യയും യാഥാർത്ഥ്യവും വേർതിരിച്ചെടുക്കൽ.
ഈ വേർ തിരിക്കൽ എഴുത്തുകാരുടെ അവകാശമോ ഉത്തരവാദിത്തമോ അല്ല. ചിലപ്പോൾ വേർതിരിച്ചെന്നുമിരിക്കില്ല.
ഭാർഗ്ഗവിക്കുട്ടിയും ഭാർഗ്ഗവീനിലയവും കാലക്കടലിന്റെ അക്കരെയാണോ ഇക്കരയാണൊ എന്ന് തെളിയിക്കുന്നില്ല,
തെളിയണമെന്നുമില്ല.
മോഹത്തിന്റെ നേന്ത്രപ്പഴം- മരണത്തിന്റേയും
കറതീർന്ന പ്രണയത്തിന്റെ സൂചകാങ്കം
പൂവൻപഴം-അത് ഓറഞ്ചു പോലെ ഉരുണ്ടിരുന്നാലും- ആണെന്നു പ്രഖ്യാപിച്ച ബഷീറിനു ഇവിടെയും
പഴമാണ് പ്രണയഹർഷദ്യോതകം. നേന്ത്രപ്പഴമാണ് .ശശികുമാറിനു ഏറെയിഷ്ടം. ഭാർഗ്ഗവി തന്റെ പ്രാണനായകനു
പലപ്പോഴും സമ്മാനിക്കുന്നതും നേന്ത്രപ്പഴം തന്നെ.
ഭാർഗ്ഗവി കൊടുത്തു വിട്ട പഴവുമായി പപ്പു ശശികുമാറിനടുക്കൽ എത്തുമ്പോൾ എം എൻ ആണതു ആദ്യം തുറന്നു നോക്കുന്നത് ഭാർഗ്ഗവിയ്ക്ക് ശശികുമാറിനോടുള്ള അനുരാഗതീവ്രത അയാൾക്ക്
ഇതോടെ പിടി കിട്ടി. എം എൻ ഒരിയ്ക്കൽ ഭാർഗ്ഗവിയ്ക്ക്
വച്ചു നീട്ടുന്നതും നേന്ത്രപ്പഴം തന്നെ..അവൾ അതു നിരാകരിക്കുമ്പോൾ ‘എന്താ ഇതിൽ വിഷം
വല്ലതും ഉണ്ടോ‘ എന്ന ചോദ്യത്തിനു ‘ആർക്കറിയാം‘
എന്നാണവളുടെ മറുപടി. എം എന്റെ തലയിൽ ഘോരബുദ്ധി ഉദിച്ചതും അപ്പോഴാണ്. അതുകൊണ്ടായിരിക്കണം
തീവണ്ടിയിൽ വച്ച് ഭാർഗ്ഗവി തന്നു വിട്ടതാണെന്ന വ്യാജേന വിഷം കലർത്തിയ നേന്ത്രപ്പഴം
ശശികുമാറിനു സമ്മാനിക്കുന്നത്. എഴുത്തുകാരന്റെ ഭാവന കൃത്യമായിട്ടാണീ സൂക്ഷ്മവിവരങ്ങളൊക്കെ
പിടിച്ചെടുത്തത്. ഇത് ശരിയാണെന്ന് എം എൻ അവസാനം സമ്മതിക്കുന്നുമുണ്ട്. അങ്ങിനെ പ്രണയ
വസന്തങ്ങളിൽ പൂവിരിയാൻ വളക്കൂറ് ചേർത്ത ഈ സൂചകം
മരണത്തിനും നിദാനമാകുകയാണ്. പ്രണയത്തിന്റെ മാന്ത്രികമാധുര്യം മരണത്തിന്റേതും ആകുകയാണ്.
അനന്തമായ ഇരുളിലോ ജല
അഗാധതയിലോ ലയിക്കാൻ പര്യപ്തമാക്കിത്തരുന്നതാണ് കിണർ എന്ന ആശയം. ജീവിതം/മരണം എന്ന ദ്വന്ദങ്ങൾ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്
മുറ്റത്തുള്ള കിണർ വഴിയാണ്.. സിനിമയിൽ കിണർ
ഒരു പ്രധാന കഥാപാത്രമാണ്.. ഭാർഗ്ഗവിക്കുട്ടി ‘മരണം മാടി വിളിയ്ക്കുന്നതിൻ മുൻപെൻ……” പാടുന്നത്
കിണറ്റിലേക്ക് നോക്കിയാണ്. കിണറ്റിന്റെ ഉള്ളിൽ നിന്നുള്ള നിരവധി ഷോടുകൾ നിബന്ധിച്ചിട്ടുണ്ട്
സിനിമയിൽ. രണ്ടു തവണ എഴുത്തുകാരനെ മരണസാദ്ധ്യതയിൽ നിന്ന് അകറ്റിയതും ഈ കിണർ തന്നെ.
: “നിനക്ക് നൊന്തോ ഭാർഗ്ഗവിക്കുട്ടീ“ എന്ന് കിണറിലേക്ക് നോക്കി എഴുത്തുകാരൻ ചോദിക്കുന്ന
ഭാഗം അതീവ സാരസ്യം കലർന്നതാണ്. “ ഓരോ ഹൃദയത്തിലുമുണ്ടൊരു
ശവകുടീരം ഓരോ ഹൃദയത്തിലുമുണ്ടൊരു ശ്മശാനം, പ്രേമത്തിന്റെ ശവകുടീരം, പ്രേമത്തിന്റെ ശ്മശാനം”
എന്ന ഡയലോഗ് സാഹിത്യകാരൻ ഉരുവിടുന്നത് ഈ കിണറിലേക്ക് നോക്കിയാണ്. ഇതിൽ ഗ്രസിക്കനുഴറുന്നതോ
മോഹവലയങ്ങളുടെ ചുഴികൾ. ഭാർഗ്ഗവിയുടെ പ്രണയസാക്ഷാത്ക്കാരം
എന്ന മോഹം. എം എന്റെ ദുഷ്ട ലാക്ക് മോഹം. എല്ലാം തീരുന്നത് ഈ കിണറ്റിനുള്ളിൽത്തന്നെയാണ്.
എല്ലാ മായാമോഹങ്ങളും ഒതുങ്ങിയമർന്ന് കാമനാപരിപൂർത്തി
നിതാന്തയ്ക്ക് വിട്ടുകൊടുത്ത് കഥാപാത്രങ്ങൾ
സാഹിത്യസൃഷ്ടിയിൽ വിലയം പ്രാപിക്കുകയാണ്. അറിവിൻ മുറിവുകൾ കരളിൽ ഏന്തി മോഹാന്ധത തീർന്നെത്തിയ
ഇടത്തിൽ തന്റെ സൃഷ്ടിയ്ക്കു നടുവിൽ നിൽക്കുന്ന സാഹിത്യകാരനെ ഫോക്കസിലാകി പുറകോട്ടു
വലിയുന്ന ക്യാമെറ സമ്മാനിക്കുന്ന ദൃശ്യത്തോടെ സിനിമ അവസാനിക്കുയാണ്.
അവലംബം:
ഭാർഗ്ഗവീനിലയം സിനിമ- ചന്ദ്രതാരാ പ്രൊഡക്ഷൻസ്. സംവിധാനം: വിൻസന്റ്.
കഥാപാത്രങ്ങൾ: ഭാർഗ്ഗവി, സാഹിത്യകാരൻ, ശശികുമാർ, എം എൻ (എം. നാരായണൻ), ചെറിയ പരീക്കണ്ണി,
കുതിരവട്ടം പപ്പു.
ഭാർഗ്ഗവീനിലയം തിരക്കഥ-ബഷീർ സമ്പൂർണ്ണ കൃതികൾ രണ്ടാം വാല്യം. ഡി സി
ബുക്ക്സ്, കോട്ടയം 1992.
13 comments:
ഭാർഗ്ഗവീനിലയം-50 വർഷം പിന്നിടുന്നു. ചില നിരീക്ഷണങ്ങൾ.
താങ്ക്‌സുണ്ട് എതിരാ. ഒന്നു കൂടി കാണണം!
Good w/up
ബാല്യത്തിന്റെ അന്ത്യത്തില്‍, യൌവനാരംഭത്തില്‍ കണ്ട സിനിമയാണ് ഭാര്‍ഗവീനിലയം. ഇത് വായിച്ചപ്പോള്‍ ഒന്നുകൂടി കാണണം എന്ന് തോന്നുന്നു
"തലച്ചോറുകൊണ്ട് മാത്രം എഴുതിയ കഥയല്ലിത്,ഹൃദയവും കൊണ്ടു കൂടെ എഴുതിയതാണിത്"... നന്നായിട്ടുണ്ട് ചേട്ടാ..
കറുപ്പിന്റെയും വെളുപ്പിന്റെയും നീഗൂഢതയിൽ അല്ലാതെ ഈ സിനിമ സങ്കൽപ്പിക്കാൻ വയ്യ.
കാണിക്ക് മുന്നിൽ ചുരുൾ നിവരുന്ന കഥയുടെ അടരുകളിലേക്കുള്ള ഈ സഞ്ചാരം ആസ്വദിച്ചു കതിരവൻചേട്ടാ
ബഷീറിന്‍റെ "കവിതക്ക്" വിന്‍സെന്‍റിന്‍റെ ദൃശ്യാവിഷ്ക്കാരം. ഒരിയ്ക്കലും ഒളി മങ്ങാത്ത സംഗീതവും ആലാപനവും.
നല്ല എഴുത്ത്. നന്ദി!
ശ്രദ്ധിച്ച് വായിക്കാൻ വേണ്ടി മാറ്റിവെച്ചതായിരുന്നു. ഇന്ന് അതു സാധിച്ചു.
നല്ല പഠനം. ഭാർഗ്ഗവീ നിലയം കാണാത്തവർക്കു കൂടി ഈ അവലോകനം
വായിച്ചാൽ നല്ലൊരു ചിത്രം കിട്ടും. തിരക്കഥ ശ്രദ്ധിച്ച് വായിച്ചിട്ടാണ് ഇതു്
എഴുതിയിരിക്കുന്നതു് എന്ന് എനിക്ക് ആദ്യം തന്നെ മനസ്സിലായി. സന്തോഷം.
ബഷീർ എന്ന മജീഷ്യൻ്റെ മാന്ത്രിക വടി കൊണ്ട് തെളിച്ച നീല വെളിച്ചം യുഗങ്ങൾ താണ്ടി എന്നും പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കൊണ്ടിരിക്കും.വരും കാലങ്ങളിലും ഒരു ഉജ്വല പ്രചോദനം. ഇനിയും എഴുത്ത്കാർക്ക് അതിൽ ഭാർഗവിക്കുട്ടിയെ കണ്ടെത്താം.
കൈമൾ കൃഷ്ണ അമ്പലപ്പുഴ
പ്രൗഢമായ ആഴമേറിയ കവിത്വമുള്ള അവലോകനം
പ്രൗഢമായ ആഴമേറിയ കവിത്വമുള്ള അവലോകനം - കാദർഷ കെ എ
Post a Comment